22 Sunday
December 2024
2024 December 22
1446 Joumada II 20

സവര്‍ക്കറെ നേരാംവണ്ണം  വായിക്കാനുള്ള നീക്കം  അഭിനന്ദനാര്‍ഹം – അബ്ദുസ്സമദ് തൃശൂര്‍

സവര്‍ക്കാരുടെ ചരിത്രം രാജസ്ഥാന്‍ പാഠപുസ്തകങ്ങളില്‍ ശരിയായ രീതിയില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സംഘ പരിവാര്‍ പറഞ്ഞു വരുന്ന ചരിത്രം അതിന്റെ മുളയിലേ നുള്ളിക്കളയാനുള്ള തീരുമാനം നല്ലതു തന്നെ. സവര്‍ക്കര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ സംഭാവന എന്തെന്ന അന്വേഷണത്തിലായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സാമൂഹിക രംഗം ഹിന്ദുമുസ്ലിം എന്ന രീതിയില്‍ ഭാഗിക്കാന്‍ അദ്ദേഹം നല്‍കിയ സംഭാവന എടുത്തു പറയണം. അത് തന്നെയായിരുന്നു ബ്രിട്ടീഷുകാരും ആഗ്രഹിച്ചത്. എല്ലാ ഇന്ത്യക്കാരും ഒന്നിച്ച് ക്വിറ്റ് ഇന്ത്യ എന്ന് പറഞ്ഞപ്പോഴും തന്റെ അനുയായികളോട് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ അധികാര കസേരകളില്‍ ഉറച്ചിരിക്കാന്‍ അദ്ദേഹം ആഹ്വാനം നല്‍കി.
ഹിന്ദു എന്ന മതത്തെയല്ല ഹിന്ദു എന്ന സംസ്‌കാരത്തെയാണ് അദ്ദേഹം ഉയര്‍ത്തി പിടിച്ചത്. അതായത് വിശ്വാസപരമായി നിരീശ്വര വാദത്തിലായിരുന്നു സവര്‍ക്കര്‍. അതെ സമയം ഹിന്ദു മതത്തില്‍ നിന്നും മറ്റു വിശ്വാസങ്ങളിലേക്കു പോയ ആളുകളെ ബലമായി തിരിച്ചു കൊണ്ട് വന്ന ചരിത്രവും അദ്ദേഹത്തിനുണ്ട്. നെഹ്‌റു, ഗാന്ധി പോലുള്ളവരെ നിരന്തരമായി വിമര്‍ശിക്കുമ്പോഴും മുസോളിനി, ഹിറ്റ്‌ലര്‍ എന്നിവരെ വാനോളം പുകഴ്ത്താനും അദ്ദേഹം മറന്നില്ല. ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ന്യൂനപക്ഷമായ ജൂതരോട് ചെയ്തത് ഇന്ത്യയിലെ മുസ്ലിംകളോടും ചെയ്യണം എന്ന നിലപാട് അദ്ദേഹം തുറന്നു പറഞ്ഞില്ലെങ്കിലും രണ്ടു വിഭാഗവും ദേശീയതക്ക് പുറത്താണ് എന്ന് പേര് പറഞ്ഞു അദ്ദേഹം നിരന്തരം വിമര്‍ശിച്ചിരുന്നു.
ഹിന്ദു മതത്തിനു പുതിയ വ്യാഖ്യാനം രചിക്കുന്നതില്‍ സവര്‍ക്കര്‍ വിജയിച്ചു. അത് തന്നെയാണ് സംഘ പരിവാറിന് അദ്ദേഹത്തെ ഇത്രമാത്രം ഇഷ്ടമാകുന്നതും. അദ്ദേഹം വിഭാവനം ചെയ്ത ഹിന്ദു സംസ്‌കാരവും രാഷ്ട്രീയ ദേശീയതയുമാണ്് സംഘ പരിവാറിന്റെ രാഷ്ട്രീയ അജണ്ട. ഗാന്ധി വധത്തില്‍ അദ്ദേഹത്തിന്റെ പങ്ക് അന്ന് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കേസ് മുന്നോട്ടു പോയില്ല. ഗോദ്‌സെയുമായി സവര്‍ക്കര്‍ നല്ല അടുപ്പമായിരുന്നു എന്നതും ഗോഡ്‌സെയുടെ കീഴില്‍ നടത്തിയിരുന്ന ഒരു പത്രത്തില്‍ സവര്‍ക്കര്‍ പണം മുടക്കിയിരുന്നു എന്നുമൊക്കെ നമുക്ക് ചരിത്രത്തില്‍ വായിക്കാം. കൃത്യം നടത്തുന്നതിന് കുറച്ചു ദിവസം മുമ്പ് പോലും ഗോഡ്‌സെ സവര്‍ക്കറെ സന്ദര്‍ശിച്ചരുന്നു.’വിജയത്തോടെ മടങ്ങി വരിക’ ഗോഡ്‌സെക്ക് അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു എന്നൊക്കെ ചരിത്രം രേഖപ്പെടുത്തിയതാണ്.
സവര്‍ക്കറെ താമസിപ്പിച്ച ആന്തമാനിലെ ജയില്‍ ഇടിച്ചു പൊളിച്ചു അവിടെ ആശുപത്രി പണിയണമെന്ന് നെഹ്‌റു ആഗ്രഹിച്ചിരുന്നത്രെ. സവര്‍ക്കറുമായി വേദി പങ്കിടാന്‍ നെഹ്‌റു തയ്യാറായില്ല എന്നും നമുക്ക് വായിക്കാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും അനുബന്ധ സംഭവങ്ങളിലും സവര്‍ക്കറിന്റെയും അദ്ദേഹത്തിന്റെ ‘ഹിന്ദു മഹാസഭ’യുടെയും സംഭാവന തീര്‍ത്തും നിരാശാജനകമാണ്. ഒരിക്കല്‍ എഴുതി കൊടുത്ത മാപ്പപേക്ഷ തടസ്സം കൂടാതെ മുന്നോട്ടു പോകുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ഒന്നും നല്‍കരുത് എന്ന കാര്യത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. തികഞ്ഞ ഒരു വര്‍ഗീയവാദി എന്നതിലപ്പുറം ഒരു വായനയും സവര്‍ക്കറെ കുറിച്ച് ചരിത്രത്തിനു സാധ്യമല്ല. അത് കൊണ്ട് തന്നെ അസത്യത്തെ പുറത്താക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ ചരിത്രത്തോട് ചെയ്യുന്ന വലിയ നന്മയാകും.
ശത്രുവിന് മാപ്പെഴുതി അവര്‍ക്ക് പാദസേവ ചെയ്തവര്‍ രാജ്യസ്‌നേഹികള്‍ ആവുകയും യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര നേതാക്കള്‍ വിസ്മരിക്കപ്പെടുകയും ചെയ്തു എന്നതാണ് സംഘ പരിവാര്‍ നമുക്ക് നല്‍കുന്ന രാഷ്ട്രീയ ബോധം. അതിനെ എതിര്‍ക്കുക എന്നത് അത് കൊണ്ട് തന്നെയാണ് ഇന്ത്യക്കാരന്റെ അടിസ്ഥാന ആവശ്യമായി മാറുന്നതും
Back to Top