25 Thursday
April 2024
2024 April 25
1445 Chawwâl 16

സ്വര്‍ഗം ഉറപ്പുനല്‍കുന്നു മര്‍ദിതനുവേണ്ടിയുള്ള പോരാട്ടം- എം പി മുഹമ്മദ് പെരിന്തല്‍മണ്ണ

ഇബ്‌നുഉമര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: മര്‍ദിതന്റെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതുവരെ അയാളോടൊപ്പം നിലയുറപ്പിക്കുന്നവന്റെ പാദങ്ങള്‍ക്ക് എല്ലാ പാദങ്ങളും വഴുതിവീഴുന്ന ദിനത്തില്‍ അല്ലാഹു കരുത്തുനല്‍കും” (അബൂദാവൂദ്)
പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ട്, വംശീയവേട്ട ലക്ഷ്യംവെച്ച് ജയിലറകളില്‍ തള്ളിയ ദളിത് പിന്നാക്ക നിരപരാധികളായ തടവുകാരുടെ മോചനത്തിന് രാഷ്ട്രീയമായും ധാര്‍മികമായും സംഘമായും വ്യക്തിപരമായും ഇറങ്ങിത്തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇപ്പോള്‍ ഭരണപക്ഷം, പ്രതിപക്ഷം എന്നതിന്റെ നിര്‍വചനം മാറിയിരിക്കുകയാണ്! ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങളും പരിഗണനയും കിട്ടിക്കൊണ്ടിരിക്കുന്നവര്‍ ഭരണപക്ഷവും ഗവണ്‍മെന്റിന്റെ അവഗണനയും പീഡനങ്ങളും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ പ്രതിപക്ഷവുമായിരിക്കുന്നു. ഇവര്‍ തമ്മില്‍ നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടേണ്ടിവരുന്ന ഒരവസ്ഥയാണിന്ന്. അസംബ്ലിയിലോ പാര്‍ലമെന്റിലോ നടക്കുന്ന വാഗ്വാദങ്ങളോ പോര്‍വിളികളോ അല്ല ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വേര്‍തിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പശുവിന്റെ പേരിലും മറ്റുമുള്ള ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്നവര്‍ ഭരണപക്ഷവും അതിലെ പീഡിതര്‍ പ്രതിപക്ഷവുമാണ്.
നബി(സ) പറഞ്ഞു: ”തന്റെ മുന്നില്‍ ഒരാള്‍ മര്‍ദിക്കപ്പെടുമ്പോള്‍ ആരും അത് കണ്ടുനില്ക്കരുത്. മര്‍ദനം നടക്കുമ്പോള്‍ അത് തടയാതിരിക്കുന്നവന്‍ അല്ലാഹുവിന്റെ ശാപം പേറേണ്ടിവരും.” (ത്വബ്‌റാനി). മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ”നിങ്ങളുടെ സഹോദരന്‍ മര്‍ദകനായാലും മര്‍ദിതനായാലും നിങ്ങളവനെ സഹായിക്കുക.” മര്‍ദിതനെ സഹായിക്കാന്‍ പറഞ്ഞത് മനസ്സിലാക്കാം. എന്നാല്‍ മര്‍ദകനെ സഹായിക്കുന്നത് എങ്ങനെയാണ്? റസൂല്‍(സ) പറഞ്ഞു: ”മര്‍ദിക്കുന്നതില്‍ നിന്നവനെ തടഞ്ഞുനിര്‍ത്തുക. അതാണ് അവന് നല്‍കുന്ന സഹായം.”
ആള്‍ക്കൂട്ടക്കൊലകള്‍ എവിടെ നടന്നാലും അത് കണ്ടുനില്ക്കുക മാത്രമല്ല, മൊബൈല്‍ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണ്. നബി(സ) പറഞ്ഞു: ”ചില ആളുകളെ അല്ലാഹു ഉന്നത സ്ഥാനമാനങ്ങള്‍ നല്‍കി അനുഗ്രഹിക്കുന്നത് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്. എന്നാല്‍ ചിലര്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ ജനദ്രോഹത്തിനുവേണ്ടി ഉപയോഗപ്പെടുത്തും. അങ്ങനെയുള്ള പ്രമാണിമാരെക്കൊണ്ട് ജനം പൊറുതിമുട്ടുമ്പോള്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അവരില്‍ നിന്ന് വേര്‍പെടുത്തിയെടുത്ത് മറ്റുചിലര്‍ക്ക് വിട്ടുകൊടുക്കും.” (ത്വബ്‌റാനി). അതിനാല്‍ മുഴുവന്‍ പീഡിതരോടും ഐക്യദാര്‍ഢ്യം നല്‍കി അവര്‍ക്കുവേണ്ടി പോരാടാന്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്.
3 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x