16 Monday
September 2024
2024 September 16
1446 Rabie Al-Awwal 12

ഹനിയ്യ വധം: ഇസ്രായേലിന്റേത് തന്ത്രപരമായ പിഴവ് കടുത്ത വില കൊടുക്കേണ്ടിവരുമെന്ന് ഇറാന്‍


ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയെ തഹ്‌റാനില്‍ വെച്ച് വധിച്ചത് സയണിസ്റ്റുകളുടെ തന്ത്രപരമായ പിഴവാണെന്നും അതിന് അവര്‍ ഗുരുതരമായ വില കൊടുക്കേണ്ടിവരുമെന്നും ഇറാന്‍ ആക്ടിങ് വിദേശകാര്യ മന്ത്രി അലി ബാഖരീ കനീ. ജിദ്ദയില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെ പ്രത്യേക യോഗത്തില്‍ പങ്കെടുത്ത ശേഷം എഎഫ്പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സംഘര്‍ഷവും യുദ്ധവും മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ഇറാനുമായി യുദ്ധം ചെയ്യാനുള്ള ശേഷിയോ ശക്തിയോ സയണിസ്റ്റ് രാജ്യത്തിന് ഇല്ലെന്നും മന്ത്രി പറഞ്ഞു.
ഇസ്മാഈല്‍ ഹനിയ്യയുടെ മരണത്തില്‍ തിരിച്ചടിയല്ലാതെ മറ്റ് പോംവഴികളില്ലെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിഷ്‌ക്രിയത്വത്തിനിടയില്‍ രാജ്യത്തിനെതിരായ കൂടുതല്‍ ആക്രമണങ്ങള്‍ തടയാന്‍ ഇത് അത്യാവശ്യമാണെന്നും ഒഐസിയുടെ അടിയന്തര യോഗത്തില്‍ അലി ബാഖരീ പറഞ്ഞിരുന്നു. ഇറാന്റെ പരമാധികാരം, പൗരന്‍മാര്‍, ഭൂപ്രദേശം എന്നിവ സംരക്ഷിക്കുന്നതിന് തിരിച്ചടി അനിവാര്യമായിരിക്കുകയാണ്. ഉചിതമായ സമയത്ത് ഉചിതമായ രീതിയില്‍ തിരിച്ചടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങളായി ഗസ്സയില്‍ തുടരുന്ന വംശഹത്യയും ഹനിയ്യയുടെ വധവും സയണിസ്റ്റ് രാഷ്ട്രം മേഖലയില്‍ നടത്തുന്ന തീവ്രവാദ കുറ്റകൃതങ്ങള്‍ക്ക് ഉദാഹരണമാണ്. ഹനിയ്യയുടെ വധം ഇറാന്റെ പരമാധികാരത്തിന്റെയും ലംഘനമാണ്- അദ്ദേഹം പറഞ്ഞു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x