21 Saturday
December 2024
2024 December 21
1446 Joumada II 19

സ്ത്രീത്വത്തെ ആദരിച്ചവര്‍ക്ക്  അര്‍ഹമായ അംഗീകാരം – സി കെ റജീഷ്

സമാധാനത്തിനുള്ള 2018-ലെ നോബല്‍ സമ്മാനിക്കപ്പെട്ടത് ഡോ. ഡെനിസ് മുക്‌വെഗി, നാദിയ മുറാദ് എന്നിവര്‍ക്കാണ്. യുദ്ധ മുഖങ്ങളിലും സായുധ സംഘര്‍ഷ ഭൂമികളിലും ലൈംഗികാതിക്രമങ്ങളെ ആയുധമാക്കുന്നതിനെതിരെ പോരാടിയതിനാണ് ഇരുവരെയും ലോകത്തിലെ വിശിഷ്ടമായ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. യുദ്ധക്കെടുതിയില്‍ ഇരുട്ടില്‍ ആണ്ടുപോയ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് മതിയായ ചികിത്സ നല്‍കി ജീവിതത്തെക്കുറിച്ച് തന്നെ പ്രതീക്ഷയുടെ പൊന്‍പ്രഭ വിതറാന്‍ ഡെന്നിസ് മുക്‌വെഗി എന്ന ഗൈനക്കോളജിസ്റ്റിന് സാധിച്ചു. ഇറാഖിലെയും സിറിയയിലെയും ഗ്രാമങ്ങളില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ ‘യുദ്ധമുതലായി’ തട്ടിയെടുത്ത് ലൈംഗിക അടിമകളാക്കിയ എല്ലാ സ്ത്രീകളുടെയും പ്രതീകമായ നാദിയ ഇന്ന് അടിച്ചമര്‍ത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നവരുടെ സുരക്ഷയ്ക്കായുള്ള പോരാട്ട വീഥിയിലാണ്. ഒരായുസ്സിന്റെ മുഴുവന്‍ സങ്കടവും ഇപ്പോള്‍ ലോകത്തിന്റെയാകെ ആദരവും ഏറ്റുവാങ്ങിയ ഈ ഇരുപത്താറുകാരി പീഡനങ്ങള്‍ കൊണ്ട് കനല്‍ താണ്ടിയ വഴികളിലെ കണ്ണീരുപ്പ് കലര്‍ന്ന ജീവിതകഥ തുറന്നുപറയാന്‍ അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
അക്രമപരമ്പരകളിലൂടെ അനീതിയുടെ തേര്‍വാഴ്ച തന്നെ നടക്കുന്ന യുദ്ധങ്ങളില്‍ കൂടുതല്‍ കെടുതികള്‍ അനുഭവിക്കുന്നതും ഇരകളായിത്തീരുന്നതും സ്ത്രീകളും കുട്ടികളുമാണ്. ഭീകരതയുടെ ഏറ്റവും നിന്ദ്യരൂപമായ ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് ആജീവനാന്തം ആ ക്രൂരതയുടെ തീരാവേദനകള്‍ പേറിക്കഴിയേണ്ടി വരുന്നു. യുദ്ധഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷികളാണെന്ന് തുറന്നു പറയാനോ, യുദ്ധഭൂമിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരുത്താനോ പലര്‍ക്കും സാധിക്കുകയുമില്ല. ഇരയുടെ പക്ഷം ചേരുന്നതിന് ഭീതി തടസ്സം സൃഷ്ടിക്കുകയും മാനഹാനി ഭയന്ന് പീഡാനുഭവങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യവും സംജാതമാവാറുണ്ട്. ഒരായിരം പേരുടെ ജീവിതം തന്നെ തകര്‍ത്തെറിഞ്ഞ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വജീവന്‍ പണയപ്പെടുത്തി ഇവര്‍ നടത്തിയ പോരാട്ടത്തിന് തിളക്കമേറെയാണെന്നു പറയുന്നതും അക്കാരണത്താലാണ്.
നാലു വര്‍ഷത്തിലേറെയായി തുടരുന്ന ആഭ്യന്തര കലാപവും അഴിമതിയും കോംഗോ എന്ന ആഫ്രിക്കന്‍ രാഷ്ട്ര നിവാസികളെ അതീവ ദുസ്സഹമായ ദുരിതക്കയത്തില്‍ കുരുക്കിയിടുകയായിരുന്നു. പട്ടിണിയും മാറാരോഗങ്ങളും അവരുടെ ദുരിതാവസ്ഥക്ക് ആക്കം കൂട്ടി. മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥകളായ ഈ യുദ്ധഭൂമിയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിന് ഇരകളായിത്തീര്‍ന്നു. പതിനഞ്ച് വര്‍ഷത്തോളം സ്ത്രീകള്‍ അനുഭവിക്കുന്ന വേദന കണ്ടറിഞ്ഞ ഡോക്ടര്‍ 1999-ല്‍ ബുകാവുവില്‍ ഹസ്‌നി ആശുപത്രി സ്ഥാപിച്ചു. യുദ്ധത്തില്‍ ബലാത്സംഗം ആയുധമാക്കി മാറ്റുന്നതിനെതിരെ ലോകം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഡോക്ടര്‍ക്ക് നേരെ വധശ്രമമുണ്ടായെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയാണുണ്ടായത്. യുദ്ധക്കെടുതിയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തെ വിവരിച്ച് അദ്ദേഹം ‘പ്ലീ ഫോര്‍ ലൈഫ്’ എന്ന പുസ്തകം രചിച്ചു. കുട്ടിക്കാലത്ത് പിതാവിനോടൊപ്പം രോഗികളെ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്ന ഡെനീസിന് പാവങ്ങളെ പരിചരിക്കുന്ന ഡോക്ടറാവണമെന്ന മോഹം അന്നു തന്നെയുണ്ടായിരുന്നു. ഇന്നിതാ ആഫ്രിക്കക്കാര്‍ മാത്രമല്ല, ലോകം മുഴുവന്‍ ആദരിക്കുന്ന ‘മിറാക്ക്ള്‍ ഡോക്ടറായി’ ഈ നോബെല്‍ സമ്മാന ജേതാവ് മാറിയിരിക്കുന്നു.
പതിനേഴാം വയസ്സില്‍ നോബെല്‍ സമ്മാനം നേടിയ മലാല യൂസുഫ് സായിക്കു ശേഷം ഇരുപത്താറുകാരിയായ നാദിയ മുറാദും നോബെല്‍ പട്ടം ശിരസ്സില്‍ ചൂടുമ്പോള്‍ അവരുടെ ജീവികഥയും നാം കേള്‍ക്കേണ്ടതു തന്നെയാണ്. യുദ്ധഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയും മനുഷ്യക്കടത്തിന്റെയും ലൈംഗികവും വ്യാപാരത്തിന്റെയും ഇരയുമായിരുന്നു അവര്‍. യസീദികള്‍ എന്ന വിഭാഗത്തിന് ആധിപ്യമുള്ള ഇറാഖി പ്രവിശ്യയായ സിന്‍ജാറിലെ കോജോ ആണ് നാദിയയുടെ ജന്മനാട്. 2014 ല്‍ ഐ എസ് ഭീകരര്‍ കോജോ ഗ്രാമത്തിലെത്തി ആക്രമണം അഴിച്ചുവിട്ടു.
പുരുഷന്മാരെ കൊന്നൊടുക്കിയും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കിവെച്ചും അവരുടെ കിരാത വാഴ്ച തുടര്‍ന്നുകൊണ്ടേയിരുന്നു. സ്വന്തം പിതാവിനെയും ആറു സഹോദരന്മാരെയും നാദിയക്ക് നഷ്ടമായി. ആര്‍ക്കു വേണമെങ്കിലും പണം കൊടുത്ത് സ്വന്തമാക്കാവുന്ന ലൈംഗിക തിന്മകളുടെ ചന്തയില്‍ നാദിയക്കും ഒരു ഭീകരനെ വിവാഹം കഴിക്കേണ്ടതായി വന്നു. ഒരു മുസ്‌ലിം കുംടുംബത്തിന്റെ സഹായത്തോടെ നകര തുല്യമായ ജീവിതത്തില്‍ നിന്ന് രക്ഷയുടെ തുരുത്ത് അവള്‍ കണ്ടെത്തി. ഇറാഖ് അതിര്‍ത്തി കടന്ന് ജര്‍മനിയിലേക്ക് രക്ഷപ്പെട്ട അവര്‍ ശിഷ്ട ജീവിതം യുദ്ധത്തിന്റെ ഇരകളായി ദുരിതക്കടല്‍ താണ്ടുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ നിരതയായി.
തടവില്‍ നിന്ന് രക്ഷപ്പെട്ട നാദിയ തന്റെ ദുരന്തകഥ തുറന്നു പറഞ്ഞില്ലായിരുന്നെങ്കില്‍ യസീദി വനിതകള്‍ അനുഭവിച്ച കൊടും ക്രൂരത ലോകമറിയുമായിരുന്നില്ല. പ്രശസ്ത മനുഷ്യാവകാശ അഭിഭാഷക അമാല്‍ ക്ലൂണി ഉള്‍പ്പെടെയുള്ളവര്‍ യസീദികള്‍ക്കായി രംഗത്തു വരാന്‍ ഇത് നിമിത്തമായി. ‘ദി ലാസ്റ്റ് ഗേള്‍’ എന്ന തന്റെ ആത്മകഥാപുസ്തകം തന്നെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ പോരാട്ട വീഥിയില്‍ പെണ്‍മയുടെ ഉള്‍ക്കരുത്തിന്റെ പ്രചോദനമാണ്. ഇക്കഴിഞ്ഞ ആഗസ്തില്‍ യസീദി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആബിദ് ഷംദീനയുമായുള്ള നാദിയയുടെ വിവാഹവും നടന്നു.
മുക്‌വെഗിയിലൂടെ കോംഗോവിലേക്കും നാദിയയിലൂടെ ഇറാഖിലേക്കും നോബെല്‍ സമ്മാനം വന്നെത്തുമ്പോള്‍ പെണ്‍മയുടെ അന്തസ്സുയര്‍ത്താന്‍ അധ്വാനിക്കുന്ന മുഴുവന്‍ മനുഷ്യസ്‌നേഹികള്‍ക്കുമുള്ള അഭിമാന മുഹൂര്‍ത്തമാണത്. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നമ്മുടെ സമൂഹത്തിലും ലൈംഗികാതിക്രമങ്ങളും സ്ത്രീ പീഡനങ്ങളും പെരുകുന്നു. സ്ത്രീയുടെ സാമൂഹികമായ അന്തസ്സ് തകര്‍ത്തുകളയുന്ന ഹീനകാര്യങ്ങള്‍ നമ്മുടെ സ്വാസ്ഥ്യം കെടുത്തുമ്പോള്‍ ഇരുവര്‍ക്കും ലഭിച്ചിരിക്കുന്ന സമാധാനത്തിനായുള്ള ഈ ലോകാംഗീകാരത്തിന് പ്രസക്തിയേറെയുണ്ട്.
സര്‍വരംഗങ്ങളിലും വികസനത്തിന്റെ നൂറ് മേനി വിളയച്ചെടുക്കാന്‍ നാം തത്രപ്പെടുമ്പോഴും സ്ത്രീയുടെ സ്വത്വം ചരക്കുവല്‍ക്കരിക്കപ്പെടുന്ന ഭീതിദമായ കാഴ്ച നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. മനുഷ്യ മനസ്സില്‍ ആഗ്രഹത്തിന്റെ വിത്ത് വിതയ്ക്കുന്ന കമ്പോള കേന്ദ്രീകൃതമായ ജീവിതരീതിയില്‍ ആധുനിക മനുഷ്യന്‍ അഭിരമിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീയെ ഭോഗവസ്തുവായി ചുരുക്കപ്പട്ടികയില്‍ പെടുത്താനാണ് അവന് താല്പര്യം. പ്രാണ വേദന കൊണ്ട് പിടയുന്ന പെണ്‍ശരീരത്തെ പോലും ലൈംഗിക താല്പര്യത്തിന് വിധേയമാക്കുന്ന കാമഭ്രാന്തന്മാരുടെ മുമ്പില്‍ കാരുണ്യവും കരുതലും സ്‌നേഹവാത്സല്യങ്ങളുമെല്ലാം തോറ്റു പോകുന്ന വാര്‍ത്തകളാണ് നമുക്ക് കേള്‍ക്കേണ്ടി വരുന്നത്. പാമ്പു കടിയേറ്റ് അത്യാസന്ന നിലയില്‍ റായ്‌ബേലിയിലെ സ്വകാര്യ അശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരനും മറ്റു നാലുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവം അതാണല്ലോ നമുക്ക് വെളിപ്പെടുത്തിത്തരുന്നത്.
പുരോഗതിയിലേക്കുള്ള കുതിപ്പ് തുടരുകയും സാമൂഹ്യ രംഗങ്ങളിലെല്ലാം സ്ത്രീ സജീവ സാന്നിധ്യമാകുകയും ചെയ്യുമ്പോഴും അവളുടെ ചൂഷണ അനുഭവങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതെന്തുകൊണ്ടാണ്? സ്ത്രീക്കും പുരുഷനും തുല്യതയില്‍ അധിഷ്ഠിതമായ സാമൂഹ്യജീവിതം ഉറപ്പുവരുത്തുന്ന നിയമം ഇന്ത്യന്‍ ഭരണഘടന (ആര്‍ട്ടിക് 5) വിഭാവനം ചെയ്യുന്നുണ്ട്. എങ്കിലും സ്ത്രീ വീട്ടിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും ഒന്നും സുരക്ഷിതരല്ലെന്ന തുറന്നു പറച്ചിലായിരുന്നല്ലോ പോയ വാരങ്ങളില്‍ നാം കൂടുതല്‍ കോട്ടത്. ഹോളിവുഡിലെയും ബോളിവുഡിലെയും ടോളി വുഡിലെയും ജനം വളര്‍ത്തിയ താരങ്ങള്‍ ഓരോരുത്തരായി ഞാനും (മീടൂ) ലൈംഗംകീതിക്രണത്തിന് ഇരയായി എന്ന് തുറന്നുപറയാന്‍ മത്സരിക്കുകയായിരുന്നു. സ്ത്രീയെ ഇരയുടെ പക്ഷത്തു മാത്രം നിര്‍ത്തി തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാക്കുന്നതിലൂടെ മാത്രം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ചിന്തിക്കാന്‍ കഴിയില്ല.
2013-ലെ സ്ത്രീ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ ലൈംഗിക പീഡനം എന്നതിന് നല്‍കുന്ന നിര്‍വചനം സ്ത്രീയെ ശാരീരികമായി ആക്രമിക്കുക എന്നത് മാത്രമല്ല. വാക്കാലോ അല്ലാതെയോ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഏതൊരു കാര്യവും ഈ നിര്‍വചനപ്രകാരം സ്ത്രീപീഡനമാണ്. ആ അര്‍ഥത്തില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്കും നിയമപാലകര്‍ക്കും ബാധ്യതയുണ്ടെന്ന കാര്യം ആരും നിഷേധിക്കില്ല. അതോടൊപ്പം സ്വതത്തെ തിരിച്ചറിയാന്‍ സ്ത്രീക്കും അവളുടെ നൈസര്‍ഗികതയെ മനസ്സിലാക്കാന്‍ സമൂഹത്തിനും സാധിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ സ്ത്രീ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയുടെ മര്‍മമറിഞ്ഞ് പരിഹാരത്തിലെത്താന്‍ കഴിയുകയുള്ളൂ. കോടതിവിധികളില്‍ പോലും ഉദാര ലൈംഗികതക്ക് സ്വാതന്ത്ര്യം നല്‍കുന്ന വിധത്തിലാമ്പോള്‍ സമൂഹത്തിന്റെ സദാചാര സങ്കല്പത്തെ അത് അപകടപ്പെടുത്തുക മാത്രമല്ല, സ്ത്രീ സുരക്ഷിതത്തത്തിന് നേരെ ഭീഷണിയുയരുകയും ചെയ്യുന്നു. അര്‍ധ നഗ്നകളായ സ്ത്രീകള്‍ പരസ്യങ്ങളിലും വ്യത്യസ്ത ഷോകളിലും തിമിര്‍ത്താടുകയും മേനിയഴക് പ്രദര്‍ശിപ്പിക്കേണ്ടവളാണ്. സ്ത്രീയെന്ന നിലക്ക് സൗന്ദര്യ മത്സരത്തിലൂടെ ഭോഗ വസ്തുവായി സ്വയം അവള്‍ തരം താഴുകയും ചെയ്യുന്നു. ലൈംഗികത ഉണര്‍ത്തുന്ന അശ്ലീല വെബ്‌സൈറ്റുകളും മറ്റും സ്ത്രീ മുഖ്യകഥാപാത്രമാവുന്നതോടെ മനുഷ്യമനസ്സിനെ മലീനമസപ്പെടുത്തുന്ന ലൈംഗിക വൈകൃത ചിന്തകള ആസക്തിയായി പടരുന്നതിന്റെ ദുരന്തഫലങ്ങളാണ് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍.
പോര്‍ണോഗ്രഫി ചിത്രങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നാലും കൊലപാകതത്തിലേക്ക് വരെ നയിക്കുന്ന കാമഭ്രാന്തില്‍ നിന്ന് മനുഷ്യമനസ്സിനെ വിമലീകരിക്കുക എന്നതാണ് നൈതിക പരിഹാരം. ഐഹിക ജീവിതത്തിലെ കാമനകളില്‍ (ഹുബ്ബുശ്ശഹവാത്ത്) ആദ്യമായി ഖുര്‍ആന്‍ (3014) എണ്ണിയത് സ്ത്രീയോടുള്ള പ്രേമമാണ്. ഇഹത്തിലെ കാമനകളെല്ലാം അഴകും അലങ്കാരവുമാണ്. എന്നാല്‍ അതിന്റെ വശ്യതയില്‍ സുഖലോലുപരാവാതിരിക്കാന്‍ ശാശ്വത ജീവിത വിജയത്തിനായുള്ള വിഭവങ്ങളെ ഒരുക്കിവെക്കാനാണ് അല്ലാഹു കല്പിക്കുന്നത്. സ്രഷ്ടാവ് ഐഹിക ജീവിതത്തില്‍ മനുഷ്യനുവേണ്ടി സംവിധാനിച്ച് വിഭവങ്ങളോടുള്ള ഇഷ്ടത്തെ പരിധിയും പരിമിതിയും നിര്‍ണയിച്ച് വിനിയോഗിക്കാന്‍ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ തന്നെ ഉദാത്തീകരിക്കുകയാണ് ഉപരിസൂചിത സൂക്തത്തില്‍ അല്ലാഹു ചെയ്യുന്നത്. ഇണ, സഹോദരി, കുടുംബനാഥ തുടങ്ങി സമൂഹ വര്‍ത്തനത്തിന്റെ എല്ലാ രംഗങ്ങളിലും സ്ത്രീത്വത്തെ ആദരിക്കുകയും അന്തസ്സാര്‍ന്ന ജീവിതത്തിലൂടെ അവള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് മതത്തിലുള്ളത്.
സ്ത്രീ ഗാര്‍ഹികമായ അടിമത്വത്തില്‍ തളച്ചിടപ്പെട്ടവളും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റനിര്‍ത്തപ്പെട്ടവളുമായിത്തീരാന്‍ മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളെപ്പോലെ തന്നെ ആചാരാനുഷ്ഠിതമായ മതജീവിതവും കാരണമായിത്തീര്‍ന്നിട്ടുണ്ടെന്ന് മതരഹിതര്‍ വിമര്‍ശിക്കാറുണ്ട്.
പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ചേരാത്ത സ്ത്രീവിരുദ്ധതയും അസമത്വവും വളര്‍ന്നുവരുന്നതില്‍ ലിംഗപരമായ അമസത്വത്തിലേക്ക് നയിക്കുന്ന മതബോധത്തിന് പങ്കുണ്ടെന്ന് അവര്‍ വാദിക്കാറുണ്ട്. മതത്തെ പ്രമാണങ്ങളില്‍ നിന്നറിയാന്‍ ശ്രമിക്കാത്തതും പൗരോഹിത്യ മതത്തിന്റെ വക്താക്കള്‍ കടത്തിക്കൂട്ടിയതിനെ യഥാര്‍ഥ മതമായി തെറ്റിദ്ധരിച്ചതും ചിലരെയെങ്കിലും ഇവ്വിധം വിമര്‍ശിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. മതമെന്നത് കേവലം വിശ്വാസ പ്രദാനമായ അനുഷ്ഠാന കര്‍മങ്ങളില്‍ പരിമിതപ്പെടുത്തി ശീലിപ്പിച്ചെടുക്കുന്ന മൂല്യ സംഹിതകളാണെന്ന മുന്‍വിധിയാണ് ആദ്യം മാറ്റേണ്ടത്. വിശ്വാസത്തിലൂന്നിയ അനുഷ്ഠാന കര്‍മങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം വ്യക്തിയെ കുടുംബം എന്ന ഏകകത്തില്‍ നിന്ന് സമൂഹത്തിലേക്ക് വികസിപ്പിക്കുകയും രാഷ്ട്രം എന്ന വിശാല തലത്തിലേക്ക് ഉയര്‍ന്നു ചികിക്കാന്‍ വേണ്ടതായ ധാര്‍മിക പാഠങ്ങളും സദാചാര ബോധവും നേടിത്തരുകയും ചെയ്യുന്ന മാര്‍ഗദര്‍ശനങ്ങളാണ് ദൈവിക മതത്തിലുള്ളത്. സ്ത്രീ പക്ഷത്തും മാനവികതയുടെ പങത്തു നിന്ന് നൈതിക മൂല്യങ്ങളിലൂടെ പരിഹാരം നിര്‍ദേശിക്കുകയാണ് മതം ചെയ്യുന്നത്.
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെയൊക്കെ സുരക്ഷയ്ക്കും സമാധാനത്തിനുമുള്ള മൂലഹേതു സ്ത്രീസുരക്ഷ തന്നെയാണ്. സ്ത്രീപീഡനത്തെ പ്രശ്‌നവല്‍ക്കരിച്ച് സ്ത്രീസുരക്ഷയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമ്പോള്‍ വിവാഹേതര സ്ത്രീ പുരുഷ ബന്ധത്തിന് വിലക്കുകളേര്‍പ്പെടുത്തിക്കൊണ്ടുള്ള മതശാസന നീചകൃത്യത്തിലേക്കുള്ള വഴികളെക്കൂടി അടയ്ക്കുന്നു. ആശാസ്യമല്ലാത്ത സ്ത്രീപുരുഷ ബന്ധങ്ങളാണ് ലൈംഗിക കാര്യങ്ങളില്‍ സ്ത്രീ ഇരയാക്കപ്പെടുന്നതിന് നിമിത്തങ്ങളാകുന്നത്. ഇത് സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണെന്ന് കുറ്റപ്പെടുത്തുന്നവര്‍, മതവിധികള്‍ സ്ത്രീയുടെയും പുരുഷന്റെയും പ്രകൃതത്തെ അംഗീകരിച്ച് സദാചാര ബോധവും അഭിമാന സംരക്ഷണവും ഉറപ്പുവരുത്തുകയാണെന്ന് സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അന്യരുടെ മുമ്പില്‍ അഴക് പ്രദര്‍ശിപ്പിക്കാതെ, സംസ്‌കാരത്തില്‍ പോലും മിതത്വവും സൂക്ഷ്മതയും പുലര്‍ത്താനുമുള്ള കല്പനകള്‍ സ്ത്രീസുരക്ഷയുടെ മുന്‍കരുതലുകള്‍ എന്നതിലുപരി സമൂഹ രക്ഷയ്ക്ക് അനിവാര്യമായ കാര്യങ്ങളായിട്ടാണ് ഖുര്‍ആന്‍ (24:31) പഠിപ്പിക്കുന്നത്.
കഴിവിലും സ്വാധീനത്തിലുമുള്ള പുരുഷന്റെ മികവും മേല്‍ക്കോയ്മയുമാണ് സ്ത്രീയെ അരികുവല്‍ക്കരിക്കപ്പെട്ടവളാക്കിയതെന്ന വാദത്തെ അധികരിക്കാനാവില്ല. രണ്ട് വര്‍ഷങ്ങളായി രൂപകല്പന ചെയ്യപ്പെട്ട പുരുഷനും സ്ത്രീയും പ്രകൃതത്തിലും ശേഷികളിലും വ്യത്യസ്തരാണ്. ഈ വ്യത്യസ്തതയാണ് മനുഷ്യ ജീവിതത്തിന്റെ നിലനില്‍പിനാധാരം. അതുകൊണ്ടുതന്നെ സ്ത്രീയും പുരുഷനും മുഴുവന്‍ അവകാശങ്ങളിലും കടമകളിലും തുല്യരാവുന്നുവെന്നത് വ്യര്‍ഥ വാദമാണ്. സ്ത്രീയുടെയും പുരുഷന്റെയും പ്രകടനത്തെയും സാധ്യതകളെയും പരിഗണിച്ചുകൊണ്ട് തന്നെയാണ് വ്യക്തി സാമൂഹിക ജീവിതത്തില്‍ അവര്‍ നിര്‍വഹിക്കേണ്ടതായ ദൗത്യത്തെ വിശദീകരിക്കപ്പെട്ടത്. ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതി തന്നെയാണ് സത്യം തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു (92:24). പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു (4:34) എന്ന സൂക്തത്തിലെ ‘ഖയ്യാം’ എന്ന പദം മിക്കപ്പോഴും ദുര്‍വ്യാഖ്യാനം ചെയ്ത് സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളും ഭര്‍തൃഗൃഹത്തിലെ ദാസിയും മാത്രമായി ചിത്രീകരിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ‘നിര്‍വഹിക്കുന്നവന്‍’ എന്നര്‍ഥം ലഭിക്കുന്ന ‘ഖയ്യാം’ എന്ന പദത്തിന്റെ വിഷയത്തില്‍ നിരന്തര ബാധ്യത നിര്‍വഹിക്കേണ്ട വിധം പുരുഷനെ കുടുംബ കാര്യങ്ങളില്‍ ചുമതല ഏല്പിക്കപ്പെട്ടവനാക്കിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പുരുഷ പ്രകൃതിയും സാധ്യതയും പരിഗണിച്ചുകൊണ്ടാണ് അല്ലാഹു ഈ ചുമതല അവനെ ഏല്പിക്കപ്പെട്ടിരിക്കുന്നത്. അല്ലാതെ ആണത്തര മേധാവിത്വങ്ങള്‍ക്കെല്ലാം ന്യായം കണ്ടെത്തുന്ന പദപ്രയോഗമായി ഇതിനെ മനസ്സിലാക്കാവതല്ല. ചുരുക്കത്തില്‍ ഖുര്‍ആന്‍ ലിംഗനീതിക്കെതിരാണെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല എന്ന് എളുപ്പം ഗ്രഹിക്കാനാവുന്നു.
ജാഹിലിയ്യാ ജീവിതത്തോട് സമം ചേര്‍ത്ത് എപ്പോഴും പറയാറുള്ളതാണ് യുദ്ധവും സംഘട്ടനങ്ങളും. വര്‍ത്തക പ്രമുഖരും കാലിത്തൊഴിലാളികളുമായിരുന്നു അവരിലധികപേരും. സമൂഹത്തിന്റെ മുഖ്യധാരയില്‍ സ്ത്രീള്‍ക്ക് വലിയ പങ്ക് ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ യുദ്ധങ്ങളില്‍ സ്ത്രീകള്‍ പീഡിക്കപ്പെടുകയും ചെയ്തു. ഇക്കാരണത്താല്‍ സ്ത്രീജനത്തെ ശാപമായി അവര്‍ കണ്ടു. ആണ്‍കുഞ്ഞ് പിറന്നാല്‍ ആഹ്ലാദിച്ചവര്‍ പെണ്‍കുട്ടികളെ വെറുക്കുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തു. ‘വഅ്ദ്’ എന്ന പേരിലറിയപ്പെട്ട കിരാതമായ ഈ സമ്പ്രദായത്തെ ഇസ്‌ലാം എതിര്‍ത്തു. അതോടെ പെണ്‍ പിറവി എന്ന ജന്മാവകാശം നിഷേധിക്കപ്പെട്ടുകൂടായെന്ന് ഉറഛ്ച സ്വരത്തില്‍ ഖുര്‍ആന്‍ (16:58) ഉണര്‍ത്തി. പെണ്‍കുട്ടിയെ മാന്യമായി പോറ്റിവളര്‍ത്തുന്നത് ഏറെ പ്രോത്സാഹിപ്പിക്കുകയും അക്കാരണത്താല്‍ നരകവിമുക്തി സാധ്യമാകുമെന്ന് പഠിപ്പിക്കുയും ചെയ്തു. സ്ത്രീക്കും പുരുഷനും സമൂഹത്തില്‍ അവരുടേതായ ദൗത്യം തിരിച്ചറിഞ്ഞ് നിര്‍വഹിക്കുമ്പോള്‍ തന്നെ അന്തസ്സാര്‍ന്ന ജീവിതവും സുരക്ഷിതത്വബോധവും വന്നുചേരുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വത്വബോധമുള്‍ക്കൊണ്ട് സമൂഹത്തില്‍ തന്റേതായ ഇടം തിരിച്ചറിഞ്ഞുകൊണ്ടുള്ള സാന്നിധ്യമാവുമ്പോള്‍ സ്ത്രീ അരികുവല്‍ക്കരിക്കപ്പെടുകയല്ല, ആദരിക്കപ്പെടുകയാണ് ചെയ്യുന്നത്. സ്ത്രീത്വത്തെ ആദരിക്കാന്‍ ഇത്രമേല്‍ പ്രാധാന്യത്തോടെ കല്പിച്ചിട്ടുള്ള മതാധ്യാപനങ്ങള്‍ സമകാലിക വായന നത്തുന്ന ഏതൊരാള്‍ക്കും സ്ത്രീസുരക്ഷയുടെ കലാപം തീര്‍ക്കുന്നതായി കാണാന്‍ കഴിയും. ലൈംഗികാതിക്രമണങ്ങളുടെ പേരിലുള്ള മാനഹാനിയും ജീവഹാനിയും സമൂഹ സുരക്ഷയ്ക്ക് കരിനിഴല്‍ വീഴ്ത്തുമ്പോള്‍ സ്വത്വബോധത്തോടെ സമൂഹത്തിലിടപെടാന്‍ ഡെന്നീസ് മുക്‌വെഗിയുടെയും നാദിയ മുറാദിന്റെയും നോബെല്‍ പുരസ്‌കാരം മറ്റുള്ളവര്‍ക്കും പ്രോചോദനമാവട്ടെ. സ്ത്രീ അടിച്ചമര്‍ത്തപ്പെടേണ്ടവളോ അരികുവല്‍ക്കരിക്കപ്പെടേണ്ടവളോ അല്ല, അന്തസ്സോടെ ജീവിക്കേണ്ടവളും ആദരിക്കപ്പെടേണ്ടവളുമാണെന്ന സന്ദേശമാണ് മുറിവേറ്റ നാദിയയും മുറിവുണക്കുന്ന ഡോക്ടറും സമൂഹത്തിന് നല്‍കിയത്.
Back to Top