5 Friday
December 2025
2025 December 5
1447 Joumada II 14

സുഡാന്‍ ശാന്തമാകുന്നു പുതിയ ഭരണ സമിതി അധികാരമേറ്റു

അനേകമാസങ്ങളായി തുടര്‍ന്ന് വന്നിരുന്ന സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിനും വിരാമമിട്ട് കൊണ്ട് സുഡാനില്‍ പുതിയ പരിവര്‍ത്തന സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നു. ജനകീയ വിപ്ലവത്തെത്തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബശീര്‍ അധികാരമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ആവശ്യത്തില്‍ നടന്ന സമരത്തെ സൈന്യവും പിന്തുണച്ചിരുന്നു. എന്നാല്‍ ഒമര്‍ അല്‍ ബശീര്‍ അധികാരമൊഴിഞ്ഞതോടെ കെയര്‍ ടേക്കര്‍ ചുമതലയില്‍ അധികാരമേറ്റ സൈനിക തലവന്‍ സ്ഥാനമൊഴിയാനോ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കോ തയാറാകാതിരുന്നത് വീണ്ടും സ്ഥിതി രൂക്ഷമാക്കി. പ്രക്ഷോഭകാരികള്‍ സൈന്യത്തിനെതിരേ തിരിയുകയും അനേകം വെടിവെപ്പുകളും കൊലപാതകങ്ങളും രാജ്യത്ത് അരങ്ങേറുകയും ചെയ്തു. തുടര്‍ന്ന് അന്താരാഷ്ട്രാ തലത്തില്‍ നടന്ന നിരവധി ചര്‍ച്ചകളുടെയും അനുരഞ്ജനങ്ങളുടെയും ഫലമായാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്നും സൈന്യത്തിന്റെ ഭാഗത്ത് നിന്നുമുള്ള പ്രതിനിധികളാണ് ഇപ്പോഴത്തെ സര്‍ക്കാരിലുള്ളത്. സൈനിക കൗണ്‍സില്‍ മേധാവി അബ്ദുള്ള ഹംദോക്കാണ് പുതിയ പ്രധാന മന്ത്രി. 20 അംഗ മന്ത്രിസഭയാണ് രൂപീകരിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തേക്കാണ് ഇപ്പോഴത്തെ സര്‍ക്കാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. തുടര്‍ന്ന് രാജ്യത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കും. ഈ മൂന്ന് വര്‍ഷത്തില്‍ ആദ്യത്തെ 21 മാസമാണ് സൈനിക കൗണ്‍സിലിന്റെ പ്രധാന മന്ത്രി രാജ്യം ഭരിക്കുക. തുടര്‍ന്നുള്ള 18 മാസം സിവിലിയന്‍ പക്ഷത്ത് നിന്നുള്ള പ്രധാന മന്ത്രിയാകും രാജ്യം ഭരിക്കുക. പുതിയതീരുമാനത്തോടെ രാജ്യത്ത് അരങ്ങേറിയിരുന്ന അരാജകത്വത്തിനും ആഭ്യന്തര പോരാട്ടങ്ങള്‍ക്കും അറുതി വന്നിരിക്കുകയാണ്. സുഡാന്‍ ജനത പൊതുവേ പുതിയ തീരുമാനത്തില്‍ സംത്യപ്തരാണ്. പ്രധാന നഗരങ്ങളിലെ തെരുവുകളില്‍ അവര്‍ നടത്തുന്ന ആഹ്ലാദ നൃത്തങ്ങളുടെ ചിത്രങ്ങളും വിവിധ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Back to Top