സിനീദ് കോണര്‍ ഇസ്‌ലാമിലേക്ക്
ലോക പ്രശസ്ത ഐറിഷ് സംഗീതജ്ഞ സിനീദ് ഒ കോണറിന്റെ ഇസ്‌ലാമാശ്ലേഷണമായിരുന്നു കഴിഞ്ഞയാഴ്ചയിലെ ഒരു പ്രധാന വാര്‍ത്ത. സ്വന്തം ട്വിറ്ററിലൂടെ അവര്‍ തന്റെ ഇസ്‌ലാമാശ്ലേഷണ വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് മാധ്യമങ്ങള്‍ പോലും വിവരം അറിഞ്ഞത്. തന്റെ പേര് മാറ്റുകയാണെന്നും ഇനി മുതല്‍ ഷുഹാദ ദാവിദ് എന്നായിരിക്കും തന്റെ പേരെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഹിജാബ് ധരിച്ചുകൊണ്ടുള്ള തന്റെ ഫോട്ടോകളും അവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ഒരു മുസ്‌ലിമാകുന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്ന വാചകത്തോടെയാണ് അവരുടെ ട്വിറ്റര്‍ പോസ്റ്റ് ആരംഭിക്കുന്നത്. ഇതാണ് ആ പ്രഖ്യാപനം എന്ന് പരാമര്‍ശിച്ച് കൊണ്ട് ബാങ്ക് വിളിക്കുന്നതിന്റെ ഒരു വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തു.
അനേകം മ്യൂസിക് ആല്‍ബങ്ങള്‍ സിനീദിന്റേതായുണ്ട്. നിരവധി ആല്‍ബങ്ങളുടെ രചനയും ഇവര്‍ നടത്തിയിട്ടുണ്ട്. അവയില്‍ മിക്കതും ആഗോള പ്രശസ്തമായതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനീദിന് ആരാധകരുണ്ട്. തന്റെ ജീവിതത്തിലെ അന്വേഷണങ്ങളുടെ ഫലമായാണ് ഇപ്പോള്‍ ഇസ്‌ലാമിനെ കണ്ടെത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. നേരത്തെ സിനീദ് ഐറിഷ് ഓര്‍ത്തഡോക്‌സ് കത്തോലിക്ക് വിശ്വാസിയായിരുന്നു. അനേകം ഘട്ടങ്ങള്‍ കഴിഞ്ഞാണ് ഇസ്‌ലാമിനെ താന്‍ ഉള്‍ക്കൊണ്ടതെന്നും ഭൗതികമായ ദൈവ ശാസ്ത്രത്തെക്കുറിച്ചുള്ള അന്വേഷണം ഏതൊരാളിനേയും ഇസ്‌ലാമിലേക്ക് എത്തിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു. പ്രകോപനപരമായ പല നിലപാടുകളും കൈക്കൊണ്ട് കൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുള്ള ഒരു പൂര്‍വകാലം കൂടി സിനീദിനുണ്ട്.