സുഊദി എണ്ണ രഹിത സമ്പദ് വ്യവസ്ഥയിലേക്കോ?
ടി ടി എ റസാഖ്
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സുഊദി അറേബ്യ. എന്നിരുന്നാലും, ദേശീയ സമ്പദ്വ്യവസ്ഥയുടെ അടിത്തറയെന്ന നിലയില്‍ എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള ബ്രഹത് പദ്ധതികളുടെ തിരക്കിലാണിന്നാ രാജ്യം. പ്രത്യേകിച്ചും. ഒരു ദശാബ്ദകാലത്തെ എണ്ണ വിപണിയിലെ ചാഞ്ചാട്ടങ്ങളെ തുടര്‍ന്നുണ്ടായ ചിന്തകളും തിരച്ചറിവുകളുമാണിത്തരമൊരു നീക്കത്തിന് പിന്നില്‍ എന്നാണ് ബന്ധപ്പെട്ട പഠനങ്ങളില്‍ നിന്ന് മനസിലാവുന്നത്. (McKinsey global Institute report പഠനം കാണുക). ഇത്തരമൊരു ചിന്താഗതിയിലേക്ക് നയിച്ച പ്രധാനപ്പെട്ട ചില കാരണങ്ങളാണിവിടെ ചര്‍ച്ച ചെയ്യുന്നത്. വിലനിലവാര ചാഞ്ചാട്ടങ്ങള്‍ക്കു പുറമേ, മറ്റു പല കാരണങ്ങള്‍ കൊണ്ടും ഇന്ധന എണ്ണയുടെ കാലം അസ്തമിക്കാന്‍ പോവുകയാണ് എന്ന ചര്‍ച്ചകളും ആശങ്കകളും ഇന്നീ രംഗത്ത് വ്യാപകമാണ്. ഫോസില്‍ ഇന്ധനമായ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗം കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീതൈന്‍ പോലുള്ള ഗ്രീന്‍ഹൗസ് വാതകങ്ങള്‍ ഉല്‍പാദിപ്പിക്കുകയും അത് ആഗോള താപനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കാലാവസ്ഥാ
വ്യതിയാനം
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടി നിര്‍ദേശ പ്രകാരം എല്ലാ രാജ്യങ്ങളും ഭാവിയില്‍ ഇത്തരം ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവ് നിയന്ത്രിക്കാന്‍ ബാധ്യസ്ഥരാണ്. കാരണം ഫോസില്‍ ഇന്ധനം ഉപയോഗിച്ചുണ്ടാവുന്ന ഊഷ്മാവ് വര്‍ധനവിന്റെ പ്രത്യാഘാതങ്ങള്‍ ലോകം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ചൂടേറിയ കാലാവസ്ഥയില്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സുഊദി അറേബ്യ.
2015-ല്‍ എം ഐ ടി കാലാവസ്ഥാ വ്യതിയാന ശാസ്ത്രജ്ഞര്‍ എഴുതിയതും പ്രസിദ്ധമായ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചതുമായ ഒരു പ്രബന്ധം സൂചിപ്പിക്കുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനം സുഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയെ വന്‍തോതില്‍ വാസയോഗ്യമല്ലാതാക്കാന്‍ സാധ്യത ഉണ്ട് എന്നാണ്. കൂടാതെ സമുദ്രനിരപ്പ് ഗണ്യമായി ഉയരുകയും ഉഷ്ണക്കാറ്റും ഭക്ഷ്യക്ഷാമവും വ്യാപകമാവുകയും ചെയ്യാം. വേള്‍ഡ് ഫിനാന്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഗള്‍ഫ് റിസര്‍ച്ച് സെന്ററിലെ മുതിര്‍ന്ന ഗവേഷകനായ ഡോ. മുഹമ്മദ് റഹൂഫ്, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കാരണം സുഊദി അറേബ്യ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ വിശദീകരിക്കുന്നുണ്ട്.
എണ്ണയുടെ ലഭ്യത
ഒപെക്കിന്റെ (OPEC) 2016 ലെ വാര്‍ഷിക സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിനില്‍ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക ഗവണ്‍മെന്റ് കണക്കുകള്‍ പ്രകാരം രാജ്യത്ത് 266 ബില്യണ്‍ ബാരല്‍ എണ്ണ ശേഖരം നിലനില്‍ക്കുന്നതായി കണക്കാക്കുന്നുണ്ട്. വിതരണ നിരക്ക് പ്രതിദിനം 10.59.ദശലക്ഷം ബാരല്‍ എന്ന നിലയിലാണെന്നും കണക്കാക്കിയാല്‍, സുഊദി അറേബ്യയ്ക്ക് ഏകദേശം 70 വര്‍ഷം കയറ്റുമതി ചെയ്യാനുള്ള എണ്ണ മാത്രമേ സുഊദീ ഭൂമിയില്‍ അവശേഷിക്കുന്നുള്ളൂ എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
അഥവാ ഒരു നാലു തലമുറയോടെ എണ്ണ ശേഖരം അവസാനിച്ചേക്കാം, ഉല്‍പാദനം വര്‍ധിപ്പിച്ചാല്‍ അതിന് മുമ്പേയും. കൂടാതെ 2009 മുതല്‍ യുഎസിന്റെ ശ്രദ്ധയില്‍ പെട്ട വന്‍ തോതിലുള്ള ഷെയ്ല്‍ പ്രകൃതി വാതക നിക്ഷേപവും ഭാവിയില്‍ എണ്ണ വിപണിയെ സാരമായി ബാധിച്ചേക്കാം എന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയാണ് സുഊദി ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. എണ്ണവില പിടിച്ചു നിര്‍ത്താന്‍ സുഊദീ എണ്ണ ഉല്‍പാദനം കുറച്ച സാഹചര്യത്തില്‍ 50 വര്‍ഷമായി നിലനില്‍ക്കുന്ന യു എസ് -സുഊദീ – പെട്രോ ഡോളര്‍ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചൂടുപിടിച്ച ചര്‍ച്ചകളും വിവാദങ്ങളും ഇതോട് ചേര്‍ത്ത് വായിക്കുക.
ഇന്ധന വിപണിയുടെ
തടവറ
കഴിഞ്ഞ മെയ് മാസത്തില്‍ ദോഹയില്‍ നടന്ന ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെ സുഊദീ ഫൈനാന്‍സ് മിനിസ്റ്റര്‍ മുഹമ്മദ് അല്‍ ജദാന്‍ പറഞ്ഞത്, സുഊദിി വിഭവ സമൃദ്ധമായ രാജ്യമെന്നത് ഒരേ സമയം ശാപവും അനുഗ്രഹവുമാണെന്നാണ്. കാരണം എണ്ണ സമ്പന്നമായ ഒരു രാജ്യം ആ ഒരു ഉല്‍പ്പന്നത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോവുന്നത് വിലയുടേയും ആഗോള ആവശ്യകതയുടേയും ചാഞ്ചാട്ടത്തിനനുസരിച്ച് ഒരു രാജ്യം ഒരു വിഭവത്തില്‍ ബന്ദിയാക്കപ്പെടുന്നു എന്നാണര്‍ഥമാക്കുന്നത്.
സ്‌റ്റേറ്റ് ബജറ്റിന്റെ 85% വും എണ്ണയെ ആശ്രയിച്ചാണിരിക്കുന്നത് എന്നത് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ശുഭ സൂചകമല്ല. ഈ അവസ്ഥയുടെ അടിസ്ഥാന കാരണമായി പറയുന്നത് സുഊദി അറേബ്യയുടെ മുഴുസമ്പദ്വ്യവസ്ഥ ഇതര രാഷ്ട്രങ്ങളുടെ സമ്പദ്വ്യവസ്ഥയെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ് എന്നതാണ്. നമ്മുടെ നാട്ടില്‍ ആളുകള്‍ സാധനങ്ങള്‍ ഉത്പാദിപ്പിക്കുകയും സര്‍ക്കാര്‍ അവയ്ക്ക് നികുതി ചുമത്തുകയും ചെയ്യുന്നു ഒരു രീതിയാണ് നിലവിലുള്ളത്. സുഊദി അറേബ്യയില്‍, സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നികുതി ചുമത്തുന്നില്ല, എന്നാല്‍, എണ്ണ സമ്പത്ത് ഉപയോഗിച്ച് അവര്‍ക്ക് വിവിധ തരം സേവനങ്ങളും ക്ഷേമരാഷ്ട്ര സൗകര്യങ്ങളും നല്‍കുകയും ചെയ്യുന്നു. എണ്ണ മാറ്റി നിര്‍ത്തിയാല്‍, രാജ്യം ഒരു ഉല്‍പാദന രാഷ്ട്രമല്ല, ഒരു വിതരണ രാഷ്ട്രമാണ് എന്നാണിതര്‍ഥമാക്കുന്നത്. അഥവാ, ഇവിടെ ജനങ്ങളല്ല, രാഷ്ട്രമാണ് സമ്പത്ത് വിതരണം ചെയ്യുന്നത്.
രാജ്യത്തിന്റെ മൊത്ത വരുമാനത്തിന്റെ (GDP) കണക്കില്‍, ഇവിടെ രാഷ്ട്രം എണ്ണ വരുമാനം ജനങ്ങളിലേക്ക് പമ്പ് ചെയ്യുകയാണ് എന്ന് പറയാം. മാറി വരുന്ന സാഹചര്യത്തില്‍ ഇങ്ങനെ എണ്ണവിലയെ വളരെയധികം ആശ്രയിക്കുന്ന ഒരു വ്യവസ്ഥിതി അധികാരികളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചു തുടങ്ങി എന്നാണദ്ദേഹം സൂചിപ്പിക്കുന്നത്. ഒരു വിളയെയോ ഒരു ഉല്‍പ്പന്നത്തെയോ മാത്രം ആശ്രയിക്കുക എന്നത് രാജ്യം എക്കാലത്തും ആ ഉല്‍പന്നത്തിന്റെ ബന്ധിയായി നിലനില്‍ക്കുക എന്ന സാഹചര്യം സൃഷ്ടിക്കാന്‍ പാടില്ല.
സുഊദികള്‍ എല്ലായ്‌പ്പോഴും എണ്ണയാല്‍ സമ്പന്നരാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ല. എണ്ണ വില ഛജഋഇ കൂടാതെ മറ്റ് എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെയും സഹകരണം, ലഭ്യത. വിപണി ആവശ്യകത തുടങ്ങി പല ഘടകങ്ങളേയും ആശ്രയിച്ചാണിരിക്കുന്നത്.
2000 ആണ്ടില്‍ ദേശീയ മൊത്ത വരുമാനത്തിന്റെ 100% ന് തുല്യമായ കടത്തിലായിരുന്നു സുഊദി അറേബ്യ. അക്കാലത്ത് ചൈന വളരെ വേഗത്തില്‍ വളരാന്‍ തുടങ്ങുകയും ക്രൂഡ് ഓയിലിന്റെ ചൈനീസ് വിപണി വഴി എണ്ണവില നാടകീയമായി ഉയരുകയും കടം GDP യുടെ 5% മായി കുറച്ച് കൊണ്ടു വരുന്നതില്‍ അബ്ദില്ലാ രാജാവ് വിജയിക്കുകയും ചെയ്തു. എന്നാല്‍ 2014 വിപണി ചാഞ്ചാട്ടങ്ങള്‍ വഴി വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടു. തുടര്‍ന്നാണ് മേല്‍ സൂചിപ്പിച്ച വിവിധ പ്രശ്‌നങ്ങള്‍ക്കും ഈ ചാഞ്ചാട്ടങ്ങള്‍ക്കും ശാശ്വത പരിഹാരമെന്ന നിലക്ക് സുഊദീ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ വിഷന്‍ 2030 എന്ന ബൃഹത് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഈ സാഹചര്യത്തിലാണ് McKinsey Global institute ന്റെ പഠനം പ്രസക്തമാവുന്നത്. പെട്രോള്‍ ആശ്രിതത്വം ക്രമേണ കുറച്ചു കൊണ്ടുവന്ന് സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ നടപ്പാക്കേണ്ട ആവശ്യകതയെ ഈ റിപ്പോര്‍ട്ട് ഊന്നിപ്പറയുകയും ഭാവിയിലെ വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉതകുന്ന രീതിയില്‍ എട്ട് എണ്ണ ഇതര മേഖലകളെ എടുത്തു പറയുകയും ചെയ്തു.
വിഷന്‍ 2030 പദ്ധതി വിഭാവന ചെയ്യുന്നത്, ഹരിത ഊര്‍ജം, സാങ്കേതികവിദ്യ വികസനം, ടൂറിസം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിക്ഷേപം നടത്തി എണ്ണയെ ആശ്രയിക്കുന്നതില്‍ നിന്ന് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക എന്നതാണ്. സമ്പദ് വൈവിധ്യവത്കരണം ലക്ഷ്യമിട്ട് PIF (Public Investment Fund) എന്ന ഒരു വലിയ സുഊദി സോവറിന്‍ വെല്‍ത്ത് ഫണ്ട് തയാറാക്കിയിട്ടുണ്ട് (https://www.pif.gov.sa/en) സുഊദി അറേബ്യക്ക് മറ്റ് മേഖലകളില്‍ നിക്ഷേപം നടത്താനും എണ്ണ വരുമാനം കുറവുള്ള ഭാവിക്കായി തയ്യാറെടുക്കാനുമുള്ള ഒരു സാമ്പത്തിക ഉപകരണമാണ് ജകഎ എന്നറിയപ്പെടുന്നത്. സുഊദീ ഗവണ്മെന്റ് ഉടമസ്ഥയിലുള്ളെ ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കമ്പനിയായ ആരാംകോ യാണ് ജകഎ ന്റെ മുഖ്യ സാമ്പത്തിക സ്രോതസ്. വിദേശ നിക്ഷേപം, മെഗാ നിര്‍മാണ പ്രോജക്ടുകള്‍, ടെക്‌നോളജി വികസനം, കാര്‍ നിര്‍മാണം, സ്‌പോര്‍ട്‌സ് (2027 ലെ ഏഷ്യന്‍ കപ്പ്, 2034 ലോക കപ്പ്, 2029 വിന്റര്‍ ഗെയിംസ്, ന്യൂകാസല്‍ യൂനൈറ്റഡിന്റെ ഉടമസ്ഥത), യൂബര്‍, ടെക് കമ്പനികള്‍, നിയോം, ലൈന്‍ പോലുള്ള മെഗാ പദ്ധതികള്‍, സ്ത്രീകള്‍ക്ക് തൊഴില്‍, ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ടാക്‌സ് (VAT), ടൂറിസം, പത്ത് ബില്യന്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്ന ഹരിത പദ്ധതി എന്നിങ്ങിനെ വിവിധ മേഘലകളില്‍ എണ്ണ സമ്പത്ത് ഉപയോഗിച്ച് നിക്ഷേപം നടത്തി എണ്ണ ഇതര സമ്പദ് വ്യവസ്ഥ വളര്‍ത്തുക എന്നതാണ് പദ്ധതി ലക്ഷ്യം. 2030 ഓടെ 50% ഊര്‍ജാവശ്യങ്ങള്‍ക്കും പ്രകൃതി സൗഹൃദ പുനരുല്‍പാദന ഊര്‍ജ സ്രോതസുകള്‍ (renewable energy) കണ്ടെത്തും. 2060 ഓടെ സൗരോര്‍ജം പോലുള്ള കാര്‍ബണ്‍ രഹിത ക്ലീന്‍ എനര്‍ജി ശൃംഖല വികസിപ്പിക്കും. 2030 ഓടെ പൂര്‍ത്തിയാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന നിയോം, ദി ലൈന്‍ പോലുള്ള ഹരിത നഗര പദ്ധതികള്‍ നഗര ജീവിതത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റേയും പുതിയ മാതൃകകള്‍ രചിക്കും എന്നിങ്ങനെ പദ്ധതി സവിശേഷതകള്‍ പലതാണ്. ഇവിടെ എണ്ണയുടെ വിപണനം അവസാനിപ്പിക്കുകയല്ല, പ്രകൃതി സൗഹൃദ ഊര്‍ജ വികസനവും സമ്പദ് ഘടനയുടെ വൈവിധ്യവല്‍കരണവുമാണ് ലക്ഷ്യം എന്ന് മനസിലാക്കാം. ഉദാഹരണമായി, സൗരോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഓരോ യൂണിറ്റ് വൈദ്യുതിയും ഒരു യൂണിറ്റ് എണ്ണയോ വാതകമോ നിര്‍മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും തുല്യമാണ്.
സ്വാഭാവികമായും, വിവാദങ്ങളും പദ്ധതി വിജയവുമായി ബന്ധപ്പെട്ട ആശങ്കകളും നില്‍ക്കുന്നുണ്ട്. സ്‌പോട്‌സിന് പുറമേ സംഗീതം, സിനിമ, ഗെയിമിംഗ് പോലുള്ള കലാ രൂപങ്ങളുടെ കടന്നു കയറ്റം സുഊദീ സമൂഹത്തിലുണ്ടാക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങളും ബന്ധപ്പെട്ട പണ്ഡിതാഭിപ്രായങ്ങളും ചെറിയ രീതിയില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു എന്നതും കാണാതിരുന്നു കൂടാ.
എണ്ണയും തൊഴിലും
എണ്ണയും എണ്ണ സമ്പത്തും പണവും യഥാര്‍ഥത്തില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ല എന്നതും വിഷന്‍ 2030 ന്റെ ചിന്തയുടെ ഭാഗമാണ്. സഊദികള്‍ക്കും തൊഴില്‍ ഒരു പ്രശ്നമായി മാറുകയാണ്. സുഊദി സമ്പദ്വ്യവസ്ഥയില്‍ എണ്ണ ഏറെ കാലം തുടരുക തന്നെ ചെയ്യുമെങ്കിലും, അത് യഥാര്‍ഥത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നത് അധികാരികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. തൊഴിലിന് വിദ്യാഭ്യാസവും പദ്ധതികളും വ്യവസായങ്ങളുമെല്ലാം ആവശ്യമാണ്. ‘സുഊദീ വിദ്യാര്‍ഥികളില്‍ തൊഴിലിനാവശ്യമായ നൈപുണ്യം വളര്‍ത്തുക, കരിക്കുലം വികസനം, ടീചര്‍ ട്രൈനിംഗ്, ഭാഷാനൈപുണി, സ്വകാര്യ മേഖലാ പങ്കാളിത്തം, വിദേശ വിദ്യാഭ്യാസം തുടങ്ങി നിരവധി വിദ്യാഭ്യാസ പദ്ധതികള്‍ ഇതിനായി ആവിഷ്‌ക്കരിക്കപെട്ടിട്ടുണ്ട്. സാമ്പത്തിക വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം ബജറ്റ് സന്തുലിതാവസ്ഥയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ്.
ഉദാഹരണമായി വളം ഉണ്ടാക്കാന്‍ കഴിയുന്ന ഫോസ്‌ഫേറ്റിന്റെ നിക്ഷേപം ധാരാളമുണ്ട്. ഫോസ്‌ഫേറ്റിന് പുറമേ ബോക്‌സൈറ്റ് പോലുള്ളെ മറ്റു ധാതുക്കളും ധാരാളം ലഭ്യമാണ്. ബോക്‌സൈറ്റില്‍ നിന്ന് അലുമിനിയം ഉണ്ടാക്കാം. അലൂമിനിയം നിര്‍മാണത്തിന് വളരെ വലിയ അളവില്‍ ഊര്‍ജം ആവശ്യമാണ്. വ്യവസായങ്ങളുടെ മാതാവായ ഊര്‍ജം ആഭ്യന്തരമായി തന്നെ എളുപ്പം ലഭ്യമാണ്. അതിനാല്‍ വലിയ മുതല്‍ മുടക്കില്ലാതെ തന്നെ ബോക്‌സൈറ്റ് ഖനനം, ശുദ്ധീകരണം, ഉരുക്കല്‍, ഉരുട്ടല്‍ തുടങ്ങി അലൂമിനിയം മേഖലയില്‍ തന്നെ ഒട്ടേറെ തൊഴില്‍ മേഖലകള്‍ തുറന്നു വരും.
‘ഇപ്രകാരം മറ്റേതൊരു രാജ്യത്തേക്കാളും കുറഞ്ഞ ചിലവില്‍ വ്യസായങ്ങള്‍ തുടങ്ങാം. കാരണം, സുഊദിയെ സംബന്ധിച്ചിടത്തോളം വ്യവസായങ്ങള്‍ക്കാവശ്യമായ ഇന്ധന വില 2 മുതല്‍ പരമാവധി 10 ഡോളര്‍ വരേ മാത്രമാണ്. (ഖനന മേഖലയും ആഴവുമനുസരിച്ച് വില വ്യത്യാസം വരും. സുഊദിയുടേത് എളുപ്പം എത്തിപ്പെടാവുന്നതും ആഴം കുറഞ്ഞതുമായ ഖനന മേഖലകളാണ് എന്ന് പറയപ്പെടുന്നു) ഇപ്രകാരം എണ്ണയെ വ്യവസായങ്ങളും തൊഴിലുമായി മാറ്റുകയും ക്രമേണ പ്രകൃതി സൗഹൃദ ഊര്‍ജസ്രോതസുകള്‍ കണ്ടെത്തി എണ്ണ അടിമത്തം അവസാനിപ്പിക്കുകയും ചെയ്യുക എന്ന ബൃഹത് പദ്ധതിയാണ് സുഊദി അറേബ്യ വിഭാവന ചെയ്യുന്നത് എന്ന് വ്യക്തം.
റഫറന്‍സ്
1. McKinsey global Institute sâ Saudi Arabia beyond oil. The investment and productivity transformati on -December 2015.
2. സുഊദിയിലെ മുന്‍ സീനിയര്‍ അമേരിക്കന്‍ നയതന്ത്രജ്ഞനും Vision and Mirage, Saudi Arabia at Crossroads എന്ന കൃതിയുടെ കര്‍ത്താവുമായ ഉമ്‌റശ ഞൗിറലഹഹ ഇന്റര്‍വ്യൂ.
3. Inside story AlJazeera
4. Fossil free future, World finance
5. Jack Dutton ALMonitor
6. Neom, the global story BBC
7. Minister, Saudi economy and planning Faisal Al Ibrahim interview