സ്ത്രീകള്‍ക്ക് ഭരണാധികാരം നിര്‍വഹിക്കാമോ?
സയ്യിദ് സുല്ലമി
സ്ത്രീകള്‍ അധികാര പദവികള്‍ അലങ്കരിക്കുന്നതിന് ഇസ്‌ലാം എതിരാണെന്ന് ചിലര്‍ പറയാറുണ്ട്. ഭരണാധികാരങ്ങള്‍ കൈയാളേണ്ടത് പുരുഷനാണെന്നും സ്ത്രീകള്‍ക്ക് വീട്ടുജോലികള്‍ മതിയെന്നും അവര്‍ വീടിന്റെയുള്ളില്‍ കഴിയണമെന്നും യാഥാസ്ഥിതിക വിഭാഗങ്ങള്‍ പഠിപ്പിക്കുന്നു. ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിം വനിതയ്ക്ക് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള തലങ്ങളിലേക്ക് മത്സരിക്കുന്നത് നിഷിദ്ധവും പാപവുമാണെന്ന് അവര്‍ കരുതുന്നു.
സമീപകാലത്ത് ഒരു വിദ്യാര്‍ഥിനി അവളുടെ പഠനമികവിന് അവാര്‍ഡ് വാങ്ങാന്‍ പൊതുവേദിയിലേക്ക് ക്ഷണിക്കപ്പെടുകയുണ്ടായി. വേദിയിലെത്തിയ പെണ്‍കുട്ടിയെ സമ്മാനം നല്‍കാതെ നൂറുകണക്കിന് ആളുകളുടെ മുമ്പില്‍ വെച്ച് അപമാനിച്ച് ഇറക്കിവിടുകയുണ്ടായി. സംഭവം വന്‍ വിവാദമായി. കാരണമായി സംഘാടകര്‍ പറഞ്ഞത്, പെണ്‍കുട്ടികളെ സ്റ്റേജിലേക്കു കൊണ്ടുവരികയെന്നത് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശത്തിനു വിരുദ്ധമാണെന്നാണ്. സ്ത്രീകള്‍ അധികാര പദവികളില്‍ വരുന്നതു പോയിട്ട് ഒരു സ്റ്റേജില്‍ വരുന്നതു പോലും മതവിരുദ്ധമാണെന്ന് അവര്‍ കരുതുന്നു.
ഇസ്‌ലാമികമായ എന്തൊരു കാര്യവും നാം പരിശോധിക്കുമ്പോള്‍ ആദ്യമായി ഖുര്‍ആന്‍ എന്തു പറയുന്നു എന്നതാണല്ലോ നോക്കേണ്ടത്. യമനിലെ സബഇലെ രാജ്ഞിയായിരുന്ന ബല്‍ഖീസ് നടത്തിവന്ന ഭരണവും അവിടെ മരംകൊത്തിപ്പക്ഷി പോയി കണ്ട കാര്യവും ഖുര്‍ആന്‍ പരാമര്‍ശിച്ചു. സൂര്യനെ ആരാധിച്ചുവന്ന അവരുടെയും ആ ജനതയുടെയും വിശ്വാസഭ്രംശം പിശാച് അവര്‍ക്ക് അലങ്കാരമാക്കി കൊടുത്തുവെന്ന് സൂക്തങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. സുലൈമാന്‍ നബി(അ) കത്ത് കൊടുത്തയച്ചപ്പോള്‍ രാജ്ഞി പ്രമുഖന്മാര്‍ അടങ്ങുന്ന തന്റെ സഭയില്‍ കൂടിയാലോചന നടത്തിയതും കാണാം.
എന്നാല്‍ ഈ ഖുര്‍ആന്‍ വചനങ്ങളില്‍ എവിടെയും സ്ത്രീകള്‍ ഭരണം നടത്താന്‍ പാടില്ലെന്ന് വ്യക്തമാക്കുന്നില്ല. സ്ത്രീകള്‍ ഭരണം നടത്തുന്നത് മതവിരുദ്ധമാണെന്ന സൂചന പോലും നല്‍കുന്നില്ല. ഇത് സ്ത്രീകള്‍ക്ക് രാജ്ഞിയാകാമെന്നും രാജ്യത്തിന്റെ പ്രസിഡന്റോ പ്രധാനമന്ത്രിയോ മന്ത്രിയോ ജഡ്ജിയോ തുടങ്ങിയ ഏതു സ്ഥാനമാനങ്ങളും വഹിക്കാമെന്നും ഉള്ളതിന് വ്യക്തമായ തെളിവാണ്.
സ്ത്രീയെ അധികാരം ഏല്‍പിച്ച ജനത
വിജയിക്കില്ലേ?
സ്ത്രീകള്‍ ഭരണനിര്‍വഹണരംഗത്ത് വരാന്‍ പാടില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുവെന്ന് അഭിപ്രായമുള്ളവര്‍ ഉദ്ധരിക്കുന്ന ഒരു വചനമാണ് ‘തങ്ങളുടെ ഭരണം സ്ത്രീയെ ഏല്‍പിച്ച ഒരു ജനത വിജയിക്കുകയില്ല’ എന്നത്. പേര്‍ഷ്യക്കാര്‍ തങ്ങളുടെ ഭരണം കിസ്‌റയുടെ പുത്രിയെ ഏല്‍പിച്ച സംഭവം നബി(സ) കേട്ടപ്പോള്‍ പറഞ്ഞതാണിത്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് അവിടെ ഭരണം സ്ത്രീയോ പുരുഷനോ കഴിവുള്ളവനോ ഇല്ലാത്തവനോ നിര്‍വഹിച്ചാലും സമീപഭാവിയില്‍ അറബികളായിരിക്കും വിജയം നേടുക, പേര്‍ഷ്യക്കാര്‍ പരാജയം രുചിക്കും- ഇതാണ് നബിയുടെ ആ വാക്കിന്റെ സാരം.
ഇമാം മനാവി (മരണം: ഹി. 1031) പറയുന്നു: ”ഇത് പേര്‍ഷ്യന്‍ സമൂഹത്തിന്റെ വിജയം തീര്‍ച്ചയായും നിരാകരിക്കുന്ന വാര്‍ത്തയാണ്. ഇതില്‍ വിജയം അറബികള്‍ക്കായിരിക്കുമെന്ന സൂചനയുമുണ്ട്. അങ്ങനെ അത് അമാനുഷിക ദൃഷ്ടാന്തമായി” (ഫൈളുല്‍ ഖദീര്‍). അങ്ങനെ പ്രവാചകന്റെ പ്രഖ്യാപനം പുലര്‍ന്നു. എന്നാല്‍ ഈ വചനം ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകള്‍ക്ക് ഭരണാധികാരം നിഷിദ്ധമാണെന്ന് പറയുന്നത് അര്‍ഥശൂന്യമാണ്.
ഭരണം നിര്‍വഹിച്ച
സമുറ ബിന്‍ത് നഹീക്
മക്കയില്‍ ഭരണരംഗത്ത് സേവനം ചെയ്ത അസദിയ്യ ഗോത്രക്കാരിയായ മഹതിയായിരുന്നു സമുറ ബിന്‍ത് നഹീക്. കുറ്റം ചെയ്യുന്നവരെ അവര്‍ അതിന്റെ തോതനുസരിച്ച് ശിക്ഷിക്കുമായിരുന്നു. അബൂബലജ് യഹ്‌യ ബിന്‍ അബീസലീം പറഞ്ഞു: ”സമുറ ബിന്‍ത് നഹീക്(റ) നബി(സ)യെ നേരില്‍ കണ്ട മഹതിയാണ്. ശക്തമായ പടയങ്കിയും പരുക്കന്‍ ശിരോവസ്ത്രവും ധരിക്കുമായിരുന്നു. അവരുടെ കൈയിലാകട്ടെ ജനങ്ങളെ ശിക്ഷിക്കുന്ന ചാട്ടവാറുണ്ടായിരുന്നു. അവര്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുമായിരുന്നു.” (ത്വബ്‌റാനിയുടെ മുഅ്ജമുല്‍ കബീര്‍, ഇതിന്റെ നിവേദക പരമ്പര വിശ്വസ്തരാണ്).
മുന്‍കാല
പണ്ഡിതരുടെ
അഭിപ്രായം
സ്ത്രീകള്‍ക്ക് ഭരണാധികാരം അലങ്കരിക്കല്‍ അനുവദനീയമാണെന്ന് പല മഹാന്മാരും വ്യക്തമാക്കിയിട്ടുണ്ട്. ഇമാം മാലിക്, ഖുര്‍ആന്‍ വ്യാഖ്യാതാവായ അബൂജഅ്ഫര്‍ ത്വബരി, ഇമാം ഇബ്‌നു ഹസം തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു. ഇബ്‌നു ഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ബാരിയില്‍ രേഖപ്പെടുത്തുന്നു: ”വനിതകള്‍ക്ക് അധികാര നിര്‍വഹണം നടത്തല്‍ അനുവദനീയമാണെന്ന് ഇമാം ത്വബരിയുടെ വീക്ഷണമാണ്. ഇമാം മാലിക്കിന്റെ വീക്ഷണവും അതാണെന്ന് റിപോര്‍ട്ടുണ്ട്. ഇമാം അബൂഹനീഫയാകട്ടെ സ്ത്രീകളുടെ സാക്ഷിത്വം അനുവദനീയമായ എല്ലാ വിഷയങ്ങളിലും ജഡ്ജിയുടെ അധികാരം അവര്‍ക്ക് അലങ്കരിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.” ഇമാം ഇബ്‌നു ഹസം അല്‍മുഹല്ലയില്‍ രേഖപ്പെടുത്തുന്നു: ”വനിതകള്‍ക്ക് ഭരണാധികാര നിര്‍വഹണം നടത്തല്‍ അനുവദനീയമാണ്.”
വനിതകള്‍ക്ക് ജഡ്ജിയാവാന്‍ ചില നിബന്ധനകള്‍ ചില പണ്ഡിതന്മാര്‍ വെക്കുമ്പോള്‍ മാലികി പണ്ഡിതരില്‍ വലിയൊരു വിഭാഗം വനിതകള്‍ക്ക് നിരുപാധികം തന്നെ ഖാദിയാവാം എന്ന വീക്ഷണക്കാരാണ്. ഇക്കാര്യം ഉംദത്തുല്‍ ഖാരിയില്‍ കാണാന്‍ സാധിക്കും. ഹമ്മാദ് ബിന്‍ സലമ പറയുന്നത് ക്രിമിനല്‍ കുറ്റവാളികള്‍ക്ക് ശിക്ഷാ നടപടികള്‍ വിധിക്കുന്ന ജഡ്ജിയാവാന്‍ സ്ത്രീക്ക് അനുവാദമുണ്ട്. ഇത് താബിഈ പണ്ഡിതനായ അത്വാഇന്റെ വീക്ഷണമാണ്. ഇബ്‌നു അബീമര്‍യം നിവേദനം ചെയ്യുന്നു: സ്ത്രീകള്‍ക്ക് ഭരണാധികാരങ്ങള്‍ ഏറ്റെടുക്കല്‍ അനുവദനീയമാണ് (അഹ്കാമു സുല്‍ത്താനിയ്യ).
യാഥാസ്ഥിതികരുടെ ന്യായവാദങ്ങള്‍
സ്ത്രീകള്‍ ഭരണാധികാരം അലങ്കരിക്കാന്‍ പാടില്ലെന്ന് പറയുന്നവര്‍ക്ക് നിരവധി ന്യായവാദങ്ങളുണ്ട്. അവയിലൊന്ന് അന്യ സ്ത്രീകളും പുരുഷന്മാരും കൂടിക്കലരുന്ന സാഹചര്യം ഉണ്ടാകുമെന്നതാണ്. ഈ വാദപ്രകാരം ബസിലോ ട്രെയിനിലോ മറ്റോ യാത്ര ചെയ്യാന്‍ സാധിക്കുമോ? സ്‌കൂളിലും കോളജിലും പോകാന്‍ കഴിയുമോ? ആശുപത്രിയില്‍ പോലും എങ്ങനെ പോകാന്‍ കഴിയും?
മറ്റൊരു ന്യായം കുടുംബത്തിന്റെ നായകത്വം ഗൃഹനാഥനാണെന്ന് ഖുര്‍ആന്‍ (4:34) പറയുന്നുണ്ടല്ലോ. വീട്ടില്‍ പോലും അധികാരം പുരുഷനാണെന്നിരിക്കെ കുടുംബത്തെക്കാള്‍ വലിയ അധികാരപദവികളിലും ഭരണതലത്തിലും എങ്ങനെ സ്ത്രീ വരും? ഇതും ബാലിശമായ ന്യായവാദം മാത്രം. കുടുംബവും രാജ്യവും തമ്മില്‍ തുലനം ചെയ്യപ്പെടുന്നത് പൂര്‍ണാര്‍ഥത്തില്‍ ശരിയല്ല.
വേറൊരു വാദം പ്രവാചകന്മാര്‍ എല്ലാവരും പുരുഷന്‍മാരായിരുന്നു. ഒരു സ്ത്രീയും ദൈവദൂതകളായി വന്നിട്ടില്ല. അതിനാല്‍ സ്ത്രീകള്‍ ജഡ്ജിയാവുക, മന്ത്രിപദം അലങ്കരിക്കുക തുടങ്ങിയവ പാടില്ലാത്തതാണ് എന്നാണ്. രാഷ്ട്രീയ അധികാരം പ്രവാചകത്വമല്ല എന്നിരിക്കെ ഇതെല്ലാം വിചിത്രമായ വാദങ്ങളാണ്. ഭരണരംഗത്ത് സ്ത്രീകള്‍ അധികാരപദവി വഹിക്കുന്നത് നിഷിദ്ധമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂക്തം കൊണ്ടോ സ്വീകാര്യമായ നബിചര്യ കൊണ്ടോ തെളിയിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഇത്തരം ന്യായവാദങ്ങള്‍ ഉയര്‍ത്തുന്നത്.