22 Sunday
December 2024
2024 December 22
1446 Joumada II 20

സഹനവും സംയമനവും വിവേകികളുടെ ആയുധം എ ജമീല ടീച്ചര്‍

അക്ഷമ ഒന്നിന്റെയും പരിഹാരമല്ല. ക്ഷമകേട് കാണിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സാധിച്ചുകൊള്ളണമെന്നുമില്ല. തന്റെ കൊമ്പുകളും ശിഖരങ്ങളും പ്രശ്‌ന സങ്കീര്‍ണതകളിലൂടെ പടര്‍ന്നു പിടിക്കുമ്പോഴും വിശ്വാസിയുടെ താഴ്‌വേര് എപ്പോഴും ക്ഷമയിലും ദൈവത്തിലുള്ള തവക്കുലിലും തന്നെ ആഴ്ന്നു നില്‍ക്കണം. അപ്പോഴേ കാലത്തെ വകഞ്ഞുമാറ്റി ആ മരത്തിന് വീണ്ടും തളിര്‍ക്കാനും പൂക്കാനും സാധിക്കുകയുള്ളൂ. ഒരല്പം അക്ഷമയായിരിക്കും ഒരു പക്ഷേ അങ്ങേയറ്റത്തെ ആപത്തിനെ ക്ഷണിച്ചുവരുത്തുന്നത്. അതിലേക്കൊരു ഉദാഹരണമാണ് പ്രവാചകന്‍ യൂനുസിന്റെ(അ) ചരിത്രം.
യഹൂദരും ക്രൈസ്തവരും യോനോ എന്നും ജോണ്‍സ് എന്നും വിളിച്ചുവരുന്ന ഒരു ഇസ്‌റാഈല്‍ പ്രവാചകനാണ് അദ്ദേഹം. സൂറതുല്‍ അന്‍ബിയാഅ്, സ്വാഫാത്ത്, അല്‍കലമ് തുടങ്ങി ഒരുപാട് അധ്യായങ്ങളിലൂടെ ഖുര്‍ആനില്‍ യൂനുസ്ചരിതം കടന്നുപോകുന്നുണ്ട്. ബി സി 8-ാം നൂറ്റാണ്ടിലായിരുന്നു യൂനുസ് പ്രവാചകന്റെ കാലഘട്ടം. അക്കാലത്ത് യൂഫ്രട്ടീസ് നദിയുടെ കിഴക്കേ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പട്ടണമായിരുന്നു നീനെ. അവിടെയാണ് യൂനുസ്(അ) പ്രവാചകനായി നിയുക്തനായിരുന്നത്.
ദൈവത്തിന്റെ ഏകത്വം, പ്രവാചക നിയോഗം, ഉയിര്‍ത്തെഴുന്നേല്പ്, രക്ഷാ ശിക്ഷകള്‍ മുതലായ മൗലിക വിഷയങ്ങള്‍ യൂനുസ്(അ) ജനങ്ങളിലേക്ക് പ്രബോധനം ചെയ്തു. പക്ഷേ, വളരെക്കുറഞ്ഞ ആളുകളെ മാത്രമേ വിശ്വാസത്തിലൂടെ വഴിനടത്താന്‍ അദ്ദേഹത്തിനായുള്ളൂ. ജനങ്ങളുടെ അവിശ്വാസം അദ്ദേഹത്തെ നിരാശനാക്കി. നിരാശ കോപാന്ധതയിലേക്ക് വഴിമാറി. അവസാനം അദ്ദേഹം തന്റെ ജനങ്ങളുടെ കൈവിട്ട് മറ്റെവിടെയെങ്കിലും പോകാന്‍ തന്നെ തീരുമാനമെടുത്തു. തര്‍ശീശ് എന്ന സ്ഥലം ലക്ഷ്യമാക്കിയാണ് അദ്ദേഹം യാത്ര പുറപ്പെട്ടിരുന്നത്. ഈ പലായനം പ്രവാചകന്‍ യൂനുസിന്റെ(അ) പക്കല്‍ നിന്നുണ്ടായ വലിയ ഒരപരാധമായിരുന്നു.
പ്രവാചകന്മാര്‍ പെട്ടെന്ന് നിരാശരായിക്കൂടാ. ജനങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അവര്‍ തങ്ങളുടെ പ്രബോധം തുടര്‍ന്നു കൊണ്ടേയിരിക്കണം. അതാണ് പ്രവാചകനീതി. ആരാലും അംഗീകരിക്കപ്പെടാതെ 950 വര്‍ഷം പ്രബോധന പ്രവൃത്തിയിലേര്‍പ്പെട്ട പ്രവാചകനായിരുന്നു നൂഹ് നബി(അ). അല്ലാഹു കല്പിക്കുകയോ നാട്ടുകാര്‍ ആട്ടിയോടിക്കുകയോ ചെയ്യുമ്പോഴല്ലാതെ പ്രവാചകന്മാര്‍ പ്രബോധിതരെ ഉപേക്ഷിച്ച് പോയിക്കൂടാ. അങ്ങനെ ചെയ്യുന്നത് ജനങ്ങളെ ചെകുത്താന് വിട്ടുകൊടുക്കുകയാവും ഫലം. അനന്തരം ദൈവത്തിന്റെ കഠിനമായ കോപവും ശിക്ഷയും ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരും. അത്തരം ഒരു നിരുത്തരവാദിത്വപരമായ തെറ്റിലാണ് യൂനുസ്(അ) ചെന്നു ചാടിയത്.
നീനവാ വിട്ട അദ്ദേഹം യാഫോയില്‍ എന്ന സ്ഥലത്തെത്തി. അവിടെ നിന്ന് തര്‍ശീശിലേക്ക് പോകുന്ന ഒരു കപ്പലില്‍ കയറിയിരിക്കുകയാണ്. ഇടക്ക് കപ്പല്‍ കടല്‍ക്ഷോഭത്തില്‍ പെട്ടു. കപ്പല്‍ ആടിയുലയുകയാണ്. ഭാരം കുറയ്‌ക്കേണ്ടതിനായി യാത്രക്കാര്‍ ചരക്കുകളെല്ലാമെടുത്ത് വെള്ളത്തിലേക്കെറിഞ്ഞു. എന്നിട്ടും ഭാരം കുറയാതിരുന്നപ്പോള്‍ യാത്രക്കാരിലാരെയെങ്കിലും വെള്ളത്തിലേക്ക് ഒഴുക്കിക്കളയാമെന്നായി തീരുമാനം. പുറംതള്ളേണ്ടവര്‍ക്കായി നറുക്കിടുകയും ചെയ്തു. നറുക്ക് വീണത് യൂനുസ് നബിക്കായിരുന്നു. അദ്ദേഹം ഉടനെ തന്നെ കടലില്‍ തള്ളപ്പെട്ടു.
ഇതേക്കുറിച്ച് ഖുര്‍ആന്‍ സൂറത്ത് സ്വാഫാത്തില്‍ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്: ”യൂനുസും ദൂതന്മാരിലൊരാള്‍ തന്നെ. അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ സന്ദര്‍ഭം ശ്രദ്ധേയമത്രെ. എന്നിട്ടദ്ദേഹം (കപ്പല്‍ യാത്രക്കാരോടൊപ്പം) നറുക്കെടുപ്പില്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപ്പോയി.” (139-141)
കടലില്‍ തള്ളപ്പെട്ടതോടെ ഒരു വന്‍ മത്സ്യം അദ്ദേഹത്തെ വിഴുങ്ങി. മൂന്നുനാള്‍ നാലുമണിക്കൂറെന്നും ഏഴുനാള്‍ എന്നും പ്രസ്താവ്യമുണ്ട്. എന്തായാലും കുറച്ചുനാള്‍ അദ്ദേഹം മത്സ്യത്തിന്റെ ഉദരത്തില്‍ തങ്ങേണ്ടി വന്നു. ഈ സന്ദര്‍ഭത്തില്‍ യൂനുസിന്(അ) തന്റെ തെറ്റ് ബോധ്യമായി. അക്ഷമയുടെ പേരില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പരീക്ഷണങ്ങളിലകപ്പെട്ടിരിക്കുകയാണ് താനെന്ന് അദ്ദേഹം മനസ്സിലാക്കി, നെടും ഖേദത്തില്‍ പതിച്ചു. അല്ലാഹുവിനോട് ഉള്ളുരുകി പ്രാര്‍ഥിച്ചു. അതേക്കുറിച്ച് ഖുര്‍ആന്‍ തന്നെ പറയുന്നത് കാണുക. ”എന്നാല്‍ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍ ഉയര്‍ത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞുകൂടേണ്ടി വരുമായിരുന്നു.” (സ്വാഫാത്ത് 43-144)
രാവിന്റെ ഇരുട്ട്. കടലിലെ ഇരുട്ട്. മത്സ്യത്തിന്റെ വയറ്റിലെ ഇരുട്ട്. ആ മൂന്ന് ഇരുട്ടുകള്‍ക്കിടയില്‍ വെച്ച് അദ്ദേഹം പ്രാര്‍ഥിച്ച് നൊമ്പരപ്പെട്ട തേട്ടത്തിന് അല്ലാഹു ഉത്തരം കൊടുത്തു: ”നീയല്ലാതെ ആരാധ്യനില്ല. നിന്നെ ഞാന്‍ പരിശുദ്ധപ്പെടുത്തുന്നു. നിശ്ചയമായും ഞാന്‍ അക്രമികളുടെ കൂട്ടത്തിലായിപ്പോയി” എന്നായിരുന്നു ആ തേട്ടം. ”എന്നിട്ട് അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി. അദ്ദേഹത്തിനു മേല്‍ നാം യഖ്തീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു.”(145146)
മനം തിടുങ്ങിയ അദ്ദേഹത്തിന്റെ പ്രാര്‍ഥനക്കുത്തരമായി അദ്ദേഹത്തെ കരയിലേക്ക് തുപ്പിയിട്ടു. മത്സ്യത്തിന്റെ വയറ്റില്‍ കിടന്നുണ്ടായ പരിക്കുകള്‍ കൊണ്ട് അദ്ദേഹം പൊതിയപ്പെട്ടിരുന്നു. ശാരീരികാശ്വാസത്തിനും പോഷകാഹാരത്തിനും ഉപയുക്തമാകുന്ന ഒരുതരം ചുരങ്ങയാണ് യഖ്തീന്‍. നഷ്ടപ്പെട്ടുപോയ ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് ഏറെ ഉപകാരപ്പെട്ടിരിക്കാം. കഴിക്കാന്‍ ഭക്ഷണമായും വെയിലില്‍ നിന്ന് ശീതളച്ഛായയായും ആരോഗ്യം തിരിച്ചുകിട്ടിയ യൂനുസ്(അ)നെ വീണ്ടും അല്ലാഹു പ്രബോധന ദൗത്യത്തിലേക്ക് തന്നെ തിരിച്ചെത്തിച്ചു. ”അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു.” (സ്വഫാത്ത് 147)
യൂനുസ്(അ) അല്ലാഹുവിന്റെ കല്പന പ്രകാരം പ്രവര്‍ത്തിച്ചു. നീനവക്കാര്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അതോടെ ആ നാട്ടില്‍ നീതിയും ധര്‍മവും പുലരുകയും ചെയ്തു. അന്നവിടുത്തെ ജനസംഖ്യ ഒരു ലക്ഷത്തിലേറെയുണ്ടായിരുന്നു എന്നാണ് പറയുന്നത്. ദന്നൂന്‍, സാഹിബുല്‍ ഹുതി ഇങ്ങനെ രണ്ടു പേരുകളിലും യൂനുസ്(അ)നെക്കുറിച്ച് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. സൂറത്ത് അന്‍ബിയാഅ് 87-ാം വചനത്തില്‍ പറയുന്നു: ”മത്സ്യത്തിന്റെ ഉദരത്തില്‍ വസിച്ചവനെയും നാം അനുഗ്രഹിച്ചു. അദ്ദേഹം കുപിതനായി സ്ഥലം വിട്ടപ്പോള്‍ നാം അദ്ദേഹത്തെ ഞെരുക്കുകയില്ലെന്നാണ് അദ്ദേഹം കരുതിയത്. ഒടുവില്‍ അന്ധകാരങ്ങളിലകപ്പെട്ട് വിലപിച്ചതെന്തെന്നാല്‍ നീയല്ലാതെ ദൈവമേതുമില്ല. നീ പരമ പരിശുദ്ധനാകുന്നു. ഞാനോ മഹാ അപരാധം ചെയ്തുപോയി. ആ പ്രാര്‍ഥന നാം സ്വീകരിച്ചു. അദ്ദേഹത്തെ ദു:ഖമുക്തനാക്കി. ഈവിധം നാം സത്യവിശ്വാസികളെ രക്ഷിക്കുന്നു.”
കോപിച്ച് ഓടിപ്പോന്നെങ്കിലും പ്രവാചകനായി നിശ്ചയിച്ച തന്നെ അല്ലാഹു ദുരിതങ്ങളിലകപ്പെടുത്തുകയില്ലെന്ന് അദ്ദേഹം കരുതി. യൂനുസ്(അ)ന്റെ വിശ്വാസത്തിനോ അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള ശുഭപ്രതീക്ഷക്കോ ഒട്ടും കുറവുണ്ടായിരുന്നില്ല. അല്ലാഹു തന്നെ കൈവെടിയുകയില്ലെന്നും ഇന്നല്ലെങ്കില്‍ നാളെ തന്നെ വീണ്ടെടുക്കുമെന്നും തന്നെയായിരുന്നു അദ്ദേഹത്തിന്റൈ പ്രതീക്ഷ. സങ്കീര്‍ണമായ ആ നിമിഷങ്ങളില്‍ യൂനുസ്(അ) നടത്തിയ പ്രാര്‍ഥനാകീര്‍ത്തനങ്ങള്‍ മത്സ്യത്തിന്റെ ഉദര ഭിത്തികളില്‍ തട്ടിയുടഞ്ഞ് പ്രതിധ്വനിച്ചിണ്ടുണ്ടാകാം.
‘സ്വാഹിബുല്‍ ഹുതി’ മത്സ്യത്തിന്റെ കൂട്ടുകാരന്‍ എന്ന നിലക്കാണ് വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ബഖറയിലെ 48-50 വരെയുള്ള വചനങ്ങളില്‍ യൂനുസ് പ്രവാചകനെ പരിചയപ്പെടുത്തുന്നത്. ”അതുകൊണ്ട് നിന്റെ രക്ഷിതാവിന്റെ വിധി കാത്തുകൊണ്ട് നീ ക്ഷമിച്ചുകൊള്ളുക. നീ മത്സ്യത്തിന്റെ ആളെപ്പോലെയാകരുത്. അദ്ദേഹം ദു:ഖിതനായിക്കൊണ്ട് വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായിക്കൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു.”

Back to Top