100 വയസ്സ് തികയുന്ന ഐക്യസംഘത്തിന്റെ പിന്‍മുറക്കാര്‍
ബി പി എ ഗഫൂര്‍
ക്രിസ്തുവര്‍ഷം രണ്ടായിരത്തി ഇരുപത്തി രണ്ടാം ആണ്ട് കേരളത്തിലെ ഇസ്‌ലാഹീ നവോത്ഥാന ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ്. സയ്യിദ് സനാഉല്ലാ മക്തി തങ്ങളില്‍ തുടങ്ങി ശൈഖ് ഹമദാനി തങ്ങള്‍, വക്കം മൗലവി, കെ എം മൗലവി, കെ എം സീതി സാഹിബ്, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് തുടങ്ങിയ നവോത്ഥാന നായകരിലൂടെ വളര്‍ന്ന് പുഷ്‌കലിച്ച് കേരളത്തിലെ ആധുനിക മുസ്‌ലിം സ്വത്വത്തെ രൂപപ്പെടുത്തുകയും പുനര്‍ നിര്‍ണയിക്കുകയും ചെയ്ത ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സാരഥ്യം കെ എന്‍ എം മര്‍കസുദ്ദഅ്‌വയില്‍ തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. രണ്ട് ദശാബ്ദത്തോളമായി കേരളത്തിലെ ഇസ്‌ലാഹീ പ്രവര്‍ത്തകരും അനുഭാവികളും തിരിച്ചറിഞ്ഞ പിന്‍ നടത്തത്തിന്റെ വേദനയകറ്റുമാറ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ നവോത്ഥാന മുന്നേറ്റത്തിന്റെ സാരഥ്യം വഹിക്കാന്‍ പര്യാപ്തമായിരിക്കുന്നു എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയാകാനും നാഗരികതയുടെ വികാസത്തെ അഭിമുഖീകരിക്കാനും കേരള മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കാന്‍ സംഘടനാപരമായി സുസജ്ജമായിരിക്കുകയാണ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ.
നവോത്ഥാനത്തിന്റെ അടിസ്ഥാന തത്വമായി വര്‍ത്തിക്കേണ്ട ജനാധിപത്യവും ബഹുസ്വരതയും നിരാകരിച്ച് ഇജ്തിഹാദിന്റെ വാതായനങ്ങളെല്ലാം കൊട്ടിയടച്ച് മന്‍ഹജുസ്സലഫിയ്യയുടെ അക്ഷര വായനയില്‍ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം നേടിയെടുത്ത സകലമാന നവോത്ഥാന മൂല്യങ്ങളെയും റദ്ദ് ചെയ്ത നവ യാഥാസ്ഥിതികരില്‍ നിന്ന് കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം മോചനം കൈവരിച്ചിരിക്കുന്നു എന്നതാണ് 2022-ാം ആണ്ട് നല്‍കുന്ന പ്രത്യാശാ നിര്‍ഭരമായ സന്ദേശം.
ഇസ്‌ലാഹിന്റെ ഉദ്ദേശ്യശുദ്ധിയും ജനാധിപത്യ സമീപനവും ബഹുസ്വര സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ സമകാലീന മുസ്‌ലിം കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് നായകത്വം വഹിക്കാന്‍ എന്തുകൊണ്ടും സജ്ജമായിരിക്കുന്നു. നിഷേധാത്മകവും അക്രമോത്സുകവുമായ പ്രബോധന ശൈലിയെ പൂര്‍ണമായും റദ്ദ് ചെയ്ത് സംവാദാത്മകമായ ശൈലിയില്‍ ഗുണകാംക്ഷയോടെയുള്ള പ്രബോധന പ്രചാരണ സംരംഭങ്ങളാണ് നാം സ്വീകരിക്കേണ്ടത്.
ഇസ്‌ലാമിനകത്തെ അഭിപ്രായാന്തരങ്ങളെ സഹിഷ്ണുതയോടെയും വിശാല മനസ്‌കതയോടെയും അഭിമുഖീകരിക്കാന്‍ അത് പ്രവര്‍ത്തകരെ സജ്ജമാക്കിയിരിക്കുന്നു. വിനയവും വിശാല മനസ്‌കതയുമില്ലാത്ത ആശയ സംവാദങ്ങള്‍ നവോത്ഥാന മൂല്യങ്ങളുടെ നിരാകരണമായിരിക്കും. അഭിപ്രായാന്തരങ്ങളെ കേള്‍ക്കാനും ഉള്‍ക്കൊള്ളാവുന്നത് സ്വീകരിക്കാനും അല്ലാത്തവയോട് സൗഹാര്‍ദപരമായി നിരാകരിക്കാനും കഴിയണമെന്നതാണ് സംഘടന മുന്നോട്ടു വെക്കുന്ന സംവാദാത്മകതയുടെ അന്തസ്സത്ത.
നവോത്ഥാനമെന്നത് കാലഘട്ടത്തിന്റെ ആവശ്യാനുസരണം നിര്‍ണയിക്കപ്പെടേണ്ടതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യകാലഘട്ടം, മാതൃഭാഷയോടും ഇംഗ്ലീഷ് ഭാഷയോടും മുഖം തിരിഞ്ഞു നിന്ന അക്കാലത്തെ കേരളീയ മുസ്‌ലിം സമൂഹത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലെത്തിക്കാനുള്ള നവോത്ഥാന പ്രക്രിയയുടെ മുഖ്യ അജണ്ട മലയാള ഇംഗ്ലീഷ് അക്ഷരാഭ്യാസമാണെന്ന് സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ വിവക്ഷിച്ചു. അദ്ദേഹത്തിന്റെ മുഖ്യ അജണ്ട അക്ഷരാഭ്യാസം നേടലും അതോടൊപ്പം മുസ്‌ലിം സ്ത്രീകളുടെ സാംസ്‌കാരികമായ വിമോചനവുമായിരുന്നു.
കാലം പിന്നിട്ട് വക്കം മൗലവിയിലെത്തിയപ്പോള്‍ മക്തി തങ്ങള്‍ തുടങ്ങിവെച്ച നവോത്ഥാന പ്രക്രിയകള്‍ക്ക് ശക്തി പകരുന്ന പ്രവര്‍ത്തനങ്ങളോടൊപ്പം ബ്രിട്ടീഷ് അധിനിവേശത്തിന്നെതിരിലുള്ള പോരാട്ടവും അജണ്ടയായി നിര്‍ണയിച്ചു.
മുസ്‌ലിം സമുദായത്തെ വിശ്വാസപരവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായി സമുദ്ധരിക്കാന്‍ പ്രസിദ്ധീകരണങ്ങളിലൂടെ ആവുന്നതെല്ലാം ചെയ്യുന്നതോടൊപ്പം സാംസ്‌കാരിക പ്രബുദ്ധതയ്ക്ക് വേണ്ടി ബഹുസ്വര സമൂഹത്തിലിണങ്ങിച്ചേരാന്‍ മുസ്‌ലിംകളെ പര്യാപ്തമാക്കാനുള്ള അജണ്ടകളും വക്കം മൗലവി ആവിഷ്‌കരിച്ചു നടപ്പിലാക്കി. മക്തി തങ്ങളും ഹമദാനി തങ്ങളും വക്കം മൗലവിയുമെല്ലാം നടത്തിയ നവോത്ഥാന പരിശ്രമങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ആന്ദോളനങ്ങള്‍ ഉണ്ടാക്കിയെങ്കിലും വേണ്ടത്ര സംഘടിതമായിരുന്നില്ലാത്തതിനാല്‍ പിന്‍തുടര്‍ച്ചയുണ്ടായില്ല.
കൊടുങ്ങല്ലൂരിലെ ധാനാഢ്യരായ സമുദായ സ്‌നേഹികളുടെ വിഭവശേഷി ഉപയോഗപ്പെടുത്തി മുസ്‌ലിം സമുദായത്തിന്റെ പുനരുദ്ധാരണം ലക്ഷ്യം വെച്ച് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ കാര്‍മികത്വത്തില്‍ രൂപം കൊണ്ട മുസ്‌ലിം ഐക്യസംഘം കേരളത്തിലെ ഇസ്‌ലാഹീ നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട സംഘടിത രൂപമാണ്. തറവാട്ട് മഹിമയില്‍ കലഹിച്ചു കഴിയുന്നവരെ ഒരേ ലക്ഷ്യത്തിനു വേണ്ടി കോര്‍ത്തിണക്കുകയെന്ന അതീവ ദുഷ്‌കരമായ ദൗത്യം സാക്ഷാത്കരിക്കുന്നതില്‍ മുസ്‌ലിം ഐക്യസംഘം വിജയം വരിച്ചു. കുറഞ്ഞ കാലയളവിലാണ് ഐക്യസംഘം നിലവിലുണ്ടായിരുന്നതെങ്കിലും കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട മഹത്തായ സംരംഭമായിരുന്നു അത്. കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഫാറൂഖ് കോളെജിന്റെ സ്ഥാപക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം മാത്രം മതി ഐക്യസംഘം ചരിത്രത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടാന്‍.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ബന്ധിതമായ മുസ്‌ലിം സമുദായത്തെ പൗരോഹിത്യത്തിന്റെ ബന്ധനത്തില്‍ നിന്നും മോചിപ്പിച്ചെടുക്കുകയെന്നതായിരുന്നു ഐക്യസംഘം അക്കാലഘട്ടത്തിലെ പ്രധാന അജണ്ടയായി കണ്ടിരുന്നത്. ഈ ലക്ഷ്യം സാധ്യമാവണമെങ്കില്‍ അടിസ്ഥാനപരമായി പണ്ഡിതന്മാരെ തന്നെ ബോധവത്കരിക്കുകയെന്നത് അനിവാര്യമായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സംഘടനയുടെ രൂപീകരണത്തിലൂടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ഏറെ മുന്നോട്ടുപോയി. വിശ്വാസ ജീര്‍ണതകളില്‍ നിന്നും ആചാര വൈകൃതങ്ങളില്‍ നിന്നും കേരളീയ മുസ്‌ലിംകളെ മോചിപ്പിക്കുകയെന്ന ദൗത്യം ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ ഉജ്വലമായി മുന്നേറി.
ആദര്‍ശ പ്രചാരണ രംഗത്ത് അതുവരെ സംഘടിത പ്രതിയോഗികളില്ലായിരുന്നു. എന്നാല്‍ ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണത്തോടെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ സംഘടിക്കുകയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. അതോടുകൂടി ഇസ്‌ലാഹീ നവോത്ഥാന സംരംഭങ്ങളുടെ ദൗത്യം ഏറെ ശ്രമകരമായി. നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് സംഘടിതമായ പ്രതിരോധമുണ്ടായപ്പോള്‍ ഇസ്‌ലാഹീ നവോത്ഥാനത്തിന്റെ അജണ്ടകള്‍ വഴിതിരിക്കപ്പെട്ടു. സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാംസ്‌കാരികവും സാമൂഹികവുമായ പരിവര്‍ത്തനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ആദര്‍ശ പ്രതിയോഗികളെ പ്രതിരോധിക്കുകയെന്ന അജണ്ട കൂടി മുന്നില്‍ വന്നു.
യതീംഖാനകള്‍ ആവശ്യമായ ഘട്ടത്തില്‍ യതീംഖാനകള്‍ സ്ഥാപിച്ചപ്പോള്‍ യതീമുകളെ വഞ്ചിക്കുന്നവരാണെന്ന് ആക്ഷേപമുന്നയിക്കാന്‍ സംഘടിതമായ ശ്രമമുണ്ടായി. മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിച്ചപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടേണ്ടവരാണെന്ന് മതവിധികള്‍ പുറപ്പെടുവിക്കാന്‍ ആളുകളുണ്ടായി. മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യോന്നമനത്തിന് അക്ഷരാഭ്യാസം അനിവാര്യമാണെന്ന് പറഞ്ഞപ്പോള്‍ മലയാളവും ഇംഗ്ലീഷും നരകത്തിലെ ഭാഷയാണെന്ന് ഫത്‌വകളിറക്കി. മുസ്‌ലിം സ്ത്രീകള്‍ അക്ഷരാഭ്യാസം നേടുന്നത് ഹറാമിന്റെ പരിധിയിലാക്കി മതവിധിയുണ്ടായി.
എന്നാല്‍ ദൈവപ്രീതി മാത്രം കാംക്ഷിച്ച് നവോത്ഥാന വീഥിയില്‍ കര്‍മനിരതരായ പൂര്‍വികരായ ഇസ്‌ലാഹീ പണ്ഡിതന്‍മാരുടെയും നേതാക്കളുടെയും ധീരോദാത്തമായ പോരാട്ടം മുസ്‌ലിം സമുദായത്തില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റഴിച്ചു വിട്ടു. യാഥാസ്ഥിതിക പണ്ഡിതന്മാരുടെ ഹറാം ഫത്‌വകളെ അവഗണിച്ച് വിദ്യ അഭ്യസിക്കാനും മതം പഠിക്കാനും പെണ്‍കുട്ടികള്‍ പള്ളിക്കൂടവും പള്ളികളും സജീവമാക്കാനും മുന്നോട്ടു വന്നു. പൗരോഹിത്യത്തിന്റെ വിലക്കുകള്‍ മറികടന്ന് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന്റെ സദ്ഫലങ്ങള്‍ മുസ്‌ലിം സമുദായം അനുഭവിച്ചു തുടങ്ങി.
മുസ്‌ലിം സമുദായം ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നവോത്ഥാന സംരംഭങ്ങളില്‍ പങ്കുചേര്‍ന്നു തുടങ്ങിയതോടെ പിടിച്ചു നില്ക്കാന്‍ പാടുപെട്ട യാഥാസ്ഥിതികര്‍ തുടര്‍ന്ന് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ അജണ്ടകള്‍ ഓരോന്നായി ഏറ്റെടുത്ത് മുന്നേ ഓടാന്‍ തുടങ്ങി. അക്ഷരാഭ്യാസങ്ങള്‍ വിലക്കിയവര്‍, പെണ്‍കുട്ടികള്‍ക്ക് പള്ളിക്കൂടം വിലക്കിയവര്‍ പിന്നീടങ്ങോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പഴയ ഫത്‌വകളൊന്നും തള്ളിപ്പറയാതെ തന്നെ സ്‌കൂളുകളും കോളെജുകളും മദ്‌റസകളും വനിതാ കോളെജുകളും സ്ഥാപിക്കുന്നതില്‍ അവര്‍ മത്സരബുദ്ധ്യാ രംഗത്തു വന്നു. എന്‍ജിനീയറിംഗ്, മെഡിക്കല്‍, ലോ കോളെജുകള്‍ സ്ഥാപിച്ച് യാഥാസ്ഥിതിക വിഭാഗങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ പങ്കാളികളാവുന്ന കാഴ്ച പൂര്‍വീകരായ ഇസ്‌ലാഹീ നവോത്ഥാന നായകരുടെ ത്യാഗോജ്വല പോരാട്ടങ്ങള്‍ ഫലപ്രാപ്തിയിലെത്തിയെന്നതിന്റെ വ്യക്തമായ നിദര്‍ശനമാണ്. ഇതൊക്കെ കണ്‍കുളിര്‍ക്കെ കാണാന്‍ അവര്‍ ജീവിച്ചിരിപ്പില്ലെങ്കിലും പിന്‍ഗാമികള്‍ക്കിതില്‍ പാഠമുണ്ട്.
നവോത്ഥാന പ്രക്രിയയുടെ സദ്ഫലങ്ങള്‍ ക്ഷിപ്രസാധ്യമല്ല. കാലങ്ങളെടുക്കും ഫലപ്രാപ്തിയിലെത്താന്‍. നിരാശപ്പെട്ട് പിന്‍മാറാവുന്ന മേഖലയല്ല നവോത്ഥാനം. ഇസ്‌ലാഹീ പ്രസ്ഥാനം പൂര്‍ണമായും ലക്ഷ്യപ്രാപ്തിയിലെത്തിയെന്ന് സമാശ്വസിച്ചിരിക്കാവുന്നതല്ല. ഇത്രയൊക്കെ വിദ്യാഭ്യാസ സമുന്നതി കൈവരിച്ചിട്ടും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൂര്‍വോപരി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു എന്നത് കണ്ണ് തുറപ്പിക്കേണ്ടതാണ്.
കാലത്തിന്റെയും ലോകത്തിന്റെയും ദ്രുതഗതിയിലുള്ള മാറ്റം ഉള്‍ക്കൊണ്ട് ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോട് സംവദിക്കാന്‍ പ്രസ്ഥാനത്തെ സജ്ജമാക്കേണ്ടതുണ്ട്. ഒരു ഭാഗത്ത് വിശ്വാസ ജീര്‍ണത കൊടികുത്തി വാഴുമ്പോള്‍ ദൈവനിരാസവും ദൈവനിഷേധവും സ്വതന്ത്ര ലൈംഗികതയുമെല്ലാം ഒരു ഫാഷനായി സമൂഹത്തിലേക്ക് ഇരച്ചു കയറിക്കൊണ്ടിരിക്കുന്നു.
ഇന്നിന്റെ കാലത്തിന്റെ ചോദ്യങ്ങള്‍ക്ക് ഇന്നലെകളിലെ ഉത്തരങ്ങള്‍ മതിയാവില്ല. ആധുനിക സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ ഉത്തരം കണ്ടെത്താന്‍ പര്യാപ്തമായ പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കണം. കിതാബുകളുടെ അക്ഷര വായന കൊണ്ട് ഇന്നിന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം സാധ്യമാവില്ല. മതത്തിന്റെ പ്രമാണങ്ങളെ ജീവിതഗന്ധിയായി വ്യാഖ്യാനിക്കാന്‍ കെല്പുള്ള പണ്ഡിതന്മാരെ വാര്‍ത്തെടുക്കാനുള്ള ബോധപൂര്‍വമായ നടപടികള്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ലക്ഷ്യം വെക്കുന്നു.
മതയാഥാസ്ഥിതികതയെയും മതതീവ്രവാദത്തെയും മത നിരാസ-ദൈവ നിഷേധ പ്രസ്ഥാനങ്ങളെയും ഒരേ സമയം അഭിമുഖീകരിക്കേണ്ടുന്ന അതീവ സങ്കീര്‍ണ സാഹചര്യത്തിലാണ് നമ്മുടെ അജണ്ടകള്‍ പുനരാവിഷ്‌കരിക്കേണ്ടത്. പ്രബോധിത സമൂഹത്തിന്റെ ഗുണപരമായ പരിവര്‍ത്തനം ലക്ഷ്യം വെച്ചുള്ള ഗുണകാംക്ഷാ നിര്‍ഭരമായ സംവാദാത്മക പ്രബോധന രീതിശാസ്ത്രമാണ് അത് പിന്തുടരുന്നത്.
ആദര്‍ശ പ്രതിയോഗികളെ വിമര്‍ശനങ്ങളുടെ കൂരമ്പുകളെയ്ത് നിലംപരിശാക്കുകയെന്ന അക്രമോത്സുക ശൈലി സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കില്ല. പരസ്പരം വെറുപ്പും വൈരവും കക്ഷിത്വവും വളര്‍ത്തുവാനേ അത് ഉപകരിക്കുകയുള്ളൂ. സൗഹാര്‍ദവും സഹവര്‍ത്തിത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് സംവാദങ്ങളുടെ പുതിയ തലം പ്രബോധനരംഗത്ത് സൃഷ്ടിക്കപ്പെടണം.
കേരളത്തിന്റെ ബഹുസ്വരതയ്ക്ക് കോട്ടം തട്ടിക്കുന്ന പ്രബോധന ശൈലി ആര് പിന്തുടര്‍ന്നാലും മുസ്‌ലിം ഉമ്മത്തിന്റെയും കേരളീയ പൊതുസമൂഹത്തിന്റെയും നന്മയോര്‍ത്ത് അത് തിരുത്തിക്കാന്‍ സംഘടന ബോധപൂര്‍വമായ ശ്രമം നടത്തും. ഇതര മതസ്ഥരുടെ ആഘോഷ വേളകളില്‍ ഒറ്റപ്പെടലിന്റെ തുരുത്തുകള്‍ തീര്‍ത്ത് വരണ്ട മന്‍ഹജീ തത്വശാസ്ത്രങ്ങളുമായി മുജാഹിദ് പ്രസ്ഥാനത്തിന്റെ ലേബലില്‍ രംഗത്തുവരുന്നവരെ തിരുത്താന്‍ ശ്രമിക്കും.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഇന്ന് കേവലം ഒരു സംഘടനാ നാമം മാത്രമല്ല. ബഹുസ്വര കേരളത്തിന്റെ മുന്നില്‍ നടക്കാന്‍ മുസ്‌ലിം കേരളത്തെ സജ്ജമാക്കാനുള്ള സംഘടിത നവോത്ഥാന മുന്നേറ്റമത്രെ അത്. ചിട്ടയായ ആസൂത്രണത്തിലൂടെ മറ്റേതൊരു സംഘടനയെയും വെല്ലുംവിധം സംഘടനാരൂപം കൈവരിച്ചുകഴിഞ്ഞു അത്. ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകരെ ഒരേ ചരടില്‍ കോര്‍ത്തിണക്കി കേന്ദ്ര ആസ്ഥാനമായ മര്‍കസുദ്ദഅ്‌വയോട് ഡിജിറ്റലൈസ്ഡ് ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെ എന്‍ എം മര്‍കസുദ്ദഅ്‌വ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ തലയെടുപ്പുള്ള അസ്തിത്വം സ്ഥാപിച്ചു കഴിഞ്ഞു. കേരള ജംഇയ്യത്തുല്‍ ഉലമാ, ഐ എസ് എം, എം ജി എം, എം എസ് എം, ഐ ജി എം എന്നീ ഘടകങ്ങളും നവോത്ഥാന മുന്നേറ്റങ്ങളുടെ തേരുതെളിക്കാന്‍ സജ്ജമായിട്ടാണ് 2022-നെ വരവേല്ക്കുന്നത്.
മുസ്‌ലിം ഉമ്മത്തിനെ ഒന്നായിക്കണ്ടുള്ള പ്രവര്‍ത്തനങ്ങളായിരിക്കും കെ എന്‍ എം മര്‍കസുദ്ദഅ്‌വ മുന്നോട്ടു വെക്കുന്നത്. വിശ്വാസപരവും സാമൂഹികവും സാംസ്‌കാരികവുമായ സംസ്‌കരണം സാധ്യമാക്കുന്നതോടൊപ്പം മുസ്‌ലിം ഉമ്മത്തിന്റെ വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യവും സംഘടനയുടെ മുഖ്യ അജണ്ടകളായി വരും.
ഉന്നത ബിരുദധാരികള്‍ ഇന്ന് സമുദായത്തിനകത്ത് ഏറെയുണ്ടെങ്കിലും കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട്, കാലം ആവശ്യപ്പെടുന്ന പഠനഗവേഷണ രംഗത്ത് ഇന്നും വേണ്ടത്ര പ്രാതിനിധ്യമായിട്ടില്ല. ഉന്നത ഉദ്യോഗ രംഗങ്ങളില്‍ പ്രത്യേകിച്ച് സിവില്‍ സര്‍വീസ് മേഖലയില്‍ സമുദായ പ്രാതിനിധ്യം ഏറെ ദയനീയമാണ്. ഇത്തരം പ്രാതിനിധ്യം സാധ്യമാക്കുന്നതോടൊപ്പം തന്നെ അവരില്‍ സമുദായ പ്രതിബദ്ധതയും മത ധാര്‍മിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതുമായ പാഠ്യപദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സംഘടന ലക്ഷ്യം വെക്കുന്നു. അതിന്റെ ഭാഗമായി രൂപകല്പന ചെയ്ത വിദ്യാഭ്യാസ പ്രൊജക്ടിന്റെ ആദ്യഘട്ടം അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പിലാക്കിത്തുടങ്ങും.
ഇന്ത്യ പോലുള്ള ഒരു ബഹുസ്വര രാജ്യത്ത് ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം സമുദായ ഉന്നമനത്തിന്റെ അടിസ്ഥാന ഘടകമാണ്. ഭരണതലങ്ങളില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭ്യമാവാനും വര്‍ഗീയ തീവ്രവാദ ശക്തികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുമുതകും വിധം മുസ്‌ലിം സമുദായത്തെ രാഷ്ട്രീയമായി പ്രബുദ്ധവത്കരിക്കാനുള്ള ക്രമപ്രവൃദ്ധമായ കര്‍മ പരിപാടികളും സംഘടനയുടെ വരും കാലങ്ങളിലുണ്ടാവും.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് വളര്‍ന്നു വന്നിട്ടുള്ള തെറ്റുധാരണകള്‍ അകറ്റാനും ഇസ്‌ലാം വിരുദ്ധ ശക്തികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ പൊളിച്ചെഴുതാനും മുസ്‌ലിം ഉമ്മത്തിന് ഇസ്‌ലാമിനെക്കുറിച്ച് അഭിമാനബോധം വളര്‍ത്തിയെടുക്കാനും ആസൂത്രിതമായ ശ്രമങ്ങളുണ്ടാവും.
പൊതു ഇടങ്ങളിലെ മുസ്‌ലിം സ്ത്രീകളുടെ അഭിമാനകരമായ അസ്തിത്വം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഉദ്യോഗ വിദ്യാഭ്യാസ രംഗങ്ങളിലും ജനാധിപത്യ പ്രക്രിയയിലും സാമൂഹിക നവോത്ഥാന സംരംഭങ്ങളിലും മത ധാര്‍മിക മൂല്യങ്ങളിലൂന്നി നിന്നുകൊണ്ടുള്ള നേതൃത്വപരമായ പങ്ക് മുസ്‌ലിം സ്ത്രീകള്‍ക്ക് സാധിച്ചെടുക്കേണ്ടതുണ്ട്. അതിനായി ദശവത്സര പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്.
കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി, യുവജന, വനിതാ, വിദ്യാര്‍ഥിനി വിഭാഗങ്ങള്‍ കൂടിയാലോചിച്ച് പ്രവര്‍ത്തനങ്ങള്‍ പങ്കിട്ടെടുത്ത് നടപ്പിലാക്കുന്നതിലൂടെ പുതിയൊരു കര്‍മ വസന്തത്തിന് സാക്ഷിയാവുകയാണ് ഇസ്‌ലാഹീ കേരളം. കേരള ജംഇയ്യത്തുല്‍ ഉലമായുടെ പണ്ഡിത നേതൃത്വത്തിനു കീഴില്‍ പരസ്പര വിശ്വാസവും ബഹുമാനവും വെച്ചു പുലര്‍ത്തിക്കൊണ്ടുള്ള മര്‍കസുദ്ദഅ്‌വ ആസ്ഥാനമായുള്ള മുജാഹിദ് സംഘടനകളുടെ പ്രവര്‍ത്തനം പുതുചരിത്രം രചിക്കുമെന്നതില്‍ സന്ദേഹമില്ല തന്നെ.