9 Friday
May 2025
2025 May 9
1446 Dhoul-Qida 11

സൗദിയില്‍ ആണവനിലയങ്ങള്‍

പുതിയ കാലത്തിന്റെ ഊര്‍ജസ്രോതസായി മാറുന്ന ആണവ രംഗത്ത് കാലുറപ്പിക്കാന്‍ സൗദി അറേബ്യ തയാറാകുന്നതാണ് ഒരു പ്രധാനപ്പെട്ട മിഡില്‍ ഈസ്റ്റ് വാര്‍ത്ത. ഇതിന്റെ ഭാഗമായി രണ്ട് ആണവ പ്ലാന്റുകള്‍ രാജ്യത്ത് സ്ഥാപിക്കാനാണ് സൗദി ആലോചിക്കുന്നത്. തങ്ങളുടെ പദ്ധതിക്ക് പിന്തുണയുമായി അഞ്ച് രാജ്യങ്ങള്‍ രംഗത്തുണ്ടെന്നും സൗദി പറഞ്ഞു. ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ആണവ നിലയങ്ങളാകും സൗദിയില്‍ സ്ഥാപിക്കപ്പെടുക. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് സൗദിയില്‍ ആണവ പ്ലാന്റ് ഉണ്ടാക്കാനായി സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിരിക്കുന്നത്. 7 ബില്യണ്‍ ഡോളറാണ് ആണവ നിലയങ്ങള്‍ക്കായി സൗദി ചിലവഴിക്കുന്നത്.
അടുത്ത തലമുറയുടെ ഊര്‍ജാവശ്യങ്ങളെക്കുറിച്ച് തങ്ങള്‍ ഇപ്പോഴേ ചിന്തിക്കുന്നെന്നും അതിന്റെ ഭാഗമായുള്ള ചില ചുവടുവെപ്പുകളാണ് ഇപ്പോള്‍ നടത്തുന്നതെന്നും കിംഗ് അബ്ദുല്ല സിറ്റി ഫോര്‍ അറ്റോമിക് എനര്‍ജിയുടെ മേധാവി ഖാലിദ് അല്‍ സുല്‍ത്താന്‍ പറഞ്ഞു. റിയാദില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ പെട്രോളിയം ഉല്പാദകരായ സൗദി അറേബ്യ ഇപ്പോള്‍ നടത്തുന്ന ഈ നീക്കം രാഷ്ട്രീയപരമായും വാണിജ്യപരമായും വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 2020ഓടെ 3.45 ജിഗാവാട്‌സും 2023ഓടെ 9.5 ജിഗാവാട്‌സും ആണവശേഷി ആര്‍ജിക്കാനാണ് സൗദി ഉദ്ദേശിക്കുന്നത്. ഭാവിയുടെ ഊര്‍ജം എന്നറിയപ്പെടുന്ന ആണവോര്‍ജത്തില്‍ മേല്‍ക്കൈ നേടാന്‍ സാധിക്കുന്നതോടെ മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും തന്ത്രപ്രധാനമായ ഒരു സ്ഥാനം നേടിയെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും അവര്‍ കരുതുന്നുണ്ട്.

Back to Top