സിഹ്‌റിലെ ദുര്‍വ്യാഖ്യാനങ്ങള്‍ – പി കെ മൊയ്തീന്‍ സുല്ലമി
ദീന്‍ കൊണ്ട് ഭൗതികമായ താല്‍പര്യങ്ങളും നേട്ടങ്ങളും ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വികലമായ ആദര്‍ശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയെന്നത് പുതിയ കാര്യമൊന്നുമല്ല. കേരളത്തില്‍ തന്നെ പ്രസ്തുത പ്രക്രിയക്ക് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. 1926-ല്‍ മുസ്‌ലിംകളെ വിജ്ഞാനപരമായി ഉയര്‍ത്തിക്കൊണ്ടുവരാനും അവര്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു സംഘടനയായിരുന്നു ഐക്യസംഘം. അന്നത്തെ യാഥാസ്ഥിതികര്‍ അവരെ അക്രമികളായി ചിത്രീകരിക്കാന്‍ വേണ്ടി ഓതിയ ഖുര്‍ആന്‍ വചനം താഴെ പറയുന്നായിരുന്നു: ”തീര്‍ച്ചയായും ഐകത്തുകാര്‍ അക്രമികളായിരുന്നു.” (ഹിജ്‌റ് 78).
ഇവിടെ അസ്ഹാബുല്‍ ഐകത്ത്‌കൊണ്ടുദ്ദേശിക്കുന്നത് മരക്കൂട്ടങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന ശുഐബ് നബി(അ)യുടെ ജനതയെക്കുറിച്ചാണ്. അത് വിശുദ്ധ ഖുര്‍ആനില്‍ നിരവധി തവണ ആവര്‍ത്തിച്ചു വരുന്നതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ല. കൊട്ടപ്പുറത്തു വെച്ച് നടന്ന വാദപ്രതിവാദത്തില്‍ മരണപ്പെട്ടുപോയ അന്‍ബിയ/ ഔലിയാക്കളോട് പ്രാര്‍ഥിക്കാന്‍ ഉദ്ധരിച്ച തെളിവ് ഇതായിരുന്നു: ”നിനക്ക് മുമ്പ് നമ്മുടെ ദൂതന്മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നിശ്ചയിച്ചിട്ടുണ്ടോ എന്ന്.” (സുഖ്‌റുഫ് 45)
മരണപ്പെട്ടുപോയ പ്രവാചകന്മാരോട് ചോദിച്ച് സംശയം തീര്‍ക്കാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്ന് ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ഈ വചനം ഒരു ആലങ്കാരിക പ്രയോഗമാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഏകോപിച്ച് രേഖപ്പെടുത്തിയതും. ഇവിടെ ‘ദൂതന്മാരോട് ചോദിക്കുക’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വേദഗ്രന്ഥം പഠിച്ച ജീവിച്ചിരിക്കുന്ന അവരുടെ അനുയായികളായ പണ്ഡിതന്മാരെ സംബന്ധിച്ചാണ്. പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം അത് രേഖപ്പെടുത്തിയിട്ടുണ്ട്.
സിഹ്‌റിന് പ്രതിഫലനമുണ്ട് എന്നു സ്ഥാപിക്കാന്‍ വേണ്ടി ഒരു പണ്ഡിതന്‍ ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനിക്കുന്ന പ്രഭാഷണം കേള്‍ക്കാനിടയായി. നബി(സ)ക്ക് സിഹ്‌റുബാധിച്ച സംഭവത്തെ എതിര്‍ക്കുന്നവര്‍ നബി(സ)യെ എതിര്‍ക്കുന്നവരും മുഅ്മിനീങ്ങളുടേതല്ലാത്ത വഴി പിന്‍പറ്റുന്നവരുമാണത്രെ. അതിന് അദ്ദേഹം ദുര്‍വ്യാഖ്യാനം ചെയ്ത ഖുര്‍ആന്‍ വചനം താഴെ വരുന്നു: ”തനിക്ക് സന്മാര്‍ഗം വ്യക്തമായി കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവര്‍ തിരിഞ്ഞ വഴിക്ക് തന്നെ അവനെ തിരിച്ചുവിടുകയും നരകത്തിലിട്ട് അവനെ നാം കരിക്കുന്നതുമാണ്.” (നിസാഅ് 115)
ഈ വചനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ താഴെ വരുന്ന സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നുവരുന്നതാണ്. ഒന്ന്: ഈ വചനവും സിഹ്‌റില്‍ വിശ്വസിക്കലും തമ്മില്‍ എന്താണ് ബന്ധം? രണ്ട്: ഈമാന്‍ കാര്യങ്ങള്‍ ആറാണ്. അതില്‍ സിഹ്‌റില്‍ വിശ്വസിക്കല്‍ എന്ന ഏഴാമത്തെ ഒരു ഈമാന്‍ കാര്യവും കൂടിയുണ്ട് എന്നതിന്റെ പ്രമാണമെന്ത്? മൂന്ന്: ഏഴ് മഹാ പാപങ്ങളില്‍ പെട്ട രണ്ടാമത്തെ പാപമാണ് സിഹ്ര്‍. അതില്‍ ഒരാള്‍ വിശ്വസിച്ചില്ലെങ്കില്‍ കുഴപ്പമുണ്ട് എന്ന് ആരാണ് പറഞ്ഞത്? നാല്: സിഹ്‌റു ഫലിക്കും എന്ന് വിശ്വസിക്കല്‍ ഒരു മുഅ്മിനിന് നിര്‍ബന്ധമാണെങ്കില്‍, ഏഴ് പാപങ്ങളില്‍ ഒന്നാമത്തെ പാപമായ ശിര്‍ക്കിന് ഫലമുണ്ടെന്ന് വിശ്വസിക്കലും നിര്‍ബന്ധമാകില്ലേ? അഞ്ച്: അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണ്. പ്രാര്‍ഥിച്ചാല്‍ ഫലം ലഭിക്കും എന്ന് വിശ്വസിക്കലും ശിര്‍ക്കല്ലേ? ആറ്: സിഹ്‌റിന് ഫലമില്ല എന്ന് പറയുന്നവരെല്ലാം ഹദീസ് നിഷേധികളും അഖ്‌ലാനികളും നബി(സ)യെ എതിര്‍ക്കുന്നവരുമാണെങ്കില്‍, നബി(സ)യെ ആ വിഷയത്തില്‍ എതിര്‍ക്കുന്ന ഒന്നാമത്തെ കക്ഷി അല്ലാഹു തന്നെയല്ലേ? അപ്പോള്‍ താങ്കള്‍ മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനം ദുര്‍വ്യാഖ്യാനം ചെയ്യുന്നതിലൂടെ അല്ലാഹുവിനെ നബി(സ)യുടെ ശത്രുവാക്കിയിരിക്കുകയാണ്. കാരണം സിഹ്‌റിന് പ്രതിഫലനമോ വിജയമോ ഇല്ലെന്ന് നമ്മെ പഠിപ്പിച്ചത് വിശുദ്ധ ഖുര്‍ആനാണ്.
അല്ലാഹു പറയുന്നു: ”സാഹിറുകള്‍ വിജയം പ്രാപിക്കുകയില്ല” (യൂനുസ് 77). ”സാഹിര്‍ എവിടെ ചെന്നാലും വിജയം കൈവരിക്കുന്നവനല്ല” (ത്വാഹ 69). ”നിങ്ങള്‍ ഈ കൊണ്ടുവന്നത് സിഹ്‌റാകുന്നു. അല്ലാഹു അതിനെ പൊളിച്ചുകളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കുകയില്ല, തീര്‍ച്ച” (യൂനുസ് 81). ”വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ജിബ്ത്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നവരാണ്”(നിസാഅ് 51).
ഈ വചനത്തില്‍ പറഞ്ഞ ജിബ്തിനെക്കുറിച്ച് ഇമാം ഇബ്‌നു കസീര്‍(റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”ജിബ്ത്ത് എന്നു പറഞ്ഞാല്‍ സിഹ്‌റാണ്. ഉമര്‍(റ) ഇബ്‌നു അബ്ബാസ്(റ) അബുല്‍ ആലിയ, മുജാഹിദ്, അത്വാഅ്, ഇക്‌രിമ, സഈദുബ്‌നുല്‍ ജുബൈര്‍, ശഅ്ബി, ഹസന്‍, ഇഹ്ഹാക്ക്, സുദ്ദി(റ) എന്നിവരെല്ലാം അപ്രകാരം പ്രസ്താവിക്കുന്നു”(ഇബ്‌നു കസീര്‍ 1:626).
സൂറതുന്നിസാഇലെ 52-ാമത്തെ വചനം ശ്രദ്ധിക്കുക: ”എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു ശപിക്കുന്നുവോ അവന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല” (നിസാഅ് 52).
ഇവിടെ ചിന്തിക്കേണ്ടതുണ്ട്. സൂറത് യൂനുസ് 77-ലും ത്വാഹ 69-ലും സിഹ്‌റ് മൊത്തം പരാജയമാണെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്. സൂറത്ത് യൂനുസ് 81-ാം വചനത്തില്‍ സിഹ്‌റിനെ അല്ലാഹു നിഷ്ഫലമാക്കുമെന്നും ഫലിപ്പിക്കുകയില്ലെന്നും പറയുന്നു. സൂറത്തുന്നിസാഅ് 51-ാം വചനത്തില്‍ വേദഗ്രന്ഥത്തില്‍ നിന്ന് വിഹിതം നല്‍കപ്പെട്ടവര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് യഹൂദികളാണ്. 52-ാം വചനത്തില്‍ അവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നു പറയുന്നു. അതിന്റെ കാരണം അവര്‍ സിഹ്‌റില്‍ വിശ്വസിക്കുന്നതുകൊണ്ടാണെന്നും പ്രസ്തുത വചനങ്ങളുടെ തഫ്‌സീറുകളില്‍ നിന്നും മനസ്സിലാക്കാം.
ചുരുക്കത്തില്‍ മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനങ്ങളെയെല്ലാം ഒരുമിച്ചു കൂട്ടി വായിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന കാര്യം സിഹ്‌റ് എന്നത് നിഷ്ഫലമായതും അതിന് ഫലമുണ്ട് എന്ന് വിശ്വസിക്കല്‍ യഹൂദി സമ്പ്രദായവുമാണ് എന്നതാണ്.
രണ്ട്: സിഹ്‌റിന് ഫലമില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ ഒരു വ്യക്തി നബി(സ) എതിര്‍ക്കുന്നവനാണെങ്കില്‍ നബി(സ)യുടെ ഒന്നാമത്തെ ശത്രു അദ്ദേഹം തന്നെയാണെന്ന് പറയേണ്ടിവരും. കാരണം സിഹ്‌റിനെ സത്യപ്പെടുത്തുന്നവര്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ലെന്ന് പഠിപ്പിച്ചത് നബി(സ)യാണ്. അത് ശ്രദ്ധിക്കുക: ”മൂന്ന് വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല. മുഴു കുടിയന്മാര്‍, കുടുംബ ബന്ധം മുറിച്ചുകളയുന്നവര്‍, സിഹ്‌റിനെ സത്യപ്പെടുത്തുന്നവര്‍ എന്നിവരാണവര്‍” (അഹ്മദ്, അബൂയഅ്‌ലാ, ഇബ്‌നു ഹിബ്ബാന്‍). ”ഈ ഹദീസ് സ്വഹീഹാണെന്ന് ഇബ്‌നു ഹിബ്ബാനും, ഹാകിമും, ഇമാം ദഹബിയും പ്രസ്താവിച്ചിരിക്കുന്നു” (സവാജിര്‍ 2:108). മറ്റൊരു ഹദീസ് ”മുഴുകുടിയനും സിഹ്‌റില്‍ വിശ്വസിക്കുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല” (അഹ്മദ്, അല്‍ബാനി, സില്‍സില 2:289).
ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും നിഷേധിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നവന്‍ തന്നെയാണ് നബി(സ)യെ എതിര്‍ക്കുന്നതും മുഅ്മിനീങ്ങളുടേതല്ലാത്ത മാര്‍ഗം പിന്‍തുടരുന്നതും. ദുര്‍വ്യാഖ്യാനത്തിന് വിധേയമായ മറ്റൊരു ഖുര്‍ആന്‍ വചനം: ”മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് അക്രമികള്‍ പറയുന്ന സന്ദര്‍ഭം” (ഇസ്‌റാഅ് 47, ഫുര്‍ഖാന്‍ 8).
മുശ്‌രിക്കുകള്‍ നബി(സ)യെ പരിഹസിച്ചുകൊണ്ട് മുഅ്ജിസത്തിനെയും നുബുവ്വത്തിനെയും നിഷേധിക്കാന്‍ വേണ്ടി പറഞ്ഞ വാക്കുകളാണിവ. ഈ വചനത്തെ ദുര്‍വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്. മുശ്‌രിക്കുകള്‍ നബി(സ)യെ സിഹ്‌റു ബാധിച്ചവന്‍ എന്നു പറഞ്ഞത് ആക്ഷേപാര്‍ഹമായ നിലയിലൊന്നുമല്ല. അത് അവര്‍ ഇപ്രകാരം പറഞ്ഞതുപോലെയുള്ള ഒരു വാക്ക് മാത്രമാണ്. ”അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ: ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ?” (ഫുര്‍ഖാന്‍ 7).
ആയത്തിന്റെ മുഴുവന്‍ ആശയം ഇപ്രകാരമാണ്: ”അവര്‍ പറഞ്ഞു: ഈദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ? ഇയാളുടെ കൂടെ ഒരു മുന്നറിയിപ്പുകാരനായിരിക്കത്തക് കവണ്ണം ഇയാളുടെ അടുത്തേക്ക് എന്തുകൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല”(ഫുര്‍ഖാന്‍ 7).
ഇവിടെ മുശ്‌രിക്കുകള്‍ നബി(സ)യുടെ നുബുവ്വത്തിനെ എതിര്‍ക്കുകയാണ്. അഥവാ നബി(സ) പ്രവാചകനാണെന്ന് ഞങ്ങള്‍ അംഗീകരിക്കേണമെങ്കില്‍ തെളിവായി അദ്ദേഹത്തോടൊപ്പം ഒരു മലക്കിനെ ഇറക്കണം. അല്ലാതെ ഭക്ഷണം കഴിക്കുന്ന, അങ്ങാടികളിലൂടെ നടക്കുന്ന മുഹമ്മദിനെ ഞങ്ങള്‍ പ്രവാചകനായി അംഗീകരിക്കുന്നതല്ലായെന്നാണ് മുശ്‌രിക്കുകള്‍ പറഞ്ഞത്.
രണ്ട്: ഇവിടെ അല്ലാഹു അരുളിയത്: സിഹ്‌റു ബാധിച്ച ഒരു മനുഷ്യനെയല്ലാതെ നിങ്ങള്‍ പിന്തുരുന്നില്ല’ എന്ന് അക്രമികള്‍ പറഞ്ഞു എന്നാണ്. ഇവിടെ മുശ്‌രിക്കുകള്‍ എന്നോ ഇന്നവര്‍ എന്നോ പറയാതെ ‘അക്രമികള്‍’ എന്ന് പറഞ്ഞതില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്ന കാര്യം, അക്രമികള്‍ പറയുന്നത് അക്രമവാക്കുകളായിരിക്കും എന്നാണ്.
മൂന്ന്: നബി(സ)യെ മുശ്‌രിക്കുകള്‍ സിഹ്‌റു ബാധിച്ചവന്‍ എന്ന് വിളിച്ചത് മര്യാദയും സത്യസന്ധതയുമുള്ള വാക്കായിരുന്നെങ്കില്‍ അല്ലാഹു എന്തിനാണ് താഴെ വരും പ്രകാരമുള്ള മറുപടി അതിന്ന് നല്‍കിയത്? അല്ലാഹു അരുളി: ”അവര്‍ താങ്കളെക്കുറിച്ച് എങ്ങനെയാണ് ചിത്രീകരണങ്ങള്‍ നടത്തിയതെന്ന് നോക്കൂ. അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു. അതിനാല്‍ യാതൊരു മാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല” (ഫുര്‍ഖാന്‍ 9).
ഖുര്‍ആനിലെ ഒരു വചനം ദുര്‍വ്യാഖ്യാനം ചെയ്താല്‍ അടുത്ത വചനം അതിന് മറുപടി നല്‍കും എന്ന വസ്തുത താങ്കള്‍ മനസ്സിലാക്കണം. അത് വിശുദ്ധ ഖുര്‍ആനിന്റെ ഒരു മുഅ്ജിസത്തും കൂടിയാണ്. മുശ്‌രിക്കുകള്‍ നബി(സ)ക്ക് സിഹ്‌റു ബാധിച്ചു എന്ന് പറഞ്ഞത് നബി(സ)യെ ആക്ഷേപിക്കാനും അവഹേളിക്കാനും അല്ലായിരുന്നെങ്കില്‍ പിന്നെ എന്താണ് അല്ലാഹു അപ്രകാരം പറയുന്നവര്‍ വഴി പിഴച്ചവരും നേര്‍വഴി പ്രാപിക്കാന്‍ സാധിക്കാത്തവരുമാണെന്ന് പറഞ്ഞത്? നാല്: മുശ്‌രിക്കുകള്‍ നബി(സ)യെ ആക്ഷേപിച്ചു പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം നമ്മുടെ ‘ടിയാന്‍’ ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുകയാണ്.
എന്നാല്‍ നബി(സ)യെ ശത്രുക്കള്‍, സാഹിര്‍ (ആഭിചാരം ചെയ്യുന്നവന്‍), ശാഇര്‍ (കവി), മജ്‌നൂന്‍ (ഭ്രാന്തന്‍), കാഹിന്‍ (ജ്യോത്സ്യന്‍), അബ്തര്‍ (വാലറ്റവന്‍) എന്നിവയെല്ലാം വിളിച്ചിരുന്നുവല്ലോ? അവയെല്ലാം ശരിയായിരുന്നു എന്നാണോ താങ്കളുടെ വാദം. അല്ലാഹുവിന്റെ കഴിവുകള്‍ മിക്കതും പിശാചുക്കള്‍ക്കുണ്ടെന്ന വാദം വെച്ചുപുലര്‍ത്തുന്നവരാണ് നിങ്ങള്‍. പിശാച് നിങ്ങളെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ഖുര്‍ആനും സുന്നത്തും കൈവെടിഞ്ഞു ജീവിക്കുന്ന നിങ്ങള്‍ അവസാനം പ്രമാണമാക്കേണ്ടി വന്നത് മക്കയിലെ മുശ്‌രിക്കുകളെയാണ് എന്ന് നിങ്ങള്‍ ഓര്‍ക്കണം. അതുകൊണ്ടാണ് നബി(സ)യുടെ സിഹ്‌റുബാധ സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് മക്കാ മുശ്‌രിക്കുകള്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വന്നത് വിചിത്രം തന്നെ!
ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്താല്‍ അതിനുള്ള ശിക്ഷ കടുത്തതാണ്. വേദഗ്രന്ഥം ദുര്‍വ്യാഖ്യാനം ചെയ്യുകയെന്നത് യഹൂദീ സമ്പ്രദായമാണ്. ”വാക്കുകളെ സ്ഥാനം തെറ്റിച്ചു പ്രയോഗിക്കുന്നവര്‍ യഹൂദികളില്‍ ഉണ്ട്”(നിസാഅ് 46). ഇമാം ബുഖാരി വിശദീകരിക്കുന്നു: ”അവര്‍ വേദഗ്രന്ഥത്തിലെ വചനങ്ങള്‍ക്ക് അതിന്റേതല്ലാത്ത വ്യാഖ്യാനങ്ങള്‍ നല്‍കും”(ബുഖാരി, കിതാബുത്തൗഹീദ്)
നബി(സ)യുടെ വാക്കുകള്‍ ശ്രദ്ധിക്കുക: നബി(സ) പ്രസ്താവിച്ചതായി ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: വല്ലവനും വിശുദ്ധ ഖുര്‍ആനിന് അറിവില്ലാതെ വ്യാഖ്യാനം നടത്തുന്ന പക്ഷം അവന്റെ ഇരിപ്പിടം അവന്‍ നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ”(ബുഖാരി). ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനമാണ്: ”ഒരാള്‍ ഖുര്‍ആന്‍ സ്വയം വ്യാഖ്യാനിക്കുകയും അത് ശരിയായിത്തീരുകയും ചെയ്താല്‍ പോലും കുറ്റകരമാണ്” (തിര്‍മിദി, തഖാഇഖുത്തഫ്‌സീര്‍ 1:114)