സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൃഷിയിലെ വൈവിധ്യങ്ങള്‍ കണ്ടെത്താന്‍ പുതുതലമുറയെ പ്രാപ്തമാക്കണം: ഐ എസ് എം
ഐ എസ് എം സംസ്ഥാന സമിതി നടപ്പിലാക്കുന്ന ഗ്രീന്‍ യൂനിറ്റ് പ്രൊജക്ടിന്റെ ഭാഗമായി ജൈവ ഹൈടെക്ക് കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വ്വഹിക്കുന്നു.
കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതി നടപ്പിലാക്കുന്ന ഗ്രീന്‍ യൂനിറ്റ് പ്രൊജക്ടിന്റെ ഭാഗമായി ജൈവ ഹൈടെക്ക് കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വ്വഹിച്ചു. ഇന്നത്തെ പുത്തന്‍തലമുറ കൃഷിയില്‍നിന്ന് വളരെ അകന്നിട്ടുണ്ടെന്നും അവരെക്കൂടി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ പുതിയ പദ്ധതിക്ക് ഐ എസ് എം നേതൃത്വം കൊടുക്കണമെന്നും, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് കൃഷിയിലെ വൈവിധ്യങ്ങള്‍ കണ്ടെത്താന്‍ പുതുതലമുറയെ പ്രാപ്തമാക്കണമെന്നും എം കെ രാഘവന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന കണ്‍വീനര്‍ ഡോ. ലബീദ് അരീക്കോട് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആയിശാബി പാണ്ടികശാല, നമ്പിടി നാരായണന്‍, ഗ്രീന്‍ വെജ് കര്‍ഷക സംഘം സെക്രട്ടറി സിദ്ധീഖ് തിരുവണ്ണൂര്‍, അബ്ദുര്‍റഹീം ഖുബ, നൗഫല്‍ എം കെ, നിയാസ് ചക്കുംകടവ്, അഷ്‌റഫ് വാഴയില്‍, കെ ആര്‍ ഗിരീഷ്, പി വി ഷാജിന്‍, മുഹമ്മദ് കോയ തിരുവണ്ണൂര്‍, സഫൂറ ടീച്ചര്‍, ആഫില തിരുവണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എഞ്ചിനീയര്‍ എസ് രാമചന്ദ്രന്‍ നായരുടെ തിരുവണ്ണൂരിലെ 35 സെന്റ് സ്ഥാലത്താണ് ഡ്രിപ്പ് ഇറിഗേഷനോട് കൂടി ഹൈടെക്ക് കൃഷിയിറക്കിയത്. ഈ പദ്ധതിക്ക് കോഴിക്കോട് ഗ്രീന്‍ വെജ് കര്‍ഷക സംഘമാണ് നേതൃത്വം നല്‍കുന്നത്.
ഐ എസ് എം ഗ്രീന്‍ യൂനിറ്റ് പ്രൊജക്ടിനു കീഴില്‍ മാലിന്യമുക്ത ആരോഗ്യ ഹരിത ഗ്രാമം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സമൂഹത്തെ ബോധവല്‍ക്കരിക്കാനാണ് ഹൈടെക്ക് ഫാമിംങ്ങ്. ഓരോ ജില്ലയിലും ഇത്തരം സംരംഭങ്ങള്‍ നടന്നുവരികയാണ്. നവംബര്‍ അവസാന വാരത്തോടുകൂടി പഞ്ചായത്ത് തലങ്ങളില്‍ ബോധവല്‍ക്കരണ ക്യാമ്പുകളും പ്രഭാഷണങ്ങളും സംഘടനാ തലത്തില്‍ നടക്കും. സംഘടനാ കാര്യാലയങ്ങള്‍, സംഘടന പ്രവര്‍ത്തകരുടെ വീട്, പരിസര ശുചീകരണം, മതചടങ്ങുകള്‍, സമ്മേളനങ്ങള്‍, ശില്പശാലകള്‍, ആരോഗ്യ ചികിത്സാരംഗം, കച്ചവട സ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവയാണ് ഗ്രീന്‍പ്രോട്ടോക്കോളിന്റെ പ്രധാന പ്രവര്‍ത്തന മേഖലകള്‍.
