ഹജ്ജിലെ സൗന്ദര്യവും സൗഭാഗ്യവും പ്രഫ. ശംസുദ്ദീന്‍ പാലക്കോട്
ഏകമാനവികതയാണ് ഹജ്ജിന്റെ സൗന്ദര്യം. മനുഷ്യന്‍ വര്‍ഗത്തിന്റെയും വംശത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ ഒരേ ദേശത്ത് തന്നെ വര്‍ഗീകരിക്കപ്പെടുകയും അപരവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന സമകാല ലോകത്ത് വര്‍ഗ-വംശ-വര്ണങ്ങള്ക്കതീതമാ യി മനുഷ്യ സൗഹാര്‍ദ്ദവും മനുഷ്യ സാഹോദര്യവും ഏകമാനവികതയും മനോഹരമായി അനുഭവവേദ്യമാകുന്ന മഹിതമായ ആരാധനയാണ് ഹജ്ജ്.
ഏകമാനവികത: നമ്മളൊക്കെ വ്യത്യസ്ത ദേശക്കാരും ഭാഷക്കാരുമാണെങ്കിലും നമ്മുടെയൊക്കെ ഉപ്പയും ഉമ്മയും അടിസ്ഥാനപരമായി ഒന്നാണ് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുന്നു എന്നതാണ് ഹജ്ജിലെ പ്രകടമായ സൗന്ദര്യം. പൂര്‍വപിതാവായ ഇബ്‌റാഹിം നബിയുടെ കര്‍മകേന്ദ്രമായ കഅ്ബയുടെ പരിസരത്ത് നില്‍ക്കുമ്പോഴാണ് ഈ സൗഭാഗ്യം ഹാജിമാര്‍ക്ക് ഏറ്റവും അധികം അനുഭവവേദ്യമാവുക.
കഅ്ബ സന്ദര്‍ശനം: പ്രപഞ്ചനാഥനായ അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി ഭൂമിയില്‍ ആദ്യമായി പടുത്തുയര്‍ത്തപ്പെട്ട ആരാധനാലയമാണ് കഅ്ബ. ലോകത്തിലെ ഏറ്റവുമധികം ജനസാന്ദ്രതയും ആരാധനാ പ്രധാന്യവുമുള്ള കഅ്ബയുടെ പരിസരത്താണ് ഹജ്ജിന്റെ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഹാജിമാര്‍ എത്തിച്ചേരുന്നത്. ലോകത്തിലെ പ്രഥമവും പ്രധാനവുമായ ആരാധനാലയത്തില്‍ എത്താനും അവിടെ ആരാധനാ കര്‍മങ്ങള്‍ ഹജ്ജിന്റെയും ഉംറയുടെയും രൂപത്തില്‍ നിര്‍വഹിക്കാനും കഴിയുക എന്നത് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
ശാന്തികേന്ദ്രം: ലോകത്തിലെ ഏറ്റവുമധികം സമാധാനവും ആനന്ദാനുഭൂതിയും കണ്‍കുളിര്‍മയും അനുഭവിക്കുന്ന കേന്ദ്രത്തിലാണ് – കഅ്ബ മന്ദിരത്തിന്റെ മുന്നിലാണ്- ഹാജിമാര്‍ എത്തിച്ചേരുന്നത്. ഇതാണ് ഹജ്ജിലെ മറ്റൊരു സുപ്രധാന സൗന്ദര്യ സൗഭാഗ്യം. ‘നിര്‍ഭയത്വം നല്‍കുന്ന സമാധാന കേന്ദ്രം’ എന്ന് വേദഗ്രന്ഥത്തില്‍ വിശേഷിപ്പിക്കപ്പെട്ട ആരാധനാലയമാണ് കഅ്ബ. അപ്രകാരം നിര്‍ഭയത്വവും ശാന്തി-സമാധാനവും അനുഭവപ്പെടുന്ന സ്ഥലമാണ് കഅ്ബയും പരിസരപ്രദേശവും.
മഖാമുഇബ്‌റാഹിം: മാനവചരിത്രഗതിയുടെ ഉള്‍പ്പുളകമേകുന്ന ഒട്ടനവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തപ്പെട്ട പുണ്യഭൂമിയിലേക്കാണ് ഹാജിമാരുടെ യാത്ര എന്നതാണ് ഹജ്ജിലെ മറ്റൊരു സൗഭാഗ്യം. അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം കഅ്ബ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം ഇബ്‌റാഹിം നബിയും മകന്‍ ഇസ്മയിലും വികാരഭരിതമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച സ്ഥലം ‘മഖാമുഇബ്‌റാഹിം’ എന്ന പേരില്‍ അടയാളപ്പെടുത്തപ്പെട്ട ചരിത്ര സ്മാരകത്തിന്റെ ചാരത്ത് നിന്ന് ത്വവാഫിന് ശേഷം രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കാന്‍ ഹാജിമാര്‍ക്ക് സാധിക്കുന്നു എന്നത് ഹജ്ജിലെ അവിസ്മരണീയമായ ഒരു അനുഭൂതി വിശേഷം തന്നെയാണ്.
ഹജറുല്‍ അസ്‌വദ്: നബി(സ) സ്വന്തം കൈ കൊണ്ട് എടുത്തുയര്‍ത്തിവെച്ച ‘ഹജറുല്‍ അസ്‌വദ് ‘ കണ്ടും തൊട്ടും ചുംബിച്ചും ത്വവാഫ് നിര്‍വഹിക്കാന്‍ കഴിയുന്നത് ഹാജിമാര്‍ക്ക് ലഭിക്കുന്ന അവിസ്മരണീയ സൗഭാഗ്യം തന്നെയാണ്. ഇബ്‌റാഹിം നബിയുടെ പിഞ്ചുപൈതലായ ഇസ്മായില്‍ ദാഹവിവശനായി വാവിട്ടു കരഞ്ഞപ്പോള്‍ ദാഹജലമായി മണലാരിണ്യത്തില്‍ ‘സംസം’ പൊട്ടിയൊഴുകിയത് ഇപ്പോഴും അനുസൂതമായ ഉറവ നിലക്കാത്ത ജല നിര്‍ഝരിയായി ഒഴുകുന്നത് കാണാനും അതില്‍ നിന്ന് സംസം വെള്ളം മതി വരുവോളം പാനം ചെയ്യാനും സാധിക്കുന്നത് ഹാജിമാരുടെ മനസ്സില്‍ മായാതെ, മങ്ങാതെ നില്‍ക്കുന്ന ഒരനുഭൂതിയാണ്. സംസം, ഹജറുല്‍ അസ്‌വദ്, മഖാമുഇബ്‌റാഹിം തുടങ്ങിയ മഹത്തായ ദൃഷ്ടാന്തങ്ങളെ (ആയത്തുകളെ) ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുമ്പോള്‍ ഹാജിമാര്‍ അനുഭവിക്കുന്ന അനുഭൂതി വിശേഷം അവാച്യ സുന്ദര സൗഭാഗ്യം തന്നെയാണ്.
ഒരു ലക്ഷം പ്രതിഫലം: കുറഞ്ഞ പ്രവര്‍ത്തനത്തിന് അതിവിപുലമായ പ്രതിഫലം ലഭിക്കുന്ന ഇടത്തേക്കാണ് ഹാജിമാര്‍ പോകുന്നത് എന്നതാണ് മറ്റൊരു സൗഭാഗ്യം. ലോകത്തുള്ള മറ്റേതൊരു പള്ളിയിലേയും (മദീനയിലെ മസ്ജിദുന്നബവിയും ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസ്സും ഒഴികെ) ആരാധനയെക്കാള്‍ ഒരു ലക്ഷം മടങ്ങ് കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ഇടമാണ് മസ്ജിദുല്‍ ഹറാം എന്ന പള്ളി. ലോക മുസ്‌ലിംകള്‍ ആകമാനം തിരിഞ്ഞു നമസ്‌കരിക്കുന്ന മക്കയിലെ കഅ്ബ മന്ദിരം നിലകൊള്ളുന്നതും പത്ത് ലക്ഷത്തിലധികം പേര്‍ക്ക് ഒരുമിച്ച് നമസ്‌കരിക്കാന്‍ വിശാലതയുള്ളതുമായ കെട്ടിട സമുച്ചയമാണ് മസ്ജിദുല്‍ ഹറാം. ഹാജിമാര്‍ മസ്ജിദുല്‍ ഹറാമില്‍ ആരാധനയില്‍ മുഴുകി ചെലവഴിക്കുന്ന ഓരോ നിമിഷവും വിലമതിക്കാനാവാത്ത നന്മകളുടെ നിധിശേഖരമാണ്. അഥവാ മസ്ജിദുല്‍ ഹറാമിലെ നിമിഷങ്ങളോരോന്നും സല്‍ക്കര്‍മദായകവും പ്രതിഫലാര്‍ഹവുമാക്കാന്‍ ഹാജിമാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നതും ശ്രദ്ധിക്കേണ്ടതുമാണ്. കാരണം അത്രമേല്‍ വലിയ സൗഭാഗ്യത്തിലാണ് മസ്ജിദുല്‍ ഹറാമില്‍ എത്തിച്ചേര്‍ന്നിട്ടുള്ള ഹാജിമാര്‍.
അല്ലാഹുവിന്റെ അതിഥികള്‍: മറ്റേതൊരു ആരാധനയും വിശ്വാസികള്‍ സ്വമേധയാ നിര്‍വഹിച്ച് അവ സ്വീകരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുക. എന്നാല്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ ചെയ്യുന്നത് അല്ലാഹുവിനാല്‍ ക്ഷണിക്കപ്പെട്ട് മക്കയില്‍ എത്തി ഹജ്ജ് നിര്‍വഹിക്കുകയാണ്. അല്ലാഹുവിനാല്‍ ക്ഷണിക്കപ്പെടുകയും തെരഞ്ഞെടുക്കപ്പെടുകയും അവന്റെ അതിഥികളായി അവന്റെ ആദ്യ ഭവനത്തിലേക്ക് പോകാന്‍ കഴിയുക എന്നതിനേക്കാള്‍ വലിയ സൗഭാഗ്യം മറ്റെന്താണുള്ളത്! ഈയൊരു അവാച്യ സുന്ദര സൗഭാഗ്യമാണ് ഹാജിമാര്‍ക്ക് ഹജ്ജിലൂടെ ലഭിക്കുന്നത്. ‘അല്ലാഹുവേ നിന്റെ ക്ഷണം സ്വീകരിച്ച് ഞങ്ങളിതാ നിന്റെയടുത്തേക്ക് വന്നിരിക്കുന്നു’ എന്ന തല്‍ബിയത്ത് ഈ അനവദ്യ സൗന്ദര്യത്തെയും ആനന്ദാനുഭൂതിയെയും തന്നെയാണ് പ്രകാശിപ്പിക്കുന്നത്.
പുതിയ മനുഷ്യന്‍: ഹജ്ജ് നിര്‍വഹിക്കുക എന്നതിലൂടെ പുതിയ ഒരു മനുഷ്യനായി ഓരോ ഹാജിക്കും ‘പുനര്‍ജനിക്കാന്‍’ കഴിയുന്നു എന്നതാണ് ഹജ്ജിലെ മറ്റൊരു സൗഭാഗ്യം. ”അധര്‍മ്മമോ അനാശാസ്യമോ കലരാത്ത വിധത്തില്‍ ഒരാള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയാല്‍ അവനെ അവന്റെ ഉമ്മ പ്രസവിച്ച ആദ്യ ദിവസത്തെ പരിശുദ്ധിയോടെ അവന് മടങ്ങാന്‍ കഴിയും” എന്ന ബുഖാരിയും മുസ് ലിമും ഉദ്ധരിച്ച നബിവചനം ഈ സൗഭാഗ്യത്തെയാണ് അടിവരയിടുന്നത്. ഹജ്ജ് കര്‍മ്മങ്ങളുടെ പരിസമാപ്തി കുറിച്ച് പുരുഷന്മാരായ ഹാജിമാര്‍ തലമുണ്ഡനം ചെയ്യുകയും സ്ത്രീകള്‍ തലമുടി വെട്ടുകയും ചെയ്യുന്നതിലൂടെ താന്‍ ഒരു പുതുമനുഷ്യനായി പുനര്‍ജനിച്ചിരിക്കുന്നു എന്ന പ്രതീകാത്മതകയാണ് ദൃഷ്ടാന്തീകരിക്കപ്പെടുന്നത്. അഹിതവും അവിഹിതവുമായ എല്ലാ വിചാര വികാര പ്രവര്‍ത്തനങ്ങളും ഞാനിതാ പൂര്‍ണ്ണമായും ഇവിടെ ഒഴിവാക്കുന്നു എന്നതിന്റെ ഒരു പ്രതീകാത്മകയായി തലമുണ്ഡനം ചെയ്യുന്നതിനെയും മുടിവെട്ടിക്കളയുന്നതിനെയും മനസ്സിലാക്കാവുന്നതാണ്.
സ്വര്‍ഗം പ്രതിഫലം: ഹജ്ജ് ചെയ്തവര്‍ക്ക് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല എന്ന ബുഖാരിയും മുസ്‌ലിമും റിപ്പാര്‍ട്ട് ചെയ്ത നബിവചനമാണ് ഹാജിമാരെ അത്യധികമായി മോഹിപ്പിക്കേണ്ട മറ്റൊരു പ്രചോദനവാക്യം . കാരണം ഏതൊരു സത്യവിശ്വാസിയുടെയും അത്യന്തിക ലക്ഷ്യം സ്വര്‍ഗമാണല്ലോ. ആ ലക്ഷ്യം നേടുന്നതിനുള്ള ദൗത്യ നിര്‍വഹണമാണ് ഈ ജീവിതം. അതിലേക്കുള്ള മാര്‍ഗങ്ങളാണ് ആരാധനകളും മറ്റ് സല്‍ക്കര്‍മ്മങ്ങളും. ആരാധനകളെല്ലാം സത്യവിശ്വാസി നിര്‍വഹിക്കുന്നതും നിര്‍വഹിക്കേണ്ടതും സ്വര്‍ഗ മോഹത്തോടെ തന്നെയായിരിക്കണം. എന്നാല്‍ ഹജ്ജ് കര്‍മം വ്യത്യസ്തമാവുന്നത് സ്വര്‍ഗം നേര്‍ക്കുനേര്‍ ഓഫര്‍ ചെയ്യപ്പെട്ട ഏക ആരാധന എന്ന നിലയിലാണ്. നിബന്ധനകള്‍ പാലിച്ച് സ്വീകാര്യ യോഗ്യവും പുണ്യകരവുമായ ഹജ്ജ് പൂര്‍ത്തിയാക്കിയവര്‍ക്ക് അവര്‍ മക്കയില്‍ നിന്ന് മരണപ്പെട്ടാലും നാട്ടില്‍ വന്നതിന് ശേഷം മരണപ്പെട്ടാലും മരണാനന്തരം ലഭിക്കുന്നത് സ്വര്‍ഗമാണെങ്കില്‍ അതിനെക്കാള്‍ വലിയ സൗഭാഗ്യം ഒരു സത്യവിശ്വാസിക്ക് മറ്റെന്താണ് ലഭിക്കാനുള്ളത്?
മനുഷ്യരൊന്ന്: മനുഷ്യന്‍ നിര്‍വഹിക്കുന്ന ഏതൊരു യാത്രയും ഭാഗികമോ പ്രാദേശികമോ ആയിരിക്കും. എന്നാല്‍ ഹജ്ജ് യാത്രയില്‍ താന്‍ ഒരു ലോക പൗരനാണ് എന്നും ലോകത്തിന്റെ ഒരു നേര്‍ചിത്രം നേരില്‍ കണ്ടവനാണെന്നും അനുഭവബോധ്യം വരുന്നു. അഥവാ ലോകത്തിലെ എല്ലാ പ്രദേശത്തുമുള്ള ജനങ്ങളുടെ പ്രതിനിധികള്‍ ഇടകലര്‍ന്ന് ഒന്നിച്ചിഴുകിച്ചേര്‍ന്ന് ഏകോദര സഹോദരന്മാരായി സംഗമിക്കുന്ന അത്യപൂര്‍വ്വ സ്ഥലമാണ് അറഫ. ദുല്‍ഹജ്ജ് 9-ന്റെ അറഫാ അനുഭവവും അന്ന് രാത്രിയിലെ മുസ്ദലിഫ വിശ്രമവും പിറ്റേന്നത്തെ മിനായിലേക്കുള്ള യാത്രയും ഏതെങ്കിലും ഒരു പ്രത്യേക രാജ്യക്കാര്‍ക്ക് മാത്രമുള്ളതല്ല. ലോകത്തോടൊപ്പം, ലോകജനതയോടൊപ്പം (അവരില്‍ വെളുത്തവരും കറുത്തവരുമുണ്ട്, മൂക്ക് പരന്നവരും മൂക്ക് നീണ്ടവരുമുണ്ട്, തടിച്ച് കൊഴുത്തവരും ചുക്കിചുളിഞ്ഞവരുമുണ്ട്, ചുണ്ട് തടിച്ചവരും ചുണ്ട് പതിഞ്ഞവരുമുണ്ട്, നീണ്ടവരും കുറിയവരുമുണ്ട്) നമ്മളൊന്ന് മനുഷ്യരൊന്ന് എന്ന് ശരിക്കും അനുഭവപ്പെടുന്ന തരത്തിലുള്ള സംഗമവേദിയാണ് അറഫയും മുസ്ദലിഫയും മിനയും. ദുല്‍ഹജ്ജ് 8,9,10 ദിവസങ്ങളില്‍ ഈ മഹിതമായ അനുഭവങ്ങളിലൂടെയാണ് ഹാജിമാര്‍ കടന്നുപോവുന്നത്. ഇത്തരമൊരു മാനവിക പരിച്ഛേദം പ്രായോഗിക തലത്തില്‍ അനുഭവബോധ്യമാവാന്‍ ഹജ്ജ് കര്‍മമല്ലാതെ മറ്റൊരു സംവിധാനവും ലോകത്തില്ല എന്നതും ശ്രദ്ധേയമാണല്ലോ.
ഹജ്ജില്‍ നിലകൊള്ളുന്ന മേല്‍പറഞ്ഞ സൗഭാഗ്യങ്ങളെയും സൗന്ദര്യങ്ങളെയും സൂചിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ ഒരു ആയത്ത് ഇപ്രകാരം: ”തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാമന്ദിരം ബക്കയില്‍ (മക്കയില്‍) ഉള്ളതത്രെ. അത് അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും നിലകൊള്ളുന്നു. അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. വിശിഷ്യ ഇബ്‌റാഹിം നിന്ന സ്ഥലം – മഖാമു ഇബ്‌റാഹിം- അവിടെയുണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായി തീരുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ളവര്‍ അതിലേക്ക് ഹജ്ജ് തീര്‍ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവിനോടുള്ള കടമയാകുന്നു. വല്ലവനും (ഹജ്ജ് നിര്‍വഹിക്കാതെ) നന്ദികേട് കാണിക്കുകയാണെങ്കില്‍ അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.” (ഖുര്‍ആന്‍ 3:96)