22 Sunday
December 2024
2024 December 22
1446 Joumada II 20

സിറിയയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി തുര്‍ക്കി

വടക്കന്‍ സിറിയയിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യഭ്യാസം നല്‍കാനുള്ള ഒരു പദ്ധതിയുമായി തുര്‍ക്കി സര്‍വകലാശാല മുന്നോട്ട് വന്നതാണ് മറ്റൊരു വാര്‍ത്ത. തുര്‍ക്കി സര്‍വകലാശാല റെക്ടര്‍ അലിഗൗര്‍ ആണ് ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയത്. തുര്‍ക്കിയുടെ സൈനിക ഇടപെടലുകള്‍ നടന്ന് വരുന്ന സ്ഥലമാണ് വടക്കന്‍ സിറിയ. പ്രദേശത്തെ തീവ്രവാദികളെ ഉന്മൂലനം ചെയ്യുക എന്ന ദൗത്യവുമായാണ് തുര്‍ക്കി വടക്കന്‍ സിറിയയില്‍ സൈനിക ക്യാമ്പുകള്‍ നടത്തുന്നത്. തുര്‍ക്കി രാഷ്ട്രീയത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ വടക്കന്‍ സിറിയയില്‍ ക്യാമ്പ് ചെയ്തിരുന്നു. അവരെക്കൂടി ഉന്മൂലനം ചെയ്യാനാണ് തുര്‍ക്കി സിറിയയില്‍ തുടരുന്നത്. എന്നാല്‍ ഇപ്പോഴും തുടരുന്ന സൈനിക നടപടികള്‍ കൊണ്ട് അനേകായിരം കുട്ടികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്ക് തടസം നേരിട്ടിരിക്കുന്ന വാര്‍ത്തകളും യുനിസെഫ് പോലെയുള്ള അന്താരാഷ്ട്രാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആവശ്യത്തിന് സ്‌കൂളോ കെട്ടിടങ്ങളോ മറ്റ് സൗകര്യങ്ങളൊ ഇല്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ മേഖലയിലുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വടക്കന്‍ സിറിയയില്‍ വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തങ്ങള്‍ തയാറാണെന്ന അറിയിപ്പുമായി തുര്‍ക്കി സര്‍വകലാശാല രംഗത്ത് വന്നിരിക്കുന്നത്. സിറിയയുടെ പുനര്‍നിര്‍മാണത്തില്‍ സാധ്യമാകുന്ന എല്ലാ സഹകരണങ്ങളും തങ്ങള്‍ ചെയ്ത് കൊടുക്കുമെന്നും അതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും തുര്‍ക്കി ഭരണകൂടം അറിയിച്ചിട്ടുണ്ട്.  നിലവില്‍ നാല് മില്യണോളം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി അഭയം നല്‍കിയിട്ടുണ്ട്.

Back to Top