സി പി യുടെ പ്രിയ പത്‌നി ടി കെ റാബിയ ടീച്ചര്‍
വന്ദ്യഗുരുനാഥയും കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയുടെ ഭാര്യയുമായ തൈക്കാട്ടില്‍ റാബിയ ടീച്ചര്‍ യാത്രയായി. വളവന്നൂര്‍ അന്‍സാറിലെ പ്രഥമ ബാച്ചിലെ വിദ്യാര്‍ഥിനിയായിരുന്ന ടീച്ചര്‍ ചെറവന്നൂര്‍, അമ്പലവട്ടം, രണ്ടത്താണി എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം ചെയ്തിരുന്നു. എം ജി എം രൂപീകൃതമാവുന്നതിന് മുമ്പ് കെ എന്‍ എമ്മിന് ഒരു വനിതാവിഭാഗം വേണമെന്ന ആലോചന വന്നപ്പോള്‍ കണ്‍വീനറായി നിര്‍ദേശിക്കപ്പെട്ടത് റാബിയ ടീച്ചറെയായിരുന്നു.
ആദ്യകാലങ്ങളില്‍ മതപ്രഭാഷണങ്ങള്‍ നിര്‍വഹിച്ചിരുന്ന ടീച്ചര്‍ മൗലവിക്ക് തിരക്കേറുകയും പ്രാസ്ഥാനികമായ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെ നിശ്ശബ്ദ സാന്നിധ്യമായി മൗലവിയുടെ സഹയാത്രികയായി ഒതുങ്ങിക്കഴിയുകയായിരുന്നു. രണ്ടത്താണി ഗവ. യു പി സ്‌കൂളില്‍ ഒരേ ദിവസമാണ് സി പി ഉമര്‍ സുല്ലമിയും ഭാര്യ റാബിയ ടീച്ചറും ജോലിയില്‍ പ്രവേശിച്ചത്. പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് പ്രസ്ഥാനം പിന്നിട്ട വഴികളിലെല്ലാം മൗലവിക്ക് കരുത്തും പിന്‍ബലവുമായി സൗമ്യസാന്നിധ്യമായി ടീച്ചര്‍ ഉണ്ടായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയായിരുന്നു മൗലവിയും ടീച്ചറും ഒന്നിച്ചുള്ള ദാമ്പത്യജീവിതം. ദീര്‍ഘയാത്രകളിലെല്ലാം അവര്‍ ഒരുമിച്ചായിരുന്നു.
മൗലവിയെക്കാണാന്‍ സന്ദര്‍ശകരായി വീട്ടില്‍ നിരന്തരം വന്നുപോകുന്ന പ്രസ്ഥാന ബന്ധുക്കള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഹൃദ്യമായ ആതിഥ്യമൊരുക്കി നിറഞ്ഞ സന്തോഷത്തോടെയാണ് ടീച്ചര്‍ യാത്രയാക്കിയിരുന്നത്.
അധ്യാപിക എന്ന നിലയില്‍ മൂന്ന് പതിറ്റാണ്ടിലധികം സേവനം ചെയ്ത ടീച്ചറുടെ സ്‌നേഹവാത്സല്യങ്ങളനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് രണ്ടത്താണിയിലെ ഏറെപേരും. പുഞ്ചിരിച്ചുകൊണ്ടല്ലാതെ ടീച്ചറെ ഒരിക്കലും കണ്ടിട്ടില്ല. വൈദ്യതി എത്തുന്നതിന് മുമ്പ് മൗലവിയും ടീച്ചറും താമസിച്ചിരുന്ന വീട്ടില്‍ വൈകുന്നേരം കത്തിച്ചുവെച്ച മണ്ണെണ്ണ വിളക്കില്‍ നിന്ന് നാലുവയസ്സുള്ള മകന്‍ നജീബ് തീ പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങുന്നതിന് സാക്ഷിയാകേണ്ടിവന്നു ടീച്ചര്‍ക്ക്. പ്രസ്ഥാനിക പരിപാടികളുമായി ബന്ധപ്പെട്ട് മൗലവി അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. ടീച്ചര്‍ക്കും മകനും പൊള്ളലേറ്റു. ആശൂപത്രിയിലെത്തിച്ചുവെങ്കിലും സാരമായി പൊള്ളലേറ്റ് നാലുവയസ്സുകാരന്‍ മകന്‍ മരണത്തിന് കീഴടങ്ങേണ്ടിവന്നത് മായാത്ത നൊമ്പരമായി ടീച്ചറുടെ മനസ്സില്‍ ബാക്കി നിന്നിരുന്നു. കണ്ട് കൊതിതീരുംമുമ്പ് വിട്ടുപോയ മകന്റെ ഓര്‍മയില്‍ താന്‍ പഠിപ്പിച്ച കുട്ടികള്‍ക്കെല്ലാം സ്‌നേഹവാത്സല്യങ്ങള്‍ പകര്‍ന്നു നല്‍കിയാണ് ടീച്ചര്‍ തന്റെ അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ചത്.
ചന്ദ്രിക ലേഖകനും വളവന്നൂര്‍ പ്രദേശങ്ങളില്‍ ഇസ്്‌ലാഹീ നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയുമായിരുന്ന ടി കെ കുഞ്ഞുമുഹമ്മദ് മാസ്റ്ററാണ് ടീച്ചറുടെ പിതാവ്. ടീച്ചറായിരുന്നു ശബാബിലും മറ്റു ആനുകാലികങ്ങളിലും മൗലവിക്കുവേണ്ടി ലേഖനങ്ങള്‍ കേട്ട് പകര്‍ത്തിയെഴുതിയിരുന്നത്. എം ജി എം മണ്ഡലം തലങ്ങളില്‍ സഹഭാരവാഹിയായി സാരഥ്യം വഹിച്ചിരുന്നു ടീച്ചര്‍. മുനീര്‍, യാസില്‍, സല്‍മ, സാജിദ എന്നിവര്‍ മക്കളും ഡോ. അബ്ദുല്‍മജീദ്, ഹബീബ് മാലിക്, സാജിദ, ഫാസില എന്നിവര്‍ മരുമക്കളുമാണ്. നാഥാ ഞങ്ങളുടെ വന്ദ്യഗുരുനാഥ റാബിയ ടീച്ചര്‍ക്ക് നീ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കേണമേ…
-പി സുഹൈല്‍ സാബിര്‍