28 Thursday
March 2024
2024 March 28
1445 Ramadân 18

സ്‌നേഹത്തപ്പം – സനിയ കല്ലിങ്ങള്‍

ധനുമാസ നിലാവും തിരുവാതിരരാവും മാഞ്ഞ്, മകരത്തിന്റെ മരംകോച്ചും തണുപ്പെത്തിയ മഞ്ഞുകാലം. കവുങ്ങിന്‍ തോപ്പുകളും നെല്‍പ്പാടങ്ങളും പച്ചവിരിച്ച ഗ്രാമത്തിന്റെ ശീതളഛായയില്‍, രണ്ടേക്കര്‍ പറമ്പിന്റെ ഒത്ത നടുക്കാണെന്റെ വിദ്യാലയം. ചാലിയാറിന്റെയോരം ചേര്‍ന്നതോണ്ടാവാം, പുഴങ്കാറ്റും പൂനിലാവും സ്‌കൂളിനെ സുന്ദരിയാക്കിയിട്ടുണ്ട്.
ഓടുമേഞ്ഞ പഴയ കെട്ടിടങ്ങളൊന്നും ഇന്നില്ല. വരാന്തകളെ താങ്ങി നിര്‍ത്തിയ മരത്തൂണുകള്‍, കുട്ടികള്‍ക്ക് സാറ്റു കളിക്കിടയില്‍ ഒളിക്കാനുള്ള ഇടങ്ങള്‍ കൂടിയായിരുന്നു.
പണ്ട് ക്ലാസുമുറികളെ വേര്‍തിരിക്കാന്‍, ചുമരുകള്‍ക്ക് പകരം മരഭിത്തികള്‍; ചില കെട്ടിടങ്ങളില്‍ അരച്ചുമരുകളും. പിരിയഡുകളവസാനിക്കുന്ന വൈകുന്നേരങ്ങളില്‍, ഇരു ക്ലാസിലേയും ടീച്ചര്‍മാര്‍ കുശലാന്യേഷണം നടത്തിയിരുന്നത് ഈ അരച്ചുമരുകള്‍ക്കരികില്‍ നിന്ന്.
തെക്കേത്തൊടിയിലെ നെല്ലിമരത്തിന്‍ ചോട്ടിലെത്താന്‍ മത്സരിച്ചോടുന്ന പീക്കിരികള്‍, തട്ടി വീണ് മുട്ടു പൊട്ടി ചോരയൊലിക്കല്‍ സ്‌കൂളിലെ പതിവു സംഭവങ്ങളിലൊന്നു മാത്രം.
ചരല്‍ മുറ്റത്തിനു പകരമിപ്പോള്‍ ടൈലിട്ട ഗ്രൗണ്ടാണ്. ചുവപ്പും കറുപ്പും ഇഷ്ടികകള്‍ ഇടകലര്‍ത്തി വിരിച്ച ടൈല്‍ മുറ്റം കാഴ്ചയില്‍ മനോഹരമെങ്കിലും, വേനല്‍ക്കാലമായാല്‍ ചുട്ടുപൊള്ളും.
മരപ്പലകകളില്‍ തീര്‍ത്ത പടിവാതിലിനും തൊട്ടുരുമ്മി നിന്നിരുന്ന മൂവാണ്ടന്‍ മാവിനും പകരമിപ്പോള്‍ കൂറ്റന്‍ ഇരുമ്പു ഗേറ്റും ഒറ്റ വര്‍ഷം കൊണ്ടു കായ്ക്കുന്ന പടര്‍ന്നു പന്തലിച്ച കൂറിയന്‍ മാവുമാണ്. മുത്തശ്ശിമാവ് വീഴ്ത്തി തന്ന മാമ്പഴങ്ങളുടെ രുചി ബഢിംഗ് മാങ്ങകള്‍ക്കില്ലെന്നു തോന്നാറുണ്ട്.
വക്കുപൊട്ടിയ സ്ലേറ്റും പൊതിയിടാത്ത ചട്ടപോയ ടെക്സ്റ്റ് ബുക്കും വരിഞ്ഞു മുറുക്കിയ ഇലാസ്റ്റിക്കിനുള്ളില്‍ തിരുകി, സ്‌കൂള്‍ വിട്ടിട്ടൊരോട്ടമുണ്ട്; തെച്ചിക്കാട്ടിലേക്ക് അല്ലെങ്കില്‍ പൂവത്തിച്ചോട്ടിലേക്ക് !
ഉപ്പുമാവിനുള്ള ഗോതമ്പും പാകം ചെയ്യാനുള്ള വിറകു മെത്തിച്ച്, ഭക്ഷണം വിളമ്പിയിരുന്നതും നേരാ നേരങ്ങളില്‍ മണിയടിച്ച് ക്ലാസിനെ നിയന്ത്രിച്ചിരുന്നതും പ്യൂണ്‍ മൊയ്തീന്‍ കാക്കയായിരുന്നു.
സ്‌കൂളിനു ചുറ്റും പടര്‍ന്നു പൊന്തിയ കള്ളിമുള്‍ച്ചെടികള്‍ക്കിടയിലും പ്രധാന കെട്ടിടത്തിന്റെ ഉത്തരത്തിലും ചുറ്റിപ്പിണര്‍ന്നു ശയിക്കാറുള്ള ഇണപ്പാമ്പുകളെ തല്ലിക്കൊന്നു കയ്യില്‍ ചുറ്റിയൊരു വരവുണ്ട്, മൊയ്തീന്‍ കാക്കക്ക് !
മൊയ്തീന്‍ക്കയും കുട്ടിക്കൂട്ടങ്ങളും സ്‌കൂളിനെ വട്ടംചുറ്റി തൊട്ടടുത്തുള്ള ഓടക്കത്തൊടുവിലെത്തിയാണ് പാമ്പുകളെ കുഴിച്ചുമൂടുന്നത്.
വൈന്നേരത്തെ സൊറ പറച്ചിലിനിടയില്‍ ഇക്കാര്യം കേള്‍ക്കുമ്പോള്‍ അയലത്തെ വല്യമ്മ പറയും ‘മൊയ്തീന് എന്തിന്റെ കേടാ, ഇണപ്പാമ്പോളെ കൊല്ലാന്‍ പാടുണ്ടോ’ന്ന്. ഇതു കേള്‍ക്കുമ്പോള്‍ മൊയ്തീന്‍ക്ക ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കും.
ഓര്‍മകളുടെ ചില്ലുജാലകത്തിനരികിലിരിക്കുമ്പോള്‍ ശങ്കരേട്ടന്റെ ബെല്ലടി കേട്ടു. മണിയടിയുടെ ചേലില്ല, ഇലക്ട്രിക് ബെല്ലിന്റെ ചിലമ്പിച്ച ശബ്ദത്തിന് !
ഈ വര്‍ഷവും 7 ഇ തന്നെയാണെന്റെ ക്ലാസ്. തൊട്ടും തലോടിയും ശാസിച്ചും കൂടെ നിര്‍ത്തുന്നവര്‍. എന്നിട്ടും പതിവിനു വിപരീതമായി പൊട്ടിത്തെറിച്ചും സങ്കടപ്പെട്ടും ക്ലാസില്‍ നിന്നിറങ്ങിപ്പോന്നതാണിന്നലെ !
‘വല്യ കുട്ട്യോളായി, തല്ലു കൂടലൊക്കെയിത്തിരി കുറക്കണമിനി..’
പല തവണ പറഞ്ഞതാണിക്കാര്യം. എന്നിട്ടിപ്പോ എന്തായെന്ന് ചോദിക്കും പോലായി മിനിഞ്ഞാന്നത്തെ സംഭവം.
അഷ്ഫഖും അലനും പെന്‍സിലിനെച്ചൊല്ലി തുടങ്ങിയ തര്‍ക്കം അടിയിലാണവസാനിച്ചത്. പരസ്പരം കടിച്ചും മാന്തിയും ഗ്രൗണ്ടിലുരുണ്ടു മറിഞ്ഞ പോരാട്ടം. പ്രിന്‍സിപ്പലിന്റെ മുന്നിലെത്തുമ്പോള്‍, അഷ്ഫഖ് കടിച്ച അലന്റെ ചെവി പൊട്ടി ചോരയൊഴുകിത്തുടങ്ങിയിരുന്നു.
മുറിവില്‍ സ്റ്റിച്ചിട്ട് അലനെ വീട്ടിലെത്തിച്ച് മടങ്ങുമ്പോള്‍ നേരം സന്ധ്യയോടടുത്തു. അലന്റെ കരച്ചില്‍ അന്നു രാത്രി മുഴുവന്‍ എന്നെ അസ്വസ്ഥയാക്കി.
ഇത്തിരി ഗൗരവം മുഖത്തിട്ടാണ് ഇന്നു ഞാന്‍ ക്ലാസിലെത്തിയത്. പതിവില്ലാതെ, ക്ലാസ് മുറിയുടെ വാതിലില്‍ കണ്ട ഇമോജികള്‍ എന്നെയത്ഭുതപ്പെടുത്തി.
കുറ്റസമ്മതത്തിന്റേയും മാപ്പു പറച്ചിലിന്റെയും സിംബലുകള്‍… കൂട്ടത്തില്‍ ‘ടാശഹല ുഹലമലെ’ എന്നൊരു സ്റ്റിക്കറും! ന്യൂജന്‍ മക്കളുടെ കമ്യൂണിക്കേഷന്‍ സ്‌റ്റൈല്‍ മനോഹരം തന്നെ!
ക്ലാസില്‍ ഇലയനക്കമറിയുന്ന നിശ്ശബ്ദത. ഈ മൗനമെന്നെ അലോസരപ്പെടുത്തുണ്ടായിരുന്നു. അധ്യാപകര്‍ ക്ലാസിലെത്തുമ്പോള്‍ സ്വിച്ചിട്ടപോല്‍ നില്‍ക്കുന്ന കളിതമാശകള്‍, അടക്കം പറച്ചിലുകള്‍! അതാണല്ലോ കുട്ടിത്തം. അതാണെനിക്കിഷ്ടവും!
ബ്ലാക്ക് ബോര്‍ഡില്‍ വെള്ളച്ചോക്കുകൊണ്ടെഴുതിയ വലിയ അക്ഷരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതപ്പോഴാണ്.
‘സോറി ടീച്ചര്‍, ഞങ്ങളിനി കുരുത്തക്കേട് കാണിക്കില്ല.’
ചെയ്ത കുറുമ്പിന്റെ മുഴുവന്‍ പശ്ചാത്താപവും മുഖത്തിട്ട് അഷ്ഫഖും തുന്നിക്കെട്ടിയ ചെവിയുമായി അലനും തൊട്ടു തൊട്ടിരിക്കുന്നു.
വിരിച്ചു ഭംഗിയാക്കിയ മേശപ്പുറത്ത് പച്ചക്കിണ്ണത്തില്‍ വലിയൊരു കലത്തപ്പം. തൊട്ടടുത്ത് കറുത്ത പിടിയുള്ളൊരു സ്റ്റീല്‍ കത്തിയും. അഷ്ഫഖും അലനും ചേര്‍ന്ന് മുറിച്ചെടുത്ത കലത്തപ്പക്കഷ്ണങ്ങള്‍ അവര്‍ തന്നെ വായില്‍ വെച്ചു കൊടുത്തു, പരസ്പരം. പിണക്കം തീര്‍ക്കാന്‍ അഷ്ഫഖിന്റെ ഉമ്മയുണ്ടാക്കിയതാണീ കലത്തപ്പം. ഞങ്ങള്‍ നാല്‍പത് പേരും അഷ്ഫഖിന്റെ ഉമ്മയുടെ പാചക വൈദഗ്ധ്യം രുചിച്ചറിഞ്ഞു, ഈ സ്‌നേഹത്തപ്പത്തിലൂടെ…
ചേര്‍ത്തുപിടിച്ചാല്‍ കടലോളം സ്‌നേഹം തരുന്നവരാണ് കുട്ടികള്‍. കൊടുക്കേണ്ടത് കൊടുക്കേണ്ട നേരത്ത് കൊടുക്കും പോല്‍ കൊടുക്കണമെന്നു മാത്രം . .

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x