8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

സ്ത്രീ പള്ളിപ്രവേശം സമീപനങ്ങളിലെ വൈവിധ്യങ്ങള്‍ – എ അബ്ദുല്‍ അസീസ് മദനി

മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയെക്കുറിച്ച് എ പി അബൂബക്കര്‍ മുസ്‌ല്യാർ കാന്തപുരവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാരും നടത്തിയ പ്രസ്താവനകള്‍ യഥാര്‍ഥ പ്രമാണങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ്. ചെറിയ ശതമാനം ആളുകള്‍ മാത്രമാണത്രെ സ്ത്രീ പള്ളിപ്രവേശം വേണമെന്ന് വാദിക്കുന്നുള്ളൂവെന്നാണ് കാന്തപുരം മുസ്‌ലിയാര്‍ പറയുന്നത്. വിശ്വാസ സംഹിതകളെ മാനിച്ചുകൊണ്ടേ കോടതി ഇടപെടല്‍ നടത്താവൂ എന്ന് അദ്ദേഹം പറയുമ്പോള്‍ ആരുടെ വിശ്വാസ സംഹിത എന്ന് കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. സത്യവിശ്വാസികളുടെ വിശ്വാസ സംഹിതയാണ് ഉദ്ദേശിക്കപ്പെട്ടതെങ്കില്‍ അത് മാറ്റുരച്ച് നോക്കാനുള്ള സ്രോതസ്സുകള്‍ വിശുദ്ധ ഖുര്‍ആനും സ്ഥിരപ്പെട്ട ഹദീസുകളുമാണ്. വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും സ്ഥിരപ്പെട്ട ഹദീസുകള്‍ കൊണ്ടും ഖണ്ഡിതമായി തെളിഞ്ഞതാണ് മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പോവാമെന്നതും പുരുഷന്മാരോടൊപ്പം ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കുകൊള്ളാമെന്നതും.
പ്രമാണബദ്ധമായി സ്ഥിരപ്പെട്ട ഒരു കാര്യത്തില്‍ ഭൂരിപക്ഷം ആളുകള്‍ എന്ത് വാദിക്കുന്നു, ന്യൂനപക്ഷം എന്തു  വാദിക്കുന്നു എന്ന് ജല്പിക്കുന്നത് അംഗീകരിക്കാവതല്ല. കാന്തപുരത്തിന്റെ വാദത്തെ മറികടന്നുള്ള വാദവുമായിട്ടാണ് ആലിക്കുട്ടി മുസ്‌ല്യാരുടെ ആഗമനം. അദ്ദേഹത്തിന്റെ വാദം ഇങ്ങനെ സംഗ്രഹിക്കാം: ”മുസ്‌ലിം സ്ത്രീകള്‍ സ്വന്തം ഭവനങ്ങളിലാണ് പ്രാര്‍ഥന നടത്തേണ്ടത്. പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന വാദത്തെ സമസ്ത അംഗീകരിക്കുന്നില്ല.” അല്ലാഹുവിനോട് മാത്രമേ ദുആ (ഇസ്തിഗാസ) പാടുള്ളൂവെന്ന അടിസ്ഥാനപരമായ വിഷയം പോലും അംഗീകരിക്കാത്തവരുടെ സ്ത്രീകളുടെ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിലെ അഭിപ്രായവും യഥാര്‍ഥ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആളുകള്‍ അവജ്ഞയോടെ തള്ളിക്കളയും.
സ്ത്രീകള്‍ക്ക് ഉത്തമം സ്വന്തം ഭവനങ്ങളോ?
മുസ്‌ലിം സ്ത്രീകള്‍ സ്വന്തം ഭവനങ്ങളിലാണ് പ്രാര്‍ഥന നടത്തേണ്ടത് എന്ന് വിശുദ്ധ ഖുര്‍ആന്‍ ആയത്തു കൊണ്ട് തെളിയിക്കാന്‍ സാധ്യമല്ല. എന്നാല്‍ അല്ലാഹുവിന്റെ പള്ളികളില്‍ വെച്ച് അവന്റെ നാമം സ്മരിക്കപ്പെടുന്നതില്‍ നിന്നും അത് (പള്ളി) നശിപ്പിക്കാന്‍ വേണ്ടി ശ്രമിക്കുകയും ചെയ്യുന്നവരെക്കാള്‍ അക്രമിയായിട്ട് ആരാണുള്ളത് എന്ന അല്ലാഹുവിന്റെ ചോദ്യം എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്? അല്ലാഹുവിനെ സ്മരിക്കപ്പെടുന്നതില്‍ നിന്ന് തടയപ്പെടുന്നത് പുരുഷന്മാരായാലും സ്ത്രീകളായാലും നിയമം ഒന്ന് തന്നെ. അല്ലാഹു ഹറാമാക്കാത്ത കാര്യം ഹറാമാണെന്ന് പറയുന്നതും എഴുതുന്നതും ഫത്‌വ നല്‍കുന്നതുമൊക്കെ തടയുക എന്നതിന്റെ പരിധിയില്‍ വരുന്നതു തന്നെ.
ഇബ്‌നുഉമറില്‍ നിന്ന് സാലിം റിപ്പോര്‍ട്ട് ചെയ്യുന്നു: ”തീര്‍ച്ചയായും റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ അടിമ സ്ത്രീകളെ നിങ്ങള്‍ പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നതില്‍ നിന്നും തടയരുത്. അപ്പോള്‍ സാലിമിന്റെ മകന്‍ വാഖിദ് പറഞ്ഞു: ഞങ്ങള്‍ അവരെ തടയുക തന്നെ ചെയ്യും. അപ്പോള്‍ അദ്ദേഹം (സാലിം) അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞത് ഞാന്‍ നിന്നോട് പറഞ്ഞു. എന്നിട്ട് തീര്‍ച്ചയായും ഞങ്ങള്‍ അവരെ തടയുമെന്ന് നീ വാദിക്കുകയും ചെയ്യുന്നു. അദ്ദേഹം രോഷാകുലനാവുകയും ചെയ്തു.” (ഇബ്‌നുമാജ, പേജ് 8, വാള്യം 1).
ഇബ്‌നുഉമര്‍(റ) പറയുന്നു: റസൂല്‍(സ) പറഞ്ഞു: സ്ത്രീകള്‍ക്ക് അവരുടെ പള്ളികളില്‍ നിന്നുള്ള അവകാശങ്ങളെ നിങ്ങള്‍ തടയരുത് (സ്വഹീഹുല്‍ ബുഖാരി).
അനസ്ബിന്‍ മാലിക്(റ) പറയുന്നു:  പ്രായം ചെന്ന സ്ത്രീകള്‍ റസൂലിന്റെ (സ) കൂടെ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നോ? അദ്ദേഹം പറഞ്ഞു: അതെ, യുവതികളും പങ്കെടുക്കാറുണ്ടായിരുന്നു. (ബസ്സാര്‍, മജ്‍മഉസ്സമാഇദ)
ആഇശ(റ) പറയുന്നു: അവര്‍ പറഞ്ഞു. സത്യവിശ്വാസിനികളായ സ്ത്രീകള്‍ റസൂലിന്റെ(സ) കൂടെ നീളമുള്ള വസ്ത്രങ്ങള്‍ ചുറ്റിപ്പുതച്ചുകൊണ്ട് സുബുഹ് നമസ്‌കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. പിന്നീട് നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ അവര്‍ അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. (ഫത്ഹുല്‍ബാരി)
വ്യക്തമായ നിലക്ക് ഇത്രയും തെളിവുണ്ടായിരിക്കെ സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക് അവരുടെ വീടാണുത്തമം എന്ന് എങ്ങനെ പറയാന്‍ കഴിയും.
ദുര്‍ബലമായ റിപ്പോര്‍ട്ടുകള്‍
സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക് ഉത്തമം അവരുടെ വീടുകളാണെന്ന് പറയുന്ന ഹദീസുകളുടെ അവസ്ഥ നമുക്കൊന്ന് ചര്‍ച്ചക്ക് വിധേയമാക്കാം.
1). ഒരു സ്ത്രീ അവളുടെ വീട്ടില്‍ വെച്ച് നമസ്‌കരിക്കുന്ന നമസ്‌കാരം അവളുടെ റൂമില്‍ വെച്ചുള്ള നമസ്‌കാരത്തേക്കാള്‍ ഉത്തമമാണ്. അവളുടെ അറയില്‍ വെച്ചുള്ള നമസ്‌കാരമാണ് അവളുടെ വീട്ടിലെ പൊതു സ്ഥലത്തു വെച്ചുള്ള നമസ്‌കാരത്തേക്കാള്‍ ഉത്തമം (അബൂദാവൂദ് 93:1)
ഈ ഹദീസിന്റെ പരമ്പരയില്‍ ഹുമ്മാം എന്നു പേരുള്ള ഒരാളുണ്ട്. യസീദ്ബ്‌നു സുറൈഅ് പറയുന്നു: ഹുമ്മാമിന്റെ ഓര്‍മശക്തി വളരെ മോശമാണ്. ഇബ്‌നുസഅദ് പറയുന്നു: അദ്ദേഹം  വിശ്വസ്തനാണെങ്കിലും ചിലപ്പോള്‍ അദ്ദേഹത്തിന് ഹദീസില്‍ തെറ്റ് പറ്റാറുണ്ട്. (തഹ്ദീബ അഹ്ദീബ് ) ഇങ്ങനെ ഹദീസ് നിദാന ശാസ്ത്രമനുസരിച്ച് ആക്ഷേപത്തിന് വിധേയയായ റിപ്പോര്‍ട്ടറുടെ ഹദീസ് ഉപേക്ഷിക്കപ്പെടേണ്ടതാണ്.
2). ഉമ്മു ഹുമൈദിനിസ്സാഇദി എന്ന സ്ത്രീ ഒരിക്കല്‍ റസൂലിന്റെ(സ) അടുക്കല്‍ വന്നു. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ തീര്‍ച്ചയായും ഞാന്‍ അങ്ങയുടെ കൂടെ നമസ്‌കരിക്കാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ റസൂലുല്‍(സ) പറഞ്ഞു: നീ എന്റെ കൂടെ നമസ്‌കരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന കാര്യം ഞാന്‍ അറിഞ്ഞിട്ടുണ്ട്. നിന്റെ വീട്ടില്‍ വെച്ചുള്ള നമസ്‌കാരമാണ് നിന്റെ റൂമില്‍ വെച്ചുള്ള നമസ്‌കാരത്തെക്കാള്‍ ഉത്തമം. നിന്റെ റൂമില്‍ വെച്ചുള്ള നമസ്‌കാരമാണ് വീട്ടിലെ പൊതു സ്ഥലത്തെ നമസ്‌കാരത്തെക്കാള്‍ ഉത്തമം. നിന്റെ വീട്ടിലെ പൊതു സ്ഥലത്തുള്ള നമസ്‌കാരമാണ് നിന്റെ ജനതയുടെ പള്ളില്‍ വെച്ചുള്ള നമസ്‌കാരത്തെക്കാള്‍ നിനക്ക് ഉത്തമമായത്.
ഈ ഹദീസിന്റെ പരമ്പരയില്‍ അബ്ദുല്ലാഹിബിന്‍ വഹാബ് എന്ന റിപ്പോര്‍ട്ടറുണ്ട്. അദ്ദേഹത്തെക്കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നത് നോക്കുക. ”അഹ്മദ് ബിന്‍ ഹന്‍ബല്‍ പറയുന്നു: അബ്ദുല്ലാഹിബിന്‍ വഹബിന് ഹദീസുകള്‍ സ്വീകരിക്കുന്നേടത്ത് അബദ്ധം പറ്റാറുണ്ട്. ഇബ്‌നു സഅ്ദ് പറയുന്നു: അബ്ദുല്ലാഹിബിന്‍ വഹാബ് തദ്ലീസ് ചെയ്യാറുള്ള വ്യക്തിയാണ്. തദ്ലീസ് എന്നാല്‍ തന്നോട് ഹദീസ് പറഞ്ഞുകൊടുത്ത വ്യക്തിയെ (ഉസ്താദിനെ) പറയാതെ ഉസ്താദിന്റെ ഉസ്താദിലേക്കോ മറ്റോ ഹദീസ് ചേര്‍ത്തിപ്പറയുക എന്നാണ്. അബൂദാവൂദ് പറയുന്നു: അബ്ദുല്ലാഹിബ്‌നു ഹിബ്ബാനും അപ്രകാരം പറഞ്ഞു. ഇബ്‌നു ഖുസൈമ പറയുന്നു: അദ്ദേഹം മുദല്ലിസാണ്.” (മീസാനുല്‍ ഇഅ്തിദാല്‍)
3). അനസ്(റ) പറയുന്നു: അദ്ദേഹം പറഞ്ഞു: ചില സ്ത്രീകള്‍ റസൂലിന്റെ(സ) അടുക്കല്‍ വന്നു. എന്നിട്ടവര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ. പുരുഷന്മാര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്തുകൊണ്ടും മറ്റും മഹത്തായ പ്രതിഫലവുമായി പോയിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗങ്ങളര്‍പ്പിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് ഞങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ വല്ലതുമുണ്ടോ? റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ വീടുകളില്‍ അടങ്ങിയിരുന്നാല്‍ നിങ്ങള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരുടെ പ്രതിഫലം ലഭിക്കും.
ഈ ഹദീസിന്റെ പരമ്പരയില്‍ റൗഹ്‌ബിനില്‍ മൂസ യൂസുഫ് എന്ന റിപ്പോര്‍ട്ടറുണ്ട്. അദ്ദേഹം ബസറയിലെ പ്രസിദ്ധനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തെക്കുറിച്ച് ഹദീസ് നിരൂപകന്മാര്‍ പറയുന്നത് കാണുക. ”ഇബ്‌നുഅദിയ്യ് പറയുന്നു: അദ്ദേഹത്തിന്റെ ഹദീസുകള്‍ സൂക്ഷ്മതയില്ലാത്തതാണ്. ഇബ്‌നുഹിബ്ബാര്‍ പറയുന്നു: റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലാത്ത രൂപത്തില്‍ വിശ്വസ്തന്മാരിലേക്ക് ചേര്‍ത്തി വ്യാജ ഹദീസുകള്‍ നിര്‍മിക്കുന്നവനായിരുന്നു അദ്ദേഹം.” (മീസാനുല്‍ ഇഅ്തിദാല്‍, പേജ് 61, വാള്യം 2)
ശാഫിഈമത്ഹബിലെ ഗ്രന്ഥങ്ങള്‍ പറയുന്നതെന്ത്?
1). ”സ്ത്രീകള്‍ക്ക് ജമാഅത്ത് നമസ്‌കാരവും ജുമുഅ നമസ്‌കാരവും പ്രബലമായ സുന്നത്ത് തന്നെയാണ്.” (ബാജൂരി 326:2)
2). ”സ്ത്രീകളുടെ ജമാഅത്ത് നമസ്‌കാരത്തെക്കുറിച്ചുള്ള പണ്ഡിത്മാരുടെ അഭിപ്രായങ്ങള്‍ നാം കണ്ടു. അവര്‍ക്ക് ജമാഅത്ത് നസ്‌കാരം പ്രബലമായ സുന്നത്താണ് എന്നതാണ് നമ്മുടെ അഭിപ്രായം. ശൈഖ് അബൂഹാമിദ് പറയുന്നു: പുരുഷന്മാര്‍ക്ക് ജമാഅത്ത് നമസ്‌കാരം സുന്നത്തായതു പോലെ തന്നെ സ്ത്രീകള്‍ക്കും അത് സുന്നത്തായി ഞാന്‍ കാണുന്നു. അത് നിര്‍ബന്ധ നമസ്‌കാരമാണെങ്കിലും ഐച്ഛിക നമസ്‌കാരമാണെങ്കിലും.” (ശറഹുല്‍ മുഹദ്ദബ് 199:4)
3). സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും വന്നതിപ്രകാരമാണ്: നിങ്ങളില്‍ ആരോടെങ്കിലും തങ്ങളുടെ ഭാര്യമാര്‍ പള്ളിയില്‍ പോവാന്‍ അനുവാദം ചോദിച്ചാല്‍ അവളെ തടയാന്‍ പറ്റില്ല. പള്ളിയില്‍ പോയി നമസ്‌കരിക്കാന്‍ അനുവാദം ചോദിച്ചാല്‍ അനുവാദം നല്‍കല്‍ ഭര്‍ത്താവിന് സുന്നത്താണ്. സ്വന്തം ഭവനത്തില്‍ വെച്ച് നമസ്‌കരിക്കലാണ് സ്ത്രീകള്‍ക്ക് ഉത്തമമെങ്കില്‍ ഭര്‍ത്താക്കന്മാരോട് അനുവാദം നല്‍കണമെന്ന് പറയുന്നതില്‍ യുക്തിയില്ല.” (ശറഹുല്‍ബഹ്ജ ലിസകരിയ്യല്‍ അന്‍സ്വാരി 404:1)
4). ”നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ജമാഅത്തായി നമസ്‌കരിക്കല്‍ സ്ത്രീകള്‍ക്കും പ്രബലമായ സുന്നത്താണ്.” (അല്‍ഇഖ്‌നഅ്)
5). ”സ്ത്രീകള്‍ക്കും പ്രബലമായ സുന്നത്താണ്.” (ശര്‍വാനി)
6). ”സ്ത്രീകള്‍ക്ക് അവരുടെ വീടുകളില്‍ വെച്ച് നമസ്‌കരിക്കുന്നതിനെക്കാള്‍ ശ്രേഷ്ടമാണ് പള്ളികളില്‍ വെച്ചുള്ള ജമഅത്തായുള്ള നമസ്‌കാരം.” (ഖല്‍യൂബി)
സംഘടനാ അന്ധത
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മീഞ്ചന്ത പ്രമേയവും മണ്ണാര്‍ക്കാട് പ്രമേയവും വരുന്നത് വരെ മുസ്‌ലിം സ്ത്രീകള്‍ക്ക് ജുമുഅ ജമാഅത്തിന് പള്ളിയില്‍ പോവലും പരപുരുഷന്മാര്‍ പങ്കെടുക്കുന്ന പള്ളിയിലെ ജമാഅത്തുകളില്‍ പിന്തുടലരും ഹറാമാണെന്നെന്നോ മക്‌റൂഹാണെന്നോ ലോകത്ത് ഒരാളും പറഞ്ഞിട്ടില്ല. ഇജ്വലമായ പ്രമാണങ്ങള്‍ ഈ വിഷയത്തില്‍ ഉള്ളതുകൊണ്ട് തന്നെയാണ് ഇസ്‌ലാഹീ പ്രസ്ഥാനം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധപ്പെട്ട കോടതി വിധിയെ സ്വാഗതം ചെയ്യുന്നത്. ശരീഅത്തിന്റെ അനുവാദവും അംഗീകാരവുമാണ് ഇസ്‌ലാഹിനാവശ്യം. അനാവശ്യമായ സംഘടനാന്ധത പുണ്യം പ്രവര്‍ത്തിക്കുന്നതിന് തടസ്സമായിക്കൂടാ.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x