21 Thursday
November 2024
2024 November 21
1446 Joumada I 19

സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിക്കല്‍ പ്രമാണങ്ങള്‍ എന്തുപറയുന്നു?

സയ്യിദ് സുല്ലമി


മരണപ്പെട്ട ഒരാള്‍ക്ക് വേണ്ടി ജീവനുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ഉത്തമമായ ഒരു കര്‍മമത്രെ മയ്യിത്ത് നമസ്‌കാരം. എന്നിരിക്കെ ഒരാള്‍ മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഭാര്യക്കോ പെണ്‍മക്കള്‍ക്കോ സഹോദരിമാര്‍ക്കോ ബന്ധുക്കളായ സ്ത്രീകള്‍ക്കോ മയ്യിത്ത് നമസ്‌കരിക്കാന്‍ അനുവാദമില്ലാത്ത എത്രയോ പ്രദേശങ്ങളുണ്ട്. സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിക്കുന്നത് ബിദ്അത്താണ് എന്ന് സമീപകാലത്ത് ഒരു മുസ്‌ലിയാര്‍ പ്രസംഗിച്ചിരുന്നു. ചില സഹോദരിമാര്‍ക്കാകട്ടെ ഉറ്റവരുടെ മയ്യിത്ത് നമസ്‌കരിക്കണം എന്ന യാതൊരു ചിന്ത പോലുമില്ല.
മതത്തിന്റെ കല്‍പനകളും ഉല്‍ബോധനങ്ങളും പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ബാധകമാണ്. കാരണം പ്രമാണങ്ങള്‍ അവളോടും കൂടിയാണ് സംബോധന ചെയ്യുന്നത്. എന്നാല്‍ ചിലത് നിര്‍ണിതമായി പുരുഷന്മാര്‍ക്ക് മാത്രമായുള്ളതോ അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള കല്‍പനയോ ആയി പ്രത്യേകമായി പറഞ്ഞിട്ടുള്ളവയുണ്ടാകും. മയ്യിത്ത് നമസ്‌കാരം സ്ത്രീകള്‍ക്ക് തടയപ്പെട്ടതാണ് എന്നതിന് ശരീഅത്തില്‍ യാതൊരു തെളിവുമില്ല.
മയ്യിത്ത് നമസ്‌കാരം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മതനിയമമാക്കപ്പെട്ടതാണ്. അവള്‍ക്ക് വീട്ടിലോ പള്ളിയിലോ വെച്ച് മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. പ്രവാചക പത്‌നി ആഇശ(റ) മഹാനായ സഅ്ദ് ബിന്‍ അബീവഖാസ്(റ) വിയോഗം പ്രാപിച്ചപ്പോള്‍ മയ്യിത്ത് നമസ്‌കരിച്ച സംഭവം പ്രമാണങ്ങളില്‍ ഉണ്ട്.
ഹദീസ് ഗ്രന്ഥങ്ങളില്‍
സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിച്ച സംഭവങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി(സ) ഇഹലോകവാസം വെടിഞ്ഞപ്പോള്‍ സ്ത്രീകള്‍ അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചിരുന്നു.
ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”പ്രവാചകന്റെ മയ്യിത്ത് നമസ്‌കരിക്കപ്പെട്ടത്, മയ്യിത്തിനരികില്‍ പുരുഷന്മാര്‍ ആദ്യം പ്രവേശിപ്പിക്കപ്പെടുകയും ഇമാമിനെ കൂടതെ അവര്‍ ഒറ്റയ്‌ക്കൊറ്റക്കായി നമസ്‌കരിക്കുകയുമായിരുന്നു. അങ്ങനെ അവരെല്ലാവരും നമസ്‌കരിച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീകള്‍ പ്രവേശിപ്പിക്കപ്പെട്ടു. അവരും നമസ്‌കരിച്ചു കഴിഞ്ഞപ്പോള്‍ പിന്നീട് കുട്ടികള്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍ അവരും മയ്യിത്ത് നമസ്‌കരിച്ചു. പിന്നീട് അടിമകള്‍ പ്രവേശിപ്പിക്കപ്പെട്ടു. അങ്ങനെ അവരെല്ലാം നമസ്‌കരിച്ചു. റസൂലി(സ)ന്റെ മേല്‍ മയ്യിത്ത് നമസ്‌കാരത്തിന് ഒരാളും ഇമാം നിന്നില്ല” (ബൈഹഖിയുടെ സുനനുല്‍ കുബ്‌റാ: 6907). ഈ സംഭവം ഇമാം ബഗവിയുടെ ശറഹുസ്സുന്ന, മുസ്‌നദ് അബൂയഅ്‌ല, ഇമാം നവവിയുടെ ശറഹുല്‍ മുഹദ്ദബ് തുടങ്ങി നിരവധി ഹദീസ് ചരിത്ര ഗ്രന്ഥങ്ങളില്‍ ഉണ്ട്.
ഇമാം മുസ്‌ലിം(റ) നല്‍കുന്ന ഒരു വചനം ഇപ്രകാരമാണ്. ആഇശ(റ)യില്‍ നിന്നു നിവേദനം: ”സഅ്ദ് ബിന്‍ അബീവഖാസ്(റ) മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍ മയ്യിത്ത് നമസ്‌കരിക്കുന്നതിനു വേണ്ടി പ്രവാചക പത്‌നിമാര്‍ അദ്ദേഹത്തിന്റെ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുവരാന്‍ ആളെ അയച്ചു, അപ്പോള്‍ അവര്‍ അങ്ങനെ പ്രവര്‍ത്തിച്ചു” (മുസ്‌ലിം: 973).
സഅ്ദ് ബിന്‍ അബീവഖാസ്(റ) താമസിച്ചിരുന്നത് മദീനയില്‍ നിന്ന് മൈലുകള്‍ക്കപ്പുറം അഖീഖ് എന്ന സ്ഥലത്തായിരുന്നു. ഹിജ്‌റ 55ല്‍ അദ്ദേഹം വിയോഗം പ്രാപിച്ച ഘട്ടത്തില്‍ അവിടെ നിന്നാണ് ബഖീഅ് ശ്മശാനത്തിലേക്ക് മയ്യിത്ത് കൊണ്ടുവരുന്നത്. അപ്പോള്‍ മയ്യിത്ത് നമസ്‌കരിക്കാന്‍ വേണ്ടി ആ മയ്യിത്ത് പള്ളിയില്‍ കൊണ്ടുവരാന്‍ പ്രവാചക പത്‌നിമാര്‍ ആവശ്യപ്പെടുകയായിരുന്നു. അന്ന് മദീനയില്‍ മര്‍വാനുബ്‌നുല്‍ ഹകമായിരുന്നു ഗവര്‍ണര്‍. ഈ സംഭവം മുആവിയയുടെ ഭരണകാലഘട്ടത്തിലാണ്. പ്രവാചക പത്‌നിമാരുടെ ഈ സംഭവം അക്കാലത്ത് ഉണ്ടായിരുന്ന സഹാബിമാര്‍ ആരുംതന്നെ എതിര്‍ത്തിട്ടില്ല.
അവള്‍ക്കും
പ്രതിഫലമുണ്ട്

ഒരാള്‍ ജനാസയുടെ അടുക്കല്‍ സന്നിഹിതനാവുകയും അങ്ങനെ മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്താല്‍ അദ്ദേഹത്തിനു വമ്പിച്ച പ്രതിഫലമുള്ളതുപോലെ അവള്‍ക്കും പ്രതിഫലം ലഭിക്കുന്നതാണ്. കാരണം മയ്യിത്ത് നമസ്‌കാരത്തിനുള്ള തെളിവുകള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ”ആരെങ്കിലും മയ്യിത്ത് നമസ്‌കരിക്കുന്നതുവരെ ജനാസക്ക് സാക്ഷ്യം വഹിച്ചാല്‍ ഒരു ഖീറാത്ത് പ്രതിഫലമുണ്ട്” (ബുഖാരി: 1325). ഖീറാത്ത് കൊണ്ട് ഉദ്ദേശ്യം വമ്പിച്ച ഒരു മലയോളം പ്രതിഫലം എന്നാണ്. ഇവിടെ പരാമര്‍ശിച്ച നബിവചനത്തില്‍ ‘ആര് മയ്യിത്ത് നമസ്‌കാരം വരെ സന്നിഹിതരാകുന്നുവോ’ എന്നാണ്. അപ്പോള്‍ അതില്‍ സ്ത്രീകള്‍ ഉള്‍പ്പെടും എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മറ്റൊരു വചനം. ആഇശ(റ)യില്‍ നിന്ന് നിവേദനം: ”ഏതൊരു മയ്യിത്ത് ആവട്ടെ, അദ്ദേഹത്തിന്റെ മേല്‍ മുസ്‌ലിംകളായ നൂറു പേര്‍ അടങ്ങുന്ന ഒരു സംഘം മയ്യിത്ത് നമസ്‌കരിക്കുകയാണ്, അവരെല്ലാവരും അദ്ദേഹത്തിനു ശുപാര്‍ശ ചെയ്യുന്നു, അപ്പോള്‍ ആ ശുപാര്‍ശ സ്വീകരിക്കപ്പെടാതിരിക്കില്ല” (മുസ്‌ലിം 974).
ഈ ഹദീസിലും ‘മുസ്‌ലിംകളായ നൂറു പേര്‍ അടങ്ങുന്ന ഒരു സംഘം’ എന്ന പരാമര്‍ശം വളരെ ശ്രദ്ധേയമാണ്. അതില്‍ സ്ത്രീകള്‍ ഉള്‍പ്പെടാന്‍ അര്‍ഹരാണല്ലോ. അപ്പോള്‍ തീര്‍ച്ചയായും സ്ത്രീകള്‍ ഒരു മയ്യിത്തിനു വേണ്ടി നമസ്‌കരിച്ചാല്‍ അവര്‍ക്ക് അതിന്റെ പ്രതിഫലം നേടാം. അതോടൊപ്പം മയ്യിത്തിനും ഗുണം ലഭിച്ചേക്കാം. അതുകൊണ്ട് സ്വന്തം നാട്ടിലാവട്ടെ അല്ലെങ്കില്‍ മക്കാ ഹറമിലോ മദീനാ പള്ളിയിലോ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാനുള്ള അവസരം ഒരു വനിതയും നഷ്ടപ്പെടുത്തിക്കൂടാ.
ജമാഅത്തായി
നമസ്‌കരിക്കുന്നത്
സുന്നത്ത്

സ്ത്രീകള്‍ മയ്യിത്ത് സംഘമായി നമസ്‌കരിക്കുന്നത് സുന്നത്താണ്. ഇമാം നവവി ബാബു സ്വലാത്തി അലല്‍ മയ്യിത്തി അഥവാ മയ്യിത്തിന്റെ മേലുള്ള നമസ്‌കാരം എന്ന അധ്യായത്തില്‍ പറയുന്നു: ”മറ്റുള്ള നമസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കല്‍ സുന്നത്തുള്ളതുപോലെ അവര്‍ക്ക് സംഘമായി മയ്യിത്ത് നമസ്‌കരിക്കലും സുന്നത്താണ്. ഇത് ഒരുസംഘം പൂര്‍വസൂരികളായ സച്ചരിതരുടെ അഭിപ്രായമാണ്. അവരില്‍ പെട്ടവരാണ് ഹസനിബിനു സ്വാലിഹ്, സുഫ്‌യാന്‍ സൗരി, അഹ്‌മദ്, അബൂഹനീഫയുടെ അനുയായികള്‍ തുടങ്ങിയവര്‍” (ശറഹുല്‍ മുഹദ്ദബ് 5:172).
പുരുഷന്മാരുടെ
ജമാഅത്തില്‍
സ്ത്രീകള്‍ക്ക്
പങ്കെടുക്കാമോ?

സ്ത്രീകള്‍ മയ്യിത്ത് നമസ്‌കാരത്തിന് പുരുഷന്‍മാരുടെ കൂടെ പങ്കെടുക്കുമ്പോള്‍ എങ്ങനെയാണ് അവര്‍ അണിനിരക്കേണ്ടത് എന്ന് കൃത്യമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു അബീസൈദ്(റ) പറഞ്ഞു: മഹാനായ അശ്ഹബ് പ്രസ്താവിച്ചിരിക്കുന്നു: സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിച്ചാല്‍ പുരുഷന്‍മാരുടെ അണികള്‍ക്ക് പിന്നില്‍ അവര്‍ നമസ്‌കരിക്കണം” (അന്നവാദിര്‍ വസ്സിയാദാത്ത്: 1:578). പുരുഷന്മാരുടെ കൂടെ നമസ്‌കരിക്കുകയാണെങ്കില്‍ അവരുടെ ഇമാമിനെ പിന്‍പറ്റി നമസ്‌കരിക്കണമെന്ന് ഇമാം നവവിയും രേഖപ്പെടുത്തുന്നു.
സ്ത്രീകള്‍ നമസ്‌കരിച്ചാലും ഫര്‍ദ് കിഫായ എന്ന ബാധ്യത വീടും
മയ്യിത്ത് നമസ്‌കാരം ഫര്‍ദ് കിഫായ അഥവാ സാമൂഹിക ബാധ്യതയാണ്. ഒരു പ്രദേശത്ത് ഒരു വ്യക്തി മരണപ്പെട്ടാല്‍ ചിലര്‍ ഒരുമിച്ചുകൂടി മയ്യിത്ത് കുളിപ്പിച്ച് കഫന്‍ ചെയ്തു നമസ്‌കരിച്ച് ഖബറടക്കം ചെയ്താല്‍ എല്ലാവരും ബാധ്യതയില്‍ നിന്ന് ഒഴിവാകും. എന്നാല്‍ ആരും ഈ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരായി മാറും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരുപറ്റം സ്ത്രീകള്‍ ഒരുമിച്ചുകൂടി മയ്യിത്ത് നമസ്‌കരിച്ച് ഖബറടക്കം ചെയ്താല്‍ അത് തീര്‍ച്ചയായും പരിഗണിക്കപ്പെടുകയും എല്ലാവരും കുറ്റത്തില്‍ നിന്ന് മുക്തരാവുകയും ചെയ്യും. ഇക്കാര്യം മുഖ്തസറുല്‍ അഹ്കാമില്‍ ഫിഖ്ഹിയ്യയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മയ്യിത്ത് നമസ്‌കാരത്തിലെ മൂന്നാമത്തെ തക്ബീര്‍ കെട്ടിയ ശേഷമുള്ള ദുആ ഔഫ് ബിന്‍ മാലിക്(റ) ആണ് നിവേദനം ചെയ്യുന്നത്. ഒരു മയ്യിത്തിനു വേണ്ടി നബിയുടെ പിന്നില്‍ നമസ്‌കരിച്ച അദ്ദേഹം ആ പ്രാര്‍ഥനയുടെ അര്‍ഥസമ്പന്നതയും ആഴത്തിലുള്ള സ്വാധീനവും കാരണം ആ മയ്യിത്ത് ഞാനായിരുന്നുവെങ്കില്‍ എന്ന് പറഞ്ഞുപോയി! അത്രമേല്‍ മഹത്തരമാണ് ആ ദുആ. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആള്‍ മരണപ്പെട്ടിട്ട് ഇങ്ങനെ സുപ്രധാനമായ പ്രാര്‍ഥന നിര്‍വഹിച്ച് നമസ്‌കരിക്കാന്‍ നമ്മുടെ സഹോദരിമാര്‍ക്ക് സാഹചര്യം ഉണ്ടാകാതെ പോകുന്നത് മാറിയേ മതിയാകൂ.

Back to Top