12 Monday
January 2026
2026 January 12
1447 Rajab 23

സുഡാനില്‍ കലുഷത മാറുന്നില്ല

ജനകീയ വിപ്ലവത്തിനൊടുവില്‍ മുപ്പത് വര്‍ഷത്തെ ഏകാധിപത്യ ഭരണത്തില്‍ നിന്ന് സുഡാന്‍ മോചിതമായ വാര്‍ത്തയായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തുണ്ടായ കടുത്ത ഭക്ഷ്യ ക്ഷാമവും ഇന്ധന ദൗര്‍ലഭ്യവുമാണ് ജനകീയ പ്രക്ഷോഭത്തെ ആളിക്കത്തിച്ചത്. പ്രസിഡന്റായിരുന്ന ഒമര്‍ അല്‍ ബശീറിന്റെ അഭ്യര്‍ഥന മാനിച്ച് അനേകം രാജ്യങ്ങള്‍ സുഡാന് ഭക്ഷ്യ, ഇന്ധന സഹായങ്ങള്‍ നല്‍കിയിരുന്നു. തുര്‍ക്കിയും യു എ ഇയുമുള്‍പ്പെടെയുള്ള അനേകം രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് സഹായങ്ങള്‍ ലഭിച്ചെങ്കിലും അധികാരം നില നിര്‍ത്താനായി ഒരു രാഷ്ട്രീയ പിന്തുണ ബശീറിന് നല്‍കാന്‍ പല രാഷ്ട്രങ്ങളും മടി കാണിച്ചു. തുടര്‍ന്ന് ജനകീയ വിപ്ലവത്തിന് മുന്നില്‍ ബശീര്‍ പരാജയപ്പെടുകയായിരുന്നു. ജനകീയ വിപ്ലവം വിജയം കണ്ടെങ്കിലും സുഡാന്‍ ഇപ്പൊഴും കടുത്ത രാഷ്ട്രീയ കാലുഷ്യത്തില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബശീറിന് പകരം അധികാരമേറ്റെടുത്തത് സുഡാന്റെ മിലിറ്ററി കൗണ്‍സില്‍ മേധാവിയാണെന്നാതാണ് ഒരു വിഷയം. ഒരു ജനകീയ സര്‍ക്കാറിന് രൂപം നല്‍കുകയോ അവര്‍ക്ക് അധികാരം കൈമാറുകയോ ഇതു വരെ ചെയ്തിട്ടില്ല. ഇപ്പോഴും വ്യാപകമായ അറസ്റ്റുകള്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ വിരോധികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത് ജയിലടക്കാനുള്ള സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്റെ നീക്കം വ്യാപകമായ വിമര്‍ശങ്ങള്‍ വിളിച്ച് വരുത്തുന്നുണ്ട്. സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റിന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പടെ അനേകം ബന്ധുക്കളെ ഇതിനകം അറസ്റ്റ് ചെയ്ത് കഴിഞ്ഞു. ഇത് കൂടാതെ ബശീര്‍ ഭരണത്തിന്റെ ഗുണകാംക്ഷികളായിരുന്ന ആളുകളെ തെരഞ്ഞ് പിടിച്ച് അറ്സ്റ്റ്  ചെയ്യാനുള്ള ഒരു പദ്ധതിയും നടന്ന് വരുന്നുണ്ട്. എന്നാല്‍ രാജ്യം ഒരു പട്ടാള ഭരണത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് പൊതുവേയുള്ളത്. എത്രയും വേഗം ഒരു ജനകീയ ഭരണകൂടത്തെ തെരഞ്ഞെടുത്ത് അവര്‍ക്ക് അധികാരം കൈമാറാന്‍ തന്നെ ബുര്‍ഹാന്‍ തയാറാകണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുകയാണ്. അതു വരെ ജനകീയ പ്രക്ഷോഭം അവസാനിക്കില്ലെന്നും പ്രക്ഷോഭങ്ങള്‍ക്ക് നേത്യത്വം നല്‍കിയര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുഡാന്‍ രാഷ്ട്രീയത്തിന്റെ ഗതി വിഗതികളും എങ്ങോട്ടേക്കാണ് പോകുന്നതെന്ന് തീര്‍ത്ത് പറയാന്‍ പറ്റാത്ത ഒരു സാഹചര്യത്തിലാണ് ആ രാജ്യവും ഇപ്പോഴുള്ളത്.
Back to Top