ഹമാസ് വാര്‍ഷിക ദിനം
ഹമാസിന്റെ മുപ്പത്തിയൊന്നാമത് വാര്‍ഷികാഘോഷങ്ങള്‍ കഴിഞ്ഞയാഴ്ചയില്‍ ഗസ്സയില്‍ നടന്നു. ആയിരക്കണക്കിനാളുകള്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ നഗരത്തിലെത്തിയതായി ഫലസ്തീന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ശാഖയായി ഫലസ്തീനില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടന പിന്നീട് ഹമാസായി രൂപം പ്രാപിക്കുകയായിരുന്നു. ആദ്യ കാലങ്ങളില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ സൗദി അറേബ്യയടക്കമുള്ള പല രാജ്യങ്ങളും പിന്തുണച്ചിരുന്നു. യാസര്‍ അറഫാത്തിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങളേയും അദ്ദേഹത്തിന്റെ ഫത്ഹ് പാര്‍ട്ടിയെയും തളര്‍ത്താനുള്ള ഉപാധിയായി ഒരു കാലത്ത് ഇസ്‌റായേല്‍ ഹമാസിനെ കണ്ടിരുന്നു. ഹമാസിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌റായേല്‍ രഹസ്യപിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ എണ്‍പതുകളുടെ മധ്യത്തില്‍ ഗസയിലും വെസ്റ്റ് ബാങ്കിലുമുള്ള ഇസ്‌റായേല്‍ അധിനിവേശങ്ങള്‍ ഏതാണ്ട് പൂര്‍ണമാകുകയും അവിടെ ഇസ്‌റായേലി കുടിയേറ്റക്കാരെ താമസിപ്പിക്കുകയും ചെയ്തതോടെ ഹമാസ് ഇസ്‌റായേലി നെതിരില്‍ സായുധാക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. 1987ല്‍ ഷെയ്ക്ക് അഹമ്മദ് യാസീന്റെ നേതൃത്വത്തിലാണ് ഹമാസ് സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും സായുധ പോരാട്ടത്തിലേക്ക് നീങ്ങുന്നതും. ഈ രൂപീകരണത്തിന്റെ വാര്‍ഷികമാണ് ഹമാസ് ആഘോഷിക്കുന്നത്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി തങ്ങള്‍ ചര്‍ച്ചകള്‍ക്ക് എപ്പോഴും സന്നദ്ധമാണെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ തന്റെ സമ്മേളന പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചു. പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കാനും ഹമാസ് തയാറാണ്. ഫലസ്തീന്‍ ഐക്യവും പുനരേകീകരണവുമെന്ന അജണ്ടയാന് ഹമാസിനുള്ളതെന്നും അതിനു വേണ്ടി ഫലപ്രദമായ മാര്‍ഗങ്ങള്‍ ആരായുന്നതിന് സംഘടന എപ്പോഴും സജ്ജമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.