സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ നവോത്ഥാനത്തിന്റെ വക്താക്കളാവേണ്ട – എം ജി എം രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്ത്രീകളോട് നീതി കാണിച്ചിട്ടില്ല – കെ പി സുധീര
എം ജി എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമിതി ലോക വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ സാഹിത്യകാരി കെ പി സുധീര ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: സ്ത്രീ സമൂഹത്തെ അടിമകളായി കാണുന്ന മത-രാഷ്ട്രീയ നേതൃത്വങ്ങള്‍ നിലപാട് തിരുത്തണമെന്ന് മുജാഹിദ് വനിതാ വിഭാഗമായ എം ജി എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമിതി ലോക വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ആവശ്യപ്പെട്ടു. നവോത്ഥാനത്തിന് മുറവിളി കൂട്ടുന്ന രാഷ്ട്രീയ നേതൃത്വങ്ങളും മത സംഘടനകളും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വിഷയത്തില്‍ ഇപ്പോഴും യാഥാസ്ഥിതികതയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സാധിച്ചെടുക്കാന്‍ നിയമ നിര്‍മാണം നടത്തേണ്ട നിയമ നിര്‍മാണസഭകളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ തയ്യാറാവാത്ത രാഷ്ട്രീയ നേതൃത്വങ്ങളുടെ നവോത്ഥാന വാദങ്ങള്‍ കാപട്യമാണ്. വരാനിരിക്കുന്ന ലോക സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ തയ്യാറുള്ള രാഷ്ട്രീയ പാര്‍ട്ടികളേ നവോത്ഥാനത്തെക്കുറിച്ച് അവകാശപ്പെടേണ്ടതുള്ളൂ എന്ന് എം ജി എം വ്യക്തമാക്കി. സാഹിത്യകാരി കെ പി സുധീര സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലോകത്തൊരിടത്തും രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്ത്രീ സമൂഹത്തോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് സുധീര പറഞ്ഞു. സ്ത്രീകള്‍ എന്നും ഭരിക്കപ്പെടേണ്ടവളാണെന്ന നിലപാടാണ് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളടക്കം സ്വീകരിക്കുന്നത്. സ്ത്രീകള്‍ ശബ്ദിക്കുമെന്നാകുമ്പോഴേക്ക് അവരെ നിശ്ശബ്ദമാക്കാനാണ് പുരുഷാധിപത്യ സമൂഹം ശ്രമിക്കുന്നത്. തങ്ങളുടെ അഭിമാനകരമായ വ്യക്തിത്വം സാധിച്ചെടുക്കാന്‍ സ്ത്രീകള്‍ തന്നെ മുന്നോട്ടു വരണമെന്നും അവര്‍ പറഞ്ഞു.
എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് സി എം സനിയ്യ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ്, അഡ്വ. ഫാത്വിമ തഹ്‌ലിയ്യ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മുന്‍ പ്രസിഡന്റ് സഫിയ അലി, മുഹ്‌സിന പത്തനാപുരം, നജ ഇസ്മായീല്‍, ഖദീജ മങ്ങാട് വിഷയങ്ങളവതരിപ്പിച്ചു. സല്‍മ അന്‍വാരിയ്യ, ബുഷ്‌റ നാജത്തിയ്യ, സൈനബ ശറഫിയ്യ, മറിയം കടവത്തൂര്‍, റാഫിദ ഖാലിദ്, റുഖ്‌സാന വാഴക്കാട് പ്രസംഗിച്ചു.
