2019 ലെ ജനകീയര്‍
കഴിഞ്ഞയാഴ്ചയില്‍ ടൈം മാഗസിന്‍ പുറത്ത് വിട്ട ജനസ്വാധീനമുള്ള ലോക നേതാക്കളുടെ പട്ടികയാണ് മറ്റൊരു സുപ്രധാനമായ വാര്‍ത്ത. 2019-ല്‍ ജനങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാക്കളെ കണ്ടെത്തുവാനായാണ് ടൈം മാഗസിന്‍ തെരഞ്ഞെടുപ്പ് നടത്തിയത്. ഈ ഉദ്യമത്തില്‍ മുന്നില്‍ വന്നിരിക്കുന്നത് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത അര്‍ദനും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമാണ്. ടൈം മാഗസിന്‍ തന്നെയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയ നൂറ് ലോകനേതാക്കളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പായിരുന്നു ടൈം മാഗസിന്‍ നടത്തിയത്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ജസീന്ത അര്‍ദന്‍ കൈക്കൊണ്ട നടപടികളും സമീപനങ്ങളും ഏറെ പ്രശംസിക്കപ്പെടുകയും ലോക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഒരു ജനതയുടെ ആത്മാവിലേക്കിറങ്ങിച്ചെന്ന് അവരെ സമാശ്വസിപ്പിക്കാന്‍ ഒരു ഭരണാധികാരിക്ക് എങ്ങനെ കഴിയുമെന്നതിന്റെ നിദര്‍ശനമായി ലോകത്തെ അനേകം മാധ്യമങ്ങള്‍ അവരുടെ പേര് ശുപാര്‍ശ ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം ആളുകളുടെ ഹൃദയത്തിലേക്ക് കയറാന്‍ ജസീന്തക്ക് സാധിച്ചെന്നും ടൈം മാഗസിന്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയും പാകിസ്ഥാനുമിടയില്‍ രൂപപ്പെട്ട തീവ്രമായ ഒരു സംഘര്‍ഷത്തെ നയപരമായി കൈകാര്യം ചെയ്ത രാഷ്ട്രതന്ത്രജ്ഞന്‍ എന്ന നിലയിലാണ് ഇമ്രാന്‍ ഖാന്‍ മുന്നില്‍ വന്നത്. യുദ്ധത്തിന്റെ വക്കോളമെത്തിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട സംഘര്‍ഷങ്ങളില്‍ ഇമ്രാന്‍ ഖാന്‍ കൈക്കൊണ്ട സമാധാന നിലപാടുകളാണ് അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള വ്യക്തിയാക്കി മാറ്റിയതെന്നും ടൈം മാഗസിന്‍ വ്യക്തമാക്കുന്നു.