3 Saturday
December 2022
2022 December 3
1444 Joumada I 9

രണ്ടു വര്‍ഷം ഒരു യത്തീംഖാനയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഏഴ്, എട്ട് ക്ലാസുകളില്‍ അവിടെ നിന്നാണ് പഠിച്ചത്. ഞാനും മൂത്താപ്പയുടെ മകനും ഒന്നിച്ചാണ് പുറപ്പെട്ടത്. വലിയ പ്രതീക്ഷയോടെയായിരുന്നു യാത്ര. വീട്ടില്‍ നിന്നും മാറി നിന്ന് പഠിക്കുന്നത് വലിയ ഗമയുള്ള പരിപാടിയാണല്ലോ എന്ന തോന്നലില്‍ നിന്നാണ് ഞങ്ങള്‍ രണ്ടാളും അങ്ങനെ ഒരു സാഹസത്തിനൊരുങ്ങുന്നത്.
സംഗതി നല്ല രസമുള്ള കാര്യമാണെന്നുതന്നെ ആദ്യത്തെ രണ്ടുമൂന്നാഴ്ചകള്‍ തോന്നിയത്. ഒരുപാട് കുട്ടികളുണ്ടായിരു

ന്നു അവിടെ. കുറെ ചെങ്ങായ്മാരെ കിട്ടിയ സന്തോഷം ചില്ലറയായിരുന്നില്ല. ആഴ്ചയിലൊരു ദിവസം ബിരിയാണിയോ നെയ്‌ച്ചോറോ ഉണ്ടാവും. അത് വലിയ സംഭവമായിരുന്നു.

ആവേശമൊക്കെ ഒന്നുരണ്ടാഴ്ചകളേ ഉണ്ടായിരുന്നുള്ളു. സമയക്കണക്കിലായിരുന്നു അവിടുത്തെ ജീവിതം. രാവിലെ സുബ്ഹി ബാങ്കിന് മുന്നെ ബെല്ലടിക്കും. ആ ബെല്ലടി കേട്ടാല്‍ എഴുന്നേറ്റോളണം. ബെല്ലടിക്കു പിന്നാലെ വാര്‍ഡന്‍ വടിയെടുത്തിറങ്ങും. ഉണരാന്‍ മടിച്ചു കിടക്കുന്നവര്‍ക്ക് തലങ്ങും വെലങ്ങും അടിയാവും. ചിലര്‍ ഞെട്ടിയുണര്‍ന്ന് ലെക്കും ലെവലുമില്ലാതെ പാഞ്ഞ് തല ചുമരിലിടിക്കും.  മദ്‌റസാ ക്ലാസ് മുറികളിലാണ് കുട്ടികള്‍ കിടക്കുന്നത്. ഒരു മുറിയില്‍ എട്ടുപത്തുപേരുണ്ടാവും. സാധനങ്ങള്‍ വെച്ച തകരപ്പെട്ടി ക്ലാസ് റൂമിന്റെ ചുമരിനോട് ചാരി വെച്ചിരിക്കുകയാണ്. കിടക്കാന്‍ കട്ടിയുള്ളൊരു വിരിപ്പുണ്ട്. അത് താഴെയിട്ടോ ബെഞ്ചുകള്‍ കൂട്ടിയിട്ടോ കിടക്കാം.
പള്ളി റൂം മുകളിലത്തെ നിലയിലാണ്. നിസ്‌ക്കാരം കഴിഞ്ഞാല്‍ പിന്നെ ഡൈനിംഗ് ഹാളിലിരുന്ന് ഖുര്‍ആന്‍ ഓതണം. അതു കഴിഞ്ഞാല്‍ പിന്നെ ഗ്രൂപ്പാക്കി തിരിച്ച് നിര്‍ത്തി എണ്ണമെടുക്കും. ഏഴ് ഗ്രൂപ്പുകളുണ്ടായിരുന്നു. ഓരോ ഗ്രൂപ്പിനും ഓരോ പണികളുണ്ടാവും. ക്ലാസും വരാന്തയും അടിച്ചുവാരി വൃത്തിയാക്കുക, അഴുക്കുചാലും കക്കൂസും മൂത്രപ്പുരയും കഴുകുക, ഭക്ഷണം വിളമ്പുക, മേശ തുടക്കുക അങ്ങനെ അങ്ങനെ എന്തേലും പണികള്‍. ഓരോ ആഴ്ച ഇടവിട്ട് ജോലികള്‍ മാറിമാറി വരും. ഏല്‍പ്പിക്കപ്പെട്ട പണി തീര്‍ത്ത് കക്കൂസില്‍ പോക്കും കുളിയും കഴിച്ച് ചായക്ക് ബെല്ലടിക്കുമ്പോഴേക്കും റെഡിയാവണം. ചായ കുടി കഴിഞ്ഞാലുടനെ മദ്രസയില്‍ ബെല്ലടിക്കും. മദ്രസ വിട്ടാല്‍ കഞ്ഞിക്ക് വരി നില്‍ക്കണം. കഞ്ഞി കുടി കഴിഞ്ഞാല്‍ സ്‌കൂളിലേക്കുള്ള ബുക്കുകളുമെടുത്ത് ഗ്രൂപ്പായി തിരിഞ്ഞ് നില്‍ക്കും. സ്‌കൂള്‍ പുറത്താണ്. വരിവരിയായി ജാഥ പോകുന്നതുപോലെയാണ് സ്‌കൂളിലേക്ക് പോവുക. വഴിയില്‍ നിന്ന് ആളുകള്‍ സഹതാപത്തോടെ നോക്കും.
ഉച്ചക്ക് സ്‌കൂള്‍ വിട്ടാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഗ്രൂപ്പായി തിരിഞ്ഞ് നിന്ന് ലീഡര്‍മാര്‍ എണ്ണമെടുക്കും. യത്തീംഖാനയിലെത്തി നിസ്‌ക്കരിച്ച് ചോറും തിന്ന് സ്‌കൂളിലേക്ക് ജാഥയായി തന്നെ. വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്നാല്‍ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതുവരെ കളിച്ചോ അലക്കാനുള്ളത് അലക്കിയോ പണിയുള്ളവര്‍ പണി തീര്‍ത്തോ നടക്കാം. മഗ്‌രിബ് നിസ്‌ക്കാരം കഴിഞ്ഞാല്‍ എട്ടൊമ്പത് മണി വരെ ഡൈനിംഗ് ഹാളില്‍ കുത്തിയിരുന്ന് വായനയാണ്. വായനയോട് വായന. വാര്‍ഡന്‍ നിരീക്ഷണക്കണ്ണുമായി അടുത്തെവിടെയെങ്കിലും ഉണ്ടാവും. ശബ്ദമുണ്ടാക്കാന്‍ പാടില്ല. ഇരുന്നിരുന്ന് ഉറക്കം വരും. ഇശാ നിസ്‌കാരം കഴിഞ്ഞാല്‍ ചോറും തിന്ന് കിടക്കാം. കിടന്നാല്‍ ഉറക്കം വരില്ല. വീട്ടിലേക്ക് മനസ്സ് പായും. ഉമ്മയെ കാണാന്‍ പൂതിയാവും. കരച്ചില്‍ വരും. വലിയ അന്തക്കേടാണല്ലോ ചെയ്തത് എന്ന് തോന്നും.
പല കഥകളുള്ള കുട്ടികളാണ് ചെങ്ങായ്മാര്‍. അവരുടെ കഥ കേട്ടാല്‍ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണെന്ന് തോന്നും. ഉപ്പയില്ലാത്തവര്‍, ഉമ്മയും ഉപ്പയും നഷ്ടപ്പെട്ടവര്‍, പട്ടിണി തിന്ന് മതിയായവര്‍.. അവര്‍ക്കിതെല്ലാം വലിയ സൗകര്യങ്ങളാണ്. അനുഗ്രഹങ്ങളാണ്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതല്‍ പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ വരെ. മറ്റുള്ളവരുടെ സങ്കടം പറച്ചിലുകള്‍ കേള്‍ക്കുമ്പോള്‍ എന്റെ സങ്കടമൊക്കെ എന്ത് സങ്കടമാണെന്ന് തോന്നും! ഒന്നിലും രണ്ടിലുമൊക്കെ പഠിക്കുന്ന കുട്ടികളുടെ സങ്കടം കാണുമ്പോള്‍ കരച്ചില്‍ വരും.
വാര്‍ഡന്‍മാര്‍ ചിലപ്പോള്‍ മുന്നുംപിന്നും നോക്കാതെയാവും പെരുമാറുക. സംശയത്തിന്റെ പേരിലാവും പലപ്പോഴും കുറ്റപ്പെടുത്തലുകളുണ്ടാവുക. അടിച്ചു നന്നാക്കാനുള്ള ശ്രമമാണ്. നിസ്സാര കാര്യത്തിനൊക്കെ ചിലപ്പോള്‍ ഗുരുതരമായ ശിക്ഷ ലഭിച്ചെന്നിരിക്കും.
ചിത്രം വരയും കഥാബുക്ക് വായനയുമായിരുന്നു എന്റെ പ്രധാന ഹോബി. അതു രണ്ടിനും അവിടെ നിയന്ത്രണങ്ങളുണ്ടായിരുന്നു. സ്‌കൂളില്‍ ആഴ്ചയിലൊരു ദിവസം ചിത്രരചനാ ക്ലാസുണ്ടാവും. ഏറ്റവും ഇഷ്ടമുള്ളൊരു ക്ലാസായിരുന്നുവത്. ചിത്രം വര പഠിപ്പിച്ചിരുന്ന തങ്ങള്‍ മാഷ് നന്നായി കഥ പറയുകയും ചെയ്യുമായിരുന്നു. കഥ കേള്‍ക്കാനും ചിത്രം വരക്കാനും കഴിയുന്ന ഒരു പിരീഡ്. ചിത്രം വരച്ച് കളര്‍ കൊടുക്കുന്നതെങ്ങനെ എന്ന് തങ്ങള്‍ മാഷ് കാണിച്ചുതരും. ഞാനതുപോലെ കളറുകൊടുക്കും. ഡ്രോയിംഗ്ബുക്കില്‍ നിറയെ വെരിഗുഡുകള്‍ നിറഞ്ഞുകിടന്നു. പഠനത്തില്‍ ഞാന്‍ പിന്നോട്ടായി. കണക്കിന്റെ കാര്യമാണ് കണക്കായത്.
എന്റെ വരയിലുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു. യത്തീംഖാനയിലെ ചില കുട്ടികള്‍ അവരുടെ ഡ്രോയിംഗ് ബുക്കുമായി എന്റടുത്ത് വരും.
ടാ ഒന്ന് വരച്ച് കൊണ്ടാ..
ഞാന്‍ വരച്ചുകൊടുക്കും. സ്‌കൂളിലേക്കുള്ള ഡ്രോയിംഗ് ബുക്കിനപ്പുറത്തേക്ക് വരക്കാനുള്ള സാധ്യതകളില്ലായിരുന്നു. കലാ കായിക മത്സരങ്ങളിലൊക്കെ കുട്ടികളെ പങ്കെടുപ്പിക്കുമായിരുന്നു. അതിന്നായി പരിശീലനങ്ങളും നടത്തും. സ്‌കൂളില്‍ നിന്നുള്ള അറബിക്കലാമേള ടീമില്‍ പ്രധാനമായും യത്തീംഖാനയിലെ കുട്ടികളാണുണ്ടായിരുന്നത്. ആണ്‍കുട്ടികളുടെ ഒപ്പനയില്‍ ഞാന്‍ പുതിയാപ്പിളയായിരുന്നു. പോസ്റ്റര്‍ രചനാ മത്സരത്തില്‍ എന്നെയാണ് പങ്കെടുപ്പിച്ചിരുന്നത്. ഒന്നാം ക്ലാസില്‍ വെക്കാന്‍ ചാര്‍ട്ടുകള്‍ ഞാനാണ് വരച്ചിരുന്നത്. പുസ്തകത്തില്‍ നോക്കി ചിത്രം വരച്ച് അതിന് നേരെ അതിന്റെ അറബി വാക്കുകളെഴുതി. മുളക്കഷ്ണം ചെത്തിക്കൂര്‍പ്പിച്ച് അതുകൊണ്ട് എഴുതാന്‍ പഠിപ്പിച്ചത് മദ്‌റസയില്‍ പഠിപ്പിക്കാന്‍ വരുന്ന ഒരു ഉസ്താദ് ആയിരുന്നു. അതെല്ലാം മത്സര കാലത്തേക്ക് മാത്രമുള്ള പരിശീലനങ്ങളും കലാപ്രകടനങ്ങളുമായിരുന്നു. മത്സരം കഴിഞ്ഞാല്‍ പിന്നെ പാട്ടുമില്ല എഴുത്തുമില്ല.
വിരസം മാത്രമല്ല, വരണ്ട ദിനങ്ങള്‍.
ഒരു ദിവസം ഞാന്‍ സ്‌കൂളില്‍ നിന്നും ചെങ്ങായ് തന്ന ചിത്രകഥാബുക്ക് വായിക്കുകയായിരുന്നു. അത് വാര്‍ഡന്‍ കണ്ടു. വലിയ ഗുലുമാലായി. കഥാബുക്ക് കണ്ടുകെട്ടി. എന്നെ ഒരു കുറ്റവാളിയെപ്പോലെ ചീത്തപറഞ്ഞു. അവസാനം ചീഫ് വാര്‍ഡന്റെ മുന്നില്‍ കൊണ്ടുപോയി നിര്‍ത്തി. ചീഫ് വാര്‍ഡന്‍ ഒരു സാധു മനുഷ്യനായിരുന്നു. ഒരു റിട്ടയര്‍ അധ്യാപകന്‍. വിശ്രമകാലം യത്തീംകുട്ടികള്‍ക്കൊപ്പം ചെലവഴിക്കാമെന്ന നല്ല നിയ്യത്തുമായി വന്നതാണ്. എന്നെ പിടികൂടിയ വാര്‍ഡന്‍, അവിടെ വിറക് വെട്ടാന്‍ വന്ന് വന്ന് വാര്‍ഡനായതാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കുട്ടികളോട് എങ്ങനെയാണ് ഇടപെടേണ്ടതെന്നോ തന്റെ മുന്നിലുള്ളത് യത്തീംമക്കളാണെന്ന ബോധമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കുന്ന നേരത്തൊക്കെ അസഭ്യം പറയും. തിന്നതെല്ലാം ഓക്കാനിക്കുന്ന തരത്തിലുള്ള ചീത്ത.
ചീഫ് വാര്‍ഡന്‍ എന്നെ സഹതാപത്തോടെ നോക്കി. അദ്ദേഹം ഇങ്ങനെ നിസ്സഹായനായി നില്‍ക്കുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. വാര്‍ഡന്‍ എന്തൊക്കെയോ പറഞ്ഞ് പോയി. ചീഫ് വാര്‍ഡന്‍ ചിത്രകഥാബുക്ക് മറിച്ചുനോക്കി. എന്നോട്, മോന്‍ പൊയ്‌ക്കോ എന്ന് പറഞ്ഞു. കഥാ പുസ്തകം എനിക്ക് തിരിച്ചുകിട്ടിയില്ല. ചെങ്ങായി കുറേ നാള്‍ എന്റെ കഥാബുക്കെവടെ എന്നും ചോദിച്ച് നടന്നിരുന്നു.
ചെറുപ്പത്തില്‍ ചോറ് വാരിത്തരുമ്പോള്‍ ഉമ്മ കഥകള്‍ പറഞ്ഞുതരുമായിരുന്നു. അങ്ങനെയാവാം കഥകളോടിത്ര കമ്പം കയറിയത്. അങ്ങനെ കേട്ട കഥകളൊന്നും ഇന്നും മറന്നുപോയിട്ടില്ല. ചെങ്ങായ്മാര്‍ക്ക് ആ കഥകള്‍ പറഞ്ഞുകൊടുക്കും. അവര്‍ വലിയ കണ്ണുകാട്ടി കൗതുകത്തോടെ കഥ കേള്‍ക്കും. തിരിച്ചുപറയാന്‍ അവരുടെ പക്കലൊന്നും അത്തരം കഥകളില്ലായിരുന്നു. അവര്‍ക്ക് പറയാനുണ്ടായിരുന്നത് അവരുടെ ജീവിതം തന്നെയായിരുന്നു. ഉപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍. ഉമ്മയുടെ സങ്കടങ്ങള്‍… ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും യത്തീംഖാനകള്‍ വേറെവേറെയാണ്. മദ്‌റസയിലേക്ക് പെണ്‍കുട്ടികള്‍ വരും. അപ്പോഴാണ് ആങ്ങളമാരും പെങ്ങന്മാരും പരസ്പരം കാണുന്നതും സങ്കടങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതും.
ഒഴിഞ്ഞിരിക്കുന്ന നേരത്ത് ചിലര്‍ വന്ന് പറയും, ഡാ ഒര് കഥ പറയ്… എനിക്ക് സന്തോഷമാവും. ഞാന്‍ നേരെ ഇരുന്ന് കഥ പറയാന്‍ തുടങ്ങും. ഉമ്മയും വല്ല്യുപ്പയും പറഞ്ഞു തന്നെ കഥകളൊക്കെ തീര്‍ന്നിട്ടും ഞാന്‍ കഥ പറച്ചില്‍ നിര്‍ത്തിയിരുന്നില്ല. അങ്ങനെയാണ് ഞാന്‍ കഥയുണ്ടാക്കാന്‍ പഠിച്ചത്.
ഫസല്‍മോന്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു. എന്റെ ഒരു ക്ലാസ് മുന്നിലാണ്. അവനും നന്നായി ചിത്രം വരക്കുമായിരുന്നു. ചിത്രത്തിനുതാഴെ പേരെഴുതുന്നത് ആദ്യം കണ്ടത് ഫസല്‍മോനില്‍ നിന്നായിരുന്നു.
യത്തീംഖാനയില്‍ വലിയ ഒച്ചപ്പാടൊന്നും ഇല്ലാതെ നടന്നിരുന്ന ഒരാളായിരുന്നു ഹൈദര്‍. എല്ലാവരും കളിയില്‍ മുഴുകുന്ന നേരത്ത് ഹൈദര്‍ ഇടക്കിടെ പള്ളിറൂമിലേക്ക് കയറിപ്പോകുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. എന്താണ് ഹൈദറിന് പള്ളിറൂമില്‍ ഒളിച്ചുകളിയെന്ന് കരുതുകയും ചെയ്യാറുണ്ടായിരുന്നു.
ഒരു ദിവസം ഹൈദര്‍ പള്ളിറൂമിലേക്ക് കയറിപ്പോയപ്പോള്‍ പിന്നാലെ ഞാനും പോയി. മെല്ലെ വാതിലു തുറന്നു നോക്കുമ്പോള്‍ ജനലിനടുത്തുള്ള ഒരു മൂലയിലിരുന്ന് ഹൈദര്‍ എന്തോ പണിയിലാണ്. അടുത്തുചെന്നു നോക്കുമ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടുക തന്നെ ചെയ്തു. ഹൈദര്‍ ചിത്രം വരക്കുകയായിരുന്നു. നല്ല വൃത്തിയുള്ള ഒരു ചെറിയ നോട്ട് ബുക്ക്. അതില്‍ കൂര്‍പ്പിച്ച് മൂര്‍ച്ചകൂട്ടിയ പെന്‍സിലുകൊണ്ട് ഹൈദര്‍ മരങ്ങള്‍ വരക്കുന്നു. മരങ്ങള്‍ക്കിടയിലൂടെ നിവര്‍ന്നുകിടക്കുന്ന ഒരു വഴി. ആ വഴി ചെന്നുമുട്ടുന്നിടത്ത് ഒരു ചെറിയ വീട്. വീടിനു മുന്നില്‍ പുള്ളിത്തട്ടമിട്ട് ഒരു ഉമ്മ തനിച്ച് നില്‍ക്കുന്നു. അത് ഹൈദറിന്റെ ഉമ്മയായിരിക്കുമോ? പിന്നെ കറുത്ത മഷി നിറച്ച ഹീറോ പേനയെടുത്ത് അതിന് മുകളിലൂടെ വരച്ച് പെന്‍സില്‍ അടയാളങ്ങള്‍ റബ്ബര്‍ കൊണ്ട് മായ്ച്ചുകളയുന്നു. ഒരു മാന്ത്രിക പ്രകടനം കാണുന്ന അത്ഭുതത്തോടെ ഞാനതങ്ങനെ നോക്കി നിന്നു.
ഹൈദറേ… ഇജ്ജ് വരക്കോ…
അവനൊന്നും മിണ്ടിയില്ല. ആ ചിത്ര പുസ്തകം മുഴുവനൊന്ന് മറിച്ചുനോക്കി കാണണമെന്ന് എനിക്കുണ്ടായിരുന്നു. എന്റെ സാന്നിധ്യം ഇഷ്ടപ്പെടാത്ത പോലെ അവന്‍ ബുക്കെടുത്ത് പോവുകയായിരുന്നു.
ഹൈദര്‍ ചിത്രം വരക്കുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പക്ഷേ, ഞാന്‍ കണ്ടതോ, ഗംഭീരമായ ചിത്രവും. ഹൈദര്‍ ഇന്നുവരെ ഒരു മത്സരത്തിനും ചേര്‍ന്നതായി എനിക്കറിയില്ല. അങ്ങനെ പലവിധ കഴിവുകളുള്ള എത്രയെത്ര കുട്ടികള്‍ യത്തീംഖാനയിലുണ്ടായിരുന്നു. അവരുടെ കഴിവുകള്‍ കണ്ടെത്താനോ വേണ്ട പരിശീലനം കൊടുത്ത് പരിപോഷിപ്പിക്കാനോ അവസരമുണ്ടായിരുന്നെങ്കില്‍ എത്ര പ്രതിഭകളെ വാര്‍ത്തെടുക്കാമായിരുന്നു.
ഹൈദറിന്റെ ചിത്ര ബുക്ക് എന്റെ ഉറക്കം കെടുത്തിയെന്ന് പറഞ്ഞാമതിയല്ലോ. ഒരു ദിവസം, അവന്റെ റൂമില്‍ ആരുമില്ലാത്ത ഒരു നേരത്ത്, അവന്റെ തകരപ്പെട്ടി തുറന്ന് ഞാനാ പുസ്തകം കട്ടെടുത്തു. അരയില്‍ പൂഴ്ത്തിയ ബുക്കുമായി കക്കൂസിലേക്ക് കയറി. അവിടെയിരുന്ന് ഓരോ പേജും മറിച്ചു നോക്കി. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത വരകള്‍. മരങ്ങളാണ് കൂടുതലും. ഓരോ മരവും വ്യത്യസ്തം. ഞാന്‍ വരക്കുന്ന മരവും തെങ്ങുമെല്ലാം ഒരുപോലായിരുന്നു. അതുകൊണ്ടു തന്നെ ഹൈദറിന്റെ മരങ്ങള്‍ എന്നെ അസൂയപ്പെടുത്തി. മരത്തിന്റെ കൊമ്പും ചില്ലകളും ഇലകളും എല്ലാം വ്യത്യസ്തം. തടിയിലെ കുഴിയും പൊന്തലും വേരുമുഴക്കങ്ങളുമെല്ലാം ത്രിമാനസ്വഭാവത്തില്‍…
ഒടുക്കം, യത്തീംഖാനയില്‍ നിന്നും പോരുമ്പോള്‍ കയ്യിലുണ്ടായിരുന്ന അമൂല്യ വസ്തു ഹൈദരിന്റെ ചിത്രബുക്കായിരുന്നു. ആ ബുക്ക് നഷ്ടപ്പെട്ടതിന്റെ പേരില്‍ ഹൈദറിനുണ്ടായിരിക്കാനിടയുള്ള മാനസിക സംഘര്‍ഷം എനിക്കിപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. ഹൈദര്‍, എനിക്കറിയാം നിനക്ക് നഷ്ടപ്പെട്ടത് നിന്റെ ജീവിതം തന്നെ ആയിരുന്നുവെന്ന്.
സത്യം പറഞ്ഞാല്‍, ചിത്രകലയില്‍ എന്റെ ആദ്യ ഗുരു ഹൈദര്‍ തന്നെയാണ്. ഹൈദറിന്റെ ആ കൊച്ചുബുക്കില്‍ നിന്ന് കിട്ടിയ അറിവിനോളം വലുതല്ല പിന്നീട് ലഭിച്ചതൊന്നും.
ഇപ്പോഴും ചിത്രകലാക്യാമ്പുകളിലും ചിത്രകലയുമായി ബന്ധപ്പെട്ട പരിപാടികളിലും ഹൈദര്‍ എന്ന് പേരുള്ള ഒരു ചിത്രകാരനെ ഞാന്‍ തിരയാറുണ്ട്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x