2 Thursday
January 2025
2025 January 2
1446 Rajab 2

ഹാ! വെളിച്ചത്തിനെന്തു വെളിച്ചം ഡോ. കെ ടി അന്‍വര്‍ സാദത്ത് (ജന.സെക്രട്ടറി, ഐ എസ് എം കേരള)

ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം വഴിനടത്തുവാന്‍ വേണ്ടി അവതരിപ്പിച്ച് കൊടുത്തിട്ടുള്ള വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ (14:1). യാഥാര്‍ഥ്യമിതത്രെ, ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചു തരുന്നു (17:9). വിശുദ്ധ വേദത്തിന്റെ പഠനത്തിനും പ്രചാരണത്തിനും ഐ എസ് എം സംസ്ഥാന സമിതി നടത്തികൊണ്ടിരിക്കുന്ന രണ്ടു കര്‍മ പദ്ധതികളാണ് ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളും വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയും.
ക്വു എല്‍ എസ് അതിന്റെ ഇരുപത്തിയഞ്ചിന്റെ നിറവിലാണുള്ളത്. വെളിച്ചം എട്ടു ഘട്ടങ്ങള്‍ കടന്നു ഒമ്പതാമത്തേതിലേക്ക് കാലെടുത്തുവെക്കുന്നു. സംസ്ഥാനത്തുടനീളം വ്യവസ്ഥാപിതമായി നടക്കുന്ന ക്വു എല്‍ എസ് സംരംഭം ബഹുമാന്യനായ കെ കെ മുഹമ്മദ് സുല്ലമിയുടെ സ്വപ്‌ന പദ്ധതിയാണ്. ഖുര്‍ആന്‍ പഠനം കൂടുതല്‍ ജനകീയമാക്കുന്നതിന് ക്വു എല്‍ എസ്സിന്റെ പിന്നിട്ട വഴികളെ അടയാളപ്പെടുത്തി അതില്‍ കണ്ണിചേര്‍ന്ന അധ്യാപക വിദ്യാര്‍ഥി ദ്വയത്തെ പരിപോഷിപ്പിക്കും വിധം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ’25-ന്റെ നിറവില്‍’ വ്യത്യസ്തവും പുതുമയും നിറഞ്ഞ പരിപാടികളാല്‍ സമ്പന്നമായിരിക്കും. ഇന്‍ശാ അല്ലാഹ്.
മല്‍സര പരീക്ഷയിലൂടെ ഖുര്‍ആന്‍ പഠനം എന്ന ആശയവുമായി മുതിര്‍ന്നവര്‍ക്കായി ആരംഭിച്ച വെളിച്ചം ഇന്ന് കുട്ടികള്‍ക്കായി ബാലവെളിച്ചം, ഭിന്നശേഷിക്കാര്‍ക്കായി ലൈറ്റ് ഓഫ് ലൈറ്റ് എന്നിങ്ങനെ വികസിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച ഖുര്‍ആനിക വ്യാഖ്യാന ഗ്രന്ഥങ്ങളെ ഉള്‍ചേര്‍ത്ത് കാലിക വായനക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കികൊണ്ടാണ് ബാലവെളിച്ചം ഇത്തവണ പുറത്തുവരുന്നതെന്ന സവിശേഷതയുണ്ട്. അതോടൊപ്പം തന്നെ ഇംഗ്ലീഷ് പതിപ്പും ബാലവെളിച്ചത്തിന്റേതായി കൊണ്ടുവരാനുള്ള അതിതീവ്ര ശ്രമവും നടന്നുകൊണ്ടിരിക്കുന്നു. ലക്ഷ്യം വിശുദ്ധ ഖുര്‍ആനിന്റെ പഠനം കൂടുതല്‍ സവിശേഷമായി എത്തിക്കുകയെന്നത് തന്നെയാണ്. ക്വു എല്‍ എസിന്റെ 25 ന്റെ നിറവിലും വെളിച്ചം പത്താം ഘട്ടത്തിലും  പുതിയ ചിലതുകൂടി ഈ വഴിയില്‍ പ്രതീക്ഷിക്കാമെന്ന് ഉണര്‍ത്തട്ടെ.
വെളിച്ചം ഒമ്പതാം ഘട്ട സംസ്ഥാന സംഗമം ഇന്‍ശാ അല്ലാഹ് സെപ്തംബര്‍ 29 (ഞായറാഴ്ച) രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ കൊല്ലത്ത് നടക്കാനിരിക്കുകയാണ്. വെളിച്ചം സംഗമങ്ങള്‍ നമുക്ക് ആവേശമാണ്. സംസ്ഥാനത്തിന്റെ എല്ലാ ദിക്കുകളില്‍ നിന്നും വാഹനം ബുക്ക് ചെയ്ത് ആവേശപൂര്‍വം കുടുംബ സമേതം വെളിച്ചം സംഗമത്തിലേക്ക് ഓടിയെത്താന്‍ പഠിതാക്കളെ പ്രേരിപ്പിക്കുന്നത് ഇത് ഐ എസ് എമ്മിന്റെ സ്വപ്‌ന പദ്ധതിയായതുകൊണ്ടാണ്. പഠിതാക്കളുടെ ഈ ആവേശമാണ് സംഘാടകരുടെയും ഊര്‍ജം.
ആയിരങ്ങള്‍ സംഗമിക്കുന്ന വെളിച്ചം അവാര്‍ഡ് ദാന വേദികള്‍ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന വ്യത്യസ്ത ആശയങ്ങളെ കാഴ്ചയുടെയും കേള്‍വിയുടെയും നവ്യാനുഭവങ്ങളാക്കി തീര്‍ത്താണ് സമാപിക്കാറുള്ളത്. ഓരോ സംഗമങ്ങളും അടുത്തതിലെ പുതുമയെ പ്രതീക്ഷിച്ച് നാലു മാസം കാത്തിരിക്കാറാണ് പതിവ്. ഇത്തവണത്തെ കൊല്ലം സംഗമവും നിരാശപ്പെടുത്തില്ല. ചരിത്രത്തില്‍ തുന്നിചേര്‍ത്ത, പിന്നിട്ട സംഗമങ്ങളുടെ ഏടുകളോടൊപ്പം കൊല്ലം സംഗമവും ഉണ്ടാകും, തീര്‍ച്ച.
ഖുര്‍ആനിക കുടുംബമെന്ന സബ്ജക്ടാണ് ഇത്തവണത്തെ ആവിഷ്‌കാരത്തിന് തയ്യാറായി നില്‍ക്കുന്നത്. കൂടുമ്പോള്‍ ഇമ്പമുള്ളത്; അതാണല്ലോ കുടുംബം. ഓരോ പ്രബോധകന്റെയും പ്രവര്‍ത്തകന്റെയും കരുത്തും ആശ്വാസവുമാണ് അവന്റെ കുടുംബം. കണ്‍കുളിര്‍മ പ്രദാനം ചെയ്യുന്ന അടുപ്പങ്ങളായി കുടുംബബന്ധങ്ങള്‍ മാറണം. വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി അതിനെ ആവിഷ്‌കരിച്ചു വെച്ചിട്ടുണ്ട്. ഖുര്‍ആനിന്റെ മധുരത്തിലൂടെ കുടുംബ ബന്ധത്തെ നുണഞ്ഞാസ്വദിക്കാന്‍ വെളിച്ചം സംസ്ഥാന സമിതി അവസരമൊരുക്കിയിരിക്കുകയാണ്. ഇതിന്നു പിന്നില്‍ അഹോരാത്രം പണിപ്പെട്ട് ഇതിനെ യാഥാര്‍ത്ഥ്യമാക്കി കൊണ്ടിരിക്കുന്ന നിരവധി പേരുണ്ട്. ഖുര്‍ആനിനോടുള്ള സ്‌നേഹമാണ് ഇതിലവരെ ഉറപ്പിച്ചു നിര്‍ത്തുന്നത്. വെളിച്ചത്തിനായി ആത്മാര്‍ഥമായും സമയം ചെലവഴിക്കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുമാറാകട്ടെ (ആമീന്‍)

Back to Top