12 Wednesday
March 2025
2025 March 12
1446 Ramadân 12

സ്വവര്‍ഗാനുരാഗം പ്രകൃതി പ്രതിഭാസമോ? ഡോ. പി എം മുസ്തഫ കൊച്ചിന്‍

മനുഷ്യന് അല്ലാഹു അന്തസ്സ് നല്‍കുകയും ആദരിക്കുകയും മികച്ച സൃഷ്ടി എന്ന നിലയില്‍ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നുവെന്ന് (17:70) ഖുര്‍ആന്‍ പറയുന്നു. മനുഷ്യനെ അല്ലാഹു ഏറ്റവും നല്ല ഘടനയോടെ സൃഷ്ടിച്ചിരിക്കുന്നു (95:4). പിന്നീടവന്‍ അധമരില്‍ അധമനായിത്തീരുന്നു (95:5) എന്നും ഖുര്‍ആനില്‍ കാണാം.
സൃഷ്ടികളിലേറ്റവും മാന്യത ലഭിച്ച മനുഷ്യന്‍ തരം താഴുന്ന അവസ്ഥ അവന്‍ തന്നെ വരുത്തിത്തീര്‍ക്കുന്നതാണ്. മറ്റൊരു ജീവിവര്‍ഗത്തിനും നേടിയെടുക്കാന്‍ കഴിയാത്ത അനവധി നേട്ടങ്ങള്‍ ആര്‍ജിക്കാന്‍ പാകത്തിലുള്ള സവിശേഷ ഘടനയോടെയാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. മറ്റൊരു ജീവിക്കും കഴിയാത്തവിധം അങ്ങേയറ്റം ദുഷിച്ച നിലയിലേക്ക് താഴ്ന്നുപോകാനുള്ള സാധ്യതയും അവന്റെ ഘടനയിലുണ്ട്. എന്നാല്‍ ഔന്നത്യത്തിലേക്കും അധപ്പതനത്തിലേക്കും നമ്മെ കൊണ്ടെത്തിക്കുന്ന ജീവിതശൈലികള്‍ ഏതൊക്കെയാണെന്ന് മനുഷ്യന് അല്ലാഹു വകതിരിച്ച് നല്‍കിയിട്ടുണ്ട്. ഇവിടെയാണ് സംശുദ്ധ ജീവിതത്തിന് സ്ത്രീ-പുരുഷ സമ്പര്‍ക്കത്തിന്റെ അതിര്‍വരമ്പുകള്‍ പ്രസക്കതമാകുന്നത്.
മനുഷ്യന്‍ വ്യഭിചാരത്തോട് അടുത്തുപോകരുതെന്നും അതൊരു മ്ലേച്ഛവൃത്തിയും (ഫാഹിശത്ത്) മോശം രീതിയാണെന്നും ഖുര്‍ആന്‍ (17:30) പരാമര്‍ശിക്കുന്നു. സ്വവര്‍ഗരതിയെക്കുറിച്ചും ഫാഹിശത്ത് (മ്ലേച്ഛവൃത്തി) എന്ന് തന്നെയാണ് ഖുര്‍ആന്‍ (4:16) പരാമര്‍ശിക്കുന്നത്. വൈവാഹിക ജീവിതം നയിക്കുന്ന ലൂത്വ് നബി(അ)യുടെ കാലത്തെ വിശ്വാസി സമൂഹത്തെ സ്വവര്‍ഗ പ്രേമികളായവര്‍ ‘പുരിശുദ്ധര്‍’ എന്ന് വിളിച്ച് പരിഹസിച്ചത് (27:56) ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നു.
സ്ത്രീ-പുരുഷന്മാര്‍ അവിവാഹിതമായി ഉഭയകക്ഷി സമ്മതത്തോടെ നിര്‍വഹിക്കുന്ന ലൈംഗിക വേഴ്ചയാണല്ലോ വ്യഭിചാരം. ഖുര്‍ആനികഭാഷയില്‍ ഇതിനെ സിനാ (zina) എന്നു പറയുന്നു. പരമ കാരുണികന്റെ അടിയാന്മാര്‍ വ്യഭിചരിക്കാത്തവരാണ് (25:60) എന്ന് ഖുര്‍ആന്‍ പറയുന്നു. പുരുഷന്‍മാര്‍ പരസ്പരം ഏര്‍പ്പെടുന്ന സ്വവര്‍ഗ ബന്ധമാണ് സദോമിസം (Sadomism). ഇതിനെ Homo Sexuality എന്നു പറയുന്നു. ലൂത്വ് പ്രവാചകന്റെ കാലം മുതലാണ് ഈ മ്ലേഛത മനുഷ്യരില്‍ പ്രാരംഭം കുറിച്ചത്. അതിന് മുമ്പ് ഈ പ്രവൃത്തി ലോകരില്‍ ഉണ്ടായിരുന്നില്ലെന്ന് (29:28) ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം.
സ്ത്രീകളെ ഉപേക്ഷിച്ച് പുരുഷന്മാരുടെയടുത്ത് കാമവികാരത്തോടെ ചെയ്യുന്ന, വികാരശമനം മാത്രം ലക്ഷ്യം വെക്കുന്ന ഈ ഏര്‍പ്പാട് ജോര്‍ദാനിലെ സദൂം നിവാസികളില്‍ ജന്മം കൊണ്ടതിനാല്‍ ഇംഗ്ലീഷില്‍ സദോമിസം എന്ന് പറഞ്ഞുവന്നത്. സ്വവര്‍ഗരതിയുടെ അറബി വാക്കായ ലിവാത്വാ ലൂത്വ്‌നബിയുടെ പേരില്‍ നിന്നുണ്ടായതാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാവും. അറബിയില്‍ ലാത്വയലൂത്വു എന്ന പദത്തിന്റെ ക്രിയാധാതു (ക്രിയാനാമം) ആണ് ലിവാത്വാ. ഇതിന് ഗുദമൈഥുനം എന്നര്‍ഥം. യഥാര്‍ഥത്തില്‍ ലൂത്വ്(അ) ആ പ്രവൃത്തിയെ വെറുത്തിരുന്നുവെന്ന് (26:168) ഖുര്‍ആനിലുണ്ട്.
മനുഷ്യന് സ്വസ്ഥതയോടെ ഒരുമിക്കുന്നതിന് മാനവരില്‍ നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചത് (30:21) ദൈവത്തിന്റെ മഹത്തായ അനുഗ്രഹമാണ്. അതിലൂടെയാണ് കരുണയും സ്‌നേഹവും ഉണ്ടാകുന്നതെന്നും ഖുര്‍ആനില്‍ കാണാം. സംരക്ഷകനായ ദൈവം മനുഷ്യവര്‍ഗത്തിന് സൃഷ്ടിച്ചു തന്നിട്ടുള്ള അവരുടെ ഇണകളെ ഉപേക്ഷിച്ച് ആണുങ്ങളുടെയടുക്കല്‍ ചെല്ലുന്ന അതിക്രമത്തെ ലൂത്വ് പ്രവാചകന്‍ ചോദ്യം ചെയ്തിരുന്നു (26:165-166). പെണ്‍ താല്പര്യമില്ലാത്തവരായ (11:79) ആ സമൂഹത്തില്‍ വിവേകമുള്ള പുരുഷന്മാരുണ്ടായില്ല (11:78).
സ്വവര്‍ഗരതി നടമാടിയ സദൂം നിവാസികളെ ഇഹലോകത്ത് തന്നെ ദൈവികശിക്ഷ പിടികൂടി. റെഡ് അലെര്‍ട്ടിന് ശേഷം ഘോരശബ്ദം (15:73) ഉണ്ടാവുകയും, ഭൂമി കീഴ്‌മേല്‍ മറിയുകയും (11:82), കല്‍മഴ (15:74) പോലത്തെ ഒരുതരം മഴ വര്‍ഷിപ്പിച്ച് (26:172-173) നശിപ്പിക്കുകയുണ്ടായി. വ്യഭിചാരത്തിന് ഇഹലോക ദൈവിക ശിക്ഷയ്ക്ക് ഉദാഹരണം ഖുര്‍ആനില്‍ കാണുന്നില്ല. നൂറ് അടികള്‍ ശിക്ഷയായി ഇസ്‌ലാമിക രാജ്യത്ത് നല്‍കണമെന്ന് കാണാം.
സ്ത്രീകള്‍ പരസ്പരം നടത്തുന്ന സ്വവര്‍ഗ ബന്ധത്തിനാണ് ലെസ്ബിയനിസം (Lesbianism) എന്നു പറയുന്നത്. പതിനാറാം നൂറ്റാണ്ടിലെ ഗ്രീക്ക് കവയത്രിയായ സാഫോ (Sappho) ജീവിച്ച ഗ്രീസിലെ ദ്വീപായ ലെസ്‌ബോസില്‍ (Lesbos) നിന്നാണ് ഈ നാമം ഉത്ഭവിച്ചത്. ഈ മ്ലേഛ വൃത്തിലെ ആ കവയത്രിയുടെ പേരിലേക്ക് ചേര്‍ത്ത് സാഫിസം എന്നും പറയും. അറബി ഭാഷയില്‍ സിഹാഖ്, മുസാവാഖാ എന്നിങ്ങനെ വിളിക്കുന്നു.
സ്ത്രീകള്‍ക്കിടയിലുള്ള ലെസ്ബിയനിസം ഒരുതരം വ്യഭിചാരമാണ്. സ്ത്രീകളില്‍ നിന്ന് മ്ലേഛവൃത്തിയില്‍ (ഹാഫിശാ) ഏര്‍പ്പെടുന്നവരെ സംബന്ധിച്ച പരാമര്‍ശം (4:15) ഖുര്‍ആനിലുണ്ട്. അന്യരുടെ വ്യക്തി ജീവിതത്തിലോ സ്വകാര്യ ജീവിതത്തിലോ അവിഹിതമായി ഇടപെടാതിരിക്കണം. സമ്പര്‍ക്കങ്ങളില്‍ പരമാവധി മാന്യതയും അന്തസ്സും പുലര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതാണ് വ്യക്തിക്കും സമൂഹത്തിനും ഗുണകരമാകുക. സാമൂഹിക നേട്ടത്തിന് ഗുണകരമല്ലാത്തതിനാല്‍ കൂടിയാണ് ഈ മ്ലേഛ വൃത്തികള്‍ ഇസ്‌ലാം വിലക്കിയത്.
മൃഗങ്ങള്‍ക്കിടയിലുള്ളതാണ് സ്വവര്‍ഗരതി എന്ന ന്യായീകരണത്താല്‍ മനുഷ്യനും ആ പ്രകൃതിയിലേക്ക് മടങ്ങാമോ? സ്വവര്‍ഗഭോഗം പ്രകൃതി പ്രതിഭാസമോ? മനുഷ്യര്‍ മറ്റു മൃഗങ്ങളെപ്പോലെയാണോ? വിശേഷ ബുദ്ധിയും തിരിച്ചറിവും ഉള്ളവനല്ലേ അവന്‍? അവന്‍ അവന്റെ സ്റ്റാറ്റസും, സ്റ്റാന്റേര്‍ഡും അനുസരിച്ചല്ലേ ജീവിക്കേണ്ടത്? അവന്റെ അജണ്ട മൃഗം തീരുമാനിക്കേണ്ടതുണ്ടോ? മൃഗങ്ങളെ അവന്റെ പ്രകൃതി ഗുരുവായും മാതൃകയായും നിശ്ചയിക്കാമോ?
ജീവിവര്‍ഗങ്ങളില്‍ എത്ര ശതമാനം ജീവികളില്‍ സ്വവര്‍ഗ വേഴ്ചയുണ്ട്? സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്ന ജീവികള്‍ അതില്‍ മാത്രം തുടരുന്നുവോ? അവകള്‍ സന്താനോല്പദാന പ്രക്രിയ മാറ്റിവെച്ച് ജീവിതകാലം മുഴുവന്‍ സ്വവര്‍ഗാനുരാഗികളായി ജീവിക്കുന്നുണ്ടോ? സദോമിസം പോലെ ലെസ്ബിയനിസം ജന്തുജീവികളില്‍ എത്രമാത്രം ഉണ്ട്? മള്‍ട്ടിപ്പ്ള്‍ സെക്ഷ്വാലിറ്റിയും (സംഘഭോഗം) പ്രകൃതിയില്‍ ഉണ്ടല്ലോ? പ്രകൃതിയിലെ ജീവി വര്‍ഗങ്ങളില്‍ ഒരു ശതമാനത്തില്‍ പോലുമില്ലാത്ത സ്വവര്‍ഗരതി പ്രകൃതിയുടെ തേട്ടം എന്ന് പറയാമോ? സ്വവര്‍ഗ താല്‍പര്യവും സ്വവര്‍ഗരതിയും മൃഗരതിയും ലൈംഗിക വൈകൃതമാണ്, വ്യക്തിനയമാണ്, മാനസിക പ്രശ്‌നമാണ്. ജീവശാസ്ത്ര പ്രതിഭാസമല്ല.
കഴുകന്‍, പ്രാവ്, പെന്‍ഗ്വിന്‍, ആല്‍ബ്രടോസ്, ഡോള്‍ഫിന്‍, കാട്ടുപോത്ത്, ആന, ജിറാഫ്, സിംഹം, കുരങ്ങ്, ആട്, കഴുതപ്പുലി, വവ്വാല്‍, പല്ലി, ആമ, ആനത്തുമ്പി പോലുള്ള ഒരു ശതമാനത്തില്‍ താഴെയുള്ള ജീവി വര്‍ഗങ്ങളിലെ അര ശതമാനം പോലുമില്ലാത്ത മൃഗങ്ങളില്‍, കാല്‍ ശതമാനം സന്ദര്‍ഭങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒരു ശീലത്തെ പ്രകൃതി പ്രതിഭാസം എന്ന് പറയുന്നത് ശാസ്ത്രനീതിയല്ല. ഈ പ്രകൃതിയെ മനുഷ്യനുമായി ചേര്‍ത്ത് വെക്കുന്നതില്‍ താരതമ്യ പിഴവ് (Comparison Error) എന്ന ചിന്താ പിഴവ് (Thinking Error)) ഉള്ളതില്‍ യുക്തിക്കും നിരക്കുന്നതല്ല.
യൂറോപ്പ്, അമേരിക്ക തുടങ്ങിയ വന്‍കരകളിലെ ഇരുപത്തഞ്ചോളം രാജ്യങ്ങളില്‍ 2000 മാണ്ട് മുതല്‍ 2017 വരെയുള്ള കാലയളവില്‍ സ്വവര്‍ഗ സിദ്ധാന്തം നിയമ വിധേയമാക്കിയിട്ടുണ്ട്. 20-ാം നൂറ്റാണ്ട് തീരുവോളം ലോകത്തൊരിടത്തും ഇതിന് നിയമ പ്രാബല്യമുണ്ടായിരുന്നില്ല എന്നതും ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ ഒറ്റപ്പെട്ട രാജ്യങ്ങളിലും മാത്രമേ ഈ മ്ലേഛവൃത്തി നിയമ വിധേയമായിട്ടുള്ളൂ എന്നതും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റേണ്ട കാര്യമാണ്.
സദൂം നിവാസികള്‍ക്ക് ലഭിച്ച ദൈവിക ശിക്ഷ പരാമര്‍ശിച്ച (54:33-39) ഖുര്‍ആന്‍ അതിനു ശേഷം ഇങ്ങനെ ഉണര്‍ത്തുന്നു: ”തിരിച്ചറിവ് നേടുന്നതിനായാണ് ഖുര്‍ആനിനെ നാം ഇങ്ങനെ സൗകാര്യപ്രദമാക്കിയത്. പാഠം ഉള്‍ക്കൊള്ളുന്നവരായി ആരെങ്കിലുമുണ്ടോ?” (54:40)

Back to Top