21 Saturday
December 2024
2024 December 21
1446 Joumada II 19

ട്രംപിന്റെ ആണവക്കരാര്‍ പിന്മാറ്റം ഒബാമയോടുള്ള വിദ്വേഷം മൂലം!

യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായി ഒപ്പുവെച്ച ആണവക്കരാറില്‍നിന്ന് പിന്മാറിയത് മുന്‍ഗാമി ബറാക് ഒബാമയോടുള്ള വിദ്വേഷം മൂലമെന്ന് വെളിപ്പെടുത്തല്‍. മു ന്‍ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി സര്‍ കിം ഡറോച് തയാറാക്കിയ മെമ്മോയിലാണ് ഈ വിവരം. ട്രംപ് ഭരണകൂടം അസംബന്ധമാണെന്ന ഡറോച്ചിന്റെ വെളിപ്പെടുത്തല്‍ പുറത്തായിരുന്നു. ഇതു വിവാദമായതിനെ തുടര്‍ന്നാണ് അദ്ദേഹം പദവി രാജിവെച്ചത്. മുന്‍ അംബാസഡറുടെ പരാമര്‍ശത്തിനെതിരെ ട്രംപ് രൂക്ഷമായാണ് പ്രതികരിച്ചത്. 2018ല്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സര്‍ കരാറില്‍ തുടരണമെന്ന് യു എസിനോട് അപേക്ഷിച്ച സമയത്താണ് ഡറോച് മെമ്മോ തയാറാക്കിയത്. ട്രംപിന്റെ ഏകപക്ഷീയ പി ന്മാറ്റം നയതന്ത്ര നശീകരണമാണെന്നും ഡറോച് നിരീക്ഷിക്കുന്നുണ്ട്. തികച്ചും സ്വകാര്യ കാരണങ്ങളാലാണ് ട്രംപ് ആണവക്കരാറില്‍ നിന്ന് പിന്മാറുന്നതെന്ന് സൂചിപ്പിച്ച് ഡറോച് ബോറിസിന് കത്തെഴുതിയിരുന്നു.
ആണവക്കരാര്‍ ഒപ്പുവെച്ചത് ബറാക് ഒബാമയാണ്. ട്രംപിന്റെ തെരഞ്ഞെടുപ്പു കാല വാഗ്ദാനമാണ് കരാറില്‍നിന്ന് പിന്മാറുമെന്നത്. മാത്രമല്ല, ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഒബാമ ഭരണകൂടം നടപ്പാക്കിയ പരിഷ്‌കാരങ്ങളെല്ലാം അട്ടിമറിക്കാനും ട്രംപ് ശ്രമിക്കുകയുണ്ടായി. അതിനിടെ പുറത്തായ മെമ്മോയിലെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ നിന്ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് മാധ്യമങ്ങളെ വിലക്കിയിരുന്നു. വിലക്ക് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നും മുന്നറിയിപ്പു നല്‍കി. എന്നാല്‍, അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പെട്ടതാണെന്നായിരുന്നു മാധ്യമങ്ങളുടെ മറുപടി. ഡെയ്‌ലി മെയില്‍ ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
Back to Top