8 Tuesday
July 2025
2025 July 8
1447 Mouharrem 12

ഹൂഥി വീണ്ടും

കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി തുടര്‍ന്ന് വരുന്ന ഹൂഥി സൗദി സംഘര്‍ഷങ്ങള്‍ക്ക് കഴിഞ്ഞ കുറച്ച് നാളുകളായി തെല്ലൊരു അയവുണ്ടായിരുന്നു. എന്നാല്‍ വീണ്ടും ഹൂഥികള്‍ സജീവമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈയടുത്ത് സൗദിയിലെ ജീസാനിലെ വിമാനത്താവളത്തിന് നേരെ ഹൂഥികള്‍ മിസൈല്‍ തൊടുത്ത് വിട്ടിരുന്നു. തങ്ങളുടെ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചുവെന്നും ഹൂഥികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഹൂഥികളുടെ ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യം കാണും മുമ്പ് സൗദി പ്രതിരോധ സേന തകര്‍ത്തുവെന്നും ആളപായമൊന്നുമുണ്ടായില്ലെന്നുമാണ് സൗദി ഇതിനോട് പ്രതികരിച്ചത്. സൗദിയില്‍ തങ്ങള്‍ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നെന്ന ഹൂഥികളുടെ വെളിപ്പെടുത്തലാണ് പുതിയ വാര്‍ത്ത. സൌദി തലസ്ഥാനമായ റിയാദിലെ ഒരു സൈനിക പോസ്റ്റിലേക്കാണ് തങ്ങള്‍ ഇത്തവണ അക്രമണം നടത്തിയതെന്നും ഹൂഥികള്‍ അവകാശപ്പെട്ടു. ഡ്രോണുകള്‍ ഉപയോഗിച്ച് തങ്ങള്‍ വ്യോമാക്രമണം നടത്തുകയായിരുന്നെന്നാണ് ഹൂഥികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ സൗദി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. യെമനിലെ വിമത കക്ഷികളാണ് ശിയാ വിഭാഗക്കാരായ ഹൂഥി ഗോത്രക്കാര്‍. സൗദിയെ മുഖ്യ ശത്രുതാ പട്ടികയില്‍ പെടുത്തിയുള്ള അവരുടെ ആക്രമണങ്ങള്‍ക്ക് നേരത്തെ സൗദി സായുധമായി പ്രതികരിക്കുകയും ഹൂഥി മേഖലകളില്‍ കനത്ത ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. മക്കയെ ലക്ഷ്യമാക്കി ഹൂഥികള്‍ തൊടുത്തു വിട്ട ഒരു ബാലിസ്റ്റിക് മിസൈല്‍ സൗദി തടുക്കുകയും ലക്ഷ്യത്തിലെത്തും മുമ്പ് നിര്‍വീര്യമാക്കുകയും ചെയ്ത് വാര്‍ത്തയും പുറത്ത് വന്നിരുന്നു. കുറച്ച് നാളുകളായി ശമനമുണ്ടായിരുന്ന ഹൂഥി ആക്രമണം വീണ്ടും സജീവമാകുന്നത് മേഖലയുടെ സമാധാന അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കാമെന്നാണ് വിലയിരുത്തലുകള്‍
Back to Top