9 Friday
May 2025
2025 May 9
1446 Dhoul-Qida 11

സൈബര്‍ വലയില്‍ കുരുങ്ങുന്ന കൗമാരം

സമപ്രായക്കാരായ പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളടക്കം വലിയൊരു സംഘത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈയിടെ കേരള സൈബര്‍ പൊലീസ് പിടികൂടുകയുണ്ടായി. ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇത്തരം സംഘങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി കേരള പോലീസ് രംഗത്തെത്തിയത്. ഇങ്ങനെയുള്ള 16 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചെറിയ കുട്ടികള്‍ അടുത്ത ബന്ധുക്കളില്‍ നിന്ന് പോലും മൃഗീയ പീഡനം അനുഭവിക്കുന്നതിന്റെ ദാരുണമായ വാര്‍ത്തകളില്‍ നമ്മള്‍ ഞെട്ടിത്തരിച്ചിരിക്കെയാണ് കുട്ടികള്‍ ചൂഷണ വിധേയമാകുന്ന മറ്റു വഴികളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഫേസ്ബുക്ക്, വാട്‌സ്ആപ്, ടെലിഗ്രാം തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റുകള്‍ വഴിയും നഗ്‌നചിത്രങ്ങളും വീഡിയോകളും കാണുന്ന കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകി വരുന്നതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ‘ഓപ്പറേഷന്‍ പി ഹണ്ട്’ എന്ന പേരില്‍ സൈബര്‍ പൊലീസ് 12 ജില്ലകളിലെ 45 ഇടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 21 പേരെ അറസ്റ്റു ചെയ്യുകയുണ്ടായി. 26 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 63 പേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
അടുത്തിടെ സമാപിച്ച ദേശീയ മാനസികാരോഗ്യ സര്‍വെയില്‍ 18-29 വയസിനിടയിലെ മാനസിക അസ്വാസ്ഥ്യങ്ങളുടെ നിരക്ക് 7.39 ശതമാനത്തില്‍ നിന്ന് 9.54 ശതമാനമായി ഉയര്‍ന്നതായായി കണക്കാക്കിയിരിക്കുന്നു. 14 മുതല്‍ 20 വയസ് വരെയുള്ളവരില്‍ പകുതിയോളം പേര്‍ പല തരം മാനസിക രോഗങ്ങളുടെ പിടിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ പോലും 32 ശതമാനം പേര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായാണ് ലോകാടിസ്ഥാനതിലുള്ള റിപ്പോര്‍ട്ട്. കൗമാരക്കാരില്‍ 51 ശതമാനം പേര്‍ ദിവസം ഒരു തവണയെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. 22 ശതമാനം പേര്‍ ദിവസേന പത്തു തവണയെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. 25 ശതമാനം കൗമാരക്കാര്‍ സമൂഹമാധ്യമങ്ങളില്‍ ‘വ്യാജ പ്രൊഫൈല്‍’ നിര്‍മിച്ചിട്ടുണ്ട്. നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട കണക്കു പ്രകാരം ഓണ്‍ലൈന്‍ അശ്ലീല പ്രസിദ്ധീകരണങ്ങളില്‍ 27 ശതമാനവും നമ്മുടെ സംസ്ഥാനത്തുനിന്നാണ്. ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ സിറ്റികളില്‍, അസോച്ചം (അസോസിയേറ്റ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) നേരത്തെ നടത്തിയ ഒരു സര്‍വെയില്‍ കണ്ടെത്തിയത് 8-നും 11-നും വയസില്‍ പ്രായമുള്ള 52 ശതമാനം കുട്ടികളും ദിവസവും അഞ്ച് മണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നാണ്.
ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്ന കുട്ടികള്‍ 53 ശതമാനവും ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ 54 ശതമാനവും വരും. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരായ കുട്ടികളുടെ എണ്ണം അനുദിനം കൂടിവരികയാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റില്‍ അബദ്ധത്തില്‍ അശ്ലീലം കാണുന്നവരാണ് 53 ശതമാനം കുട്ടികളുമെന്ന് ‘മെക് അഫീ’ സര്‍വെ വ്യക്തമാക്കുന്നു. അതേസമയം അശ്ലീലം കാണാന്‍ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാര്‍ 35 ശതമാനം വരും. വീട്ടിലെ കമ്പ്യൂട്ടറില്‍ അശ്ലീലം കാണുന്നവര്‍ 32 ശതമാനമാണെങ്കില്‍, 45 ശതമാനം കൗമാരക്കാര്‍ ഇന്റര്‍നെറ്റ് അശ്ലീലം ആസ്വദിക്കുന്നത് സ്മാര്‍ട്ട് ഫോണുകളിലാണ്.
ഇതിനര്‍ത്ഥം കുട്ടികള്‍ എല്ലാവരും ഫോണ്‍ ഉപയോഗിക്കുന്നത് നഗ്‌ന ചിത്രങ്ങള്‍ കാണാനാണെന്നല്ല. തീര്‍ച്ചയായും വിജ്ഞാനോപാധിയെന്ന നിലയില്‍ ഇതിനെ ഫലപ്രദമായി ഉപയോഗിക്കുന്ന കുട്ടികള്‍ സമൂഹത്തിലുണ്ട്. പുതിയ ഐ ടി അധിഷ്ടിത വിദ്യാഭ്യാസത്തില്‍ പഠന ആവശ്യങ്ങള്‍ക്ക് കമ്പ്യൂട്ടറുകളും സ്മാര്‍ട്ട്‌ഫോണും അനിവാര്യമാണ് താനും. എന്നാല്‍ പുസ്തക പത്രപാരായണമുള്‍പ്പെടെയുള്ള വൈജ്ഞാനിക ആവശ്യങ്ങളില്‍ നിന്ന് പതിയെ മൊബൈലും ഇന്റര്‍നെറ്റും തെറ്റായ ഉപയോഗ വഴികളിലേക്ക് വഴുതി പോകുന്നുവെന്നാണ് സംശയിക്കേണ്ടത്.
ഇവിടെ രക്ഷിതാക്കളുടെ ഉചിതമായ ഇടപെടല്‍ അനിവാര്യമായി വരുന്നു. ലാപ്‌ടോപ്പോ മൊബൈല്‍ ഫോണോ കുട്ടികളുടെ കയ്യില്‍ ഒട്ടും നല്‍കില്ലെന്ന് ഇനി പറയാനാകില്ല. കാരണം അത്രമാത്രം കുട്ടികളുടെ പഠനവും വിനോദവും ജീവിതവും അവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു നിയന്ത്രണവും ഇല്ലാതെ സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് സൗകര്യങ്ങളും കുട്ടികള്‍ക്ക് വിട്ടു കൊടുക്കുന്നതും ആപത്താണ്. ‘ഉദാരമായി അഴിച്ചുവിടുകയോ തൊടാന്‍ നല്‍കാതെ പിടിച്ചു വെക്കുകയോ’ ചെയ്യുന്ന സമീപനത്തിന് പകരം ഒരു മധ്യമ നിലപാടാണ് കരണീയം. മറ്റുള്ളവര്‍ക്ക് നിരീക്ഷിക്കാവുന്ന ഒരു രീതിയില്‍ ആയിരിക്കണം കുട്ടികള്‍ക്ക് ഫോണും നെറ്റ് സൗകര്യങ്ങളും അനുവദിക്കുന്നത്. അവരുടെ ഉപയോഗം തങ്ങള്‍ ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന ഒരു ധാരണ കുട്ടികളില്‍ സ്ഥാപിച്ചെടുക്കണം. കുട്ടികളുടെ നെറ്റ് ഉപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സഹായകമായ ഒട്ടേറെ സോഫ്റ്റ്‌വെയറുകളും ആപ്പുകളും ഇന്ന് ലഭ്യമാണ്. അവയെ കുറിച്ച് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യാന്‍ മാതാപിതാക്കള്‍ പ്രാപ്തമാകണം. കമ്പ്യൂട്ടര്‍ സ്മാര്‍ട്ട് ഫോണ്‍ സാക്ഷരതയില്ലാത്ത മാതാപിതാക്കള്‍ക്ക് ഇനിയുള്ള കാലം കുട്ടികളുടെ മുമ്പില്‍ ആത്മവിശ്വാസത്തോടെ പിടിച്ചു നില്‍ക്കാന്‍ ആവില്ലെന്ന് ഓര്‍ത്തുവെക്കുന്നത് നന്നാകും!
Back to Top