22 Sunday
December 2024
2024 December 22
1446 Joumada II 20

ഹജ്ജ് അനുഷ്ഠാന കര്‍മങ്ങള്‍: പ്രവാചക മാതൃക – പി മുസ്തഫ നിലമ്പൂര്‍

ഹജ്ജ് ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിലെ അഞ്ചാമത്തേതാണ്. കഴിവും സാധിപ്പും സിദ്ധിച്ചവര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ അത് നിര്‍ബന്ധമാണ്. കാലോചിതമായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇബ്‌റാഹീം നബി(അ) മുതല്‍ ഈ മഹ്തതായ ആരാധന നിര്‍വഹിച്ചിപോരുന്നുണ്ട്. അത് അല്ലാഹുവിനോടുള്ള ജനങ്ങളുടെ ബാധ്യതയാണ്.
‘…. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്നപക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു” (ആലുഇംറാന്‍ 97)
വിശുദ്ധ കഅ്ബയില്‍ പോയി ഹജ്ജ് ചെയ്യാന്‍ സാധ്യമായവന്‍ അത് ധിക്കരിക്കുക വഴി അല്ലാഹുവോടുള്ള ബാധ്യത നിര്‍വഹിക്കാത്തവനും അവിശ്വാസിയുമായിത്തീരുന്നുവെന്ന് മേല്‍വചനം നമ്മെ ഓര്‍മപ്പെടുത്തുന്നു.
അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാന്‍ ശ്രേഷ്ഠമായ ആരാധനയാണിത്. അവന്റെ ഏകത്വവും മഹത്വവും പ്രഖ്യാപിച്ചുകൊണ്ട്, സമര്‍പ്പണ ബോധത്തോടെ രക്ഷിതാവിങ്കല്‍ വിനയപ്പെടുകയും അനുസരണയാല്‍ കീഴ്വണക്കം സമര്‍പ്പിക്കുകയുമാണ് ഹജ്ജിലൂടെ സാക്ഷ്യപ്പെടുത്തുന്നത്.
‘… ഏത് പ്രവര്‍ത്തനമാണ് ഏറ്റവും ശ്രേഷ്ഠമായത്? എന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കല്‍, പിന്നെ ഏതാണ്? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ്, പിന്നെ ഏതാണ്? പുണ്യം നിറഞ്ഞ ഹജ്ജ്” (ബുഖാരി, മുസ്‌ലിം 83)
ഏറ്റവും ശ്രേഷ്ഠകരമായ ജിഹാദിലേക്ക് പുറപ്പെടാന്‍ നബി(സ)യോട് അനുവാദം ചോദിച്ച ആഇശ(റ)യോട് അവരുടെ ഏറ്റവും സുന്ദരവും പൂര്‍ണവുമായ ജിഹാദ് ഹജ്ജാണെന്ന് നബി(സ) മറുപടി പറയുകയുണ്ടായി (സംഗ്രഹം ബുഖാരി 1423)
ഹജ്ജിനുള്ള പ്രതിഫലം സ്വര്‍ഗമാണ്. അനാവശ്യങ്ങളോ അധര്‍മങ്ങളോ ഇല്ലാതെ തൗഹീദിലധിഷ്ഠിതമായ ഹജ്ജ് നിഷ്‌ക്കളങ്കമായി ചെയ്താല്‍ നവജാത ശിശുവിനെപ്പോലെ ശുദ്ധനായിത്തീരുന്നതാണ്. അവര്‍ അല്ലാഹുവിന്റെ ദൗത്യസംഘവും അതിഥികളുമാണ്. അവര്‍ അവന്റെ സംരക്ഷണത്തിലും അവനില്‍ നിന്ന് പെട്ടെന്ന് ഉത്തരം ലഭിക്കപ്പെടുന്നവരുമാണ്.
നബി(സ)യുടെ ഹജ്ജ്
പ്രവാചകന്‍ ജീവിതത്തില്‍ ഒരു ഹജ്ജ്മാത്രമാണ് നിര്‍വഹിച്ചിട്ടുള്ളത്. മദീനയുടെ ചുമതല അബൂദുജാന(റ)യെ ഏല്പിച്ചു ഹിജ്‌റ പത്താംവര്‍ഷം ദുല്‍ഖഅ്ദ ഇരുപത്തി അഞ്ചിന് നബി(സ) ഹജ്ജിന് പുറപ്പെട്ടു.
ജാബിര്‍(റ) പറയുന്നു: നബി(സ) ഹജ്ജ് നിര്‍വഹിക്കാതെ ഒമ്പത് വര്‍ഷം (മദീനയില്‍) താമസിച്ചു. പത്താം വര്‍ഷത്തില്‍ ജനങ്ങളോടായി (താന്‍ ഹജ്ജിന് പുറപ്പെടുന്ന വിവരം) വിളംബരം നടത്തി. നബി(സ)യെ അനുഗമിക്കാനും അദ്ദേഹം ചെയ്യുന്നതുപോലെ ഹജ്ജ് നിര്‍വഹിക്കാനുമായി അനേകം അനുചരന്മാര്‍ മദീനയിലെത്തി. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ദുല്‍ഹുലൈഫ(മദീനക്കാാരുടെ മീഖാത്ത്)യിലെത്തി. അവിടെവെച്ച് അസ്മാഅ് ബിന്‍ത് ഉമൈസ്(അബൂബക്കര്‍(റ)ന്റെ ഭാര്യ) മുഹമ്മദുബ്‌നു അബീബക്‌റിനെ പ്രസവിച്ചു. താന്‍ എന്തുചെയ്യണമെന്നന്വേഷിച്ചുകൊണ്ട് അവര്‍ ഒരാളെ നബി (സ)യുടെ അടുത്തേക്ക് അയച്ചു. നബി(സ) പറഞ്ഞു. അവര്‍ കുളിക്കുകയും ഒരു തുണികൊണ്ട് ഭദ്രമായി കെട്ടുകയും ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്യട്ടെ. പിന്നീട് നബി(സ) (ദുല്‍ഹുലൈഫ) പള്ളിയില്‍വെച്ച് രണ്ട് റക്അത്ത് നമസ്‌കരിച്ചു. ശേഷം ഖസ്‌വാഅ് എന്ന തന്റെ ഒട്ടകപ്പുറത്ത് കയറി മരുഭൂ താഴ്‌വരയിലെ സമതലപ്രദേശത്ത് വന്നു. ജാബിര്‍(റ) പറയുന്നു. എന്റെ ദൃഷ്ടി എത്തുന്നേടത്തേക്കെല്ലാം ഞാന്‍ നോക്കി. നബി(സ)യുടെ മുന്നിലും പിന്നിലും വലതുഭാഗത്തും ഇടതുഭാഗത്തും ചുറ്റിലുമായി കാല്‍നടയിലും വാഹനത്തിലുമായും ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. അദ്ദേഹം ജനങ്ങള്‍ക്ക് കാണുന്ന വിധത്തിലായിരുന്നു (മധ്യഭാഗം). അദ്ദേഹത്തിന് വഹ്‌യ് അവതീര്‍ണമാകുന്നു. അതിന്റെ വ്യാഖ്യാനം അദ്ദേഹം അറിയിക്കുന്നു. അദ്ദേഹം ചെയ്യുന്നതെല്ലാം ഞങ്ങളും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം തൗഹീദിന്റെ പ്രഖ്യാപനം നടത്തി (ലബ്ബൈകല്ലാഹുമ്മ……)
ഈ വിളംബരം ജനങ്ങളും ഉച്ചത്തിലാവര്‍ത്തിച്ചു. ഇത് നബി (സ) തുടര്‍ന്നുകൊണ്ടേയിരുന്നു. (ജാബിര്‍(റ) പറയുന്നു). ഞങ്ങള്‍ ഹജ്ജ് മാത്രമാണ് കരുതിയിരുന്നത്. ഉംറയെക്കുറിച്ച് ഞങ്ങള്‍ക്കറിവില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം കഅ്ബത്തിങ്കലെത്തി. അദ്ദേഹം ഹജറുല്‍അസ് വദിനെ ചുംബിച്ചു. എന്നിട്ട് (കഅ്ബയ്ക്ക് ചുറ്റും) മൂന്ന് റമലും(വേഗത്തില്‍ കാലടിവെച്ചുള്ള നടത്തം), നാല് നടത്തം സാധാരണയിലുള്ളതുമായി ത്വവാഫ് നിര്‍വഹിച്ചു. ശേഷം മഖാമു ഇബ്‌റാഹീമിലേക്ക് നചെന്നു. (വത്തഖിദൂ മിന്‍ മഖാമി ഇബ്‌റാഹീമ….) എന്ന വചനം ഓ തിക്കൊണ്ട് അവിടെ ചെന്ന് മഖാമിനെ തന്റെയും കഅ്ബയുടെയും ഇടയിലാക്കി രണ്ട് റക്അത്ത് നമസ്‌കരിച്ചു. പിന്നെ ഹജറുല്‍ അസ്‌വദിങ്കലെത്തി തൊട്ടുമുത്തി. പിന്നെ കവാടത്തിലൂടെ സ്വഫായിലേക്ക് പുറപ്പെട്ടു. സ്വഫയോടടുത്തപ്പോള്‍ (ഇന്നസ്സഫാ വല്‍ മര്‍വത…) എന്ന വചനം പാരായണം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു. അല്ലാഹു ആരംഭിച്ചതുകൊണ്ട് ഞാനും ആരംഭിക്കുന്നു. കഅ്ബ കാണുവോ ളം അദ്ദേഹം അതില്‍ കയറി. ശേഷം ഖിബ്‌ലക്ക് അഭിമുഖമായി തന്നെ തക്ബീറും തഹ്‌ലീലും ചൊല്ലി (ലാഇലാഹ…..)
അങ്ങിനെ അദ്ദേഹം പ്രാര്‍ഥിച്ചു. ഇതെല്ലാം മുന്നു തവണവീതം ആവര്‍ത്തിച്ചു. പിന്നെ അദ്ദേഹം മര്‍വയിലേക്ക് (പോകാന്‍) ഇറങ്ങി. അങ്ങനെ ബത്വ്‌നുല്‍വാദിയിലെത്തിയപ്പോള്‍ അല്പം വേഗത്തില്‍ ഓടുകയും പിന്നീട് സാധാരണ നടത്തമായി മര്‍വയിലേക്ക് കയറുകയും ചെയ്തു. സ്വഫായില്‍ ചെയ്തതുപോലെ മര്‍വയിലും ചെയ്തു. അങ്ങിനെ അദ്ദേഹത്തിന്റെ സഅ്‌യ് അവസാനം മര്‍വയിലെത്തി.
എന്നിട്ട് നബി(സ) പറഞ്ഞു. ഈ കാര്യത്തിന് (ഹജ്ജിന്) എനിക്ക് അവസരമുണ്ടാവുകയാണെങ്കില്‍ ഞാന്‍ ബലിമൃഗത്തെ കൊണ്ടുവരികയില്ല. ഞാനതിനെ ഉംറയാക്കും. അതിനാല്‍ നിങ്ങളില്‍ ബലിമൃഗം കൊണ്ടുവരാത്തവര്‍ ഇഹ്‌റാമില്‍ നിന്ന് വിരമിച്ച്(നിര്‍വഹിച്ചത്) ഉംറയായി മാറ്റട്ടെ. അപ്പോള്‍ സുറാഖതുബ്‌നു മാലിക് നബി(സ) യോട് ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, അത്(ഉംറക്കായി പുറപ്പെടല്‍) ഈ വര്‍ഷത്തേക്ക് മാത്രമാണോ അതോ എല്ലാ കാലത്തേക്കുമോ? നബി(സ) തന്റെ കൈവരലുകള്‍ കോര്‍ത്തുകൊണ്ട് പറഞ്ഞു. എല്ലാ കാലത്തേക്കും ഉംറ ഹജ്ജി ല്‍ ചേര്‍ന്നിരിക്കുന്നു. ഇപ്രകാരം രണ്ടുതവണ ആവര്‍ത്തിച്ചു.
നബി(സ)ക്കുള്ള ഒട്ടകവുമായി അലി(റ) യമനില്‍ നിന്നെത്തി. അപ്പോള്‍ ഫാത്വിമ(റ)യെ ഛായം പൂശിയ വസ്ത്രമണിഞ്ഞും കണ്ണെഴുതിയും ഇഹ്‌റാമില്‍ നിന്ന് വിരമിച്ച നിലയില്‍ കണ്ടു. അദ്ദേഹമത് ഇഷ്ടപ്പെട്ടില്ല. തന്റെ നീരസം അവരോടറിയിച്ചപ്പോള്‍ ഉപ്പയുടെ കല്പനപ്രകാരമാണത് എന്ന് അവര്‍ പറഞ്ഞു. ഈ വിവരം അദ്ദേഹം നബി (സ)യോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് സത്യമാണെന്ന് അവിടുന്ന് അറിയിച്ചു.
നബി(സ) അലി(റ)യോട് നീ എപ്രകാരമാണ് ഇഹ്‌റാമില്‍ പ്രവേശിച്ചത് എന്ന് അന്വേഷിച്ചു. ‘അല്ലാഹുവിന്റെ ദൂതന്‍ ഇഹ്‌റാമില്‍ പ്രവേശിച്ചതുപോലെ ഞാനും ഇഹ്‌റാമില്‍ പ്രവേശിച്ചു” എന്ന് മറുപടി നല്കി. അപ്പോള്‍ നബി(സ) പറഞ്ഞു. എന്നാല്‍ എന്റെ കൂടെ ബലിമൃഗമുള്ളതിനാല്‍ ഞാന്‍ തഹല്ലുലാകുന്നില്ല. നീയും തഹല്ലുലാകേണ്ടതില്ല.
തര്‍വിയ ദിനം(ദുല്‍ഹിജ്ജ 8) തഹല്ലുലായവര്‍ വീണ്ടും ഇഹ്‌റാമില്‍ പ്രവേശിക്കുകയും എല്ലാവരും നബി(സ)യോടൊപ്പം മിനായിലേക്ക് പുറപ്പെടുകയും ചെയ്തു. നബി(സ) വാഹനത്തിലാണ് പുറപ്പെട്ടത്. അവിടെ ദുഹ്ര്‍, അസ്വ്ര്‍, മഗ്രിബ്, ഇശാ, സ്വുബ്ഹ് നമസ്‌കരിച്ചു. സൂര്യോദയത്തിനുശേഷം അറഫയിലേക്ക് പുറപ്പെട്ടു. നമിറയില്‍ തനിക്കായി കെട്ടിയ തമ്പില്‍ ഇറങ്ങി. പിന്നീട് ഖസ്‌വാഅ് എന്ന തന്റെ ഒട്ടകത്തിന്റെ മീതെയായി താഴ്‌വരയിലെത്തി ജനങ്ങളോട് പ്രസംഗിച്ചു. പിന്നെ ബാങ്ക് വിളിച്ച് ദുഹ് ര്‍, അസ്വ്ര്‍(ഖസ്‌റാക്കി) നമസ്‌കരിച്ചു. സുന്നത്ത് നമസ്‌കാരങ്ങളൊന്നും നബി(സ) നിര്‍വഹിച്ചില്ല. പിന്നീട് വാഹനപ്പുറത്തായി ജബലു അറഫയുടെ താഴ്‌വരയിലെത്തി ഖിബ്‌ലയ്ക്ക് അഭിമുഖമായി ദീര്‍ഘമായി പ്രാര്‍ഥിച്ചു. സൂര്യാസ്തമനത്തിനുശേഷം ശാന്തരായി മുസ്ദലിഫയിലേക്ക് നീങ്ങി. ജനങ്ങളോട് വലതുകൈകൊണ്ട് ആംഗ്യം കാട്ടി ശാന്തരാകാന്‍ കല്പിച്ചു. തന്റെ ഒട്ടകത്തിന്റെ വേഗത നിയന്ത്രിക്കാ ന്‍ അതിന്റെ കടിഞ്ഞാണ്‍ അവിടുന്ന് വലിച്ചുപിടിച്ചിരുന്നു. ഉസാമതുബ്‌നു സൈദ്(റ) നബി(സ)യോടൊപ്പം വാഹനപ്പുറത്തുണ്ടായിരുന്നു. മുസ്ദലിഫയിലെത്തി മഗ്‌രിബും ഇശാഉം ജംഉം ഖസ്‌റുമായി നിര്‍വഹിച്ചു. ശേഷം ചെരിഞ്ഞുകിടന്നുറങ്ങി. പിന്നീട് സ്വുബ്ഹി നമസ്‌കരിച്ചു മശ്ഹറുല്‍ഹറാം(മുസ്ദലിഫയിലെ പള്ളി) സമീപത്തെത്തി, ഖിബ് ലക്ക് നേരെ തിരിഞ്ഞു പ്രാര്‍ഥിച്ചു.
സൂര്യോദയത്തിന് അല്പം മുമ്പായി ജംറയിലേക്ക് പോയി. അപ്പോള്‍ വാഹനത്തിന് പിന്നില്‍ ഫളലുബ്‌നു അബ്ബാസും ഉണ്ടായിരുന്നു. വാദിമുഅസ്സറിലെത്തിയപ്പോള്‍ അല്പം വേഗതകൂട്ടി. മധ്യവഴിയിലൂടെ ജംറതുല്‍ അഖബയിലെത്തി. തക്ബീറുകള്‍ മുഴക്കി. ഏഴുതവണ കല്ലെറിഞ്ഞു. പിന്നീട് നബി(സ) കൂടെ കൊണ്ടുവന്നതും അലി(റ) കൊണ്ടുവന്നതുമായ നൂറ് ബലിമൃഗത്തില്‍ അറുപത്തിമൂന്നെണ്ണം സ്വന്തം കൈകൊണ്ട് അറുക്കുകയും ബാക്കിയുള്ളത് അലി(റ)നെ ഏല്പിക്കുകയും ചെയ്തു. തുടര്‍ന്ന് ബലിമാംസത്തില്‍ നിന്ന്ഭക്ഷിച്ചു. ശേഷം വാഹനപ്പുറത്തേറി ത്വവാഫുല്‍ ഇഫാള നിര്‍വഹിക്കുകയും ഇഫാളയ്ക്കുശേഷം മിനായിലേക്ക് തന്നെ മടങ്ങുകയും ചെയ്തു (സംഗ്രഹം മുസ്‌ലിം 1218)
പിന്നെ ദുല്‍ഹിജ്ജ 13 വരെ ജംറാതുകളില്‍ സുഗ്‌റ, വുസ്ത്വ, അഖ്ബ എന്നിവയില്‍ യഥാക്രമം ഏറ് നിര്‍വഹിച്ചു. പിന്നെ കഅ്ബത്തിങ്കലെത്തി ത്വവാഫുല്‍ വിദാഅ് നടത്തി മക്കയിലേക്ക് തിരിച്ചു. (സീറതുന്നബവിയ്യ ലിന്നദ് വി 390)
Back to Top