സെന്‍സസില്‍ നിന്ന് എന്‍ പി ആറിലേക്കുള്ള ദൂരം – രാജീവ് ശങ്കരന്‍
രാജ്യത്ത് സെന്‍സസിനൊപ്പം നടപ്പാക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്ന എന്‍ പി ആര്‍ നടപ്പാക്കില്ല എന്ന് കേരളമടക്കം ചില സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ സവിശേഷമായ ഒരു സാഹചര്യം രൂപപ്പെട്ട് വന്നിരിക്കുന്നു. സെന്‍സസ് നടപടിക്രമങ്ങള്‍ നടത്തുന്നതിന് വേണ്ടിയുള്ള എന്യൂമറേറ്റര്‍മാരെ ക്ഷണിച്ചുകൊണ്ട് ചില തഹസില്‍ദാര്‍മാരും നഗരസഭാ സെക്രട്ടറിമാരും നല്‍കിയ അറിയിപ്പില്‍ എന്‍ പി ആറിലേക്കുള്ള വിവരങ്ങള്‍കൂടി ശേഖരിക്കാന്‍ പാകത്തില്‍ പരിശീലനം നല്‍കാന്‍ വേണ്ടിയിട്ടാണ് ആളുകളെ ക്ഷണിക്കുന്നത് എന്ന് അറിയിച്ചതാണ് തര്‍ക്ക വിഷയമായിരിക്കുന്നത്. കോഴിക്കോട്, കൊടുവള്ളി നഗരസഭകള്‍ സംശയങ്ങള്‍ തീരാതെ സെന്‍സസുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുന്നതുവരെ എത്തിനില്ക്കുന്നു കാര്യങ്ങള്‍.
ഇവിടെ സെന്‍സസും എന്‍ പി ആറും തമ്മിലുള്ള വ്യത്യാസമെന്ത്? സെന്‍സസിനൊപ്പം എന്‍ പി ആര്‍ എങ്ങനെയാണ് നടപ്പാക്കുന്നത് എന്നതിലൊക്കെ ഒരു വ്യക്തത ആവശ്യമായി വന്നിരിക്കുന്നു. 1948-ലെ സെന്‍സസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന ഒരു പ്രക്രിയയാണ് സെന്‍സസ്. 10 വര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ ജനങ്ങളുടെ കണക്ക് എടുക്കുന്ന പ്രക്രിയ. ജനസംഖ്യാ കണക്കിനോടൊപ്പം സാമൂഹിക സാമ്പത്തിക അജണ്ട അനുസരിച്ചുള്ള വിവരങ്ങളും സെന്‍സസില്‍ ശേഖരിക്കപ്പെടും.
സെന്‍സസില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കണം എന്നാണ് നിയമപ്രകാരമുള്ള വ്യവസ്ഥ. അതായത് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍പോലും സെന്‍സസില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കൈമാറാനുള്ള ബാധ്യത നിയമപ്രകാരം സര്‍ക്കാറിനില്ല. രണ്ട് ഘട്ടമായാണ് സെന്‍സസ് നടപ്പാക്കപ്പെടുന്നത്. ആദ്യഘട്ടം 2020 ഏപ്രിലില്‍ തുടങ്ങി സപ്തംബറില്‍ അവസാനിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ളത്. ആ ഘട്ടത്തില്‍ വീടുകളില്‍ എത്തുന്ന എന്യൂമറേറ്റര്‍മാര്‍ വീട്ടുനമ്പര്‍, വീട്ടുടമസ്ഥന്റെ പേര്, വീട്ടിലുള്ള അംഗങ്ങളുടെ എണ്ണം, വിവാഹിതരായ എത്രപേര്‍ ആ വീട്ടില്‍ ഉണ്ട്, വീട്ടിലുള്ള സൗകര്യങ്ങള്‍, വീട് നിര്‍മിച്ചിരിക്കുന്ന വസ്തുക്കള്‍ അതായത്, തറ, ഭിത്തി, മേല്‍ക്കൂര എന്നിവ നിര്‍മിക്കാനുപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍, വീട്ടില്‍ പാചകവാതക കണക്ഷന്‍ ഉണ്ടോ ഇല്ലയോ, വീട്ടില്‍ കക്കൂസ് ഉണ്ടോ ഇല്ലയോ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.
ഇതിനോടൊപ്പം ഇക്കുറി ഡിജിറ്റല്‍ വിവരങ്ങള്‍ കൂടി ശേഖരിക്കുന്നുണ്ട്. അതായത് വീട്ടില്‍ ടെലിവിഷന്‍ ഉപയോഗിക്കുന്നുണ്ടോ, ടെലിവിഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഏതു തരത്തിലുള്ള ടെലിവിഷന്‍ കണക്ഷനാണ്, ഉ2ഒ ആണോ, കേബിള്‍ കണക്ഷനാണോ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ, മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് ഫോണ്‍ ആണോ ഇത്തരം വിവരങ്ങള്‍ കൂടി ശേഖരിക്കും. ഒപ്പം, ബാങ്ക് എക്കൗണ്ടിന്റെ വിവരങ്ങളും ബാങ്ക് എക്കൗണ്ട് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതും ശേഖരിക്കും. ഈ വിവരങ്ങള്‍ അതായത് ടെലിവിഷന്‍, മൊബൈല്‍, ബാങ്ക് എക്കൗണ്ട് തുടങ്ങിയവ സെന്‍സസിന്റെ ഭാഗമായി ശേഖരിക്കുന്നത് ആദ്യമായിട്ടാണ്.
1955-ലെ ദേശീയ പൗരത്വ നിയമത്തില്‍ 2003-ല്‍ വരുത്തിയ ഭേദഗതി പ്രകാരമാണ് എന്‍ പി ആര്‍ നടപ്പിലാക്കപ്പെടുന്നത്. എന്‍ പി ആറിലേക്കുള്ള വിവരങ്ങള്‍ സെന്‍സസില്‍ ശേഖരിക്കുന്ന വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. സെന്‍സസില്‍ ഒരു കുടുംബത്തിലേക്ക് ഒരു എന്യൂമറേറ്റര്‍ എത്തിയാല്‍ ആ കുടുംബത്തിലെ കുടുംബനാഥന്റെ അല്ലെങ്കില്‍ കുടുംബനാഥയുടെ പേരും ബാക്കിയുള്ളവരുടെ എണ്ണവുമാണ് ശേഖരിക്കുന്നത്. എന്നാല്‍ എന്‍ പി ആറില്‍ ആ കുടുംബത്തിലെ അംഗങ്ങളുടെ എല്ലാ വിവരങ്ങളും ശേഖരിക്കും. അതായത്, വ്യക്തിയുടെ പേര്, മാതാപിതാക്കളുടെ പേര്, ജനന തീയതി, ജനനസ്ഥലം, മാതാപിതാക്കളുടെ ജനനസ്ഥലം, തൊഴില്‍, വിദ്യാഭ്യാസ യോഗ്യത, സ്ഥിര മേല്‍വിലാസം, ഇപ്പോള്‍ താമസിക്കുന്നത് താല്‍ക്കാലിക വിലാസത്തില്‍ ആണെങ്കില്‍ സ്ഥിരവിലാസം ഇങ്ങനെ വിവിധങ്ങളായ വിവരങ്ങള്‍ എന്‍ പി ആറില്‍ ശേഖരിക്കുന്നുണ്ട്. ഈ വിവരശേഖരണം പൂര്‍ത്തിയായതിനുശേഷം 15 വയസ്സിന് മുകളിലുള്ള ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ എന്‍ പി ആറില്‍ ശേഖരിക്കും. ഇതിനായി വിവിധ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ നടത്തി വ്യക്തിയുടെ ചിത്രം, കൈവിരല്‍ അടയാളങ്ങള്‍, കണ്ണിന്റെ അടയാളങ്ങള്‍ ഇവയൊക്കെ എന്‍ പി ആറില്‍ ശേഖരിക്കും.
അതിനുശേഷം ഈ വിവരങ്ങള്‍ പ്രാദേശിക തലത്തില്‍ പരസ്യപ്പെടുത്തി ആരെങ്കിലും ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി സംശയങ്ങള്‍ ഉന്നയിച്ചാല്‍, ഏതെങ്കിലും വ്യക്തിക്ക് നേരെ സംശയങ്ങള്‍ ഉന്നയിച്ചാല്‍, ആ സംശയം ഉന്നയിക്കപ്പെടുന്ന വ്യക്തിക്ക് താലൂക്ക് രജിസ്ട്രാറുടെ മുന്നില്‍ ഹാജരായി തന്റെ രേഖകള്‍ ഹാജരാക്കി താന്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണ് എന്ന് ബോധ്യപ്പെടുത്തേണ്ടിവരും. സെന്‍സസിനും എന്‍ പി ആറിനും രണ്ട് ഫോമുകളാണ് എന്യൂമറേറ്റര്‍മാര്‍ കൊണ്ടുവരിക. സെന്‍സസിന്റെ ആദ്യഘട്ടത്തില്‍ തന്നെ അതായത് 2020 ഏപ്രിലില്‍ തുടങ്ങി സപ്തംബറില്‍ അവസാനിക്കുന്ന സെന്‍സസിന്റെ ആദ്യഘട്ടത്തില്‍ തന്നെ എന്‍ പി ആര്‍ വിവരങ്ങളും ശേഖരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍സസ് കമ്മീഷണറേറ്റു വഴി സെന്‍സസ് ഡയറക്ടറേറ്റുകളിലേക്ക് നല്‍കിയ നിര്‍ദേശം.
ആദ്യഘട്ടത്തില്‍ തന്നെ എന്‍ പി ആറിന്റെ വിവരങ്ങള്‍ ശേഖരിക്കും. രണ്ട് ഫോമുകള്‍ ഇതിലുണ്ടാവും. എന്‍ പി ആര്‍ വിവരങ്ങള്‍ നല്‍കുന്ന ഫോമില്‍ വ്യക്തികള്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനുശേഷം വ്യക്തികള്‍ തങ്ങള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ സത്യസന്ധമായിട്ടുള്ളതാണെന്ന് പറഞ്ഞുകൊണ്ട് ഒപ്പിട്ട് നല്‍കേണ്ടിവരും. ഈ വിവരങ്ങളില്‍ എന്യൂമറേറ്റര്‍മാര്‍ക്ക് എന്തെങ്കിലും സംശയങ്ങള്‍ തോന്നുകയാണെങ്കില്‍ അവര്‍ക്കത് രേഖപ്പെടുത്താം. അങ്ങനെ രേഖപ്പെടുത്തപ്പെട്ടാലും താലൂക്ക് രജിസ്ട്രാറുടെ മുമ്പില്‍ വ്യക്തി ഹാജരായി താന്‍ നല്‍കിയ വിവരങ്ങള്‍ സത്യസന്ധമായിട്ടുള്ളതാണ്, ശരിയാണ് എന് രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തേണ്ടിവരും. ഇതാണ് എന്‍ പി ആറിന്റെ പ്രക്രിയ. അതായത് സെന്‍സസിന്റെ പ്രോസസും എന്‍ പി ആറിന്റെ പ്രോസസും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് ചുരുക്കം. സെന്‍സസില്‍ ശേഖരിക്കുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി മാത്രം എന്‍ പി ആര്‍ ഉണ്ടാക്കുക സാധ്യമല്ല എന്നും ഈ ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ വ്യത്യസ്തതകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
സെന്‍സസില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍കൊണ്ട് എന്‍ പി ആര്‍ ഉണ്ടാക്കപ്പെടും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്നതാണ് ചുരുക്കം. സെന്‍സസിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് എന്‍ പി ആറിലെ വിവരങ്ങള്‍ കൂടി ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും അതിനുള്ള പരിശീലനത്തിനാണ് അവരെ ക്ഷണിക്കുന്നത് എന്ന് കാണിച്ചുകൊണ്ട് തഹസില്‍ദാര്‍മാരും നഗരസഭാ സെക്രട്ടറിമാരും നല്‍കിയ കത്തിനെ ചൊല്ലിയാണ് പ്രശ്‌നം. സെന്‍സസ് നടത്തുന്നതും എന്‍ പി ആര്‍ നടത്തുന്നതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെന്‍സസ് വകുപ്പാണ്. അതിന് ഓരോ സംസ്ഥാനത്തും സെന്‍സസ് ഡയറക്ടറേറ്റുകള്‍ ഉണ്ട്. സെന്‍സസ് ഡയറക്ടറേറ്റുകള്‍ക്കാണ് അതാത് സംസ്ഥാനങ്ങളിലെ വിവര ശേഖരണത്തിന്റെ ചുമതല. ഇവിടേക്ക് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫിസര്‍ മുതല്‍ എന്യൂമറേറ്റര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥരെ നിയമിച്ച് നല്‍കുക എന്ന ഉത്തരവാദിത്വമാണ് സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ളത്. അങ്ങനെ നിയമിച്ചു നല്‍കിയാല്‍ പിന്നെ ആ ഉദ്യോഗസ്ഥന്മാരുടെ കര്‍ത്തവ്യങ്ങള്‍ എന്തൊക്കെ എന്ന് നിര്‍വചിച്ച് നല്‍കുന്നതും അവരെ നിയന്ത്രിക്കുന്നതും സെന്‍സസ് ഡയറക്ടറേറ്റ് ആയിരിക്കും.
സെന്‍സസ് ഡയറക്ടറേറ്റ് പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരായിരിക്കും. അതായത് സെന്‍സസിന്റെ ആദ്യഘട്ട വിവരം ശേഖരിക്കുന്നതോടൊപ്പം എന്‍ പി ആറിന്റെ വിവരങ്ങള്‍ കൂടി ശേഖരിക്കണം എന്ന് സെന്‍സസ് ഡയറക്ടറേറ്റ് എന്യൂമറേറ്ററായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചാല്‍ ഒരുപക്ഷേ അവര്‍ക്കത് അനുസരിക്കേണ്ടിവരും. എന്‍ പി ആര്‍ നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ പോലും ഈ എന്യൂമറേറ്റര്‍മാരോട് നിങ്ങള്‍ സെന്‍സസ് ഡയറക്ടറേറ്റ് നല്‍കുന്ന എന്‍ പി ആര്‍ ഫോമുപയോഗിച്ചുകൊണ്ട് വിവരങ്ങള്‍ ശേഖരിക്കരുത് എന്ന് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശിക്കാന്‍ സാധിച്ചെന്ന് വരില്ല. സംസ്ഥാന സര്‍ക്കാര്‍ എന്‍ പി ആര്‍ നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചാല്‍പോലും സെന്‍സസ് ഡയറക്ടറേറ്റുവഴി എന്‍ പി ആറിലേക്കുള്ള വിവരശേഖരണം സാധ്യമാക്കാന്‍ ഒരുപക്ഷേ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സാധിച്ചേക്കും എന്ന് ചുരുക്കം.
പിന്നെയുള്ളൊരു മാര്‍ഗം സെന്‍സസിന്റെ ആദ്യഘട്ടത്തില്‍ എന്‍ പി ആറിന്റെ ഫോമുമായി എന്യൂമറേറ്റര്‍മാര്‍ വന്നാല്‍ ഞങ്ങള്‍ സെന്‍സസിലേക്കുള്ള വിവരങ്ങള്‍ മാത്രമേ നല്‍കൂ, എന്‍ പി ആറിലേക്ക് വിവരങ്ങള്‍ നല്‍കില്ല എന്ന് ജനങ്ങള്‍ പറയുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതാണ്. അതിലേക്കുള്ള ബോധവത്ക്കരണമാണ് യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കേണ്ടത്. അങ്ങനെ നടന്നില്ല എങ്കില്‍ എന്‍ പി ആര്‍ നടപ്പാക്കില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍കൂടി എന്‍ പി ആറിലേക്കുള്ള വിവരശേഖരണം എന്യൂമറേറ്റര്‍മാര്‍ക്ക് ചെയ്യാന്‍ സാധിച്ചേക്കൂം. ആ അവസ്ഥ ഒഴിവാക്കണം.
എന്തുകൊണ്ട് എന്‍ പി ആറിലേക്കുള്ള വിവരശേഖരണം ഒഴിവാക്കണം എന്നുള്ള ചോദ്യത്തിനുമുണ്ട് മറുപടി. 2003-ലെ നിയമഭേദഗതി പ്രകാരം എന്‍ പി ആര്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ എന്‍ പി ആര്‍ ആണ് ദേശീയ പൗരത്വ പട്ടികയിലേക്കുള്ള ആധികാരികരേഖ എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതായത് എന്‍ പി ആറില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ദേശീയ പൗരത്വ പട്ടിക തയ്യാറാവുക എന്ന് ചരുക്കും.
ദേശീയ പൗരത്വ പട്ടിക തയ്യാറാക്കാന്‍ ആലോചിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കൂടി നിയമപരമായി 2003-ലെ ഭേദഗതിയനുസരിച്ചുള്ള ചട്ടങ്ങള്‍പ്രകാരം എന്‍ പി ആറിലെ വിവരങ്ങള്‍ എന്‍ ആര്‍ സി ദേശീയ പൗരത്വപട്ടികയ്ക്കുള്ള ആധികാരിക രേഖയായിരിക്കെ എന്‍ പി ആര്‍ ആധാരമാക്കി എന്‍ ആര്‍ സി രൂപീകരിക്കുക എന്നുള്ളത് കേന്ദ്രസര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പത്തില്‍ സാധിക്കുന്ന കാര്യമാണ്. ദേശീയ പൗരത്വനിയമത്തില്‍ അടുത്തിടെ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ദേശീയ പൗരത്വപട്ടികയുടെ നിര്‍മാണം രാജ്യത്തെ വലിയൊരു വിഭാഗത്തില്‍ ആശങ്ക ജനിപ്പിച്ചിരിക്കെ എന്‍ ആര്‍ സിയുടെ രൂപീകരണം തടയേണ്ടതാണ്. അല്ലെങ്കില്‍ എന്‍ ആര്‍ സി രൂപീകരിക്കപ്പെടില്ല എന്നുറപ്പാക്കേണ്ടത് മതനിരപേക്ഷ ജനാധിപത്യം നിലനില്ക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരുടെയും ബാധ്യതയാണ്. അതുകൊണ്ടാണ് എന്‍ പി ആറിലേക്കുള്ള വിവരങ്ങള്‍ നല്‍കാതിരിക്കുക എന്നതിലേക്ക് ജനങ്ങളെ എത്തിക്കുക എന്നത് ഇപ്പോഴത്തെ ബാധ്യതയാകുന്നത്.
എന്‍ പി ആര്‍ നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആ പ്രഖ്യാപനം പ്രയോഗത്തില്‍ വരുത്തുക എന്നുള്ളത് നിലവിലെ സാഹചര്യത്തില്‍ ഒരുപക്ഷേ പ്രയാസമായിരിക്കും എന്ന വസ്തുത മുന്നില്‍ കണ്ടുകൊണ്ടാണ് ജനങ്ങള്‍ തന്നെ വിവരങ്ങള്‍ നല്‍കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് പറയുന്നത്. സെന്‍സസിലേക്ക് വിവരങ്ങള്‍ നല്‍കാതിരിക്കുക എന്നത് നിലവില്‍ നിയമപ്രകാരം കുറ്റകരമാണ്. സെന്‍സസുമായി സഹകരിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ഒരുവര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമായി നിയമത്തില്‍ തന്നെ പറയുന്നുണ്ട്. എന്‍ പി ആറിലേക്ക് വിവരങ്ങള്‍ നല്കാതിരിക്കുകയോ അതുമായി സഹകരിക്കാതിരിക്കുകയോ ചെയ്താല്‍ അത് കുറ്റകരമായ ഒരു പ്രവൃത്തിയായി തല്‍ക്കാലം വ്യവഹരിക്കപ്പെടുന്നില്ല എന്നതും വസ്തുതയായി നമ്മുടെ മുന്നില്‍ ഉണ്ട്.