22 Sunday
December 2024
2024 December 22
1446 Joumada II 20

അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് കിഴക്കന്‍ യൂറോപ്പിന്റെ മുസ്‌ലിം ധിഷണ – ഹിശാമുല്‍ വഹാബ്

ഇരുപതാം നൂറ്റാണ്ടിലെ കലുഷിതമായ ശീതയുദ്ധസാഹചര്യത്തിലും തുടര്‍ന്നുണ്ടായ വംശീയ ഉന്മൂലനത്തിന്റെ പ്രതിസന്ധി ഘട്ടത്തിലും പൗരസ്ത്യ യൂറോപ്യന്‍ മുസ്‌ലിം സമുദായത്തിന് അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുകൊടുത്തവരില്‍ പ്രധാനിയാണ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്. പരിണിത പ്രജ്ഞനായ ധിഷണാശാലിയും രാഷ്ട്രീയ നയതന്ത്രജ്ഞനുമായിരുന്ന ബെഗോവിച്ച്, താത്വികതലത്തില്‍ ഇസ്‌ലാമിന്റെ സവിശേഷത താരതമ്യരൂപേണ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തി. അതേസമയം, അദ്ദേഹം തന്നെ മുന്‍കയ്യെടുത്ത് രൂപം നല്‍കിയ ബോസ്‌നിയ ആന്റ് ഹെര്‍സഗോവിന എന്ന സ്വതന്ത്രരാഷ്ട്രത്തിന്റെ തലവനായി ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ചെയ്തു. 1925 മുതല്‍ 2003 വരെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഐതിഹാസിക ജീവിതം പ്രവര്‍ത്തനനൈരന്തര്യത്തിന്റെ സംഭവബഹുലമായ പ്രതീകമായി നിലകൊള്ളുന്നു.
പതിനാലു വര്‍ഷത്തോളം ദീര്‍ഘമുള്ള ജയില്‍ജീവിതം നയിച്ച ബെഗോവിച്ച് അന്നത്തെ യൂഗോസ്ലാവിയയിലെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സര്‍വാധിപത്യത്തിന്റെ കരുത്തുറ്റ വിമര്‍ശകനായിരുന്നു. 1941-ല്‍ തന്റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ അദ്ദേഹം രൂപീകരിച്ച മുസ്‌ലിം യൂത്ത് സൊസൈറ്റിയിലൂടെയാണ് മുസ്‌ലിം സമുദായ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
ഇസ്‌ലാമിന്റെ അടിത്തറയില്‍ ഊന്നിനിന്നുകൊണ്ട് യൂറോപ്യന്‍ സംസ്‌കാരത്തിനോട് തുറന്ന സമീപനം സ്വീകരിച്ച ഈ സൊസൈറ്റി, അന്ന് വ്യാപകമായി പ്രചരിച്ചിരുന്ന നാസിസത്തെ താത്വികമായി പ്രതിരോധിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബോസ്‌നിയാക് മുസ്‌ലിംകള്‍ക്കനുകൂലമായി സ്വീകരിച്ച നിലപാടിന്റെ പേരില്‍, പുതുതായി രൂപംകൊണ്ട് സോഷ്യലിസ്റ്റ് ഭരണകൂടം ബെഗോവിച്ചിനെ മൂന്നുവര്‍ഷത്തേക്ക് തുറുങ്കിലടച്ചു.  പിന്നീട് 1949ല്‍ യൂഗോസ്ലാവിയന്‍ തലവന്‍ മാര്‍ഷല്‍ ടിറ്റോയുടെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മുസ്‌ലിം നേതാക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട ബെഗോവിച്ച് അഞ്ചുവര്‍ഷക്കാലം തടവിലാക്കപ്പെട്ടു. പിന്നീട് സരയെവോ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ ബെഗോവിച്ച് ഒരു നിയമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു.
രണ്ടാം ലോകമഹായുദ്ധാനന്തരം രൂപംകൊണ്ട വന്‍ശക്തികള്‍ തമ്മിലുണ്ടായ ശീതയുദ്ധം ലോകത്തുടനീളം ആദര്‍ശങ്ങളുടെ താത്വികവും പ്രായോഗികവുമായ സംഘട്ടനങ്ങള്‍ക്ക് വഴിവെച്ചു. മുതലാളിത്തം, കമ്യൂണിസം, ദേശീയത, മതേതരത്വം, ഭൗതികത, നിരീശ്വരവാദം തുടങ്ങിയ ആശയാദര്‍ശങ്ങള്‍ക്ക് മധ്യേ, ഇസ്‌ലാമിന്റെ ദ്വിധ്രുവതയെ (bipolarity)) സ്ഥാപിക്കുവാന്‍ ശ്രമിച്ചു എന്നതാണ് ബെഗോവിച്ചിന്റെ മഹത്തായ സംഭാവന. വിരുദ്ധപക്ഷങ്ങളുടെ സംയോജനം എന്ന ആശയത്തെ മുന്‍നിര്‍ത്തി, ഇസ്‌ലാമിനെ ഒരു മധ്യമാര്‍ഗമായി അവതരിപ്പിക്കുന്ന അദ്ദേഹം, മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇസ്‌ലാമിന്റെ സമഗ്രമായ ആദര്‍ശഘടനയെ ധ്രുവീകൃത ലോകത്തിന്റെ പ്രതീക്ഷയായി പരിചയപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വ്യാവഹാരികവും സൈദ്ധാന്തികവുമായ ആശയമണ്ഡലത്തിന് പ്രായോഗികതയുടെ കൃത്യമായ സമീപനങ്ങളുടെ ദിശാബോധമുണ്ടായിരുന്നു. സമകാലിക മുസ്‌ലിം സമുദായത്തിന്റെ പരിതാപകരമായ അവസ്ഥകളെ സസൂക്ഷ്മം നിരീക്ഷിച്ച ബെഗോവിച്ച്, മുസ്‌ലിംകളുടെ ഇസ്‌ലാമിക വത്ക്കരണത്തിനുള്ള പ്രായോഗിക പദ്ധതിയായി ഇസ്‌ലാമിക പ്രഖ്യാപനം എന്ന രേഖ 1970-ല്‍ പ്രസിദ്ധീകരിച്ചു. വന്‍ശക്തികളുടെ ആദര്‍ശങ്ങളും സാമ്പത്തിക മൂലധനവും ഉപയോഗിച്ചുള്ള, മുസ്്‌ലിം ജനതയ്ക്കു മേലുള്ള കടന്നുകയറ്റത്തെ ചെറുക്കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം, സ്വാഭിമാനപൂര്‍ണവും ഇസ്‌ലാമികവുമായ ഒരു പുനരുജ്ജീവനത്തെ വിഭാവനം ചെയ്യുന്നു.
1980-ല്‍ പ്രസിദ്ധീകരിച്ച ഇസ്‌ലാം കിഴക്കിനും പടിഞ്ഞാറിനും മധ്യേ എന്ന പുസ്തകം ബെഗോവിച്ചിന്റെ ധൈഷണികതയെയും വൈജ്ഞാനിക പാടവത്തെയും അടയാളപ്പെടുത്തുന്നു. പ്രശസ്ത മലയാള നോവലിസ്റ്റും എഴുത്തുകാരനുമായിരുന്ന എന്‍ പി മുഹമ്മദ് ഈ കൃതി, അതിന്റെ ആശയത്തനിമയോടെ ഇസ്‌ലാം രാജമാര്‍ഗം എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഇസ്‌ലാമിന്റെ ദ്വിധ്രുവതയെ, ലോകത്തിന്നോളം സ്വാധീനം ചെലുത്തിയ മനുഷ്യനിര്‍മിതവും ദൈവികവുമായ ആശയസംഹിതകളുടെ താരതമ്യപഠനത്തിലൂടെ സ്ഥാപിക്കുന്ന ബെഗോവിച്ച്     ഉദ്ധരണികളുടെ ദീര്‍ഘ പട്ടികയാലും സംക്ഷിപ്ത വിവരണത്താലും വായനക്കാരനില്‍ സംത്രാസം ഉളവാ ക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള സമഗ്രവീക്ഷണങ്ങളെ മതപരം, ഭൗതികം, ഇസ്‌ലാമികം എന്നിങ്ങനെ വര്‍ഗീകരിക്കുന്ന ഈ പുസ്തകം കല – ശാസ്ത്രം, നാഗരികത – സംസ്‌കാരം, സാന്മാര്‍ഗികത – യുക്തി, നാടകം – യുട്ടോപ്പിയ, മതം – ഭൗതികത, വ്യക്തി -സമൂഹം എന്നീ ധ്രുവങ്ങളെവിരുദ്ധ പക്ഷങ്ങളെ, സംയോജിപ്പിക്കാനുള്ള ശേഷി ഇ മനുഷ്യന് പ്രദാനം ചെയ്യുന്നു എന്ന് സൂക്ഷ്മമായി തെളിയിക്കുന്നു. അതുപോലെ, മൂസ, ഈസ, മുഹമ്മദ് എന്നീ പ്രവാചകന്മാരുടെ ആദര്‍ശത്തിലെ ഐക്യവും പ്രയോഗത്തിലെ വ്യത്യസ്തതയും വിശകലനം ചെയ്തുകൊണ്ട് ഇസ്‌ലാമികതയുടെ മധ്യമസ്ഥാനം നിര്‍ണയിക്കുന്നു.
1983-ല്‍ ‘മതമൗലികവാദം’ ആരോപിച്ചുകൊണ്ട് രഹസ്യവിചാരണയിലൂടെ സരയവോ-12 എന്ന ബെഗോവിച്ചിന്റെ നേതൃത്വത്തിലുള്ള ബുദ്ധിജീവി സംഘത്തെ, 14 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനേക്കാള്‍ അപകടകാരിയാണ് ബെഗോവിച്ചെന്ന് ഒരിക്കല്‍ മാര്‍ഷല്‍ ടിറ്റോ ജമാല്‍ അബ്ദുനാസറോട് പറഞ്ഞിരുന്നു. പക്ഷേ, ആഗോള സമ്മര്‍ദത്തിന്റെ ഫലമായി 1989-ല്‍ അഞ്ചുവര്‍ഷത്തെ തടവിനുശേഷം ബെഗോവിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഈ കാലയളവില്‍ വളരെ രഹസ്യമായി അദ്ദേഹം എഴുതിയ ‘മനുഷ്യജീവിതം’ പ്രമേയമാക്കിയുള്ള ജയില്‍ കുറിപ്പുകള്‍ പിന്നീട് പ്രസിദ്ധീകൃതമായി. ‘ജീവിക്കാനുള്ള കാരണങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ഞാന്‍ മരിക്കുന്നു’ എന്ന് തുടങ്ങുന്ന ഈ പുസ്തകം, അദ്ദേഹത്തിന്റെ ആത്മസംഘര്‍ഷങ്ങളിലേക്കും പ്രായോഗിക വിശകലനങ്ങളിലേക്കും വെളിച്ചം വീശുന്നു.
ബെര്‍ലിന്‍ മതിലിന്റെ പതനവും (1989) അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂനിയന്റെ പരാജയവും ലോകജനതയെ സോഷ്യലിസ്റ്റ് സര്‍വാധിപത്യത്തില്‍ നിന്നും ദേശവംശ ഭൂപ്രദേശ സ്വയം നിര്‍ണയവാദങ്ങളിലേക്ക് നയിച്ചു. ഈയൊരു മാറിയ സാഹചര്യത്തില്‍, ബെഗോവിച്ച് പാര്‍ട്ടി ഓഫ് ഡെമോക്രാറ്റിക് ആക്ഷന്‍ എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും അന്നത്തെ യൂഗോസ്ലാവിയയുടെ ഭാഗമായിരുന്ന ബോസ്‌നിയ-ഹെര്‍സഗോവിന റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യൂഗോസ്ലാവിയയുടെ വിഘടന പദ്ധതി പ്രകാരം ഒരു ജനഹിതപരിശോധനയിലൂടെ ഒരു സ്വതന്ത്രരാജ്യമായി ബെഗോവിച്ച് ഈ മുന്‍ റിപ്പബ്ലിക്കിനെ പരിവര്‍ത്തിപ്പിച്ചു. പക്ഷെ, വ്യത്യസ്ത വംശീയജനതകളുടെ സംയോജനവും രാഷ്ട്ര രൂപീകരണവും വലിയതോതില്‍ രക്ത രൂക്ഷിത കലാപങ്ങള്‍ക്ക് യൂഗോസ്ലാവിയയിലുടനീളം വഴിയൊരുക്കി. അതില്‍ ഏറ്റവും ആസൂത്രിതമായ വംശഹത്യ നടപ്പിലാക്കിയത് ബോസ്‌നിയാക് മുസ്‌ലിംകള്‍ക്കെതിരെയായിരുന്നു. സെര്‍ബിയന്‍, ക്രോട്ട് വംശീയവാദികള്‍ യൂഗോസ്ലാവിയന്‍ സൈന്യത്തിന്റെ പിന്തുണയോടെ നടത്തിയ വംശഹത്യയില്‍ പ്രധാനമായ കൂട്ടക്കൊല നടന്നത് 1995ല്‍ ബോസ്‌നിയന്‍ നഗരമായ സെബ്രനിക്കയിലായിരുന്നു. അവിടെ 8000ത്തോളം മുസ്‌ലിംകളെ കൊല്ലുകയും മറ്റുള്ളവരെ നാടുകടത്തുകയും ചെയ്തു. 1992 മുതല്‍ 1995 വരെ നടന്ന ഈ വംശഹത്യയില്‍ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ക്ക് വീടുപേക്ഷിച്ച് പോകേണ്ടി വരികയും ചെയ്തു. ഈയൊരവസ്ഥയില്‍, തന്റെ രാഷ്ട്രത്തിന്റെ ബഹുസ്വര അസ്തിത്വത്തെ സംരക്ഷിക്കുവാനും വംശീയ ഉന്മൂലനത്തിന് ഏറ്റവും ഇരയാക്കപ്പെട്ട ബോസ്‌നിയന്‍ മുസ്‌ലിംകളുടെ അതിജീവനത്തിന് പ്രായോഗിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും ബെഗോവിച്ച് പരിശ്രമിച്ചു. പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം കൈവരിച്ച ഉഭയകക്ഷി ബന്ധങ്ങള്‍ വംശഹത്യയെ പ്രതിരോധിക്കാന്‍ ഉപയോഗപ്പെടുത്തുകയും, ഇറാനടക്കമുള്ള രാജ്യങ്ങള്‍ സന്നദ്ധ സായുധ സംഘങ്ങളെ അവിടേക്കയക്കുകയും ചെയ്തു.
ബോസ്‌നിയന്‍ യുദ്ധം അവസാനിപ്പിക്കുവാന്‍ 1995ല്‍ നാറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ കൂടിയാലോചനകളില്‍ ബെഗോവിച്ച് പങ്കെടുക്കുകയും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടുകയും ചെയ്തു. അദ്ദേഹം ബോസ്‌നി-ഹെര്‍സഗോവിനയുടെ രാഷ്ട്രപതിയായി വീണ്ടും, 2000ല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജി വെക്കുന്നതുവരെ സേവനമനുഷ്ഠിച്ചു. 1994ലെ ഇസ്്‌ലാമിക ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ കിംഗ് ഫൈസല്‍ അവാര്‍ഡും 2001ല്‍ മികച്ച വ്യക്തിത്വത്തിനുള്ള ഉപഹാരവും അദ്ദേഹം ഏറ്റുവാങ്ങി. ബോസ്‌നിയന്‍ യുദ്ധക്കുറ്റവാളികളുടെ വിചാരണ യു എന്നിന്റെ ട്രൈബ്യൂണല്‍ വഴി നടന്നുകൊണ്ടിരിക്കുമ്പോള്‍ 161 പേര്‍ക്ക് മാത്രമാണ് കുറ്റം ചുമത്തപ്പെട്ടത്. എല്ലാവര്‍ഷവും ജൂലൈ 11ന് സെബ്രെനിക സ്മരണാദിനമായി ആചരിക്കുമ്പോള്‍, ഭീതിജനകമായ വംശഹത്യാ അന്തരീക്ഷത്തില്‍ തന്റെ ജനതയെ നയിച്ച ധൈര്യശാലിയായ നേതാവിന്റെ ഭാഗധേയമാണ് ബെഗോവിച്ച് നിര്‍വഹിച്ചത്. സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണത് 2003ലാണ്. പക്ഷെ അദ്ദേഹത്തിന്റെ പൈതൃകം ഇന്നും പുസ്തകങ്ങളിലൂടെയും ഇടപെടലുകളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും അതിജീവിക്കുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ബാകിര്‍ ഇസ്സത്ത് ബെഗോവിച്ച് 2010 മുതല്‍ 2018 വരെ രാഷ്ട്രപതി പദത്തിലെ മൂന്നില്‍ ഒരു അംഗമായിരുന്നു. ആഗോളതലത്തില്‍ തന്നെ, മുസ്‌ലിം സമുദായ ശാക്തീകരണത്തില്‍ ഒരു പൗരസ്ത്യ യൂറോപ്യന്‍ മാതൃക മുന്നോട്ടുവെച്ച പ്രതിഭാധനനായ ചിന്തകനും രാഷ്ട്രീയ വിചക്ഷണനുമായി ബെഗോവിച്ച് എന്നും സ്മരിക്കപ്പെടും.
Back to Top