1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഹജ്ജിന്റെ ആത്മാവ് ഗസ്സാലിയുടെ ചിന്തകളില്‍ -വസ്ഫി ആശൂര്‍ അബൂസെയ്ദ്

ഇസ്‌ലാമിന്റെ മഹനീയചിഹ്നങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് ഹജ്ജ്. പരിശുദ്ധ ഭവനം തേടി രാജ്യങ്ങള്‍ താണ്ടിയുള്ള ഒരു യാത്ര. അല്ലാഹുവിന്റെ കൂട്ടുകാരന്‍ (ഖലീലുല്ലാഹി) ഇബ്‌റാഹീമി(അ)ന്റെയും മുഹമ്മദ് നബി(സ)യുടെയും ഉത്കൃഷ്ട ജീവിതചര്യയില്‍ ആഴ്ന്നിറങ്ങാനുള്ള വിശ്വാസിയുടെ പരിശ്രമം. അതിയായ സന്തോഷവും ആനന്ദവും ഒരു വിശ്വാസി ഈ യാത്രയില്‍ അനുഭവിക്കുന്നു. തന്നെ അല്ലാഹുവിന് സമര്‍പ്പിക്കുന്നതില്‍ എത്രയേറെ ദൗര്‍ബല്യം ബാധിച്ചിട്ടുണ്ടെന്ന് യാത്രയിലും അനുബന്ധ ആരാധനാവേളകളിലും അവന് വെളിപ്പെടും. നാടും വീടും ഉപേക്ഷിച്ച്, പാപമോചനത്തിന് അര്‍ഥിച്ച് ഹജ്ജിനെത്തുന്ന ഒരാള്‍ക്ക് ഹൃദയത്തിന്റെ കണ്ണുകൊണ്ട് പ്രപഞ്ച സ്രഷ്ടാവിന്റെ മഹത്വം അനുഭവവേദ്യമാകും. ഇസ്‌ലാമിലെ ഈ മഹത്തായ ഹജ്ജ് കര്‍മത്തിന്റെ ആത്മാവിനെക്കുറിച്ച് വ്യതിരിക്തമായ പല ചിന്തകളും പങ്കുവെച്ച പണ്ഡിതന്മാരില്‍ അഗ്രേസരനാണ് ഇമാം ഗസ്സാലി. ഹജ്ജിന്റെ ആത്മാംശവും അതിന്റെ സാമൂഹിക നാഗരിക വശവും ഹൃദയസ്പൃക്കായ ഭാഷയിലാണ് ഗസ്സാലി അവതരിപ്പിക്കുന്നത്.
രണ്ട് വിളംബരങ്ങള്‍
ഹജ്ജ് രണ്ട് വിളികള്‍ക്കുള്ള ഉത്തരമാണ്. അതിലൊന്നിനെ പഴയതായും രണ്ടാമത്തേതിനെ പുതിയതായും ഗസ്സാലി വിവരിക്കുന്നു. ഖലീലുല്ലാഹ് ഇബ്‌റാഹീം(അ) ലോകജനതയെ ഹജ്ജിന് ക്ഷണിക്കുന്നതും അതിന് ഇസ്‌ലാമികലോകം മറുപടി നല്‍കുന്നതുമാണ് പഴയത്. അതിനെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നതിങ്ങനെ: ”(അല്ലാഹു ഇബ്‌റാഹീം നബിയോട് പറഞ്ഞു:) തീര്‍ഥാടനം ചെയ്യുവാന്‍ ജനങ്ങളില്‍ പൊതുവിളംബരം ചെയ്യുക. ദൂരദിക്കുകളില്‍നിന്നൊക്കെയും കാല്‍നടക്കാരായും, ഒട്ടകങ്ങളില്‍ സവാരി ചെയ്തുകൊണ്ടും അവര്‍ നിന്റെയടുക്കല്‍ എത്തിച്ചേരുന്നതാകുന്നു” (സൂറതുല്‍ ഹജ്ജ് 27). ഹജ്ജ് അനുഷ്ഠിക്കാനും അതിലെ സൗഭാഗ്യങ്ങളെ പുല്‍കാനും തിരുനബി(സ) പിന്നീട് കല്‍പിച്ചതോടെ ഇബ്‌റാഹീം നബിയുടെ വിളംബരത്തിന് നവഭാവം കൈവന്നുവെന്നും ഗസ്സാലി വിവരിക്കുന്നു.
വിധേയത്വം
ഹജ്ജ് അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ വിധേയത്വത്തിന്റെ പ്രതീകമാണ്. കാരണം, വിശ്വാസി വിശുദ്ധഭവനത്തില്‍ ഹജ്ജിനെത്തുന്നത് ഇഹലോകവുമായുള്ള തന്റെ കെട്ടുപാടുകളെയെല്ലാം ബലികഴിച്ചാണ്. ഇഹലോകത്തെ സുഖാഡംബരങ്ങള്‍ മാടിവിളിക്കുമ്പോള്‍; ഇല്ല, അല്ലാഹുവിന്റെ വിളിക്കാണ് ഞാന്‍ ഉത്തരം നല്‍കുന്നതെന്ന് (ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്) പ്രഖ്യാപിക്കുകയാണ് വിശ്വാസി ഹജ്ജ് വേളയില്‍. ഒപ്പം അവന്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും അവനെ വാഴ്ത്തുകയും ചെയ്യുന്നു (ഇന്നല്‍ഹംദ വന്നിഅ്മതലക വല്‍മുല്‍ക്). വിനയാന്വിതമായി തല്‍ബിയത്ത് മുഴക്കി കാതങ്ങള്‍ താണ്ടുന്ന ഹാജിയുടെ/ഹാജയുടെ, അല്ലാഹുവിനെ മഹത്വപ്പെടുത്തുന്ന വാക്കുകള്‍ ഭൂമിയിലുള്ള സര്‍വജീവജാലങ്ങളും എറ്റുപറയുന്നതും മറ്റൊന്നും കൊണ്ടല്ല. ഭൂമിലോകത്തെ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ഒരു യാഥാര്‍ഥ്യമാണല്ലോ അവന്‍ വിളിച്ചുപറയുന്നത്. റസൂല്‍(സ) അതിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പറഞ്ഞു: ”ഹജ്ജിനെത്തുന്ന ഒരു മുസ്‌ലിമും തല്‍ബിയത്ത് ഉരുവിടുന്നില്ല; അവന്റെ ഇടതും വലതുമുള്ള കല്ലും മരവും മണ്ണും അതേറ്റ് പറഞ്ഞിട്ടല്ലാതെ.”
ഇബാദത്ത് കര്‍മങ്ങള്‍
ഹജ്ജിന്റെ അനുഷ്ഠാനകര്‍മങ്ങള്‍ മനുഷ്യബുദ്ധിക്ക് തീര്‍ത്തും അംഗീകരിക്കാന്‍ കഴിയുന്നതാണ്. ഹജ്ജ് അങ്ങേയറ്റം വിധേയത്വത്തിന്റെ പ്രതീകമാണെന്ന് പറയുമ്പോള്‍ അതിലെ കര്‍മങ്ങളില്‍ ബുദ്ധിക്ക് സ്ഥാനമില്ലെന്ന് ആരും കരുതേണ്ടതില്ലെന്ന് ഗസ്സാലി പറയുന്നു. ബുദ്ധികൊണ്ട് ചിന്തിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ അല്ലാഹു മനുഷ്യരോട് കല്‍പിക്കുന്നത് അവര്‍ അതനുസരിക്കാനാണ്. ബുദ്ധിക്ക് പിടികൊടുക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നത് മനുഷ്യര്‍ എങ്ങനെ അതിനെ ശ്രവിക്കുന്നുവെന്നും അനുസരിക്കുന്നുവെന്നും അല്ലാഹുവിന് തിരിച്ചറിയാനാണ്. അവധാനതയുണ്ടെങ്കില്‍, തീര്‍ച്ചയായും ഹജ്ജിലെ കര്‍മങ്ങള്‍ ബുദ്ധിപരമായും നമുക്ക് മനസ്സിലാക്കാനാവും. ത്വവാഫ് എന്ന അനുഷ്ഠാനം എടുത്ത് നോക്കാം. ഇമാം ഗസ്സാലി അതിനെക്കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്:
ഒന്ന്, ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തപ്പെട്ട പ്രഥമ ആരാധനാലയമാണ് കഅ്ബ. അല്ലാഹു അതിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. അതിനാല്‍, പ്രഥമ ഏകദൈവാരാധനാലയം എന്ന നിലയ്ക്ക് കഅ്ബയാവണം തൗഹീദിന്റെ കേന്ദ്രം. കഅ്ബയാവണം ഏകദൈവ വിശ്വാസികളുടെ അഭയവും ആശ്രയവും. ലോകത്തിന്റെ നാല് മൂലകളില്‍ നിന്നും കഅ്ബയുടെ പദവി തിരിച്ചറിഞ്ഞ ജനങ്ങള്‍ അതിനാലാണ് അതിനെ ത്വവാഫ് ചെയ്യാന്‍ എത്തുന്നത്.

രണ്ട്, ലോകത്തെല്ലായിടത്തുമുള്ള മുസ്‌ലിം ജനസമൂഹം തങ്ങളുടെ നമസ്‌കാരങ്ങള്‍ പരിശുദ്ധ കഅ്ബയെ അഭിമുഖീകരിച്ചാണ് നിര്‍വഹിക്കുന്നത്. കഅ്ബയെ നമസ്‌കാരത്തിന്റെ ദിശാബിന്ദുവാക്കിയ ഒരു ജനസമൂഹത്തെ സംബന്ധിച്ചേടത്തോളം അവരിലെ കഴിവുള്ളവരുടെ അവകാശമാണ്/ബാധ്യതയാണ് അതിനെ സന്ദര്‍ശിക്കലും അത് ലക്ഷ്യകേന്ദ്രമാക്കി പുറപ്പെടലും. തങ്ങളുടെ ഖിബ്‌ലയെ നേരിട്ട് കാണാനും ആത്മനിര്‍വൃതി അടയാനുമാണിത്.
മൂന്ന്, മുസ്‌ലിം ഉമ്മത്ത് ഈ ലോകത്ത് പിറവിയെടുത്തത് ഉത്തമമായൊരു പ്രാര്‍ഥനയുടെ ഫലമായിട്ടാണ്. അല്ലാഹു അതിനെ ഇങ്ങനെ സൂചിപ്പിച്ചു: ”ഓര്‍ക്കുക, ഈ മന്ദിരത്തിന്റെ ഭിത്തികള്‍ പടുത്തുയര്‍ത്തവെ ഇബ്‌റാഹീമും ഇസ്മാഈലും പ്രാര്‍ഥിച്ചിരുന്നു: ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നിന്ന് ഈ എളിയ കര്‍മം കൈക്കൊള്ളേണമേ! സകലരില്‍ നിന്നും കേള്‍ക്കുന്നവനും സകലതുമറിയുന്നവനുമല്ലോ നീ. നാഥാ, ഞങ്ങളിരുവരെയും നിനക്ക് മുസ്‌ലിം (അനുസരണയുള്ളവര്‍) ആയ ദാസന്മാരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍ നിന്നും നിനക്കു മുസ്‌ലിമായ ഒരു സമൂഹത്തെ എഴുന്നേല്‍പിക്കേണമേ! ഞങ്ങള്‍ക്കു ഞങ്ങളുടെ ആരാധനാമാര്‍ഗങ്ങള്‍ അറിയിച്ചുതരേണമേ! ഞങ്ങളുടെ വീഴ്ചകള്‍ മാപ്പാക്കിത്തരേണമേ! ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ നീ! ഞങ്ങളുടെ നാഥാ, ഈ ജനത്തില്‍ അവരില്‍ നിന്നു തന്നെ, നിന്റെ വചനങ്ങള്‍ കേള്‍പ്പിക്കുകയും ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും അവരുടെ ജീവിതത്തെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നിയോഗിക്കേണമേ! സര്‍വശക്തനും യുക്തിജ്ഞനുമല്ലോ നീ.”(2:127-129)
ഇവിടെ സൂചിപ്പിച്ച ‘മുസ്‌ലിമായ സമൂഹമാണ്’ ഇസ്‌ലാമിക ഉമ്മത്ത്. ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചതിന്റെ ഫലമായാണ് മുഹമ്മദ് നബി(സ) ഈ സമൂഹത്തിലേക്ക് ആഗതനായത്. അഥവാ, മുസ്‌ലിം ഉമ്മത്തിന്റെ പിറവിയും അവരിലേക്കുള്ള പ്രവാചകന്റെ നിയോഗവും കഅ്ബയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. എങ്കില്‍, തങ്ങളുടെ ചരിത്രത്തിന് തുടക്കം കുറിക്കാന്‍ കാരണമായ കഅ്ബ സന്ദര്‍ശിക്കാനല്ലാതെ മുസ്‌ലിംകള്‍ എവിടേക്കാണ് ഒരുങ്ങിയിറങ്ങേണ്ടത്. തിരുനബി(സ)യുടെ നിയോഗത്തിന് അല്ലാഹു ഉത്തരം അരുളിയത് കഅ്ബയുടെ നിര്‍മാണവേളയിലെ പ്രാര്‍ഥനയുടെ ഫലമാണെന്നിരിക്കെ മുസ്‌ലിംകള്‍ എങ്ങനെയാണ് കഅ്ബയെ പുല്‍കാതിരിക്കുക! അതിനെ ത്വവാഫ് ചെയ്യാതിരിക്കുക !
മാത്രമല്ല, കഅ്ബ സന്ദര്‍ശിക്കാന്‍ മാര്‍ഗമൊരുക്കുക അതിനെ സംരക്ഷിക്കുന്ന രക്ഷിതാവിന്റെ ബാധ്യതയാണ്. ഏഴ് തവണയായി ചെയ്യുന്ന ത്വവാഫാണ് ആ മാര്‍ഗമെങ്കില്‍ അതില്‍ അസംബന്ധമായി എന്താണുള്ളതെന്നും ഗസ്സാലി ചോദിക്കുന്നു.
സ്വഫാ മര്‍വക്കിടയിലെ ഓട്ടത്തിന്റെ ഹിക്മത്ത് വിശദീകരിച്ച് ശൈഖ് പറയുന്നു: മനുഷ്യര്‍ സ്വതവേ സ്വാര്‍ഥ മനസ്ഥിതി ഉള്ളവരാണ്. കയ്യില്‍ ധനമുണ്ടാവുമ്പോള്‍ അതെന്റേതാണെന്ന് പറഞ്ഞ് അവര്‍ ഊറ്റം കൊള്ളും. എന്നാല്‍ വിഭവങ്ങളുടെ ലബ്ധി അവന് മുന്നില്‍ ഓരു വാഗ്ദാനം മാത്രമാണെങ്കില്‍ അവന്റെ മനസ്സ് എല്ലായ്‌പ്പോഴും ആശങ്കാകുലമായിരിക്കും. അഥവാ അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍, മനസ്സിനെ ശാന്തമാക്കാന്‍ ദൃഢവിശ്വാസത്തിനേ കഴിയൂ. ഈ ദൃഢവിശ്വാസം ഹാജറാ ബീവിക്ക് ഉണ്ടായതിനാലാണ് സ്വന്തം ഭര്‍ത്താവ് മരുഭൂമിയില്‍ തന്റെ കുഞ്ഞിനോടൊപ്പം ഉപേക്ഷിച്ചപ്പോഴും ദൈവമാര്‍ഗത്തില്‍ പൂര്‍ണ സമര്‍പ്പണം നടത്തിയത്. അവര്‍ ആ അനുസരണം പ്രകടിപ്പിച്ചത് ഇങ്ങനെ: അല്ലാഹുവാണോ താങ്കളോട് ഞങ്ങളെ ഇങ്ങനെ ഉപേക്ഷിക്കാന്‍ കല്‍പിച്ചത്? ‘അതെ’യെന്ന മറുപടി കേട്ടപ്പോള്‍ ഹാജറ പ്രതികരിച്ചു: അങ്ങനെയെങ്കില്‍ അല്ലാഹു ഞങ്ങളെ കൈവിടില്ല. പിന്നീട് തന്റെ പൊന്നുമോന്‍ ദാഹംകൊണ്ട് കരഞ്ഞപ്പോള്‍ വെള്ളംതേടി ഇടത്തും വലത്തും പാഞ്ഞു. രക്ഷിതാവിന്റെ കല്‍പനയെത്തിയതോടെ കുട്ടി കിടന്നിടത്ത് സംസം പൊട്ടിയൊഴുകി. ദൈവമാര്‍ഗത്തില്‍ സര്‍വം സമര്‍പ്പിച്ച ഹാജറയുടെ ത്യാഗം അനുസ്മരിപ്പിക്കുകയാണ് സഫയിലെയും മര്‍വയിലെയും ഓട്ടം. അല്ലാഹുവില്‍ ഭരമേല്‍പിക്കാനും അവന്റെ അനുഗ്രഹങ്ങളില്‍ പ്രതീക്ഷ തേടാനും വിശ്വാസിസമൂഹം ഹാജറയെപോലെ പരിശീലിക്കുകയാണ് സഫയിലും മര്‍വയിലും
വാഗ്ദാനം നല്‍കല്‍
ഹജ്ജ് അല്ലാഹുവിന്റെ കല്‍പനകള്‍ ശിരസ്സാവഹിക്കുമെന്ന് വാഗ്ദാനം നല്‍കലാണ്. ഇബാദത്ത് അവന് മാത്രമായി അര്‍പ്പിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യലും. ആ വാഗ്ദാനത്തെയും ദൃഢനിശ്ചയത്തെയും ശരീരംകൊണ്ട് ആവിഷ്‌കരിക്കാനാണ്, പരിഭാഷപ്പെടുത്താനാണ് വിശ്വാസികള്‍ ഹജ്ജിനെത്തുന്നത്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിച്ച് മനസ്സില്‍ തഖ്‌വ ഉറപ്പിക്കാനുമാണത്. രക്ഷിതാവ് പറഞ്ഞല്ലോ: ”അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ വല്ലവരും ആദരിക്കുന്നുവെങ്കില്‍ അത് ഹൃദയങ്ങളുടെ ഭക്തിയാലത്രെ.” (22:32)
അവിടെ വിശ്വാസിക്ക് അല്ലാഹുവോട് മാത്രമാണ് തേടാനുള്ളത്, സംവദിക്കാനുള്ളത്. അല്ലാഹുവിന്റെ ദാസനെന്ന തന്റെ ദൗര്‍ബല്യം രക്ഷിതാവിന്റെ മുമ്പില്‍ പ്രകടിപ്പിക്കുകയാണ് വിശ്വാസികള്‍ ഹജ്ജ് കര്‍മങ്ങളില്‍. ‘അല്ലാഹു എത്ര പരിശുദ്ധന്‍, അവനല്ലാതെ വേറൊരു ഇലാഹില്ല, അവനാണ് ഏറ്റവും വലിയവന്‍’  എന്ന മന്ത്രണങ്ങള്‍ അവരുടെ ചുണ്ടുകളെ എല്ലായ്‌പ്പോഴും നനച്ചിരിക്കും. പിന്നീട് പ്രാര്‍ഥനയും: ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ ഈ ലോകത്തു നന്മ ചൊരിയേണമേ, പരലോകത്തും നന്മ ചൊരിയേണമേ! നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാക്കുകയും ചെയ്യേണമേ!
കാതങ്ങള്‍ താണ്ടിയെത്തിയ വിവിധ ദേശക്കാരായ ജനങ്ങള്‍ക്ക് അന്നേ ദിവസം ഒരൊറ്റ മാനസികാവസ്ഥയാണുണ്ടായിരിക്കുക. ഒരൊറ്റ വികാരമായിരിക്കും. അതവര്‍ പ്രകടിപ്പിക്കുന്നത് നാഥനെ അങ്ങേയറ്റം വാഴ്ത്തുന്ന തല്‍ബിയത്ത് മുഴക്കിക്കൊണ്ടാണ്. അല്ലാഹുവിന്റെ നാമത്തോട് വിശ്വാസികള്‍ മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന പിരിശം മറനീക്കി പുറത്തുവരുന്നു, തല്‍ബിയത്ത് മുഴക്കുന്നതിലൂടെ. ദൈവസ്മരണയല്ലാതെ മറ്റൊന്നുമില്ലവിടെ. അവന്റെ നാമത്തിന്റെ മഹത്വപ്പെടുത്തലല്ലാതെ വേറൊന്നും അവിടെ കേള്‍ക്കാനില്ല. ദൈവസ്മരണക്ക് മുമ്പില്‍ വിദൂരതകള്‍ മാഞ്ഞുപോകുന്ന സന്ദര്‍ഭമാണ് വിശ്വാസികള്‍ക്ക് ഹജ്ജ്. ദിക്‌റുല്ലാഹ് ഹൃദയങ്ങളില്‍ വേരുറച്ച് സ്രഷ്ടാവിനോടുള്ള വണക്കം വെളിപ്പെടുത്താന്‍ വെമ്പുകയാണ് അന്ന് ഹാജികളും ഹാജമാരും.
ആദം(അ) മുതല്‍ ഇബ്‌റാഹീം(അ), മുഹമ്മദ്(സ) വരെയുള്ള മനുഷ്യസമൂഹത്തിന്റെ ഔന്നത്യം നിലകൊള്ളുന്നത് അവര്‍ ദൈവത്തെ തിരിച്ചറിയുന്നതിലാണ്. അവന് സര്‍വം സമര്‍പ്പിക്കുന്നതിലാണ്. തിരിച്ചറിയാനുള്ള മനുഷ്യ സമൂഹത്തിന്റെ പരിശ്രമങ്ങളെ കളങ്കപ്പെടുത്താനും മാര്‍ഗതടസ്സം സൃഷ്ടിക്കാനുമാണ് പിശാച് ശ്രമിക്കുന്നത്. ആ പിശാചിനെ വിരട്ടിയോടിക്കാനും പ്രതിരോധിക്കാനും ഇബ്‌റാഹീം(അ) മുന്നോട്ട് വന്നു. അപ്രകാരം തൗഹീദ് നിലനിര്‍ത്താനും ഇബാദത്തിന്റെ കേന്ദ്രമാവാനും അദ്ദേഹം കഅ്ബ പടുത്തുയര്‍ത്തി. പ്രവാചകന്‍ മുഹമ്മദ്(സ) പിന്നീട് ആ ഭവനത്തിന്റെ തൂണുകള്‍ക്ക് ഭദ്രത ഉറപ്പുവരുത്തി. ലോകത്തെങ്ങുമുള്ള അദ്ദേഹത്തിന്റെ ഉമ്മത്ത് ഏകദൈവവിശ്വാസത്തിന്റെ ആ നെടുംതൂണ്‍ ശക്തിപ്പെടുത്താന്‍ എല്ലാ വര്‍ഷവും ഹജ്ജിനെത്തുന്നുവെങ്കില്‍ അതില്‍ അസാധാരണമായി എന്താണുള്ളത്!
ഏകത
ഹജ്ജ് ഏകതയുടെ ചിഹ്നമാണ്. ഹജ്ജിലെ കര്‍മങ്ങള്‍ പോലെ ഇത്രയേറെ ഐക്യം വെളിപ്പെടുന്ന മറ്റൊരു ഇബാദത്തും ഇസ്‌ലാമിലില്ല. അവിടെ ഒരു ഖിബ്‌ല, ഒരേ വസ്ത്രം, ഒരൊറ്റ റബ്ബ്, ഒരേ മുദ്രാവാക്യം. പിന്നെ വിശ്വാസികളെ സമ്മേളിപ്പിക്കുന്ന അറഫാ സംഗമവും.
ഇത് സംബന്ധമായി ശൈഖ് ഗസ്സാലി പറയുന്നു: ഹജ്ജിലെ കര്‍മങ്ങള്‍ രക്ഷിതാവിനോടുള്ള വിശ്വാസി സമൂഹത്തിന്റെ സ്‌നേഹവായ്പ് അധികരിപ്പിക്കുന്നു. വര്‍ഗ വര്‍ണ ഭേദമില്ലാതെ, രാജാ-പ്രജാ വൈവിധ്യങ്ങളില്ലാതെ അറഫയില്‍ നിന്ന് നാഥന് മുന്നില്‍ ഹാജരാവാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നത് ദൈവസ്‌നേഹമല്ലാതെ മറ്റെന്താണ്? അവിടെ തല്‍ബിയത്ത് മന്ത്രണങ്ങള്‍ ഉയരുന്നത് അവന് വേണ്ടി. അവനിലാണ് പ്രതീക്ഷകള്‍ മുഴുവന്‍. മഹത്വം അവന്റെ നാമത്തിന് മാത്രമാണ്. കീഴ്‌പ്പെടല്‍ അവന് മുന്നില്‍ മാത്രമാണെന്ന് പ്രദര്‍ശിപ്പിക്കുന്ന ആ നിമിഷങ്ങളില്‍ അല്ലാഹുവിന്റെ റുബൂബിയത്ത് പ്രകാശിച്ച് നില്‍ക്കും.
അറഫാസംഗമം അതിന്റെ രീതിയിലും ക്രമത്തിലും തുല്യതയില്ലാത്തതാണ്. പശ്ചാത്താപ മനസ്സുകളുടെ പ്രാര്‍ഥനകളല്ലാതെ മറ്റൊന്നും അവിടെ കേള്‍ക്കാനാകില്ല. ഭക്തി കൈവരിച്ചവരുടെ ആത്മരോദനങ്ങളും. തങ്ങളുടെ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ അക്ഷയഖനിയില്‍ നിന്ന് അനുഗ്രഹമരുളാനുള്ള അര്‍ഥനകളും അവിടെ മുഴങ്ങുന്നു. എങ്കില്‍, അല്ലാഹുവിന്റെ കാരുണ്യത്തിന്, മഹത്തായ അറഫാസംഗമം പോലെ അര്‍ഹമായ മറ്റേത് കൂടിച്ചേരലാണുള്ളത്?
തവക്കുല്‍
ദൈവസഹായത്തില്‍ ഭരമേല്‍പിക്കല്‍ മനുഷ്യനിലെ അമൂല്യമായൊരു മാനസികാവസ്ഥയാണ്. മനുഷ്യമനസ്സിനെ ആവേശിക്കുന്ന ഏറ്റവും ഉന്നതമായ വൈകാരികാവസ്ഥയിലൊന്നുമാണത്. അല്ലാഹു ഹൃദയബന്ധം സ്ഥാപിച്ചവര്‍ക്കും അവനില്‍ പൂര്‍ണമായി ആശ്രയമര്‍പ്പിച്ചവര്‍ക്കുമല്ലാതെ അത്തരമൊരു അവസ്ഥയിലേക്കെത്താന്‍ കഴിയില്ല. സഹായത്തിന്റെ വാതിലുകള്‍ അടക്കപ്പെടുമ്പോള്‍, സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഇല്ലാതാവുമ്പോള്‍, ഏകനാണെന്ന ചിന്ത മനസ്സിന്റെ ഉള്ളറകളെ അതികഠിനമായി ഉലക്കുമ്പോള്‍ തവക്കുല്‍ എന്ന മാനസികാവസ്ഥയല്ലേ വിശ്വാസിയെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നത്? തവക്കുല്‍ അല്ലേ മനസ്സിന്റെ വേവലാതികളെയും ആവലാതികളെയും ഇല്ലാതാക്കുന്നതും ഉത്കണ്ഠകളെ ശമിപ്പിക്കുന്നതും?
ഇബ്‌റാഹീം നബിയുടെയും പത്‌നി ഹാജറയുടെയും ജീവിതത്തില്‍ പ്രശോഭിച്ച് കാണുന്നതും ഇതേ തവക്കുലാണ്. ഉപേക്ഷിച്ചുപോകുന്ന നേരം ഹാജറ പ്രിയതമനോട് ആരായുന്ന സന്ദര്‍ഭം നേരത്തെ വിവരിച്ചു. അവര്‍ ചോദിച്ചു: അല്ലാഹുവാണോ താങ്കളോട് ഇത് കല്‍പിച്ചത്? അതെയെന്ന മറുപടി കേട്ട് അവര്‍ പറഞ്ഞത് ‘എങ്കില്‍ അല്ലാഹു ഞങ്ങളെ കൈവെടിയില്ല’ എന്നായിരുന്നു.’
ഹാജറയുടെ വാക്കുകളെ വിശദീകരിച്ച് ശൈഖ് പറയുന്നതിങ്ങനെ: മനുഷ്യന് ഈമാന്‍ വര്‍ധിക്കുമ്പോള്‍ തവക്കുല്‍ മനസ്സില്‍ വേരൂന്നും. ഭൗതികവിഭവങ്ങളോടുള്ള താല്‍പര്യം കെട്ടടങ്ങും. അതേസമയം എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ ദൗര്‍ബല്യം ബാധിച്ചുകൂടെന്നും ശൈഖ് വിശദീകരിക്കുന്നു. കാരണം, ജീവിതത്തില്‍ അവലംബമായിരുന്ന പ്രിയതമന്‍ വിട്ടുപോയ ശേഷം അല്ലാഹുവില്‍ ഭരമേല്‍പിച്ചപ്പോള്‍ തുടര്‍ന്ന് മുന്നോട്ടുള്ള പ്രയാണത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഹാജറ തേടുന്നുണ്ട്. പിഞ്ചോമനക്ക് വെള്ളം തേടിയുള്ള പാച്ചില്‍ തവക്കുലിനോടൊപ്പം പരിശ്രമവും അവരെ ആവേശിച്ചിരുന്നുവെന്നാണ് മനസ്സിലാക്കിത്തരുന്നത്.
പരിശ്രമഫലമായി, അല്ലാഹുവിന്റെ കരുണ സംസമിന്റെ രൂപത്തില്‍ ഒഴുകിയെത്തി. താഴ്‌വര ഊഷരതയില്‍ നിന്ന് ശാദ്വലമായി മാറി. ആ പിഞ്ചുപൈതലില്‍ നിന്ന് ഒരു മഹാസമുദായം ഉയിര്‍ത്തെഴുന്നേറ്റു. വിശുദ്ധ വചനത്തിന്റെ വാഹകനായി പ്രവാചകന്‍ അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അതെ, ഹാജറയുടെ തവക്കുലിന് പശ്ചാത്തലമൊരുക്കിയ സഫയിലെയും മര്‍വയിലെയും ഓട്ടം വിശ്വാസികള്‍ വര്‍ഷംതോറും പുനരാവിഷ്‌കരിക്കുകയാണ് ഹജ്ജില്‍; അല്ലാഹുവിലുള്ള പ്രതീക്ഷയാണ് ഏറ്റവും ശ്രേഷ്ഠകരമമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്.
കുടുംബം ഉപേക്ഷിച്ചുപോയ ഇബ്‌റാഹീമി(അ)ലും തവക്കുല്‍ ദര്‍ശിക്കാനാവും. അല്ലാഹു അങ്ങനെ വിജയങ്ങള്‍ വാഗ്ദാനം ചെയ്തു. തിന്മയുടെ ശക്തികള്‍ ഒന്നൊന്നായി അദ്ദേഹത്തിന് മുന്നില്‍ തകര്‍ന്നടിയാന്‍ തുടങ്ങി. ഏകദൈവവിശ്വാസത്തെ സ്ഥാപിക്കാനും അതിന്റെ മഹത്തായ സന്ദേശം പ്രചരിപ്പിക്കാനും അതുവഴി അദ്ദേഹത്തിന് കഴിഞ്ഞു.
മാനസികതലം
ശൈഖ് ഗസ്സാലി പറയുന്നു: ഹജ്ജിലെ യാത്ര വിശ്വാസികളുടെ ചിന്താപരവും മാനസികവുമായ തലങ്ങളെ സ്വാധീനിക്കുന്നു. ഹജ്ജിലെ കര്‍മങ്ങള്‍ മനുഷ്യന്റെ വൈകാരിക തലങ്ങളെ വളരെ നന്നായി സ്വാധീനിക്കാന്‍ പോന്നതാണ്. വിശ്വാസി മനസ്സിലാക്കിവെച്ച ഈമാനിനെ അതിന്റെ സൈദ്ധാന്തിക തലത്തില്‍ നിന്ന് പ്രായോഗികരൂപത്തിലേക്ക് എറ്റവും ഉത്കൃഷ്ടമായി കൊണ്ടുവരുന്നത് ഹജ്ജ് വേളിയിലെ ഇബാദത്ത് കര്‍മങ്ങളിലാണ്. മക്കയെ വഹ്‌യ് ഇറങ്ങിയ ദേശമെന്ന് വിശ്വാസി പഠിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ ആ ദേശത്തെ നേരിട്ട് കണ്‍കുളിര്‍ക്കെ കാണുമ്പോഴാണ് പഠിച്ച കാര്യം കൂടുതലായി മനസ്സില്‍ പതിയുന്നത്. ഇസ്‌ലാം തൗഹീദിന്റെ ആദര്‍ശമാണ്. അതിന്റെ ആദ്യകാല ചരിത്ര നിമിഷങ്ങളെ ഓര്‍ക്കാന്‍, നേരിട്ട് ദര്‍ശിക്കാന്‍ കഴിവുള്ളവരെല്ലാം ഹജ്ജിനെത്തുകയാണ് ഓരോ വര്‍ഷവും. ഹജ്ജ് നിര്‍വഹണത്തിന്റെ ആത്മീയതലം പോലെ പ്രാധാന്യമുള്ളതാണ് ഇതും. കാരണം, ഹജ്ജ് നിര്‍ബന്ധമാക്കിയതിലെ കാരണങ്ങള്‍ പറയുന്നിടത്ത് ‘നിങ്ങള്‍ക്ക് ഒരുക്കപ്പെട്ട ഗുണങ്ങള്‍ കാണാനും’ (ലിയശ്ഹദൂ മനാഫിഅ ലഹും) എന്നൊരു പരാമര്‍ശം കാണുന്നുണ്ട്. അവിടെ ഉപയോഗിച്ച ‘മനാഫിഅ്’ എന്ന പദം ഇഹപരവും പാരത്രികവുമായ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ശൈഖ് പറയുന്നു. അഥവാ, ഹജ്ജിലെ കര്‍മങ്ങള്‍ കൊണ്ട് വിശ്വാസിക്ക് ആത്മീയമായ ഉയര്‍ച്ച ഉണ്ടാകുന്നതോടൊപ്പം അതിനൊത്ത വൈകാരിക ഉണര്‍വും ഉണ്ടാവുന്നു. ദീന്‍ വിശ്വാസത്തെ കൂടുതല്‍ ദൃഢീകരിക്കാനും സ്വാഭാവവിശേഷങ്ങളെ പാകപ്പെടുത്താനുമാണ്. ആ ദീനിലെ ഹജ്ജ് മനുഷ്യപ്രകൃതിയെ സ്വഛമാക്കുന്നു. ഹൃദയത്തെ ശുദ്ധീകരിക്കുന്നു. അല്ലാഹുവിനോടും റസൂലിനോടും അദ്ദേഹത്തിന്റെ ഉമ്മത്തിനോടുമുള്ള സ്‌നേഹം വിശ്വാസി മനസ്സുകളില്‍ ഊട്ടിയുറപ്പിക്കുന്നു.
ദൈവസ്മരണ
അല്ലാഹുവിനെക്കുറിച്ച സ്മരണയില്ലാതെ ഇബാദത്തുകളൊന്നും നിര്‍വഹിക്കപ്പെടുന്നില്ല. ഹജ്ജും അതില്‍ നിന്നൊഴിവല്ല. ഹജ്ജ് എന്തിനെന്ന ഖുര്‍ആന്റെ പരാമര്‍ശത്തില്‍ ദിക്‌റുല്ലാഹ് മുഖ്യഘടകമായി വരുകയും ചെയ്തിട്ടുണ്ട്. അല്ലാഹു ഖുര്‍ആനില്‍ സൂചിപ്പിച്ചു: ”തീര്‍ഥാടനം ചെയ്യാന്‍ ജനങ്ങളില്‍ താങ്കള്‍ പൊതു വിളംബരം ചെയ്യുക. ദൂരദിക്കുകളില്‍ നിന്നൊക്കെയും കാല്‍നടക്കാരായും, ഒട്ടകങ്ങളില്‍ സവാരി ചെയ്തുകൊണ്ടും അവര്‍ നിന്റെ അടുക്കല്‍ എത്തിച്ചേരുന്നതാകുന്നു, ഇവിടെ അവര്‍ക്കു വേണ്ടി ഒരുക്കപ്പെട്ട ഗുണങ്ങള്‍ കാണാനും, അല്ലാഹു അവര്‍ക്കേകിയിട്ടുളള മൃഗങ്ങളെ നിര്‍ണിതമായ ഏതാനും നാളുകളില്‍ അല്ലാഹുവിന്റെ നാമമുച്ചരിച്ച് ബലിയര്‍പ്പിക്കാനും വേണ്ടി.” (ഹജ്ജ് 27,28)
ഖുര്‍ആനിലെ ഹജ്ജ് സംബന്ധമായ മറ്റു ചില വചനങ്ങളിലും അല്ലാഹു ഇക്കാര്യം ഊന്നിപ്പറഞ്ഞു: ”ഹജ്ജിനോടൊപ്പം നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹം തേടുക കൂടി ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. അറഫയില്‍ നിന്നു പുറപ്പെട്ടാല്‍ മശ്അറുല്‍ ഹറാമിനടുത്ത് (മുസ്ദലിഫയില്‍) തങ്ങി അല്ലാഹുവിനെ സ്മരിക്കുവിന്‍. അവന്‍ നിങ്ങളോടു നിര്‍ദേശിച്ചിട്ടുള്ളതെപ്രകാരമാണോ, അപ്രകാരം സ്മരിക്കുവിന്‍. ഇതിനുമുമ്പ് നിങ്ങള്‍ വഴിപിഴച്ചവരായിരുന്നുവല്ലോ. പിന്നീട് ആളുകളെല്ലാം മടങ്ങുന്നതെവിടെ നിന്നാണോ, അവിടെനിന്നുതന്നെ നിങ്ങളും മടങ്ങുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുവിന്‍. അല്ലാഹു മാപ്പരുളുന്നവനും ദയാപരനുമാകുന്നു. നിങ്ങള്‍ ഹജ്ജുചടങ്ങുകള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍, പണ്ട് നിങ്ങളുടെ പൂര്‍വപിതാക്കളെ സ്മരിച്ചിരുന്നപോലെ ഇനി അല്ലാഹുവിനെ സ്മരിക്കുവിന്‍. അല്ല, അതിലുപരി സ്മരിക്കുവിന്‍.” (അല്‍ബഖറ 198-200)
ഖുര്‍ആന്‍ ഹജ്ജിന്റെ പല കര്‍മങ്ങളെയും ദിക്ര്‍ എന്ന പദം കൊണ്ടാണ് സൂചിപ്പിച്ചതും. ഉദാഹരണം ജംറയിലെ കല്ലെറിയലിനെ സംബന്ധമായി അല്ലാഹു അരുളി: ”എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക. ആരെങ്കിലും ധൃതിപിടിച്ച് രണ്ടുദിവസം കൊണ്ടുതന്നെ മടങ്ങിയാല്‍ അതില്‍ കുറ്റമൊന്നുമില്ല. വല്ലവരും പിന്തി മടങ്ങിയാല്‍ അതിലും കുറ്റമില്ല; ആ ദിവസങ്ങള്‍ അവന്‍ ദൈവഭക്തിയോടുകൂടി കഴിച്ചുകൂട്ടണമെന്ന് നിബന്ധനയുണ്ടെന്നു മാത്രം. അല്ലാഹുവിനെ ധിക്കരിക്കുന്നതു സൂക്ഷിക്കുക. നിങ്ങള്‍ ഒരു നാള്‍ അവന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമെന്നു നന്നായറിഞ്ഞിരിക്കുവിന്‍” (അല്‍ബഖറ 203). ബലിപെരുന്നാളിന് ശേഷമുള്ള മൂന്ന് ദിവസങ്ങളാണ് ഈ എണ്ണപ്പെട്ട ദിവസങ്ങള്‍. ആ ദിവസങ്ങളിലാണ് ഹാജിമാര്‍ മിനായില്‍ താമസിച്ച് ജംറകളില്‍ എറിയുകയും തക്ബീര്‍ ചൊല്ലി അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത്.
മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു: ”സകല സമുദായത്തിനും നാം ഒരു ബലിനിയമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട് (ആ സമുദായങ്ങള്‍) നാം അവര്‍ക്കേകിയ കാലികളില്‍ അല്ലാഹുവിന്റെ നാമം സ്മരിക്കേണ്ടതിന്” (ഹജ്ജ് 34). തുടര്‍ന്നുള്ള വചനത്തില്‍ ‘(ബലി)ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്കതില്‍ നന്മയുണ്ട്. അതിനാല്‍ അവയെ കാലുകളില്‍ നിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ നാമം സ്മരിക്കുക’ എന്ന നിര്‍ദേശവും ഖുര്‍ആന്‍ നല്‍കി.
ഇവ്വിഷയകമായി ശൈഖ് ഗസ്സാലി എഴുതി: ദിക്‌റുല്ലാഹ് ഹജ്ജ് കര്‍മങ്ങളുടെയെല്ലാം മുഖ്യഘടകമാണ്. മനസ്സിലെ നിശ്ശബ്ദമായ ആ വികാരമാണ് ഉച്ചത്തിലുള്ള തക്ബീര്‍ ധ്വനികള്‍ മുഴക്കാന്‍ വിശ്വാസിക്ക് പ്രചോദനം നല്‍കുന്നത്. എന്റെ അഭിപ്രായത്തില്‍ ഹജ്ജ് ഇബാദത്തുകളെല്ലാം നിര്‍വഹിക്കുന്നത് ആ കര്‍മങ്ങളുടെ പ്രത്യേകമായ രീതി പ്രകടിപ്പിക്കാനല്ല. മറിച്ച് അവയുടെ ആത്യന്തിക ലക്ഷ്യം ദൈവസ്മരണയാണ്. തല്‍ബിയത്ത് മന്ത്രണങ്ങളും ത്വവാഫും സഅ്‌യും അതിലേക്കെത്താനുള്ള മാര്‍ഗങ്ങള്‍ മാത്രം. ദിക്‌റുല്ലാഹ് ഹജ്ജിന്റെ ആത്മാവ് എന്ന ഈ ആശയതലത്തിലാണ് ഹജ്ജ് ഇസ്‌ലാമിന്റെ റുക്‌നുകളില്‍ ഒന്നായി മാറിയത്.
ഹജ്ജിലെ ഇബാദത്ത് കര്‍മങ്ങളെല്ലാം മുകളില്‍ സൂചിപ്പിച്ച പോലെ ഇഖ്‌ലാസോടെയും ഭക്തിനിര്‍ഭരമായും അനുഷ്ഠിച്ച വിശ്വാസികള്‍ക്ക് പിന്നീട് ദൈവമാര്‍ഗത്തില്‍ പണിയെടുക്കാതെ ഇരിക്കാനാവില്ല. ശൈഖ് മുന്നറിയിപ്പ് നല്‍കുന്നു: ഹാജി/ഹാജ എന്നൊരു പേര് കരസ്ഥമാക്കി ഒതുങ്ങിയിരിക്കാനല്ല വിശുദ്ധ ഭവനത്തെ നേരിട്ട് പുല്‍കിയ വിശ്വാസികള്‍ പരിശ്രമിക്കേണ്ടത്. ഉമ്മത്തിന്റെ ഐക്യം, പൊതുസമൂഹത്തിന്റെ സര്‍വതോന്മുഖമായ നന്മ തുടങ്ങി വിവിധ മേഖലകളില്‍ അവന് കര്‍മങ്ങള്‍ ഇനിയും നിര്‍വഹിക്കാനുണ്ട്. അഥവാ ഹജ്ജ് വെറുമൊരു മൃതമായ യാത്രയല്ല. തയ്യാറെടുപ്പിന് വേണ്ടിയുള്ള യാത്രയാണത്. ഉന്നത വ്യക്തിത്വത്തിലേക്കുള്ള പരിശീലനയാത്ര.
Back to Top