8 Tuesday
July 2025
2025 July 8
1447 Mouharrem 12

സിറിയയിൽ നിന്ന് പിന്മാറില്ലെന്ന് തുർക്കി

വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് കേന്ദ്രങ്ങള്‍ക്കു നേരെയുള്ള തുര്‍ക്കിയുടെ ആക്രമണം ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സൃഷ്ടിക്കുമെന്ന് യു എന്‍ മുന്നറിയിപ്പ്. നിലവില്‍ 1,30,000 ആളുകള്‍ കിടപ്പാടം വിട്ടു പലായനം ചെയ്തു. ആക്രമണം തുടര്‍ന്നാല്‍ ഇതു മൂന്നിരട്ടിയാകുമെന്നും യു എന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ചയാണ് കുര്‍ദുകള്‍ക്കു നേരെ തുര്‍ക്കി ആക്രമണം ശക്തമാക്കിയത്.
അതിനിടെ, ഉപരോധങ്ങള്‍ ചുമത്തുമെന്ന ഭീഷണി വിലപ്പോകില്ലെന്നും കുര്‍ദുകളെ തുരത്തുന്നതുവരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ആയുധ ഉപരോധംകൊണ്ടും തുര്‍ക്കി പേടിക്കില്ല. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ തുര്‍ക്കിയുമായുള്ള ആയുധ ഇടപാടുകള്‍ അവസാനിപ്പിക്കുമെന്ന് ഫ്രാന്‍സും ജര്‍മനിയും ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. കുര്‍ദ് വിമതരെ തീവ്രവാദികളായാണ് തുര്‍ക്കി കാണുന്നത്. കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിനു നല്‍കിവന്ന പിന്തുണ പിന്‍വലിക്കുന്നതായി യു എസ് പ്രഖ്യാപിച്ചതോടെയാണ് ഇവിടേക്ക് തുര്‍ക്കിസൈന്യം ആക്രമണത്തിനെത്തിയത്.
1000 സൈനികരെ പിന്‍വലിക്കാനാണ് യു എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ ഉത്തരവിട്ടത്. സിറിയന്‍ അതിര്‍ത്തിനഗരമായ റാസ് അല്‍ഐനും തല്‍അബ്‌യാദും പിടിച്ചെടുത്തതായും തുര്‍ക്കി അവകാശപ്പെട്ടു. കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള 35 കി മീറ്ററോളം ഭാഗങ്ങള്‍ തുര്‍ക്കി കൈടക്കിയിട്ടുണ്ട്. അതിര്‍ത്തി നഗരങ്ങളില്‍ തുര്‍ക്കി പിന്തുണയോടെ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ വനിത രാഷ്ട്രീയ നേതാവടക്കം ഒമ്പതു തദ്ദേശവാസികള്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷകസംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബശ്ശാര്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നയിച്ച സിറിയന്‍ വിമതരും മറ്റു ചില സംഘങ്ങളുമാണ് തുര്‍ക്കിക്ക് പിന്തുണ നല്‍കുന്നത്. മേഖലയില്‍നിന്ന് കുര്‍ദുകളെ തുരത്തി സിറിയയില്‍നിന്ന് പലയാനം ചെയ്ത അഭയാര്‍ഥികളെ തിരിച്ചുകൊണ്ടുവരാനാണ് തുര്‍ക്കി ഉദ്ദേശിക്കുന്നത്. ഏതാണ്ട് 30 ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ കഴിയുന്നുണ്ട്.
ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഐ എസുമായി ബന്ധമുള്ള നൂറുകണക്കിന് വിദേശികള്‍ വടക്കന്‍ സിറിയയിലെ ക്യാമ്പുകളില്‍നിന്ന് രക്ഷപ്പെട്ടതാതി കുര്‍ദിഷ് അധികൃതര്‍. പോരാട്ടം കൊടുമ്പിരിക്കൊള്ളുമ്പോള്‍ അല്‍ ഇസ്സ പുനരധിവാസ ക്യാമ്പിന്റെ ഗേറ്റുകള്‍ തകര്‍ത്താണ് ഇവര്‍ രക്ഷപ്പെട്ടത്.
Back to Top