28 Thursday
March 2024
2024 March 28
1445 Ramadân 18

ഹദീസ് പഠനം – ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി

ചെറുതായി വലിയവരാവുക
നബി(സ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന് വേണ്ടി വിനയാന്വിതനായാല്‍ അല്ലാഹു അയാളെ ഉയര്‍ത്തും. സ്വന്തം മനസ്സില്‍ അയാള്‍ ചെറിയവനും ജനങ്ങളുടെ ദൃഷ്ടിയില്‍ മഹാനുമായിരിക്കും അയാള്‍. ആരെങ്കിലും അഹന്ത നടിച്ചാല്‍ അല്ലാഹു അവനെ താഴ്ത്തും. സ്വന്തം മനസ്സില്‍ വലിയവനും ജനങ്ങളുടെ ദൃഷ്ടിയില്‍ അയാള്‍ നിസ്സാരനുമായിരിക്കും. എത്രത്തോളമെന്നാല്‍ നായയെക്കാളും പന്നിയെക്കാളും അവന്‍ അവരുടെ ദൃഷ്ടിയില്‍ തരം താഴ്ന്നവനായിരിക്കും. (ബൈഹഖി)
വിശ്വാസിയുടെ  വ്യക്തിത്വം രൂപപ്പെടുത്തുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഹദീസ് പഠിപ്പിക്കുന്നത്. ചിന്ത, മനോഭാവം, സംസ്‌ക്കാരം എന്നിവയാണ് വ്യക്തിത്വം നിര്‍ണയിക്കുന്ന ഘടകങ്ങള്‍.  ഇസ്‌ലാമികമായ വിലയിരുത്തലില്‍ വിശ്വാസത്തിനാണ് കൂടുതല്‍ പ്രാധാന്യം. നാവുകൊണ്ട് സംസാരിച്ച് ബോധ്യപ്പെടുത്തുന്നതിനേക്കാള്‍ നമ്മെ, ശരീരഭാഷയിലൂടെ മറ്റുള്ളവര്‍ മനസ്സിലാക്കും. ശരീരഭാഷയുടെ വിവിധ രംഗവേദികളില്‍ മിതത്വം, വിനയം, സൂക്ഷ്മത തുടങ്ങിയ ഗുണങ്ങള്‍ ഉണ്ടാവണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. നടത്തം, നോട്ടം, സംസാരം, ഇടപെടല്‍ ഇവയെല്ലാം നിയന്ത്രിതമായിരിക്കണമെന്നതും മൗലിക കല്പനകളില്‍ പെട്ടതാണ്. (ഖുര്‍ആന്‍ 25:63, 31:19, 17:17)
അഹങ്കാരവും ദുരഭിമാനവുമാണ് സ്വന്തത്തില്‍ വലിയവനാണെന്ന തോന്നല്‍ ഉണ്ടാക്കുന്നത്. ഈ ദുര്‍ഗുണങ്ങള്‍ എത്ര മുറിച്ചു മാറ്റിയാലും വളര്‍ന്നുകൊണ്ടേയിരിക്കും. അല്ലാഹുവിനു വേണ്ടി വിനയാന്വിതനാകുക എന്ന പരാമര്‍ശം കൂടുതല്‍ അര്‍ഥവത്താണ്. അല്ലാഹുവിന്റെ മഹത്വവും തന്റെ കാര്യങ്ങളില്‍ അവന്റെ ഇടപെടലുണ്ടെന്ന ബോധമുള്ള ഒരാള്‍ക്ക് മാത്രമേ ഈ മാനസികാവസ്ഥയുണ്ടാകുകയുള്ളൂ. നാം എത്ര നിസ്സഹായരാണെന്ന് മനസ്സിലാകുന്നതും ഈ സന്ദര്‍ഭത്തിലാണ്. എന്തിനും എപ്പോഴും അല്ലാഹു എന്റെ കൂടെ ഉണ്ടായിരിക്കണം എന്ന ചിന്തയാണ് ഈ വിനയഭാവം നിലനിര്‍ത്താന്‍ ആവശ്യം. ഇതിന്റെ മറുഭാഗവും പ്രധാനമാണ്. എല്ലാ കാര്യങ്ങളിലും നാം നിലകൊള്ളുന്നതും അല്ലാഹുവിനൊപ്പമായിരിക്കണം. അവന്‍ നമ്മെ കൈവിടുന്ന അവസ്ഥയിലാണ് സ്വയം വലുതാണെന്ന ‘ഈഗോ’ വളരുന്നത്. അഹന്ത നടിക്കുന്നവരെ അല്ലാഹു താഴ്ത്തുമെന്ന പരാമര്‍ശം ഇതാണ് സൂചിപ്പിക്കുന്നത്. അത്തരക്കാരെ ജനങ്ങള്‍ അവജ്ഞയോടെ മാത്രമേ കാണുകയുള്ളൂ.
അല്ലാഹുവിലേക്ക് മടങ്ങുവാനുള്ള മാനസികാവസ്ഥയാണ് വിനയമെന്ന സദ്ഗുണം വളരുന്നത്. ‘വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും അല്ലാഹുവിലേക്ക് വിനയപൂര്‍വം മടങ്ങുകയും ചെയ്തവരാരോ, അവരാകുന്നു സ്വര്‍ഗാവകാശികള്‍’ (ഖുര്‍ആന്‍ 11:22) എന്ന വചനം വിനയത്തിലൂടെ വലുതാകുന്ന വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നു. ഏകദൈവ വിശ്വാസവും ആരാധനകളും പുണ്യങ്ങളും സൃഷ്ടിക്കുന്ന ചൈതന്യമാണ് സദ്ഗുണങ്ങളെ വളര്‍ത്തുന്നത്. മുസ്‌ലിമിന്റെ വ്യക്തിത്വത്തിന്റെ സൗന്ദര്യവും അതിലാണുള്ളത്.
സ്വയം വലുതായി സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് നേരെയുണ്ടാകുന്ന അവജ്ഞയും പരിഹാസ്യതയുമാണ് ഹദീസിന്റെ അവസാനഭാഗം. അഹങ്കാരം അല്പമെങ്കിലും ഹൃദയത്തിലുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന നബി വചനം, ഇത്തരക്കാരുടെ പാരത്രിക ദുരന്തമാണ് വ്യക്തമാക്കുന്നത്. സ്വയം വലിയവനെന്ന മേനി നടിച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം കാപട്യവുമായിരിക്കും (റിയാഅ്). മറ്റുള്ളവരെ കാണിക്കാനും അവരുടെ പ്രശംസ പിടിച്ചുപറ്റാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയുമില്ല.
നബിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന സ്വഹാബികള്‍ ഹദീസിന്റെ നല്ല ഉദാഹരണങ്ങളായിരുന്നു. ബാഹ്യപ്രകടനപരത ഒട്ടുമില്ലാതിരുന്ന അവരുടെ വ്യക്തിത്വം മറുനാട്ടിലെ ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും വിസ്മയമായിരുന്നു. അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നു എന്ന ചിന്തയാണ് രാജാക്കന്മാര്‍ക്ക് മുമ്പില്‍ മുസ്‌ലിംകള്‍ക്ക് വിനയഭാവം നല്‍കിയത്. അതിലൂടെ മറ്റുള്ളവര്‍ക്കു മുമ്പില്‍ അല്ലാഹു അവരെ ഉയര്‍ത്തുകയും ആദരിക്കുകയും ചെയ്തു.
പന്നിയും നായയും നികൃഷ്ട ജീവികളാണ്. എന്നാലും നായ, തനിക്ക് ലഭിക്കുന്ന ശിക്ഷണ ശീലങ്ങളിലൂടെ മനുഷ്യന് ഇഷ്ട ജീവിയാകാറുണ്ട്. മനുഷ്യനെ ബാധിച്ചേക്കാവുന്ന ദുര്‍ഗുണങ്ങളെയും നല്ല ശീലങ്ങളിലൂടെ മാറ്റിയെടുക്കാന്‍ കഴിയും. ആത്മാര്‍ഥത (ഇഖ്‌ലാസ്‌) ഉദ്ദേശ ശുദ്ധി (നിയ്യത്ത്), പ്രതിഫലേച്ഛ (ഇഹ്തിസാബ്) എന്നിവയാണ് നല്ല ശീലങ്ങള്‍ സ്വന്തമാക്കാന്‍ വേണ്ടത്. വിനയവും ലാളിത്യവും മൃദുല സമീപനങ്ങളും ഈ ഘട്ടത്തില്‍ പുണ്യമായി ബാക്കിനില്‍ക്കും. ഭൂമിയില്‍ ഔന്നിത്യമോ കുഴപ്പമോ ഉദ്ദേശിക്കാത്തവര്‍ക്കാണ് പാരത്രിക ഭവനം അല്ലാഹു തയ്യാറാക്കിയിരിക്കുന്നത് (ഖുര്‍ആന്‍ 28:83). ചെറുതായി വലിയവരായാല്‍ ഇരുലോകത്തും നമുക്കത് ആശ്വാസവും ആനന്ദവും നല്‍കും.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x