22 Sunday
December 2024
2024 December 22
1446 Joumada II 20

സ്‌നേഹത്തിന്റെ  താക്കോല്‍ തുറക്കും  മനസ്സുകള്‍ – ഡോ. ജാസിം മുതവ്വിഅ്

മലേഷ്യയില്‍ താമസിക്കുന്ന ബുദ്ധമത വിശ്വാസിയായ ഒരു ചൈനക്കാരനെ ഒരിക്കല്‍ പരിചയപ്പെടുകയുണ്ടായി. അദ്ദേഹം മലേഷ്യക്കാരിയായ ഒരു യുവതിയെ പരിചയപ്പെടുകയും അവളുമായി ഇഷ്ടത്തിലാവുകയും ചെയ്തു. അങ്ങനെ അദ്ദേഹം അവളോട് വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ‘മുസ്‌ലിമല്ലാത്ത ഒരാളെ വിവാഹം ചെയ്യാന്‍ എന്റെ വിശ്വാസം എന്നെ അനുവദിക്കുന്നില്ല. നമ്മള്‍ തമ്മിലുള്ള വിവാഹം നടക്കണമെങ്കില്‍ താങ്കള്‍ മുസ്‌ലിമാകണം, അല്ലാത്തപക്ഷം താങ്കളുടെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ എനിക്ക് സാധ്യമല്ല.”
അങ്ങനെ പ്രണയത്തിന്റെ പേരില്‍ അദ്ദേഹം വിശ്വാസിയാകുകയും അവരിരുവരും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു. മലേഷ്യയില്‍ വെച്ചാണ് ഞാന്‍ ഈ യുവാവിനെ കണ്ടുമുട്ടുന്നത്. പ്രണയത്തെ കുറിച്ചും അതുവഴി മുസ്‌ലിമായതിനെ കുറിച്ചുമെല്ലാം അദ്ദേഹം എനിക്ക് സവിസ്തരം വിവരിച്ച് തന്നു. ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു, അദ്ദേഹം പറഞ്ഞതെല്ലാം സത്യമാണെന്ന് അവളും വ്യക്തമാക്കി.
അന്നേരം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ഇസ്‌ലാം സ്വീകരിക്കുന്ന സന്ദര്‍ഭത്തില്‍ സത്യത്തില്‍ താങ്കള്‍ അതില്‍ പൂര്‍ണ സംതൃപ്തനായിരുന്നോ? അദ്ദേഹം മറുപടി പറഞ്ഞു: എന്റെ ഇസ്‌ലാം ആശ്ലേഷത്തില്‍ തുടക്കത്തില്‍ എനിക്ക് പൂര്‍ണ തൃപ്തിയൊന്നുമുണ്ടായിരുന്നില്ല. എന്റെ പ്രണയിനിയെ വിവാഹം കഴിക്കുക എന്നതായിരുന്നു അപ്പോഴത്തെ ലക്ഷ്യം. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ പത്തുവര്‍ഷത്തിലധികമായി, വിശ്വാസിയാകാന്‍ സാധിച്ചതില്‍ ഇപ്പോള്‍ ഞാന്‍ സംതൃപ്തനും അല്ലാഹുവിനോട് അങ്ങേയറ്റം നന്ദിയുള്ളവനുമാണ്. ലളിതവും സുന്ദരവും ആനന്ദം നല്‍കുന്നതുമായ വിശ്വാസമാണ് ഞാന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എനിക്ക് ബോധ്യമായപ്പോള്‍ സഊദി അറേബ്യയിലേക്ക് പോകാനും അറബി പഠിച്ച് അതുവഴി ഖുര്‍ആന്‍ ആഴത്തില്‍ മനസ്സിലാക്കാനും ഞാന്‍ തീരുമാനിക്കുകയുണ്ടായി. അറബി ഭാഷയില്‍ അവഗാഹം നേടാന്‍ സാധിച്ചതോടെ വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കാനും എനിക്ക് സാധിച്ചു. വിശുദ്ധ ഖുര്‍ആന്‍ എന്റെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. ഖുര്‍ആന്‍ എന്റെ വിശ്വാസത്തെയും സ്വഭാവത്തെയും പെരുമാറ്റത്തെയും ജീവിതത്തെ തന്നെയും മാറ്റിമറിച്ചു.
ഇത്രയും പറഞ്ഞ് അദ്ദേഹം തന്റെ ഭാര്യയുടെ നേരെ തിരിഞ്ഞു പറഞ്ഞു: ഇവളാണ് എന്റെ ജീവിത സൗഭാഗ്യങ്ങളുടെ കാരണക്കാരി. അല്ലാഹു ഉദ്ദേശിച്ചാല്‍ പരലോക ജീവിതത്തിലും ഇവള്‍ എനിക്ക് സൗഭാഗ്യം ചൊരിയും. കാരണം ഇവള്‍ കാരണമാണ് ഞാന്‍ മുസ്‌ലിമായത്. മലേഷ്യയില്‍ താമസിക്കുന്ന ചൈനക്കാര്‍ക്കിടയില്‍ ഈ പറയപ്പെട്ട യുവാവിന് വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം വഴി നൂറുകണക്കിന് ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. ഇതിനെല്ലാം കാരണമായത് ആ സ്ത്രീയുടെ സല്‍സ്വഭാവമാണ്.
സ്‌നേഹമാണ് മാറ്റങ്ങളുടെ താക്കോല്‍. അക്രമമോ ഭീഷണിയോ പക്ഷപാതിത്വമോ നിയമം പോലുമോ അല്ല. നോമ്പുകാരന് തന്റെ ദിനചര്യകളില്‍ മാറ്റം വരുത്താനും പതിനഞ്ച് മണിക്കൂറിലധികം സമയം വിശപ്പും ദാഹവും സഹിച്ച് ക്ഷമയോടെ നില്‍ക്കാനും പ്രേരകമാകുന്നത് എന്താണ്? എന്തുകൊണ്ടാണ് ജോലിയും മറ്റു തിരക്കുകളും മാറ്റിവെച്ച് ഒരു മുസ്‌ലിം നമസ്‌കാരം നിര്‍വഹിക്കാന്‍ വേണ്ടി മുന്നോട്ട് വരുന്നത്? ചൂടുകാലത്ത് പോലും തലമറച്ച് പുറത്തിറങ്ങാന്‍ സ്്ത്രീകളെ പ്രേരിപ്പിക്കുന്നത് എന്താണ്? ജനങ്ങളില്‍ നിന്ന് വീഴ്ചകളുണ്ടാകുമ്പോള്‍ അതില്‍ സഹിക്കാനും ക്ഷമിക്കാനും വിശ്വാസിക്ക് സാധിക്കുന്നത് എന്തുകൊണ്ടാണ്? സ്‌നേഹമാണ് അതിന്റെ പ്രേരകം, അല്ലാഹുവിനോടും അവന്റെ പ്രവാചകനോടുമുള്ള സ്‌നേഹം. അല്ലാഹുവിനോടും പ്രവാചകനോടുമുള്ള സ്‌നേഹത്തിന്റെ പേരില്‍ വിശ്വാസിയായ മനുഷ്യന്‍ ഇതെല്ലാം സഹിക്കുകയും അതിന് വേണ്ടി എന്തും ത്യജിക്കുകയും ചെയ്യുന്നു. സ്വന്തം ശരീരവും ജീവനും അതിനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്നു.
പ്രവാചകന്റെ എല്ലാ നടപടികളും സ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നത് അതുകൊണ്ടാണ്. എത്രത്തോളമെന്നാല്‍ രാഷ്ട്രരൂപീകരണ വേളയില്‍ പോലും സ്‌നേഹത്തിന് പ്രവാചകന്‍ മുന്‍ഗണന നല്‍കി. മദീനയില്‍ ഇസ്‌ലാമിക സമൂഹം നിലവില്‍ വന്ന വേളയില്‍ പ്രവാചകന്‍ ആദ്യമായി ചെയ്തത് മുഹാജിറുകള്‍ക്കും അന്‍സാറുകള്‍ക്കുമിടയില്‍ സാഹോദര്യ ബന്ധം സ്ഥാപിക്കുകയും മസ്ജിദ് നിര്‍മ്മിക്കുകയുമായിരുന്നു. അഥവാ, ആദ്യം കെട്ടുറപ്പുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സ്‌നേഹത്തില്‍ അധിഷ്ഠിതമായ സാമൂഹികബന്ധം സ്ഥാപിച്ചു. രണ്ടാമതായി അല്ലാഹുവിനെ സ്‌നേഹിക്കാനും അവനുമായുളള ബന്ധം നിലനിര്‍ത്താനുമായി മസ്ജിദ് പണിയുകയും ചെയ്തു.
ഒരിക്കല്‍ ഭര്‍ത്താവിന്റെ ദുസ്സ്വഭാവത്തെ കുറിച്ച് ആവലാതിപ്പെട്ട ഒരു സ്ത്രീയോട് നിങ്ങള്‍ അദ്ദേഹത്തെ സ്‌നേഹത്തിലൂടെ മാറ്റിയെടുക്കുക എന്ന് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. മറ്റൊരിക്കല്‍ മകന്റെ പുകവലി മാറ്റുവാന്‍ പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട പിതാവിനോട് ഞാന്‍ പറഞ്ഞു: താങ്കളുടെ മകന്റെ സ്വഭാവം മാറ്റാന്‍ നിങ്ങള്‍ സ്‌നേഹത്തെ ഉപയോഗപ്പെടുത്തുക. അങ്ങനെ അദ്ദേഹം മകനുമായി കൂടുതല്‍ അടുത്തു. അവരുടെ ബന്ധം ശക്തമായപ്പോള്‍ അദ്ദേഹം മകനോട് പറഞ്ഞു: നിനക്കെന്നോട് സ്‌നേഹമുണ്ടെങ്കില്‍ നീ പുകവലി നിര്‍ത്തണം. പുകവലി ഒഴിവാക്കി നീ നമ്മുടെ സ്‌നേഹബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക. അധികം വൈകാതെ മകന്‍ പുകവലി ഉപേക്ഷിക്കുകയും ചെയ്തു.
തലമറക്കാത്ത പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുകയായിരുന്ന അധ്യാപകന്‍ ഈമാനെ കുറിച്ച്, ഈമാന്റെ മാധുര്യത്തെ കുറിച്ച്, അല്ലാഹുവിന്റെ ഔന്നിധ്യത്തെ കുറിച്ച് അടിമകളോടുള്ള അവന്റെ വാത്സല്യത്തെ കുറിച്ചെല്ലാം വാചാലനായി. ഉടന്‍ ഒരു പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഞങ്ങളോട് ഹിജാബിനെ കുറിച്ച് സംസാരിക്കാതെ ആദ്യമായിട്ടാണ് ഒരു അധ്യാപകന്‍ ക്ലാസ്സെടുക്കുന്നത്. അപ്പോള്‍ അധ്യാപകന്‍ മറുപടി നല്‍കി: ഈമാന്റെ മാധുര്യത്തെ കുറിച്ചും ദൈവികപ്രേമത്തെ കുറിച്ചുമാണ് ഞാന്‍ നിങ്ങളോട് സംസാരിച്ചത്, ഈമാന്റെ മാധുര്യം ബോധ്യപ്പെടുകയും ഹൃദയത്തില്‍ അല്ലാഹുവിനോട് സ്‌നേഹം തോന്നുകയും ചെയ്യുന്ന പെണ്‍കുട്ടി, അവളോട് ആരും കല്‍പ്പിക്കാതെ തന്നെ തലമറക്കാന്‍ തയ്യാറാകും. കാരണം അവള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നു. സ്‌നേഹിക്കുന്നവന്‍ തന്റെ ഇഷ്ടഭാജനത്തെ അനുസരിക്കുന്നവനുമാണ്. ഇമാം ശാഫിഈ അദ്ദേഹത്തിന്റെ ഒരു കവിതയില്‍ ഇത് വ്യക്തമാക്കുന്നുണ്ട്: ”നിന്റെ സ്‌നേഹം സത്യസന്ധമാണെങ്കില്‍ നീ അവനെ അനുസരിക്കും, കാരണം പ്രണയിക്കുന്നവന്‍ തന്റെ പ്രണയഭാജനത്തെ അനുസരിക്കുന്നവനായിരിക്കും.”
പ്രവാചക അനുചരനായ തുഫൈലുബ്‌നു ഉമര്‍ അദ്ദൗസിയുടെ ചരിത്രത്തില്‍ നേരത്തെ പറഞ്ഞ ചൈനക്കാരന്‍ യുവാവിന്റേതിനു സമാനമായ ഒരു സംഭവമുണ്ട്. തുഫൈല്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം ഭാര്യ അദ്ദേഹത്തിന്റെ അടുക്കലേക്ക് വന്നു. അപ്പോള്‍ അവളെ തടഞ്ഞ് അദ്ദേഹം പറഞ്ഞു: നീ എനിക്ക് നിഷിദ്ധമാണ്. അവള്‍ ചോദിച്ചു: അതെന്താ? അദ്ദേഹം പറഞ്ഞു: ഞാന്‍ മുസ്‌ലിമായിരിക്കുന്നു. അപ്പോള്‍ അവള്‍ മറുപടി നല്‍കി: ഞാന്‍ നിന്നില്‍ നിന്നും നീ എന്നില്‍ നിന്നുമാണ്. നിന്റെ ദീനാണ് എന്റേതും. അങ്ങനെ അവളും ഇസ്‌ലാം സ്വീകരിച്ചു.
സ്‌നേഹം വഴി ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പ്രവാചക അനുചരന്മാരുടെ ചരിത്രത്തില്‍ കാണാം. മക്കാ വിജയ ദിവസം ഇസ്‌ലാം സ്വീകരിച്ച ഉമ്മു ബിന്‍തുല്‍ ഹര്‍സ്ബ്‌നു ഹിശാമിന്റെ കഥ അതില്‍പ്പെട്ടതാണ്. അവരുടെ ഭര്‍ത്താവ് ഇക്‌രിമതുബ്‌നു അബീജഹല്‍ മക്കയില്‍ നിന്നും യമനിലേക്ക് ഓടിപ്പോയി, എന്നാല്‍ ആ മഹതി അദ്ദേഹത്തെ തിരഞ്ഞ് യമനിലേക്ക് പോകുകയും അദ്ദേഹത്തെ കണ്ടെത്തി ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ അവള്‍ മുഖേന ഇക്‌രിമ മുസ്‌ലിമാകുകയും പ്രവാചക സന്നിധിയില്‍ വന്ന് ഇസ്‌ലാമാശ്ലേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
മറ്റൊരു കഥ ഉമ്മുസുലൈമിന്റേതാണ്. അവിശ്വാസിയായിരുന്ന അബൂത്വല്‍ഹ അവരുമായി വിവാഹാലോചന നടത്തി. ആലോചന നിരസിച്ച് ഉമ്മുസുലൈം പറഞ്ഞു: നിങ്ങള്‍ മുസ്‌ലിമാകുകയാണെങ്കില്‍ നിങ്ങളെ വിവാഹം ചെയ്യാന്‍ ഞാന്‍ സന്നദ്ധയാണ്. മഹറായി എനിക്ക് വേണ്ടത് നിങ്ങളുടെ ഇസ്‌ലാമാണ്. അങ്ങനെ അബൂത്വല്‍ഹ ഇസ്‌ലാം സ്വീകരിക്കുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.

ആളുകളുടെ ചിന്തയും മനസ്സും മാറ്റിയെടുക്കാന്‍ രണ്ടു വഴികളുണ്ട്. സ്‌നേഹമാണ് ഒന്നാമത്തെ മാര്‍ഗം. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് രണ്ടാമത്തെ വഴി. ഈ രണ്ട് വഴികളിലൂടെയും ജനങ്ങളുടെ മനസ്സ് മാറ്റിയെടുക്കാനാകും. സ്‌നേഹം വഴിയുണ്ടാകുന്ന മാറ്റം കൂടുതല്‍ സ്വാധീനം ചെലുത്തുന്നതും നിലനില്‍ക്കുന്നതുമായിരിക്കും. എന്നാല്‍ പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും പെട്ടെന്ന് മാറ്റമുണ്ടാക്കിയെടുക്കാനാകുമെങ്കിലും അതിന് അധികം ആയുസ്സുണ്ടാകില്ല.

Back to Top