സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം തേടുന്നു
അപരിഹാര്യമായി തുടരുന്ന സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പദ്ധതികളുമായി തുര്‍ക്കി, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ നേതൃ ത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളാണ് കഴിഞ്ഞയാഴ്ചയിലെ ഒരു പ്രധാന വാര്‍ത്ത. സിറിയന്‍ വിഷയത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രശ്‌ന പരിഹാരത്തിനായി ഈ മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് മുന്നോട്ട് വെക്കുന്ന ഫോര്‍മുലകളോട് സിറിയ പോസിറ്റീവായി പ്രതികരിക്കുന്നത് കൂടുതല്‍ ശുഭാപ്തി വിശ്വാസം നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചെറുതും വലുതുമായ ചര്‍ച്ചകള്‍ ഇതിനകം നടന്നുകഴിഞ്ഞു. ചര്‍ച്ചയുടെ നാലാം ഘട്ടം റഷ്യയുടെ സോചിയില്‍ വെച്ചാണ് നടന്നത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നിവരാണ് നാലാംഘട്ടത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തത്. സിറിയന്‍ പ്രശ്‌നത്തില്‍ നിലനില്‍ക്കുന്ന ബാഹ്യ താത്പര്യങ്ങളാണ് പ്രശ്‌നപരിഹാരത്തിന്റെ യഥാര്‍ഥ തടസ്സമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. സിറിയന്‍ ആഭ്യന്തര പ്രശ്‌നങ്ങളുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ട രാജ്യങ്ങളെന്ന നിലയില്‍ ഈ മൂന്ന് രാജ്യങ്ങളും കൂടിച്ചേര്‍ന്ന് സിറിയന്‍ ഭരണകൂടവുമായി യോജിച്ച് ഒരു പദ്ധതി തയാറായാല്‍ അതിന് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ ഒരു പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2017ല്‍ ആരംഭിച്ച ചര്‍ച്ചകളുടെ തുടര്‍ച്ചകളാണ് ഇപ്പോള്‍ നടന്ന് വരുന്നത്.