23 Monday
December 2024
2024 December 23
1446 Joumada II 21

ഹിന്ദുത്വവാദികളുടെ ആപത്ക്കരമായ വര്‍ഗീയവല്‍ക്കരണ നീക്കങ്ങള്‍ – കെ ടി കുഞ്ഞിക്കണ്ണന്‍

2019 ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച് രാമക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വര്‍ഗീയ അജണ്ട തീവ്രഗതിയിലാക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയം ഹിന്ദുത്വവാദികളെ കൂടുതല്‍ തീവ്രമായ വര്‍ഗീയവല്‍ക്കരണ നീക്കങ്ങളിലേക്കാണ് എത്തിച്ചിരിക്കുന്നത്.
മോദി ഭരണം സൃഷ്ടിച്ച സാമ്പത്തികത്തകര്‍ച്ചയും സാമൂഹ്യ അരക്ഷിതത്വവും എല്ലാ വിഭാഗം ജനങ്ങളിലും ശക്തമായ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. അതിശക്തമായ ജനവികാരമാണ് ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ബി ജെ പിക്കും മോദി സര്‍ക്കാരിനുമെതിരെ വളര്‍ന്നു വന്നിരിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനു വേണ്ടിയുള്ള മുറവിളി ബി ജെ പി നേതാക്കളും കേന്ദ്രമന്ത്രിമാരും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമെല്ലാം ഉയര്‍ത്തിക്കൊണ്ടു വരുന്നത്.
ഇന്ത്യന്‍ സമൂഹത്തെ സാമുദായിക ധ്രുവീകരണത്തിന്റെയും വര്‍ഗീയ സംഘര്‍ഷങ്ങളുടെയും തീരത്തേക്ക് തള്ളിവിട്ട സംഭവമായിട്ടാണ് ലിബര്‍ഹാന്‍ കമ്മീഷന്‍ ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സമകാലീന ചരിത്രത്തില്‍ 1992-ലെ ഡിസംബര്‍ 6 എന്ന ആ കറുത്തദിനം മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും വിശ്വാസ സംഹിതകള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഫാസിസ്റ്റ് ഭീകരതയുടെ പ്രകടനമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുത്വ വര്‍ഗീയവാദികള്‍ രാഷ്ട്രത്തിന്റെ ആത്മാവിന് തീകൊളുത്തിയതിന്റെ ബീഭത്സ ഓര്‍മ്മകളാണ് ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചാദിനം ഓരോ മതനിരപേക്ഷ ജനാധിപത്യവാദിയുടെയും മനസ്സില്‍ എത്തിക്കുന്നത്.
2019-ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച് രാമക്ഷേത്ര നിര്‍മ്മാണം മുഖ്യ അജണ്ടയായി സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണ്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ രാമപ്രതിമ സ്ഥാപിക്കുമെന്നും ക്ഷേത്രനിര്‍മ്മാണത്തിനുള്ള നീക്കങ്ങളാരംഭിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. രാമന്റെ പിതാവായ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോംപ്ലക്‌സ് പണിയാനും പരിപാടിയിട്ടിരിക്കുകയാണ്. അയോധ്യയില്‍ 282 മീറ്റര്‍ നീളമുള്ള രാമപ്രതിമ സ്ഥാപിക്കാനും നീക്കങ്ങളാരംഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെ പട്ടേല്‍ പ്രതിമയുടെ ഉയരം 182 മീറ്ററാണ്. അയോധ്യയില്‍ ഏറ്റവും ഉയരംകൂടിയ രാമപ്രതിമ സ്ഥാപിച്ച് ഹിന്ദുത്വവര്‍ഗീയവത്കരണത്തിന്റെ ഗതിവേഗം കൂട്ടാനുള്ള ആസൂത്രിത നീക്കങ്ങളാണ് യോഗി ആദിത്യനാഥിന്റെ നീക്കങ്ങളില്‍ പ്രകടമാവുന്നത്. ജനങ്ങളെ വര്‍ഗീയവത്കരിച്ച് ഭൂരിപക്ഷ വോട്ടുബാങ്കുകള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് രാജ്യമെമ്പാടും സംഘപരിവാര്‍ സംഘടനകള്‍ ആരംഭിച്ചിരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണം മാത്രമല്ല കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ഗ്യാങ്ങ്മാപി മസ്ജിദ് പൊളിക്കുമെന്നും മഥുരയിലെ കൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള മുസ്‌ലിം പള്ളി പിടിച്ചെടുക്കുമെന്നുമൊക്കെയുള്ള പ്രഖ്യാപനമാണ് അയോധ്യയില്‍ നടന്ന ധരംസഭയില്‍ മുഴങ്ങിക്കേട്ടത്.
1980-കളില്‍ 3000 ആരാധനാലയങ്ങള്‍ മറ്റ് മതസ്ഥരില്‍ നിന്ന് പിടിച്ചെടുക്കാനുള്ള പട്ടികയുമായിട്ടാണ് ആര്‍ എസ് എസും വിശ്വഹിന്ദുപരിഷത്തും ക്ഷുദ്രവികാരങ്ങള്‍ ഉണര്‍ത്തുന്ന പ്രചാരണങ്ങള്‍ നടത്തിയതെങ്കില്‍ ഇപ്പോള്‍ 40,000 ആരാധനാലയങ്ങളും ചരിത്രസ്മാരകങ്ങളും പിടിച്ചെടുക്കുമെന്ന വിധ്വംസക പ്രഖ്യാപനങ്ങളാണ് സംഘപരിവാര്‍ സംഘടനകളും സന്യാസി സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് ഫൈസാബാദ് ജില്ലയുടെ പേര് മാറ്റിയിരിക്കുകയാണ്. പ്രയാഗ്‌രാജ് എന്നാണുപോലും പുതിയപേര്! ചരിത്രത്തെയും സ്ഥലനാമങ്ങളെയും ഹൈന്ദവവല്‍ക്കരിക്കുന്ന അത്യന്തം ലജ്ജാകരമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങളുടെ ചുവടുപിടിച്ചാണ് ആരാധനാലയ തര്‍ക്കങ്ങളും ബാബ്‌രി മസ്ജിദ് വിവാദവുമെല്ലാം സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. സുപ്രീംകോടതി കഴിഞ്ഞ ഒക്ടോബര്‍ 30-ന്, അയോധ്യാഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് 2019 ജനുവരിയിലേക്ക് മാറ്റിവെച്ചുകൊണ്ട് ഉത്തരവിട്ടു. ഹരജികള്‍ പരിഗണിക്കുന്നതിനായി പ്രത്യേക ബെഞ്ച് രൂപീകരിക്കാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി നിര്‍ദേശിക്കുകയുണ്ടായി. അയോധ്യയില്‍ 2.27 ഏക്കര്‍ ഭൂമി സുന്നി വഖഫ്‌ബോര്‍ഡ് നിര്‍മ്മോഹി അഖാഡ, രാംലല്ല വിരാജ്മാന്‍ തുടങ്ങിയ കക്ഷികള്‍ക്ക് വിഭജിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നത്. തീര്‍ച്ചയായും ഇത് ഭൂമി തര്‍ക്കമെന്ന നിലയില്‍ കേസിനെ പരിഗണിക്കാനും തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനുമുള്ള ഉത്തരവാദിത്വമാണ് സുപ്രീംകോടതിക്കുള്ളത്.
കോടതിവിധിയെ പരസ്യമായി ചോദ്യം ചെയ്യുകയാണ് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി ജെ പി നേതൃത്വം ചെയ്തത്. നേരത്തെ അലഹബാദ് ഹൈക്കോടതി വിധി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ കോടതിക്കു പുറത്ത് ബാബ്‌രി മസ്ജിദ് രാമജന്മഭൂമി തര്‍ക്കം പരിഹരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. ആ വിധിയെ ആവേശപൂര്‍വം സ്വാഗതം ചെയ്ത ഹിന്ദുത്വവാദികളാണ് ഇപ്പോള്‍ സുപ്രീംകോടതിയെ ആക്ഷേപിച്ച് എന്തുവന്നാലും ക്ഷേത്രം പണിയുമെന്ന് ആക്രോശിച്ചു നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ഹിന്ദുത്വവാദികളുടെ ആവശ്യം. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ യു പിയില്‍ രാമക്ഷേത്രം പണിയാനുള്ള ഹിന്ദുത്വവാദികളുടെ നീക്കങ്ങള്‍ സജീവമാവുകയാണുണ്ടായത്. 2019-ലെ തെരഞ്ഞെടുപ്പില്‍ ഭരണനേട്ടങ്ങളോ വികസന പദ്ധതികളോ ഒന്നും പറയാനില്ലാത്ത ബി ജെ പി രാമക്ഷേത്രവും ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യവുമൊക്കെ ഉയര്‍ത്തി വര്‍ഗീയത പടര്‍ത്താനുള്ള വൃത്തികെട്ട നീക്കങ്ങളിലാണ്.
കാര്‍ഷിക തകര്‍ച്ചയും വ്യവസായ പ്രതിസന്ധിയും വിലക്കയറ്റവും ജനജീവിതത്തെയാകെ വഴിമുട്ടിച്ചിരിക്കുകയാണ്. 2014-ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നു പോലും നടപ്പിലാക്കാന്‍ കഴിയാത്ത സമ്പൂര്‍ണമായ പരാജയമാണ് മോദി സര്‍ക്കാരെന്ന് സംഘപരിവാറിനകത്തുനിന്ന് പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നു. കള്ളപ്പണം പിടിച്ചെടുക്കുമെന്നും പെട്രോളിന്റെ വില കുറക്കുമെന്നും രൂപയുടെ അവമൂലനം തടയുമെന്നും കാര്‍ഷികോല്പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി അധികാരത്തിലേറിയത്.
2019-ലെ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത സമ്പൂര്‍ണമായ പരാജയമാണ് മോദി സര്‍ക്കാരെന്ന തിരിച്ചറിവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നു. വികസനമോ ജനകീയ പ്രശ്‌നങ്ങളോ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാത്ത ബി ജെ പി പതിവുപോലെ അയോധ്യ പ്രശ്‌നമുയര്‍ത്തുകയാണ്. രാജ്യമെമ്പാടും അയോധ്യകള്‍ സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ആസൂത്രിതമായി ശ്രമിക്കുന്നത്. കേരളത്തില്‍ ശബരിമല പ്രശ്‌നത്തെ മറ്റൊരു അയോധ്യയാക്കി മാറ്റാനുള്ള കുത്സിത നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മതാന്ധരായ ഒരാള്‍ക്കൂട്ടം ഇന്ത്യന്‍ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ ബാബ്‌രി മസ്ജിദ് തകര്‍ക്കുന്നത്. കര്‍സേവകര്‍ക്ക് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയായിരുന്നു. ബാബ്‌രി മസ്ജിദിന്റെ തകര്‍ന്നുപോയ മൂന്ന് കുംഭ ഗോപുരങ്ങള്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകങ്ങളായിരുന്നു. രാജ്യത്തെ വര്‍ഗീയവത്കരിച്ച് ബ്രിട്ടീഷ് അധികാരം നിലനിര്‍ത്താനുള്ള ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രങ്ങളിലാണല്ലോ ബാബ്‌രി മസ്ജിദ് തര്‍ക്ക പ്രശ്‌നമാകുന്നത്.
ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസ്‌ലിം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാരാണ് ഭിന്നിപ്പിക്കുക ഭരിക്കുക എന്ന രാഷ്ട്രതന്ത്രം പ്രയോഗിക്കുന്നത്. ഹിന്ദുക്കളും മുസല്‍മാന്‍മാരും തോളോടുതോള്‍ ചേര്‍ന്ന് ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരെ എതിര്‍ത്ത മണ്ണാണ് അയോധ്യയുടേത്. ഹിന്ദുത്വത്തിന്റെ പിതാവായ സവര്‍ക്കര്‍ വര്‍ഗീയവാദിയാകുന്നതിനു മുമ്പ് എഴുതിയ 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന പുസ്തകത്തില്‍ ചാള്‍സ്ബാളിനെ ഉദ്ധരിച്ച് ചേര്‍ത്തിരിക്കുന്നതുനോക്കൂ; ”അത്ര അപ്രതിഹതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്ത്രില്‍ തന്നെ വിരളമാണ്.” സവര്‍ക്കറുടെ ഈ വിലയിരുത്തല്‍ പോലെ തന്നെയാണ് ജോര്‍ജ്ജ് ഡബ്ലിയൂ ഫോറസ്റ്ററും ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദു- മുസല്‍മാന്‍ ഐക്യത്തെ വിലയിരുത്തിയത്. ”ബ്രാഹ്മണരും ശ്രൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവമുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ വിപ്ലവം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പില്ല.”
കൊളോണിയല്‍ ചരിത്രകാരന്മാര്‍ ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗീയ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചതോടെയാണ് ഇന്ത്യന്‍ സമൂഹത്തില്‍ മതവിഭജനത്തിനുള്ള ആശയപരിസരം രൂപപ്പെട്ടത്. ബാബ്‌രി മസ്ജിദ് പൊളിച്ച കര്‍സേവകര്‍ക്ക് അതിനുള്ള പ്രത്യയശാസ്ത്ര പരിസരം ഒരുക്കിക്കൊടുത്തത് ബ്രിട്ടീഷ് ഭരണാധികാരികളായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ ഭരണവര്‍ഗങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വ കേന്ദ്രങ്ങളും ഹിന്ദുത്വവാദത്തിന് വെള്ളവും വളവും നല്‍കിയതിലൂടെയാണ് അത് ഇന്ന് ഹിംസാത്മകമായി വളര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ ദേശീയസ്വത്വത്തിനും പരമാധികാരത്തിനും ഭീഷണിയായി സംഘപരിവാര്‍ രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുകയാണ്. വെറുപ്പിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയത്തിലധിഷ്ഠിതമായ സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം കൊളോണിയല്‍ സൃഷ്ടിയാണ്.
1813-ല്‍ ബാബര്‍നാമയുടെ പരിഭാഷ നിര്‍വഹിച്ച ജോണ്‍ലെയ്ഡന്‍ ബാബറുടെ അയോധ്യയിലൂടെയുള്ള കടന്നുപോക്കിനെ സംബന്ധിച്ച് നടത്തിയ ഒരു പരാമര്‍ശത്തെ പിടിച്ചാണ് പിന്നീട് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ അയോധ്യയുമായി ബന്ധപ്പെട്ട കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കിയത്. 1949-ല്‍ വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിയതും പള്ളി തര്‍ക്കഭൂമിയാക്കി അടച്ചുപൂട്ടിയതും സംഘപരിവാറും യു പിയിലെ കോണ്‍ഗ്രസ് ഭരണാധികാരികളും നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ്. 1980-കളോടെ നമ്മുടെ രാജ്യത്താരംഭിച്ച നവലിബറല്‍ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയിലാണ് ബാബ്‌രി മസ്ജിദ് പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത്. വാഷിംഗ്ടണില്‍ നടന്ന വിശാല ഹിന്ദുസമ്മേളനം 3,000 ആരാധനാലയങ്ങള്‍ തര്‍ക്കഭൂമിയായി പ്രഖ്യാപിക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് അടിയന്തിരമായി ക്ഷേത്രങ്ങള്‍ പൊളിച്ചുപണിത 144 പള്ളികള്‍ തിരിച്ചുപിടിക്കാനുള്ള പ്രസ്ഥാനം ആരംഭിച്ചു. അതിലാദ്യത്തേതായിരുന്നു അയോധ്യ.
ധര്‍മ്മസ്ഥാന്‍ മുക്തി യജ്ഞസമിതിയും അതിന്റെ ഭാഗമായി രാമജന്മഭൂമി മുക്തി യജ്ഞസമിതിയും രൂപീകരിച്ചു. 1986 മാര്‍ച്ച് 9 രാമജന്മഭൂമിയുടെ വമോചനമായി പ്രഖ്യാപിച്ചു കൊണ്ട് വി എച്ച് പി അക്രമാസക്തമായ വര്‍ഗീയവല്‍ക്കരണത്തിന് തീകൊടുക്കുകയായിരുന്നു. 1992 ഡിസംബര്‍ 6-ന് മസ്ജിദ് പൊളിക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനു തന്നെയാണ് സംഘപരിവാര്‍ തീകൊളുത്തിയത്. രാമജന്മഭൂമി പ്രസ്ഥാനം ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്കുള്ള പ്രത്യയശാസ്ത്ര അജണ്ടയുടെ ഭാഗമായിരുന്നു. രാജ്യത്തെ വര്‍ഗീയവത്കരിച്ച് ഭൂരിപക്ഷ മതധ്രുവീകരണമാണ് ആര്‍ എസ് എസ് ലക്ഷ്യമിട്ടത്.
രാമജന്മഭൂമി കാമ്പയിനിലൂടെ വളര്‍ത്തിയെടുത്ത വര്‍ഗീയധ്രുവീകരണത്തിലൂടെയാണ് സംഘപരിവാര്‍ ഇന്ന് ദേശീയാധികാരം കയ്യടക്കിയിരിക്കുന്നത്. ആര്‍ എസ് എസും സംഘപരിവാര്‍ സംഘടനകളും അതിന്റെ ജന്മകാലം മുതല്‍ തന്നെ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും എതിരായിരുന്നു. മതരാഷ്ട്രം ലക്ഷ്യം വെച്ച അവര്‍ ആധുനിക മതനിരപേക്ഷ ജനാധിപത്യ സങ്കല്‍പങ്ങളെയാകെ നിരാകരിക്കുന്ന ഫാസിസത്തിന്റെ ഇന്ത്യന്‍ കാലാള്‍പ്പടയായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച നാളുകളില്‍ അതംഗീകരിക്കാന്‍ ആര്‍ എസ് എസ് തയ്യാറായിരുന്നില്ല. ആര്‍ എസ് എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ മനുസ്മൃതിയെ അടിസ്ഥാനമായെടുക്കാത്ത ഇന്ത്യന്‍ ഭരണഘടനയെ അഭാരതീയമെന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു.
ഇന്നിപ്പോള്‍ ദേശീയാധികാരം കയ്യാളുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത എന്ന വാക്കു തന്നെ എടുത്തുമാറ്റാനുള്ള കുത്സിതമായ നീക്കങ്ങളിലാണ്. 1998-ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ആര്‍ എസ് എസ് നിര്‍ദ്ദേശം അനുസരിച്ച് ഭരണഘടനാ റിവ്യൂകമ്മറ്റി രൂപീകരിച്ചിരുന്നല്ലോ. ഭരണഘടനാ ശില്പിയായ അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായിട്ടാണല്ലോ പാര്‍ലമെന്റില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ച നടന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യന്‍ ഭരണഘടനയിലെ മതനിരപേക്ഷത എന്ന വാക്ക് മാറ്റണമെന്നും അതിന് പകരമായി മറ്റൊരു വാക്ക് കണ്ടെത്തണമെന്നും വാദിക്കുകയായിരുന്നല്ലോ.
മോദി അധികാരത്തില്‍ വന്നതിനു ശേഷം റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊടുത്ത പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖത്തിലെ സെക്യുലര്‍, സോഷ്യലിസ്റ്റ് പ്രയോഗങ്ങള്‍ ഒഴിവാക്കുകയായിരുന്നല്ലോ. മതത്തെ രാഷ്ട്രീയത്തില്‍ നിന്നും പൗരജീവിതത്തിന്റെ പൊതുവ്യവഹാരങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുകയും എല്ലാമതങ്ങള്‍ക്കും വിശ്വാസപരമായ അനുഷ്ഠാനങ്ങള്‍ക്കും പ്രചാരണത്തിനും സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് മതനിരപേക്ഷത. ഇത് മതരാഷ്ട്രവാദികള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇന്ത്യ പോലൊരു ബഹുമത സമൂഹത്തിനകത്ത് വ്യത്യസ്ത മതങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട ജനസമൂഹങ്ങള്‍ക്ക് ഒരു രാഷ്ട്രമായി, ഒരു ജനതയായി ജീവിക്കാനുള്ള സ്വതന്ത്രവും നിര്‍ഭയവുമായ സാഹചര്യമാണ് ഭരണഘടനയിലെ മതനിരപേക്ഷത ഉറപ്പുവരുത്തുന്നത്.
സംഘപരിവാര്‍ സാംസ്‌കാരിക ദേശീയതയുടെ ഏകത്വത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തിലെ വൈവിധ്യങ്ങളെയാകെ ബലം പ്രയോഗിച്ച് വിളയിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ്. അവരുടെ ഏകശിലാഖണ്ഡമായ സമാജസങ്കല്‍പത്തിന് തടസ്സമായിരിക്കുന്നത് ഭരണഘടനയുടെ മതനിരപേക്ഷതയാണ്. ഏതുമാര്‍ഗവും ഉപയോഗിച്ച് മതനിരപേക്ഷതയെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും പൗരജീവിതത്തെ നിര്‍ണയിക്കുന്ന ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റാനാണ് സംഘപരിവാര്‍ എന്നും ശ്രമിച്ചു പോന്നിട്ടുള്ളത്. ബാബ്‌റിമസ്ജിദിന്റെ സ്മരണകള്‍ ആവശ്യപ്പെടുന്നത്, അസഹിഷ്ണുതയുടെയും മതനിരപേക്ഷതയുടെ നിരാകരണത്തിന്റേതുമായ ഹിന്ദുത്വഫാസിസ്റ്റ് ഭീഷണിക്കെതിരെ ഇന്ത്യന്‍ സമൂഹത്തിന്റെ യോജിച്ച പോരാട്ടമാണ്.
രാജ്യാഭിമാനത്തിന്റെ പ്രതീകമായി അയോധ്യയെയും രാമക്ഷേത്രത്തെയും ഉയര്‍ത്തിപ്പിടിച്ചാണ് കപടദേശീയവാദികള്‍ മസ്ജിദ് പൊളിച്ചത്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനു ശേഷം കേന്ദ്രമന്ത്രിയായ സാധ്വി നിരഞ്ജനാജ്യോതി രാമസങ്കല്‍പത്തെ അങ്ങേയറ്റം വിഷം തുപ്പുന്ന വിദ്വേഷ രാഷ്ട്രീയമായി അവതരിപ്പിക്കുകയായിരുന്നല്ലോ. രാജ്യത്തെ രാമന്റെ സന്തതികളും ജാരസന്തതികളുമായി വേര്‍തിരിച്ചവതരിപ്പിക്കുകയാണല്ലോ അവര്‍ ചെയ്തത്.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെയുള്ളവര്‍ക്ക് ജനതയെ ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ വിഷയമാണ് രാമനും രാമായണവും രാമക്ഷേത്രവുമൊക്കെ. അവര്‍ ഇതിഹാസങ്ങളെയും ചരിത്രത്തെയും കാവിമുക്കി രാജ്യത്തെ വര്‍ഗീയചോരക്കളമാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരാണ്. അവര്‍ക്ക് രാമായണം പോലുള്ള ഇതിഹാസ കൃതികളുടെ മഹത്വമോ വൈവിധ്യമോ മനസ്സിലാക്കാനാവില്ല.
സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പരിത്യാഗത്തിന്റെയും കഥയാണ് രാമായണം. അയോധ്യയില്‍ ചെന്ന് രാമായണം പാട്ടുകള്‍ പാടി ശ്രീരാമനെയും അയോധ്യ നിവാസികളെയും കരയിക്കുന്ന ലവകുശന്മാരുടെ കദനനിര്‍ഭരമായ ജീവിതഗാഥയാണത്. സീതാപരിത്യാഗത്തിന്റെ പേരില്‍ ഉത്തമപുരുഷനായ രാമനെ വിമര്‍ശിക്കുന്ന ലവകുശന്മാരുടെ ധര്‍മ്മധീരതയുടെ കഥകൂടിയാണ് രാമായണം.
രാമനെ ഹിന്ദുത്വാഭിമാനത്തിന്റെ ക്ഷാത്രപ്രതീകമാക്കുന്ന വര്‍ഗീയശക്തികള്‍ രാജ്യത്തിന്റെ ഹൃദയത്തില്‍ വര്‍ഗീയവിദ്വേഷം തളിക്കുകയാണ്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രമാണ് ബാബ്‌റിമസ്ജിദിനെ തര്‍ക്കപ്രശ്‌നമാക്കിയത്. അയോധ്യയില്‍ 1526ല്‍ ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണര്‍ മീര്‍ബാഗി നിര്‍മ്മിച്ചതാണ് ബാബ്‌റിമസ്ജിദ് എന്നാണ് ചരിത്രം പറയുന്നത്. 1855ലാണ് ബാബ്‌റിമസ്ജിദ് ഒരു തര്‍ക്കപ്രശ്‌നമായി മാറ്റപ്പെട്ടത്.
ഉടമാവകാശത്തിന്റെയും രാമാരാധനയുടെയും പ്രശ്‌നമുന്നയിച്ച് ആരാധനയ്ക്ക് അനുമതി ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ വന്ന കേസ് അന്ന് തള്ളപ്പെടുകയായിരുന്നു. 1886ല്‍ ഇത് സംബന്ധിച്ച അപ്പീല്‍ അന്നത്തെ ഫൈസാബാദ് ജില്ലാ ജഡ്ജി പരിശോധിച്ച് ആരാധനാനുമതി എന്ന ആവശ്യം തള്ളുകയായിരുന്നു. ഫൈസാബാദ് ജില്ലാജഡ്ജി 356 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ബാബ്‌റിമസ്ജിദില്‍ രാമാരാധനവേണമെന്ന ആവശ്യത്തിന് നിയമപരമായി ഒരു യുക്തിയുമില്ല എന്ന് നിരീക്ഷിക്കുകയുണ്ടായി.
1949 ഡിസംബര്‍ മാസം 22ാം തിയ്യതിയാണ് ബാബ്‌റിമസ്ജിദ് സീതയുടെയും രാമന്റെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി പ്രതിഷ്ഠിച്ചത്. എന്നിട്ട് സീതയും രാമനുമൊക്കെ പള്ളിക്കകത്ത് സ്വയംഭൂവായെന്ന് ഹിന്ദുത്വശക്തികള്‍ പ്രചാരണം നടത്തി. ഈ വിവരം അന്നത്തെ യു പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തില്‍ നിന്ന് അറിഞ്ഞ പ്രധാനമന്ത്രി നെഹ്‌റു ആര്‍ എസ് എസുകാര്‍ ഒളിച്ചുകടത്തിയ വിഗ്രഹങ്ങള്‍ എടുത്ത് സരയൂനദിയിലേക്ക് എറിഞ്ഞുകളയാനാണ് ആവശ്യപ്പെട്ടത്.
അങ്ങനെയാണ് ബാബ്‌റിമസ്ജിദ് തര്‍ക്കഭൂമിയായി പൂട്ടിയിടപ്പെട്ടത്. നെഹ്‌റുവിന്റെ കാലത്ത് പൂട്ടിയിട്ട പള്ളി ഹിന്ദുത്വശക്തികള്‍ക്ക് തുറന്നുകൊടുത്തത് രാജീവ്ഗാന്ധിയും യു പി മുഖ്യമന്ത്രിയുമായിരുന്ന എന്‍ ഡി തിവാരിയുമാണ്. 1986ലെ ഒരു മുന്‍സിഫ് കോടതിവിധിയെ നിമിത്തമാക്കിയായിരുന്നു പള്ളി ഹിന്ദുത്വവാദികള്‍ക്ക് തുറന്നുകൊടുത്തത്. 1989ല്‍ രാജ്യത്തെ ആകെ വര്‍ഗീയവല്‍ക്കരിച്ചുകൊണ്ട് നടന്ന ശിലാന്യാസത്തിന് അയോധ്യയില്‍ അനുമതി നല്‍കിയതും രാജീവ് ഗാന്ധി സര്‍ക്കാരാണ്.
തര്‍ക്കസ്ഥലത്ത് ശിലാന്യാസത്തിന് സാക്ഷ്യം വഹിക്കാന്‍ രാജിവ് ഗാന്ധി അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാസിംഗിനെ അയക്കുകയും ചെയ്തു. ചരിത്രത്തിലെ അസന്ദിഗ്ധങ്ങളായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് നിയമാനുസൃതം പരിഹാരം കാണേണ്ട പ്രശ്‌നമാണ് ബാബ്‌റി മസ്ജിദ് പ്രശ്‌നം. ബാബ്‌റി മസ്ജിദ് കമ്മറ്റി ഭാരവാഹികള്‍ ചര്‍ച്ചക്കുള്ള നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്. ചീഫ് ജസ്റ്റിസ് വിളിക്കുന്ന ചര്‍ച്ചക്ക് തങ്ങള്‍ വരാന്‍ തയ്യാറാണെന്നും പക്ഷെ പ്രശ്‌നപരിഹാരം കോടതിമുഖാന്തിരം വേണമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ 2010 ഒക്‌ടോബറില്‍ ഉണ്ടായ ഹൈക്കോടതിവിധി സ്വത്ത് വീതം വെയ്പിനുള്ളതായിരുന്നു. അതില്‍ മൂന്നായി വിഭജിക്കുന്ന ഭൂമിയില്‍ മൂന്നില്‍ രണ്ട് പങ്ക് ഹിന്ദുസംഘടകള്‍ക്ക് നല്‍കുന്നതായിരുന്നു. 1950ല്‍ കോടതിയില്‍ നല്‍കിയ ആദ്യഹര്‍ജിയില്‍ ഹിന്ദുമഹാസഭ പ്രതിനിധി ഗോപാല്‍ വിശാരദ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. രാമപൂജ പള്ളിയില്‍ നടത്താനുള്ള അവകാശം നല്‍കണം. രാമവിഗ്രഹം എടുത്തുമാറ്റാന്‍ ആരെയും അനുവദിക്കരുത്. ഈ രണ്ട് ആവശ്യങ്ങള്‍ക്കുപുറമെ രാമവിഗ്രഹം ഒളിച്ചുകടത്തിയ പ്രദേശം തന്നെ ഹിന്ദുമഹാസഭയ്ക്ക് നല്‍കാനാണ് ലഖ്‌നൗ ഹൈക്കോടതി ബെഞ്ച് 2010ല്‍ ഉത്തരവിട്ടത്.
മൂന്നിലൊന്ന് ഭൂമി വിട്ടുകിട്ടണമെന്ന നിര്‍മോഹി അഖാഡയുടെ ആവശ്യവും കോടതി അംഗീകരിച്ചു. 1959ലാണ് നിര്‍മോഹി അഖാഡ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാബ്‌റി മസ്ജിദിനോട് ചേര്‍ന്നുനിന്നിരുന്ന സീത റസോയി, ബ്രിട്ടീഷുകാരുടെ കാലത്ത് ശ്രീരാമാരാധനയ്ക്കായി നല്‍കിയ വേദിയായ രാംചബ്രൂധ എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് നിര്‍മോഹി അഖാഡയ്ക്ക് അനുവദിച്ചത്. ബാക്കിയുള്ള മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നല്‍കി കോടതി വിധിച്ചു.
തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം മൂന്നായി പകുത്തുനല്‍കുന്നതിനുള്ള ഉത്തരവിന് അപ്പുറമുള്ള നിഗമനങ്ങളും കോടതിയില്‍ നിന്നുണ്ടായി. രാമജന്മഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന വിശ്വാസവും കോടതിയില്‍ നിന്നുണ്ടായി. ലഖ്‌നൗ കോടതിവിധി അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടിയിരുന്നു. ഉടമസ്ഥാവകാശക്കേസില്‍ ഒരിക്കലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട കക്ഷികളെല്ലാം സുപ്രീകോടതിയില്‍ അപ്പീലുമായി എത്തി. ആ കേസില്‍ ഭരണഘടനാപരമായ തീര്‍പ്പുകല്‍പ്പിക്കുകയാണ് സുപ്രീകോടതി ചെയ്യേണ്ടത്. അതിനുപകരം ഹിന്ദുവര്‍ഗീയ വാദികളുടെ താല്പര്യപ്രകാരം മധ്യസ്ഥ തീര്‍പ്പ് എന്നത് അപ്രായോഗികമാണ്. ബാബ്‌റിമസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ആധാരം ആരുടെ പേരിലാണെന്ന് നിര്‍ണയിക്കാനാണ് നീതിന്യായ നടപടി. അതാണ് കോടതിയില്‍ നിന്ന് ഉണ്ടാവേണ്ടത്. സുപ്രീംകോടതി ഇക്കാര്യം പരിശോധിച്ച് നിയമപരമായ കൃത്യത വ്യക്തമാക്കുക എന്ന ഉത്തരവാദിത്വമാണ് നിറവേറ്റേണ്ടത്. ആ ഉത്തരവാദിത്വ നിര്‍വ്വഹണം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. അതിനാണ് 2019 ജനുവരിയിലേക്ക് കേസ് മാറ്റിവെച്ചത്.
അത് മനസ്സിലാക്കാനും അംഗീകരിക്കാനും സംഘപരിവാര്‍ സംഘടനകള്‍ സന്നദ്ധമല്ലയെന്നാണ് ഇപ്പോഴത്തെ അവരുടെ ആപല്‍ക്കരമായ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ചരിത്രത്തെയും ഭരണഘടനയെയും കോടതിയെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ച് വിശ്വാസ ഭ്രാന്ത് ഇളക്കിവിടാനാണ് സംഘപരിവാര്‍ സംഘടനകള്‍ പദ്ധതിയിട്ടിരിക്കുന്നത്. നവലിബറല്‍ നയങ്ങളും ഹിന്ദുത്വവര്‍ഗീയതയും ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാനായി നടത്തുന്ന ആസൂത്രണങ്ങളിലാണ് രാമക്ഷേത്ര നിര്‍മ്മാണവും ആരാധനാലയ തര്‍ക്കവും സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
(കടപ്പാട്)

Back to Top