1 Tuesday
July 2025
2025 July 1
1447 Mouharrem 5

സുന്നി ശിയാ സംയുക്ത ഈദ്ഗാഹ്

കഴിഞ്ഞ നാല് വര്‍ഷമായി ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നടന്ന് വരുന്ന സുന്നി ശിയാ സംയുക്ത ഈദ് ഗാഹ് മുസ്‌ലിം വാര്‍ത്താ ലോകത്ത് ഒരു കൗതുകമായിരുന്നു. സുന്നി ശിയാ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിഭാഗീയതയ്ക്കും പോരിനുമായി പല സംഘങ്ങളും ശ്രമിച്ച് വരുന്ന സമകാലിക സാഹചര്യത്തില്‍ അവിടെ നിന്നും കൂടുതല്‍ ആശാവഹമായ ഒരു വാര്‍ത്ത കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആദ്യമായി സുന്നി ശിയാ വനിതാ ഈദ് ഗാഹ് നടന്ന വാര്‍ത്തയാണ് ഇത്തവണ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2015ല്‍ ഷോള്‍ഡര്‍ ടു ഷോള്‍ഡര്‍ (തോളോട് തോള്‍) ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ശ്രമഫലമായാണ് ലക്‌നൗവില്‍ നിന്ന് രജ്ഞിപ്പിന്റെ ഒരു വലിയ വര്‍ത്തമാനത്തെ സൃഷ്ടിക്കാന്‍ സാധിച്ചത്. മുസ്‌ലിം വിഭാഗങ്ങളൊന്നടങ്കം ശ്രദ്ധാപൂര്‍വം കാത് കൊടുത്ത ഒരു വാര്‍ത്തയായിരുന്നു അന്നത്. ഒരു ശിയാ ഇമാം നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ഒരു സുന്നീ ഖത്വീബ് പ്രഭാഷണം നിര്‍വഹിക്കുകയും ചെയ്യുന്ന വിധമായിരുന്നു സംയുക്ത ഈദ്ഗാഹ് ആരംഭിച്ചത്; തുടര്‍ വര്‍ഷങ്ങളില്‍ ഈ ക്രമീകരണങ്ങള്‍ പരസ്പരം മാറുന്ന വിധത്തിലും. സുന്നീ ശിയാ വിഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ ആശയത്തിന് ലഭിച്ചത്. ലക്‌നൗവിലെ പ്രമുഖരായ പല സുന്നി ശിയാ പണ്ഡിതരും ആശയത്തോട് അനുകൂലമായി പ്രതികരിച്ചതോടെ സംയുക്ത ഈദ്ഗാഹെന്ന ആശയം സാധ്യമാകുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കുള്ള സംവിധാനങ്ങളും ആരംഭിച്ചിരിക്കുന്നത്. ഇത്തരം രജ്ഞിപ്പുകള്‍ അസാധ്യമെന്നും അല്പായുസുകളെന്നും ആരോപിച്ച് പിന്നോട്ട് നിന്നവര്‍ കൂടി ഇപ്പോള്‍ സഹകരിച്ച് തുടങ്ങിയിട്ടുണ്ടെന്നും വരും വര്‍ഷങ്ങളില്‍ ഇത്തരം ശ്രമങ്ങള്‍ കൂടുതല്‍ വ്യാപകമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.
Back to Top