22 Sunday
December 2024
2024 December 22
1446 Joumada II 20

ഹദീസുകള്‍ മുഴുവന്‍ വഹ്‌യില്‍ പെട്ടതോ?! പി കെ മൊയ്തീന്‍ സുല്ലമി

 

വിശുദ്ധ ഖുര്‍ആനും ഹദീസുകളും തുല്യപ്രമാണങ്ങളാണ് എന്ന ഭീമാബദ്ധം സ്ഥാപിക്കാനായി അടുത്ത കാലത്ത് ചിലര്‍ പ്രചരിപ്പിക്കുന്ന വാദമാണ് ഹദീസുകള്‍ മുഴുവന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് എന്നത്. ഇതിന് അവര്‍ തെളിവാക്കാറുള്ളത് താഴെ പറയുന്ന ഖുര്‍ആന്‍ വചനങ്ങളാണ്. ”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു” (നജ്മ് 3-4). മറ്റൊരു വാദം: ”എനിക്ക് ഖുര്‍ആനും അതുപോലുള്ളതും നല്‍കപ്പെട്ടു” എന്ന ഹദീസ്
മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനങ്ങളുടെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഖുര്‍ആനും ഹദീസും തുല്യപ്രമാണങ്ങളാണെന്നോ ഹദീസുകള്‍ മുഴുവന്‍ വഹ്‌യില്‍ പെട്ടതാണെന്നോ ഖുര്‍ആനും സുന്നത്തും പ്രമാണങ്ങളായി അംഗീകരിച്ചു പോന്ന പണ്ഡിതന്മാരില്‍ ആരും തന്നെ പ്രസ്താവിച്ചതായി അറിയപ്പെടുന്നില്ല. ഇനി അങ്ങനെ വല്ലവരും പ്രസ്താവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.
എന്നാല്‍ മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനങ്ങളും ഹദീസും സൂചിപ്പിക്കുന്നത് അപ്പറഞ്ഞത് ദീനീ കാര്യങ്ങളെക്കുറിച്ച് മാത്രമാകുന്നു എന്നാണ്. അഥവാ നബി(സ) ദീനീകാര്യങ്ങള്‍ക്ക് വഹ്‌യ് അനുസരിച്ചല്ലാതെ പ്രസ്താവിക്കുന്നതല്ല എന്നാണ്. അത് വ്യക്തിപരമോ കുടുംബപരമോ സാമൂഹ്യമോ സാംസ്‌കാരികമോ ആയ ഏത് കാര്യമായിരുന്നാലും പ്രശ്‌നം മതപരമാണെങ്കില്‍ വഹ്‌യനുസരിച്ച് മാത്രമേ നബി(സ) പ്രസ്താവിന നടത്തൂ എന്നതാണ് മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനങ്ങളുടെ താല്‍പര്യം. അക്കാര്യം നബി(സ) തന്നെ വ്യക്കമാക്കിയിട്ടുണ്ട്.
”റാഫിഉബ്‌നു ഖദീജ്(റ) പറയുന്നു: നബി(സ) മദീനയില്‍ വന്നപ്പോള്‍ അവര്‍ പരാഗണം നടത്താറുണ്ടായിരുന്നു (ഈത്തപ്പനയുടെ ആണ്‍കുലയും പെണ്‍കുലയും ചേര്‍ത്തുവെക്കല്‍). നബി(സ) അവരോട് ചോദിച്ചു: നിങ്ങളെന്താണ് ചെയ്യുന്നത്? അവര്‍ പറഞ്ഞു: ഞങ്ങളപ്രകാരം ചെയ്യുന്നത് (കൂടുതല്‍ ഈത്തപ്പഴം) ലഭിക്കാനാണ്. നബി(സ) പറഞ്ഞു: അപ്രകാരം ചെയ്യാതിരിക്കലാണ് നിങ്ങള്‍ക്കുത്തമമായിട്ടുള്ളത്. അങ്ങനെ അവരത് ഉപേക്ഷിക്കുകയും ഈത്തപ്പഴത്തിന്റെ വിളവില്‍ കുറവ് വരികയും ചെയ്തു. അവരത് നബി(സ)യുടെ ശ്രദ്ധയില്‍ പെടുത്തി. അപ്പോള്‍ അവരോട് നബി(സ) ഇപ്രകാരം പറഞ്ഞു: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഞാന്‍ ദീനിയായ വല്ല കാര്യവും നിങ്ങളോട് പറയുന്ന പക്ഷം നിര്‍ബന്ധമായും നിങ്ങളത് അനുസരിക്കണം. എന്റെ അഭിപ്രായം (ഗവേഷണ) മനുസരിച്ച് ഞാന്‍ വല്ലതും നിങ്ങളോട് കല്പിക്കുന്ന പക്ഷം ഞാനൊരു മനുഷ്യന്‍ മാത്രമാണ്” (സ്വഹീഹു മുസ്‌ലിം 8:128)
മറ്റൊരു റിപ്പോര്‍ട്ടില്‍ നബി(സ) പറഞ്ഞത് ഇപ്രകാരമാണ്: ”നിങ്ങളുടെ ഭൗതികകാര്യങ്ങള്‍ ഏറ്റവുമധികം അറിയുന്നവര്‍ നിങ്ങള്‍ തന്നെയാണ്” (മുസ്‌ലിം 2363).
മേല്‍ പറഞ്ഞ രണ്ടു ഹദീസുകളും വഹ്‌യില്‍ പെട്ടതല്ല, മറിച്ച്, നബി(സ) ഇജ്തിഹാദ് (ഗവേഷണം) നടത്തി പറഞ്ഞതായിരുന്നു. നബി(സ) അത് പിന്‍വലിക്കുകയും ചെയ്തു. ഇതേ സംഭവം ശാഹ് വലിയുല്ലാഹി ദഹ്‌ലവിയും(റ) ഉദ്ധരിച്ചിട്ടുണ്ട്. (ഹുജ്ജതുല്ലാഹില്‍ ബാലിഗ 1:124). ആറ് തരം ഹദീസുകള്‍ വഹ്‌യില്‍ പെട്ടതല്ലെന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ അതിന്റെ ഹാമിശില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ”ആറ് തരം ഹദീസുകള്‍ വഹ്‌യില്‍ പെട്ടതല്ലെന്ന് പറയപ്പെട്ടിട്ടുണ്ട്. അതില്‍ ഒന്നാമത്തേത് ചികിത്സാ സംബന്ധമായി വന്ന ഹദീസുകളാണ്. കരിംജീരകം മരണമൊഴിച്ചുള്ള എല്ലാ രോഗങ്ങള്‍ക്കും ശമനമാണ് എന്ന ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ടു ചെയ്ത ഹദീസ് അതിന്നുദാഹരണമാകുന്നു” (ഹാമിശ്, ഹുജ്ജതുല്ലാഹില്‍ ബാലിഗ 1:424)
ഇതേ അഭിപ്രായം ഇബ്‌നുഹജറും(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ”എന്നാല്‍ ശാരീരികമായ ചികിത്സകളെ സംബന്ധിച്ച് നബി(സ)യില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം മിക്കവാറും പരീക്ഷണാര്‍ഥം ഉദ്ധരിക്കപ്പെട്ടിട്ടുള്ളവയാണ്” (ഫത്ഹുല്‍ബാരി 13:5)
അപ്പോള്‍ ഹദീസുകള്‍ മുഴുവന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യല്ല എന്ന് ബോധ്യപ്പെട്ടു. ഇനി നബി(സ)യുടെ മിക്കവാറും എല്ലാ പ്രവര്‍ത്തനങ്ങളും ഹദീസായി വന്നിട്ടുണ്ടെങ്കിലും അവകളൊന്നും അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിലല്ല എന്ന് വ്യക്തമാണ്. അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം(റ) വന്നപ്പോള്‍ നബി(സ) അദ്ദേഹത്തെ പരിഗണിക്കാത്തതിന്റെ പേരില്‍ നബി(സ)യെ ആക്ഷേപിച്ചുകൊണ്ട് ഖുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങിയ സംഭവം ഒരു ഹദീസാണ്. ഇമാം തിര്‍മിദിയും മാലിക്കും(റ) അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഥവാ നബി(സ)യുടെ തെറ്റായ ചര്യകള്‍ പോലും ഹദീസുകളായി വന്നിട്ടുണ്ട്. സ്വഹാബികള്‍ നബി(സ)യോട് പറഞ്ഞ കാര്യങ്ങളും ഹദീസുകളായി വന്നിട്ടുണ്ട്.
”അബൂഹുറയ്‌റ(റ) പറയുന്നു: ഒരാള്‍ നബി(സ)യുടെ അടുക്കല്‍ വന്ന് അപേക്ഷിച്ചു: എനിക്ക് ഉപദേശം നല്‍കണം. നബി(സ) പലതവണ ആവര്‍ത്തിച്ചുകൊണ്ട് പറയുകയുണ്ടായി. താങ്കള്‍ കോപിക്കരുത്” (ബുഖാരി). ഇപ്പറഞ്ഞ ഹദീസ് വഹ്‌യുമായി ബന്ധമില്ല. നബി(സ)യുടെ അടുക്കല്‍ വന്ന് ഉപദേശം ചോദിച്ച വ്യക്തി ഒരു മുന്‍കോപിയായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
നബി(സ)യും ഭാര്യമാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ഹദീസുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ”ഉമ്മുസലമത്തും(റ) മൈമൂനയും(റ) നബി(സ)യുടെ അരികെ ആയിരിക്കെ കുരുടനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം(റ) കടന്നുവരികയുണ്ടായി. അപ്പോള്‍ നബി(സ) അവരോട് രണ്ടുപേരോടും മറ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഉമ്മു സലമത്ത്(റ) നബി(സ)യോട് ചോദിച്ചു: അല്ലാഹുവന്റെ ദൂതരേ, അദ്ദേഹം കുരുടനാണ്. ഞങ്ങളെ കാണാന്‍ അദ്ദേഹത്തിന് സാധ്യമല്ലല്ലോ? നബി(സ) പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും അദ്ദേഹത്തെ കാണുകയില്ലേ?”(അബൂദാവൂദ്).
ഒരു സ്വഹാബി മറ്റൊരു സ്വഹാബിയോട് പറഞ്ഞ കാര്യങ്ങളും ഹദീസുകളായി നിരവധി വന്നിട്ടുണ്ട്. ”അനസ്(റ) പറയുന്നു: നിങ്ങള്‍ ചില പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കണ്ണില്‍ അത് മുടിയേക്കാള്‍ നിസ്സാരമായ കാര്യമാണ്. എന്നാല്‍ നബി(സ)യുടെ കാലഘട്ടത്തില്‍ അത്തരം പാപങ്ങള്‍ ഞങ്ങളുടെ സല്‍കര്‍മങ്ങള്‍ നശിപ്പിക്കുന്ന വിധത്തിലുള്ളവയാണെന്നാണ് ഞങ്ങള്‍ പരിഗണിച്ചുപോന്നിരുന്നത്” (ബുഖാരി).
നബി(സ)യുടെ പ്രവര്‍ത്തനം സ്വഹാബികള്‍ റിപ്പോര്‍ട്ടു ചെയ്തതായി നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. ”ജാബിറുബ്‌നു സമുറത്(റ) പറയുന്നു: ഞാന്‍ നബി(സ)യോടൊപ്പം നിരവധി തവണ നമസ്‌കരിച്ചിട്ടുണ്ട്. അവിടുത്തെ നമസ്‌കാരം മിതമായിരുന്നു. ഖുത്ബയും (പ്രസംഗം) മിതമായിരുന്നു” (മുസ്‌ലിം).
തെറ്റായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നബി(സ) പല സ്വഹാബികളെയും ശാസിച്ച സംഭവങ്ങളും ഹദീസുകളായി വന്നിട്ടുണ്ട്. ”നമസ്‌കാരം ദീര്‍ഘിപ്പിച്ചതിന്റെ പേരില്‍ മുആദിനോട്(റ) താങ്കള്‍ കുഴപ്പക്കാരനാണോ എന്ന് നബി(സ) മൂന്നു തവണ ആവര്‍ത്തിച്ചു ചോദിക്കുകയുണ്ടായി.” (ബുഖാരി)
നബി(സ)യും സ്വഹാബികളും തമ്മില്‍ നടന്ന പല സംഭാഷണങ്ങളും ഹദീസുകളായി വന്നിട്ടുണ്ട്. ”അംറുബ്‌നുല്‍ ആസ്വ്(റ) പറയുന്നു: അല്ലാഹു തന്നെയാണ് സത്യം. ഞാന്‍ പകല്‍ മുഴുവന്‍ നോമ്പും രാത്രി മുഴുവന്‍ നമസ്‌കാരവും അനുഷ്ഠിക്കും എന്ന് ശപഥം ചെയ്തതായി നബി(സ)യോട് ആരോപിക്കുകയുണ്ടായി. അങ്ങനെ നബി(സ) എന്നോടു ചോദിച്ചു: താങ്കളാണോ അപ്രകാരം പറഞ്ഞത്? ഞാന്‍ പറഞ്ഞു: അതെ. നബി(സ) പറഞ്ഞു: താങ്കള്‍ക്ക് അപ്രകാരം അനുഷ്ഠിക്കാന്‍ സാധ്യമല്ല. താങ്കള്‍ നോമ്പനുഷ്ഠിക്കുകയും ഒഴിവാക്കുകയും ചെയ്യുക. ഉറങ്ങുകയും നമസ്‌കരിക്കുകയും ചെയ്യുക” (ബുഖാരി).
നബി(സ)യും ആഇശ(റ)യും തമ്മില്‍ ഓട്ട മത്സരം നടന്നതുപോലും ഹദീസുകളില്‍ വന്നിട്ടുണ്ട്. ”ആഇശ(റ) പറയുന്നു: ഓട്ടമത്സരത്തില്‍ നബി(സ) എന്നെ മുന്‍കടക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ നബി(സ)യെ മുന്‍കടക്കുകയുണ്ടായി. എന്നാല്‍ ഞാന്‍ തടി കൂടിയപ്പോള്‍ നബി(സ) എന്നെ മുന്‍കടക്കുകയുണ്ടായി.” (നസാഈ, ഇബ്‌നുമാജ)
നബി(സ) തമാശ പറഞ്ഞതുപോലും ഹദീസുകളായി വന്നിട്ടുണ്ട്. ”ഒരു സ്ത്രീ വന്നിട്ട് നബി(സ)യോട് അപേക്ഷിക്കുകയുണ്ടായി: അല്ലാഹുവിന്റെ ദൂതരേ, എന്നെയും താങ്കളുടെ ഒട്ടകപ്പുറത്തു കയറ്റണം. നബി(സ) പറഞ്ഞു: നിന്നെ ഞാന്‍ ഒട്ടകത്തിന്റെ പുറത്തു കയറ്റാം. അവള്‍ പറഞ്ഞു: അതിന്ന് എന്നെ വഹിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ അപ്രകാരം ചെയ്യുകയില്ല. അപ്പോള്‍ നബി(സ) പറഞ്ഞു: ഒട്ടകത്തിന്റെ കുട്ടി തന്നെയാണ് എല്ലാ ഒട്ടകങ്ങളും” (അബൂദാവൂദ്, തിര്‍മിദി)
നബി(സ) ഗുസ്തി പിടിച്ച സംഭവവും ഹദീസുകളില്‍ വന്നിട്ടുണ്ട്. ”നബി(സ) മൂന്നു തവണ റുകാനയെ(റ) മല്‍പിടുത്തത്തില്‍ വീഴ്ത്തുകയുണ്ടായി” (അബൂദാവൂദ്). നബി(സ)യുടെ വിട്ടുവീഴ്ചയെ സംബന്ധിച്ചും മറ്റു ഗുണങ്ങളെക്കുറിച്ചും സ്വഹാബികളില്‍ നിന്ന് ഒരുപാട് ഹദീസുകള്‍ ദര്‍ശിക്കാന്‍ കഴിയും. ”ആഇശ(റ) പറയുന്നു: ഒരു വിഷയത്തില്‍ രണ്ടു നിലപാടുകള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ നബി(സ) കുറ്റകരമല്ലെങ്കില്‍ അതില്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം സ്വീകരിക്കുന്നതാണ്. കുറ്റകരമാണെങ്കില്‍ അദ്ദേഹം തന്നെയായിരിക്കും ജനങ്ങളേക്കാള്‍ അധികം അതില്‍ നിന്നും അകന്നു നില്‍ക്കുന്നവന്‍” (ബുഖാരി).
നബി(സ) മുശാവറ നടത്തിയ കാര്യങ്ങള്‍ പോലും ഹദീസുകളായി വന്നിട്ടുണ്ട്. ”ബദ്‌റില്‍ പിടിക്കപ്പെട്ട ബന്ധനസ്ഥരെ എന്തു ചെയ്യണം എന്ന വിഷയത്തില്‍ നബി(സ) അബൂബക്കര്‍(റ), അലി(റ), ഉമര്‍(റ) എന്നിവരുമായി മുശാവറ (കൂടിയാലോചന) നടത്തുകയുണ്ടായി. അബൂബക്കര്‍(റ) പറഞ്ഞു: അവരെ പ്രായശ്ചിത്തം വാങ്ങി വിട്ടയയ്ക്കുകയാണ് നല്ലത്. ഒരുപക്ഷേ അവര്‍ നേര്‍വഴി പ്രാപിച്ചേക്കാം. അനന്തരം ഉമറിന്റെ(റ) അഭിപ്രായം ആരാഞ്ഞു. ഉമര്‍(റ) പറഞ്ഞു: എനിക്ക് അവരുടെ കഴുത്ത് വെട്ടാന്‍ അനുവാദവും സൗകര്യവും ചെയ്തു തരണം.” (മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി)
ഹദീസുകളെല്ലാം ഖുര്‍ആന്‍ പോലെ അല്ലാഹുവിങ്കള്‍ നിന്നുള്ളതാണെന്ന വാദം (വഹ്‌യില്‍ പെട്ടതാണ്). അബദ്ധ ജഡിലവും വിവരക്കേടുമാണ് എന്ന് മേല്‍ രേഖപ്പെടുത്തിയ തെളിവുകളില്‍ നിന്നും മനസ്സിലാക്കാം.

Back to Top