5 Friday
December 2025
2025 December 5
1447 Joumada II 14

സുഡാനില്‍ സംഘര്‍ഷം അയയന്നു

ആഭ്യന്തര പ്രശ്‌നങ്ങള്‍ കൊണ്ട് സംഘര്‍ഷമുഖരിതമായ ഒരു അന്തരീക്ഷമായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി സുഡാനില്‍ നിലനിന്നത്. 26 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് അന്ത്യമിട്ട് കൊണ്ട് പ്രസിഡന്റ് ഉമര്‍ അല്‍ ബശീറിന് സ്ഥാനമൊഴിയേണ്ടി വന്നതോടെയാണ് സുഡാനില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ജനകീയ പ്രക്ഷോഭത്തിന്റെ വിജയമായിരുന്നു ബശീറിന്റെ സ്ഥാനമൊഴിയല്‍. എന്നാല്‍ ജനകീയ സര്‍ക്കാറിനെ തെരഞ്ഞെടുക്കാന്‍ സാവകാശം നല്‍കിക്കൊണ്ട് താത്കാലികമായി അധികാരത്തിലേറിയ സൈനിക നേത്യത്വം പിന്നീട് ഭരണം വിട്ട് നല്‍കാന്‍ തയാറാകാതിരുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയായിരുന്നു. ജനകീയ പ്രതിഷേധങ്ങളെ ആയുധമുപയോഗിച്ച് ചെറുക്കാന്‍ സൈന്യവും എന്ത് വിലകൊടുത്തും ജനകീയ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിഷേധക്കാരും മുന്നോട്ട് വന്നതോടെ സുഡാന്‍ യുദ്ധക്കളമായി മാറി. ഒടുവില്‍ ആഫ്രിക്കന്‍ യൂണിയന്‍ വിഷയത്തില്‍ ഇടപെടുകയും സുഡാനെ ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വിഷയത്തില്‍ ഒരു പരിഹാരമൂണ്ടാക്കാനും ജനകീയ്യ സര്‍ക്കാറിന് ഭരണം കൈമാറാനും സൈന്യത്തിന് മേല്‍ സമ്മര്‍ദ്ധം ശക്തിപ്പെട്ടു. ഇപ്പോള്‍ ഒരു പരിവര്‍ത്തന സര്‍ക്കാറുണ്ടാക്കാന്‍ സൈന്യം തയാറായിരിക്കുന്നതാണ് അവിടെ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ആഫ്രിക്കന്‍ യൂണിയന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. സുഡാനിലെ മുഖ്യ പ്രതിപക്ഷ കക്ഷിയുമായി ധാരണകളുണ്ടാക്കിയാണ് സൈന്യം ജനകീയ സര്‍ക്കാര്‍ എന്ന വിഷയത്തില്‍ സമ്മതം പ്രകടിപ്പിച്ചിരിക്കുന്നത്.
Back to Top