സുന്നത്തുകള്‍ വ്യത്യസ്ത രൂപങ്ങള്‍ – പി കെ മൊയ്തീന്‍ സുല്ലമി
ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. അവ രണ്ടും സമ്പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍ ഉസ്വൂലുല്‍ ഹദീസും ഉസ്വൂലുല്‍ ഫിഖ്ഹും പഠിക്കല്‍ അനിവാര്യമാണ്. ഒരു ഹദീസ് സ്വീകാര്യമാണോ ദുര്‍ബലമാണോ നിര്‍മിതമാണോ എന്ന് മനസ്സിലാക്കണമെങ്കില്‍ ഉസ്വൂലുല്‍ ഹദീസ് (ഹദീസു നിദാന ശാസ്ത്രം) അറിഞ്ഞിരിക്കണം. ഹറാമും ഹലാലും മുബാഹും കറാഹത്തും മനസ്സിലക്കണമെങ്കില്‍ ഉസ്വൂലുല്‍ ഫിഖ്ഹ് (കര്‍മപരമായ നിദാന ശാസ്ത്രം) പഠിക്കലും നിര്‍ബന്ധമാണ്.
ഇവിടെ നിരൂപണം ചെയ്യുന്നത് സുന്നത്തുകളുടെ അഥവാ ഹദീസുകളുടെ വ്യത്യസ്ത രൂപങ്ങളാണ്. സുന്നത്ത് എന്ന പദത്തിന് ഭാഷാപരപമായി നടപടിക്രമം, ചര്യ, മാര്‍ഗം, വഴി എന്നെല്ലാം അര്‍ഥമുണ്ട്. എന്നാല്‍ സാങ്കേതികമായി ഇസ്‌ലാമില്‍ സുന്നത്ത്് എന്ന് പറയുന്നത് നബി(സ)യുടെ ചര്യക്കാണ്. ഹദീസ് എന്ന് പറയുന്നത് സുന്നത്തിന്റെ പര്യായപദമാണ്. താഴെ വരുന്ന ഹദീസില്‍ നിന്ന് അക്കാര്യം ബോധ്യപ്പെടും. നബി(സ) പറയുന്നു: ”വല്ലവനും എന്റെ ചര്യയെ ഇഷ്ടപ്പെടുന്ന പക്ഷം അവന്‍ എന്നെ ഇഷ്ടപ്പെട്ടു. എന്റെ സുന്നത്തിനെ ജീവിതത്തില്‍ പുലര്‍ത്തിക്കൊണ്ട് വല്ലവനും എന്നെ ഇഷ്ടപ്പെടുന്ന പക്ഷം അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായിരിക്കും.” (തിര്‍മിദി)
എന്നാല്‍ അധികമാളുകളും സുന്നത്തെന്ന് കേള്‍ക്കുമ്പോള്‍ ചിന്തിക്കാറുള്ളത് പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം ലഭിക്കുന്നതും ഉപേക്ഷിച്ചാല്‍ ശിക്ഷാര്‍ഹമല്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ചാണ്. സുന്നത്ത് വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണവും കൂടിയാണ്. ഖുര്‍ആന്‍ വ്യക്തമായി മനസ്സിലാക്കാന്‍ സുന്നത്തുകള്‍ മനസ്സിലാക്കല്‍ അനിവാര്യമാണ്. അതിനാല്‍ സുന്നത്തുകളെ നിരുപാധികം തള്ളിക്കളയല്‍ കുഫ്‌റിന്റെ ലക്ഷണമാണ്. അല്ലാഹു പറയുന്നു: ”അദ്ദേഹം അവരെ വേദഗ്രന്ഥവും ഹിക്മത്തും പഠിപ്പിക്കുന്നു” (ജുമുഅ 2)
മേല്‍ പറഞ്ഞ ഹിക്മത്ത് ഖുര്‍ആനിന്റെ വ്യാഖ്യാനമായ സുന്നത്താകുന്നു എന്നതാണ് ഇമാം ശാഫിഈ(റ) ഉള്‍പ്പെടെ നിരവധി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജലാലുദ്ദീനുസ്സുയൂഥി രേഖപ്പെടുത്തുന്നു: ”ഇമാം ശാഫിഈ(റ) പ്രസ്താവിച്ചു: സുന്നത്തുകളെല്ലാം വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനങ്ങളാകുന്നു” (അല്‍ഹാവീലില്‍ ഫതാവാ 2:345).
സുന്നത്തുകള്‍ വ്യത്യസ്ത രൂപത്തിലുണ്ട്. ഇബ്‌നുല്‍ഹജര്‍(റ) പറയുന്നു: ”നബി(സ)യുടെ വാക്കുകള്‍, പ്രവര്‍ത്തികള്‍, അംഗീകരിച്ചുകൊടുത്തത്, അവിടുന്നു ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ എന്നിവയാണവ.” (ഫത്ഹുല്‍ ബാരി 17:52)
മേല്‍ ഉദ്ധരണിയില്‍ നിന്നും ഒന്നാമതായി പറഞ്ഞത് നബി(സ)യുടെ വാക്കുകള്‍ എന്നാണ്. അതില്‍ നബി(സ) നിര്‍ബന്ധമാക്കിയതും സുന്നത്താക്കിയതും പ്രോത്സാഹിപ്പിച്ചതും നിരുത്സാഹപ്പെടുത്തിയതുമായ എല്ലാ കല്പനകളും ഉള്‍പ്പെടുന്നു. നബി(സ)യുടെ കല്പനക്ക് ഒരു ഉദാഹരണം: ”നബി(സ) വെള്ളിയാഴ്ച ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ സുലൈക്കുല്‍ ഗത്വ്ഫാനി എന്ന സ്വഹാബി പള്ളിയിലേക്ക് കടന്നുവരികയും തഹിയ്യത്തു നമസ്‌കരിക്കാതെ ഇരിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തോട് നബി(സ) കല്പിച്ചു: സുലൈക്കേ, താങ്കള്‍ എഴുന്നേറ്റ് രണ്ട് റക്അത്ത് നമസ്‌കരിക്കൂ.” (ബുഖാരി)
ഇബ്‌നുഹജര്‍(റ) സുന്നത്തിന്റെ വ്യാഖ്യാനത്തില്‍ രണ്ടാതമായി പറഞ്ഞത്, നബി(സ)യുടെ പ്രവര്‍ത്തനങ്ങള്‍ എന്നാണ്. അതില്‍ സമുദായം ഒന്നടങ്കം ചെയ്യാനുദ്ദേശിച്ചുകൊണ്ട് പ്രസ്താവിച്ചതും പ്രവര്‍ത്തിച്ചതുമായ എല്ലാ ചര്യകളും ഉള്‍പ്പെട്ടു. എന്നാല്‍ നാലിലധികം വിവാഹം കഴിക്കുന്നതുപോലെ നബി(സ)ക്ക് മാത്രം ബാധകമായ ചര്യകള്‍ അതിലുള്‍പ്പെടുന്നതല്ല. അത് നബി(സ)ക്കു മാത്രം ബാധകമായിട്ടുള്ളവയാണ്. നബി(സ)യുടെ പ്രവര്‍ത്തിക്ക് ഒരുദാഹരണം: നമസ്‌കാരം നബി(സ) സ്വഹാബത്തിന്ന് ചെയ്തു കാണിച്ചുകൊടുക്കുന്നതാണ്. ശേഷം നബി(സ) അവരോട് കല്പിക്കുകയുണ്ടായി: ”ഞാന്‍ ഏതു പ്രകാരം നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അതുപോലെ നിങ്ങളും നമസ്‌കരിക്കണം.” (ബുഖാരി)
മൂന്നാമതായി പറഞ്ഞത് നബി(സ)യുടെ അംഗീകാരമാണ്. നബി(സ)യുടെ മുന്നില്‍ ഒരു പുതിയ പ്രശ്‌നം വരികയും അപ്രകാരം ചെയ്യാമെന്ന് നബി(സ) അംഗീകരിച്ചുകൊടുക്കുകയും ചെയ്താല്‍ അത് നബി(സ) അംഗീകരിച്ചു കൊടുത്ത സുന്നത്തായി പരിഗണിക്കപ്പെടുന്നതാണ്. ”അംറുബ്‌നുല്‍ ആസ്വ്(റ) പറയുന്നു: ദാതുസ്സലാമില്‍ യുദ്ധത്തില്‍ ഞാന്‍ സര്‍വ സൈന്യാധിപനായി നിയോഗിക്കപ്പെട്ടപ്പോള്‍ തണുപ്പുള്ള ഒരു രാത്രിയില്‍ എനിക്ക് സ്വപ്‌നസ്ഖലനം അനുഭവപ്പെട്ടു. അപ്പോള്‍ ഞാന്‍ കുളിക്കുന്ന പക്ഷം (അതിശൈത്യം കാരണം) ഞാന്‍ മരണപ്പെട്ടുപോകുമോ എന്ന ഭയത്താല്‍ തയമ്മും ചെയ്ത് (ഇമാമായി) നമസ്‌കരിച്ചു. അങ്ങനെ ഞങ്ങള്‍ നബി(സ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ അക്കാര്യം നബി(സ)യെ ധരിപ്പിക്കുകയുണ്ടായി. അപ്പോള്‍ നബി(സ) ചോദിച്ചു: അംറേ, താങ്കള്‍ വലിയ അശുദ്ധിയോടെ (തയമ്മും) ചെയ്തു നമസ്‌കരിച്ചുവോ? ഞാന്‍ അല്ലാഹുവിന്റെ വചനം (തെളിവായി) നബി(സ)യെ ഓതിക്കേള്‍പ്പിച്ചു. ”നിങ്ങള്‍ നിങ്ങളെ തന്നെ വധിക്കരുത്. അല്ലാഹു നിങ്ങളോട് അങ്ങേയറ്റം കരുണ കാണിക്കുന്നവനാണ്.” അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ (കുളിക്ക് പകരം) തയമ്മും ചെയ്തു നമസ്‌കരിച്ചത്. അപ്പോള്‍ നബി(സ) ചിരിക്കുകയാണ് ചെയ്തത.് അവിടുന്ന് ഒന്നും മിണ്ടിയില്ല.” (അഹ്മദ്, അബൂദാവൂദ്, ഹാകിം, ദാറഖ്്ത്വുനി, ഇബ്‌നു ഹിബ്ബാന്‍)
മേല്‍ ഹദീസില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യം വെള്ളം ലഭിക്കാതിരിക്കുമ്പോള്‍ മാത്രമല്ല, തയമ്മും അനുവദനീയമാക്കിയിട്ടുള്ളത്, മറിച്ച് വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലും അത് മതിയാകുന്നതാണ്. ഇവിടെ അംറുബ്‌നുല്‍ ആസ്വ്(റ) തയമ്മും ചെയ്തു നമസ്‌കരിച്ചത് കുളിച്ചാല്‍ അതിശൈത്യം കാരണം രക്തം കട്ടിപിടിച്ച് മരണപ്പെടാന്‍ സാധ്യതയുണ്ട് എന്ന് ഭയപ്പെട്ടതുകൊണ്ടാണ്. ഖുര്‍ആന്‍ വചനത്തിന്റെ അടിസ്ഥാനത്തില്‍ നബി(സ) അദ്ദേഹത്തിന് തയമ്മും അനുവദിച്ചു കൊടുക്കുകയാണുണ്ടായത്.
നാലാമത് പറഞ്ഞത് നബി(സ) ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങളാണ്. നബി(സ) ചെയ്താലും ഇല്ലെങ്കിലും ഒരു കാര്യം ചെയ്യാന്‍ നബി(സ) ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് സുന്നത്തായിത്തീരും എന്നാണ് താഴെ വരുന്ന ഹദീസ് പഠിപ്പിക്കുന്നത്. ”ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ) മുഹര്‍റം പത്ത് നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാന്‍ സ്വഹാബികളോട് കല്പിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ (സ്വഹാബത്ത്) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അത് യഹൂദികളും നസ്വാറാക്കളും ആദരിക്കുന്ന ദിവസമല്ലേ? നബി(സ) പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അടുത്ത വര്‍ഷം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ മുഹര്‍റം ഒമ്പതിനും വ്രതമെടുക്കും. എന്നാല്‍ അടുത്ത വര്‍ഷം മുഹര്‍റത്തിന് മുമ്പ് നബി(സ) മരണപ്പെടുകയാണുണ്ടായത്” (മുസ്‌ലിം, അബൂദാവൂദ്). ഇവിടെ നബി(സ) മുഹര്‍റം ഒമ്പതിനും വ്രതമെടുക്കും എന്ന് പറഞ്ഞത് യഹൂദികളില്‍ നിന്ന് വ്യത്യസ്തനാകാനായിരുന്നു എന്ന് ഹദീസ് വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.
സുന്നത്തുകളുടെ കൂട്ടത്തില്‍ സുന്നത്തുന്‍ മുഅക്കദതുന്‍ (പ്രബലമായ സുന്നത്ത്), നഫ്ല്‍ (പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം ലഭിക്കുന്നതിനും ഉപേക്ഷിച്ചാല്‍ ശിക്ഷാര്‍ഹമല്ലാത്തതുമായ കാര്യങ്ങള്‍) ആദിയായ സുന്നത്ത് (അറേബ്യയുടെ കാലാവസ്ഥക്കും പാരമ്പര്യത്തിനും അനുസരിച്ചുള്ള ചര്യകള്‍) എന്നിവയും വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്.
പ്രബലമായ സുന്നത്ത്: ഇതില്‍ പെട്ടതാണ് തഹജ്ജുദ് നമസ്‌കാരം. വിശുദ്ധ ഖുര്‍ആനില്‍ കാല്‍ ഡസനിലധികം സ്ഥലങ്ങളില്‍ തഹജ്ജുദ് നമസ്‌കാരത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. അബ്ദുല്ലാഹിബ്‌നു സലാം(റ) പറയുന്നു: ”നബി(സ)യില്‍ നിന്നും ഞാന്‍ ആദ്യമായി കേട്ട വര്‍ത്തമാനം ഇപ്രകാരമായിരുന്നു: ജനങ്ങളേ, നിങ്ങള്‍ സലാമിനെ വ്യാപിപ്പിക്കുക, ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുക, കുടുംബബന്ധം ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എഴുന്നേറ്റു നമസ്‌കരിക്കുക.” (ഹാകിം, ഇബ്‌നുമാജ, തിര്‍മിദി)
തഹജ്ജുദ് നമസ്‌കാരം നമുക്ക് പ്രബലമായ സുന്നത്താണെങ്കില്‍ നബി(സ)ക്ക് അത് നിര്‍ബന്ധമായിരുന്നു എന്നതാണ് പണ്ഡിതാഭിപ്രായങ്ങള്‍. ഇബ്‌നുകസീര്‍(റ) പറയുന്നു: ”തഹജ്ജുദ് നബി(സ)ക്കു മാത്രം നിര്‍ബന്ധമായിരുന്നു. അല്ലാഹു പറയുന്നു: രാത്രിയില്‍ നിന്ന് അല്പസമയം താങ്കള്‍ ഉറക്കമുണര്‍ന്ന് നമസ്‌കരിക്കുകയും ചെയ്യുക. അത് താങ്കള്‍ക്ക് അധികരിച്ചുള്ള ഒരു പുണ്യകര്‍മമാകുന്നു.” (ഇബ്‌നുകസീര്‍ 4:434). ഇബ്‌നുഹജര്‍(റ) ഫത്ഹുല്‍ ബാരിയിലും (4:22) ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം ലഭിക്കുന്നതും ഉപേക്ഷിച്ചാല്‍ ശിക്ഷാര്‍ഹവുമല്ലാത്ത സുന്നത്തുകള്‍: ഇതില്‍ പെട്ടതാണ് റവാതിബ് സുന്നത്തുകള്‍. അത് പത്തു റക്അത്തുകള്‍ മാത്രമേയുള്ളൂ. സ്വിഹാഹുസ്സിത്തയിലെ മുഴുവന്‍ ഹദീസുകളും അത് വ്യക്തമാക്കിയിട്ടുണ്ട്. ചിലര്‍ അത് പന്ത്രണ്ടാണെന്നും പതിനെട്ടാണെന്നും ഇരുപതാണെന്നും വരെ കാര്യം പഠിക്കാതെ പറയുന്നവരുണ്ട്. ഇബ്‌നുഉമര്‍(റ) പറയുന്നു: ”ഞാന്‍ നബി(സ)യില്‍ നിന്നും പത്ത് റക്അത്ത് സുന്നത്തു നമസ്‌കാരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ളുഹ്‌റിന് മുമ്പും ശേഷവും രണ്ടു റക്അത്തുകള്‍ വീതം. മഗ്‌രിബ്‌നു ശേഷവും ഇശാഇന്നു ശേഷവും രണ്ടു റക്അത്തുകള്‍ വീതം വീട്ടില്‍ വെച്ച്. സ്വുബ്ഹിക്ക്് മുമ്പ് രണ്ടു റക്അത്ത്്” (ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്, നസാഈ, മാലിക്, അഹ്മദ്)
സുബ്ഹിക്കു മുമ്പുള്ള സുന്നത്തു നമസ്‌കാരം വീട്ടില്‍ വെച്ചും ആകാവുന്നതാണ്. പിന്നീട് അവര്‍ പള്ളിയില്‍ കടക്കുമ്പോള്‍ തഹിയ്യത്ത് മാത്രം നമസ്‌കരിച്ചാല്‍ മതി. സുബ്ഹിക്ക് ബാങ്കു കൊടുത്തതിനു ശേഷം പള്ളിയില്‍ വരുന്നവര്‍ സുബ്ഹിയുടെ സുന്നത്ത് മാത്രം നിര്‍വഹിച്ചാല്‍ മതി. അത് തഹിയ്യത്തായി പരിഗണിക്കപ്പെടും. അത്തരക്കാര്‍ തഹിയ്യത്ത് നമസ്‌കരിക്കേണ്ടതില്ല. ചില ആളുകള്‍ ആദ്യം തഹിയ്യത്തും പിന്നീട് സുബ്ഹിയുടെ സുന്നത്തും നമസ്‌കരിക്കുന്ന പതിവുണ്ട്. അതിന് യാതൊരു രേഖയും ഇല്ല.
ആദിയായ സുന്നത്ത്: നബി(സ)യുടെ ഭക്ഷണം, വസ്ത്രം, വാഹനം എന്നിവ ഇതില്‍ പെട്ടതാണ്. അഥവാ അറേബ്യയുടെ നിലവിലുള്ള സമ്പ്രദായം, വസ്ത്രധാരണം, വാഹനങ്ങള്‍ എന്നിവ അറബികള്‍ക്ക് മാത്രം ബാധകമാകുന്ന ചര്യകള്‍. അതിശൈത്യം അനുഭവപ്പെടുന്നവര്‍ കമ്പിളി വസ്ത്രം ധരിക്കാറുണ്ട്. അത് അവര്‍ക്കു മാത്രം ബാധകമാകുന്ന ചര്യയാണ്. തല മറയ്ക്കലും താടി വളര്‍ത്തലും അറബികള്‍ക്കിടയില്‍ പതിവുള്ള ശീലമായിരുന്നു. അതില്‍ നബി(സ) താ ടി വളര്‍ത്തുക എന്നത് പ്രത്യേകമായി പരാമര്‍ശിച്ച് സുന്നത്തായി നിശ്ചയിച്ചു. അപ്പോള്‍ ആദിയായ സുന്നത്തുകളില്‍ താടിനീട്ടല്‍ മാത്രമാണ് ഇസ്‌ലാം പുണ്യകര്‍മമായി പ്രസ്താവിച്ചത്.
നബി(സ) ഒട്ടകപ്പുറത്തും കഴുതപ്പുറത്തും യാത്ര ചെയ്തിരുന്നു. മുന്തിരിയും കാരക്കയും ഭക്ഷിച്ചിരുന്നു. അതൊന്നും നമുക്ക് സുന്നത്തല്ല. എന്നാല്‍ നോമ്പുതുറക്കാന്‍ കാരക്ക ഉപയോഗിക്കല്‍ സുന്നത്താണ്. ഇസ്‌ലാം അംഗീകരിക്കുന്ന സുന്നത്തില്‍ പെട്ടതാണ് പ്രകൃതിടചര്യകള്‍. ”താടി വളര്‍ത്തല്‍ മുതല്‍ പുരുഷന്മാരുടെ ചേലാകര്‍മം വരെയുള്ള പത്ത് കാര്യങ്ങളാണ് പ്രകൃതി ചര്യകളില്‍ ഉള്‍പ്പെടുന്നത്” (മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, ഇബ്‌നു അബീശൈബ)
മേല്‍ പറഞ്ഞ പത്ത് കാര്യങ്ങളും സുന്നത്ത്് മാത്രമാണെന്ന് ഇാം ശൗക്കാനി നൈലുല്‍ ഔത്വാറിലും (1:136) ഇബ്‌നുഹജര്‍(റ) ഫത്ഹുല്‍ ബാരിയിലും (13:335) രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ചര്യകളില്‍ മീശ വെട്ടല്‍, നഖം മുറിക്കല്‍, കക്ഷരോമവും ഗുഹ്യരോമവും നീക്കം ചെയ്യല്‍ എന്നിവ നാല്‍പതു ദിവസത്തിലൊരിക്കല്‍ സുന്നത്താണ് (അഹ്മദ്, അബൂദാവൂദ്) എന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.