2 Thursday
January 2025
2025 January 2
1446 Rajab 2

ഹിജ്‌റയുടെ സാന്ത്വനം – അബൂ ഹാരിസ്

പ്രബോധനത്തിന്റെ പതിമൂന്ന് വര്‍ഷങ്ങള്‍ പ്രവാചകന്നും(സ) സഹപ്രവര്‍ത്തകര്‍ക്കും നല്കിയത് വറുതിയുടെ ദിനങ്ങളായിരുന്നു. ബഹിഷ്‌കരണ ഭീഷണിയില്‍ മൂന്നു വര്‍ഷം കാട്ടില്‍ അന്തിയുറങ്ങി. ഇലയും നാരും ആഹാരമാക്കി. മക്കയിലെ ഖുറൈശികളുടെ ശിലാ ഹൃദയം നിസ്സഹായരായ മുസ്‌ലിംകളുടെ മുമ്പില്‍ ഭീതിയുടെ വന്‍മതില്‍ തീര്‍ത്തു. പീഡനപര്‍വം അതിരുഭേദിച്ചപ്പോള്‍ പലരും ദൈവവിധിക്കു കീഴടങ്ങി; രക്തസാക്ഷികളായി.
ഉപദ്രവങ്ങളുടെ ശക്തി കൂടിയപ്പോള്‍ നബി(സ)യില്‍ പുതിയൊരാശയം പിറന്നു -ത്വാഇഫ് യാത്ര. ബന്ധുക്കള്‍ സഹായിക്കാതിരിക്കില്ല എന്ന പ്രതീക്ഷയില്‍ യാത്ര തിരിച്ചു. പക്ഷേ, പ്രവാചക ജീവിതത്തിലെ ദുരന്തങ്ങളിലൊന്നായി ത്തീര്‍ന്നു ആ യാത്ര. ത്വാഇഫിന്റെ മണ്ണില്‍ അദ്ദേഹം മോഹാലസ്യപ്പെട്ടുവീണു. അവിടുത്തെ രക്തവും ആ മണ്ണില്‍ കലര്‍ന്നു. ബോധം തെളിഞ്ഞിട്ടും അക്രമികളുടെ കൈയും നാവും അടങ്ങിയില്ല.
മക്കയില്‍ തിരിച്ചെത്തിയ നബി(സ) ഭാര്യ ആഇശ(റ)യോട് പറഞ്ഞ വാക്കുകള്‍ പ്രബോധന വീഥിയില്‍ അവിടുന്നനുഭവിച്ച പീഡനങ്ങളുടെ ആഴം തുറന്നുകാട്ടുന്നു: ”നിന്റെ ജനതയില്‍ നിന്ന് എനിക്ക് കിട്ടേണ്ടതെല്ലാം (മര്‍ദനങ്ങള്‍) കിട്ടി. ഇനിയൊന്നും ബാക്കിയില്ല.”
ഇത്രയൊക്കെയായിട്ടും അവിടുന്ന് മക്കയെയോ മക്കക്കാരെയോ വെറുത്തില്ല. കാരണം അദ്ദേഹത്തെ വളര്‍ത്തിയത് മക്കയാണ്. അമ്പതിലേറെ വര്‍ഷം അവിടുന്ന് ജീവിച്ചത് ആ മണ്ണിലാണ്. എന്നിരുന്നാലും താനേറ്റെടുത്ത ഇസ്‌ലാമിക പ്രബോധനമെന്ന ഭാരിച്ച ഉത്തരവാദിത്തം വിജയകരമായി നിര്‍വഹിക്കാന്‍ ഇതേ മക്ക തടസ്സം നില്ക്കുന്നു എന്ന് നബി(സ) തിരിച്ചറിഞ്ഞു. ആദര്‍ശത്തിന്റെ ജീവല്‍ മാതൃകയാവാന്‍ ഈ നാടും നാട്ടാരും അനുവദിക്കുന്നില്ലെന്ന ദുഃഖം ആ മുഖത്ത് നിഴലിച്ചു. മുസ്‌ലിമായി ജീവിക്കാന്‍ വേണ്ടി മാത്രം മറ്റൊരിടം തേടിപ്പോവാന്‍ കൂട്ടുകാര്‍ക്ക് അവിടുന്നനുവാദം നല്കി. പലരും പിരിഞ്ഞുപോയി; അബ്‌സീനിയായിലേക്കും പിന്നെ യസ്ബിരിലേക്കും.
പലായനത്തിന്റെ ഒഴുക്ക് വര്‍ധിച്ചിട്ടും പിറന്ന നാടിനെ ഉപേക്ഷിക്കാന്‍ തിരുമേനിക്ക് മനസ്സുവന്നില്ല. അല്ലാഹുവിന്റെ കല്പനയും വന്നിരുന്നില്ല. സന്തത സഹചാരി അബൂബക്കര്‍(റ) സാന്ത്വനമേകി അടുത്തു തന്നെ നിന്നു. വിഷമങ്ങളെന്തൊക്കെയുണ്ടെങ്കിലും അതെല്ലാം ഉള്ളിലടക്കി മക്ക വിട്ടേ പറ്റൂ. ഖുറൈശികളുടെ അടുത്ത ഉന്നം ആ വിലപ്പെട്ട ജീവനെടുക്കാനാവും. പ്രവാചക ജന്മം സഫലമാകാന്‍ അല്ലാഹു നിശ്ചയിച്ച ആയുസ്സില്‍ പത്തുവര്‍ഷം കൂടിയുണ്ടായിരുന്നു. ഹിജ്‌റയ്ക്കുള്ള ദൈവികാനുമതിയും കാത്ത്, വിഷമത്തോടെ നബി കഴിച്ചുകൂട്ടി. പ്രവാചകനെ കൊലപ്പെടുത്താന്‍ ഖുറൈശികള്‍ തീരുമാനിച്ചതും അവിടുന്ന് ഹിജ്‌റ പോവണമെന്ന് അല്ലാഹു ഉദ്ദേശിച്ചതുമായ ആ ദിനം
വെന്നത്തി. അല്ലാഹുവിന്റെ തീരുമാനമാണല്ലോ നടപ്പിലാവുക.
ഖുറൈശീകരുത്തിനെ ഇളിഭ്യമാക്കി നബി(സ) ഹിജ്‌റയുടെ വഴിയിലേക്കിറങ്ങി. തന്നെ സ്‌നേഹിച്ച, താന്‍ സ്‌നേഹിച്ച സ്വന്തം നാടിനോട് വിട പറഞ്ഞുള്ള ആ യാത്ര. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര, ഒടുവില്‍ സൗര്‍ ഗുഹയില്‍ എത്തിയ യാത്ര സംഭവബഹുലമായ തിരുജീവിതത്തിലെ അപൂര്‍വാനുഭവമായിരുന്നു; ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവും.
ഉന്നം നഷ്ടപ്പെട്ട ഖുറൈശി കിങ്കരന്മാരുടെ കൊലവിളിയിലും പരക്കം പാച്ചിലിലും മക്ക നടുങ്ങി. ഈ സമയം സൗര്‍ ഗുഹയില്‍ അബൂബക്‌റിെന്റ മടിത്തട്ടില്‍ തലചായ്ച്ചുറങ്ങുകയായിരുന്നു തിരുനബി(സ). സ്മരണാനിര്‍ഭരമായ ജീവിത സന്ധികളോരോന്നും ആ മനസ്സിലൂടെ മിന്നിമറയുകയായിരുന്നു.
മൂന്നു ദിനം നീണ്ടുനിന്ന ബഹളം കെട്ടടങ്ങി എന്നറിഞ്ഞ അവര്‍ ഗുഹയില്‍ നിന്നിറങ്ങി. മദീനയുടെ നേരെ യാത്ര തുടര്‍ന്നു. ജുഹ്ഫായിലെത്തി. മക്കയുടെ മണ്ണ് അവിടെ അവസാനിക്കുകയാണ്. വേര്‍പാടിന്റെ വേദന പരമകാഷ്ഠയിലെത്തിയപ്പോള്‍ പ്രവാചക പാദങ്ങള്‍ നിശ്ചലമായി. അല്പനേരം അവിടെ നിന്നു തിരുമേനി. പിന്നെ അവസാനമായി തന്റെ നാടിനെ ഒന്നു തിരിഞ്ഞുനോക്കി. ജന്മദേശം ഒരു ബിന്ദുവായി നിഴലിച്ചപ്പോള്‍ അവിടുത്തെ കണ്ണുകള്‍ നനഞ്ഞുവോ, ഹൃദയം വിങ്ങിയോ.
ആ നില്പ് തുടരവെ, തിരുനബി(സ) യുടെ മനസ്സറിഞ്ഞ അല്ലാഹു ആ ഹൃദയത്തിന് സാന്ത്വനവും സമാധാനവുമേകി വിശുദ്ധ സൂക്തമിറക്കി: ”തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചുകൊണ്ടുവരിക തന്നെ ചെയ്യും. പറയുക: സന്മാര്‍ഗവും കൊണ്ട് വന്നതാരെന്നും സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടതാരെന്നും എന്റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്.” (ഖസ്വസ് 85)
മക്ക വിട്ടുപോകാന്‍ നിര്‍ദേശിച്ചവന്‍ തന്നെ മക്കയിലേക്കു മടക്കിക്കൊണ്ടുവരികയും ചെയ്യുമെന്ന വാഗ്ദാനം തിരുമനസ്സില്‍ ആശ്വാസത്തിന്റെ കുളിരു ചൊരിഞ്ഞു. ആ മുഖം പ്രസന്നമായി. യാത്ര തുടരാന്‍ അബൂബക്‌റിന് നിര്‍ദേശം നല്കി. അഹ്ലാദം തുടികൊട്ടുന്ന ഒരായിരം മുഖങ്ങള്‍ തന്നില്‍ കണ്ണും നട്ടിരിക്കുന്ന മദീനയിലെത്തി.
*****
എട്ടു വര്‍ഷം കഴിഞ്ഞു. ഒരു റമദാന്‍ പത്തിന്, പതിനായിരം അനുയായികളുമായി മക്കയിലേക്ക് തിരിച്ച നബി(സ) മദീന വിട്ട് മക്കയുടെ അതിര്‍ത്തിയായ ജുഹ്ഫായിലെത്തി. ഹിജ്‌റയുടെ വേദന തീര്‍ത്ത് അല്ലാഹു അവതരിപ്പിച്ച ആ സാന്ത്വന വചനങ്ങള്‍ അപ്പോള്‍ അവിടുന്ന് നിശ്ശബ്ദം ഉരുവിട്ടു. ദൈവിക വാഗ്ദാനത്തിന്റെ അത്ഭുതകരമായ പുലര്‍ച്ചയില്‍ തിരുഹൃദയം സന്തോഷാതിരേകത്താല്‍ വിങ്ങുന്നുണ്ടായിരുന്നു. തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് തന്നെ തിരിച്ചുകൊണ്ടുവന്ന അല്ലാഹുവിനോടുള്ള നന്ദി ആ മുഖത്ത് പ്രകടമായി.
Back to Top