സലഫ് എന്ന പ്രയോഗവും സലഫിസവും – ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍
സലഫിയ്യയുമായി സാദ്യശ്യം പുലര്‍ത്തുന്ന പദവിന്യാസങ്ങളുടെ രാഷ്ട്രീയത്തെകൂടി മനസ്സിലാക്കേണ്ടതുണ്ട്. സലഫ് എന്ന പദ പ്രയോഗം പന്ത്രണ്ടാം നൂറ്റാണ്ട് മുതലുള്ള ഇസ്‌ലാമിക സാഹിത്യങ്ങളില്‍ കാണാന്‍ സാധിക്കും. എന്നാല്‍ അവയുടെ അര്‍ഥം ഇരുപതാം നൂറ്റാണ്ടില്‍ അല്ലെങ്കില്‍ ഇന്ന് കല്‍പ്പിക്കപെടുന്ന ശുദ്ധിവാദപരമായ സലഫിസം (Puritan Salafism) എന്ന അര്‍ഥത്തില്‍ ആയിരുന്നില്ലെന്ന് ഹെന്റി ലോസിയര്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ”യുഗാന്തരങ്ങളില്‍ അവര്‍ മധ്യകാല കൃതികളില്‍ നിന്നും സലഫി എന്ന പദം ഒരു നാമമായോ നാമവിശേഷണമായോ പ്രയോഗിച്ചിട്ടുള്ള അസംഖ്യം ഖണ്ഡികകള്‍ ഉദ്ധരിക്കുകയും അവ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഈ രേഖകളിലൊന്നും തന്നെ സലഫിയ്യ എന്നത് ഇന്ന് വിവക്ഷിക്കപ്പെടുന്ന സലഫിസം എന്നര്‍ഥത്തില്‍ ഉപയോഗിക്കുന്നില്ല.”
ഇബ്‌നുതൈമിയ്യ നല്‍കിയ ഒരു ഫത്‌വയില്‍ ഈ പദം ഉപയോഗിച്ചത് സാധാരണ ഉദാഹരണമായി പറയാറുണ്ട്. ഇന്ന് വിവക്ഷിക്കപ്പെടുന്ന സലഫിയ്യ ആധുനിക കാലത്തിന് മുമ്പ് തന്നെ ഉണ്ടായിരുന്നു എന്നു സ്ഥാപിക്കാന്‍ ഇതുദ്ധരിക്കാറുണ്ട്. എന്നാല്‍ സലഫിസം എന്ന ഗഹനാര്‍ഥത്തിലുള്ള പദം എന്ന അര്‍ഥത്തിലല്ല ഇബ്‌നുതൈമിയ അതുപയോഗിച്ചിരിക്കുന്നത്, മറിച്ച് പൂര്‍വികര്‍ എന്നര്‍ഥത്തിലുള്ള ഒരു സംഘത്തെ കുറിക്കാനാണ്. സൂഫിയ എന്നാല്‍ സൂഫിസം എന്നതിനെ കുറിക്കാനല്ല, മറിച്ച് സൂഫി എന്ന പദത്തിന്റ ബഹുവചന രൂപമാണത്. സൂഫികളായ ഒരു സംഘം എന്നര്‍ഥത്തിലാണ് ഉപയോഗിക്കാറുള്ളത്. ആധുനിക കാലത്ത് മാത്രമാണ് സൂഫിയ സൂഫിസവും സലഫിയ്യ സലഫിസവുമായി മാറിയത്. അപ്പോള്‍ ഇതേ പദങ്ങള്‍ ആധുനിക പൂര്‍വ കാലഘട്ടത്തില്‍ പ്രയോഗിച്ചത് കണ്ടാല്‍ അതിനെ ഇന്നത്തെ അര്‍ഥധാരണയുമായി ചേര്‍ത്ത് വെക്കാനാവില്ല.
സലഫ് എന്ന പദ പ്രയോഗം മുസ്‌ലിം പണ്ഡിതരുടെ എഴുത്തില്‍ കടന്നുവരുന്നത് ഒരു പ്രത്യേക വൈജ്ഞാനിക സാഹചര്യത്തിലാണ്. ഗ്രീക്ക് ഫിലോസഫിയുടെ സ്വാധീനം മൂലം മധ്യകാലഘട്ടത്തില്‍ ഉണ്ടായ ദൈവശാസ്ത്രപരമായ തര്‍ക്കങ്ങളിലാണ് ഈ പദം കടന്നുവരുന്നത്. അല്ലാഹുവിന്റെ നാമവിശേഷണങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനവും വിശദീകരണവും ഉപമകളും മുസ്‌ലിം പണ്ഡിതരെ വിവിധ തട്ടുകളിലാക്കി. അല്ലാഹുവിന്റെ നാമവിശേഷണങ്ങള്‍ പൂര്‍വികര്‍ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുക എന്നര്‍ഥത്തില്‍ മദ്ഹബുസ്സലഫ് അംഗീകരിക്കപ്പെട്ടു. ഇമാം അഹമ്മദ് ബ്‌നു ഹമ്പല്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ദൈവശാസ്ത്ര സംബന്ധിയായ ഈ വിഷയത്തില്‍ സലഫുകളുടെ മാര്‍ഗം സ്വീകരിക്കുക എന്നതാണ് തര്‍ക്കപരിഹാരമായി പണ്ഡിതര്‍ മുന്നോട്ട് വെച്ചത്. അങ്ങനെ ഹമ്പലി അഖീദയുടെ പര്യായമായി മദ്ഹബുസ്സലഫ് വര്‍ത്തിച്ചു. ഇല്‍മുല്‍ കലാമിന്റെ വെല്ലുവിളികള്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു കാലത്തെ ദൈവശാസ്ത്രത്തിലേക്ക് മടങ്ങുക എന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ തനിമയാണ് വിളിച്ചോതുന്നത്. എന്നാല്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കര്‍മശാസ്ത്ര/ ദൈവശാസ്ത്ര മദ്ഹബുകള്‍ വ്യാപിക്കുകയും കര്‍മശാസ്ത്ര മദ്ഹബ് പക്ഷപാതിത്വം ശക്തമാവുകയും ചെയ്ത ഒരു കാലഘട്ടം വന്നു. ക്രമേണ മദ്ഹബുസ്സലഫ് എന്ന പ്രയോഗം മാഞ്ഞുപോവുകയും സലഫിയ്യ വ്യാപിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ, അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൂര്‍വീകരിലേക്ക് മടങ്ങുക എന്നര്‍ഥത്തിലുള്ള മദ്ഹബുസ്സലഫ് കുറച്ച് കൂടി വിശാലമായ അര്‍ഥത്തിലേക്ക് നീങ്ങി. കര്‍മശാസ്ത്രവും ഇസ്‌ലാമിക സംസ്‌കാരവും മര്യാദകളും (ഫിഖ്ഹ്, മുആമലാത്ത്, ആദാബ്) അടങ്ങിയ പൂര്‍ണാര്‍ഥത്തിലുള്ള ഒരു മതാഭിമുഖ്യമായി മാറി. മദ്ഹബ് പക്ഷപാതിത്വത്തിനെതിരെ നില്‍ക്കുന്നതിന്റെ ഭാഗമായി ജൃല ങമറവവമയ ജലൃശീറ ലേക്ക് മടങ്ങുക എന്നതാണ് സലഫിയ്യയുടെ സ്വഭാവമായി ഉണ്ടായിരുന്നത്. അബുല്‍ യഅ്‌ലാ അസ്സാവി ഇങ്ങനെ സലഫിയ്യയെ വിശദീകരിക്കുന്നുണ്ട്. മദ്ഹബുകളെല്ലാം തന്നെ നന്മയാണ്, ശരിയാണ്. പക്ഷെ, നിയമപരമായ ഈ വ്യത്യസ്തകള്‍ ഇല്ലാതെ ആദിമ പരിശുദ്ധിയോടെ പൂര്‍വിക കാലത്തേക്ക് മടങ്ങണം എന്നര്‍ഥത്തില്‍ സലഫിയ്യയെ വിശദീകരിക്കാന്‍ തുടങ്ങി.
മദ്ഹബുസ്സലഫ് എന്നത് വിശ്വാസകാര്യങ്ങളിലെ ഒരു നിയോ ഹമ്പലി മദ്ഹബായിരുന്നു എങ്കില്‍ സലഫിയ്യ എന്നത് വിശ്വാസ, കര്‍മ, സംസ്‌കാര മര്യാദകളിലെ ഒരു ശുദ്ധിവാദ പ്രത്യയശാസ്ത്രമായി പരിണമിച്ചു. 1939-ല്‍ തന്നെ സലഫിയ്യ എന്നതിന്റെ ശുദ്ധിവാദപരമായ പരിണാമം തുടങ്ങിയിട്ടുണ്ട്. അക്കാലത്ത് ദമസ്‌കസില്‍ ജീവിച്ചിരുന്ന മുഹമ്മദ് മുനീര്‍ അദ്ദിമശ്കി തന്റെ എന്ന പുസ്തകത്തില്‍ സലഫ് എന്ന പദത്തെ ഭാഷാപരമായും മതപരമായും വിശദീകരിക്കുന്നുണ്ട്. അഖീദയുടെ കാര്യത്തില്‍ നേരത്തെ മനസ്സിലാക്കിയ മദ്ഹബുസ്സലഫിനെ തന്നെയാണ് അദ്ദേഹം എടുത്തുപറയുന്നത്.
എന്നാല്‍ ഫിഖ്ഹിന്റെ കാര്യത്തില്‍ തഖ്‌ലീദിനെയും ഇത്തിബാഇനെയും ആണ് അദ്ദേഹം എടുത്തുപറയുന്നത്. അഥവാ, നാലിലൊരു മദ്ഹബിനെ തഖ്‌ലീദ് അല്ലെങ്കില്‍ ഇത്തിബാഅ് ചെയ്യാതെ സലഫിയാകാന്‍ കഴിയില്ല എന്ന് പറയുന്നു. നവോത്ഥാനത്തിന്റെ പ്രത്യയശാസ്ത്രം എന്ന നിലയില്‍ മനസ്സിലാക്കുന്ന ഇസ്‌ലാഹിന്റെ അടിസ്ഥാനങ്ങളിലൊന്നായ ഇജ്തിഹാദിനെക്കുറിച്ച് അദ്ദേഹം പറയുന്നേ ഇല്ല.
ഇസ്‌ലാഹിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഇത്തിബാഇന് മുമ്പ് തഖ്‌ലീദ് അല്ല വേണ്ടത്. യോഗ്യതയുള്ള പണ്ഡിതന്മാര്‍ക്ക് ഇജ്തിഹാദ് ആകാം. അല്ലാത്തവര്‍ ഇസ്തിഫ്താഅ് അഥവാ മതവിധി ചോദിക്കുകയാണ് വേണ്ടത്. ഇസ്തിഫ്താഅ് നടത്തുമ്പോള്‍, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ് മതവിധി നല്‍കുന്നതെങ്കില്‍ അത് അനുസരിക്കണം. അതാണ് ഇക്കാര്യത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം പിന്തുടരുന്ന രീതി. ലോകത്തെ ഇസ്‌ലാഹി ചരിത്രവും അങ്ങനെയാണ്. എന്നാല്‍, സലഫിയ്യ വിശദീകരിക്കുന്നത്, വിശ്വാസ കാര്യങ്ങളില്‍ പൂര്‍വികരുടെ പാത പിന്‍പറ്റാനും കര്‍മകാര്യങ്ങളില്‍ മദ്ഹബുകളെ തഖ്‌ലീദ് ചെയ്യാനുമാണ്. സലഫിയ്യയും ഇസ്‌ലാഹും വേര്‍തിരിയുന്ന പ്രധാനഘടകമാണിത്.
സലഫിസത്തിന്റെ രണ്ട് നിര്‍വചനങ്ങള്‍
പിന്നീട് 1950-കള്‍ക്ക് ശേഷം സലഫിയ്യയുടെ പേരില്‍ രണ്ട് നിര്‍വചനങ്ങളും പ്രചാരം നേടി. ഒന്ന്, നേരത്തെ പറഞ്ഞ വിശ്വാസ കര്‍മ അനുഷ്ഠാന സംഹിതകള്‍ ഉള്‍ക്കൊള്ളുന്ന, അതിലൊക്കെയും തന്നെ പ്രവാചക കാലത്തെ പരിശുദ്ധി അക്ഷരാര്‍ഥത്തില്‍ ഉണ്ടാകണമെന്ന് കണിശത പുലര്‍ത്തുകയും ചെയ്യുന്ന സലഫിയ്യ. രണ്ടാമത്തേത്, ഇസ്‌ലാമിക ആധുനിതകതയും പരിഷ്‌കരണചിന്തകളും ഉള്‍ക്കൊള്ളുന്ന ഇസ്‌ലാഹിന്റെ പ്രത്യയശാസ്ത്രം. അത് സലഫിയ്യയുടെ ഭാഗമായി തെറ്റായി മനസ്സിലാക്കപ്പെടുകയായിരുന്നു. അതിന്റെ കാരണങ്ങള്‍ ആദ്യത്തില്‍ പറഞ്ഞു. കോളനിവത്കരണ കാലം ആയതുകൊണ്ട്, അതിനെതിരെയുള്ള പോരാട്ടം എന്ന നിലയില്‍ ദേശീയത എന്ന ആശയം സജീവമാകുന്നത് അക്കാലത്താണ്.
ദേശീയതയെ സലഫിയ്യ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് ചിന്താധാരകളും എങ്ങനെയാണ് നേരിട്ടത് എന്നത് നല്ലൊരു കേസ് സ്റ്റഡിയാണ്. ഈ രണ്ടു ധാരകളും രണ്ട് രൂപത്തിലാണ് മുസ്‌ലിം സമുദായത്തെയും സമൂഹത്തെയും വിഭാവനം ചെയ്തത്. ദേശീയത ഒരു കോളനിവിരുദ്ധ ടൂള്‍ എന്ന നിലയില്‍ ആദ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ റശീദ് രിദയെ പോലുള്ളവര്‍ തന്നെ തയ്യാറായില്ല. എന്നാല്‍, പിന്നീട് അദ്ദേഹം അതിനെ പ്രകീര്‍ത്തിക്കുകയുണ്ടായി. ശുദ്ധിവാദ സലഫിസത്തിന്റെ പ്രയോക്താക്കള്‍ ഇസ്‌ലാമിക് നാഷണിലസത്തെക്കുറിച്ച് സംസാരിച്ചു. അതില്‍ മുസ്‌ലിംകള്‍ അല്ലാത്തവരെല്ലാം പുറന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ജമാലുദ്ദീന്‍ അഫ്ഗാനിയെ പോലുള്ളവര്‍ സംസാരിച്ചത് ഇസ്‌ലാമിക് സോളിഡാരിറ്റിയെക്കുറിച്ചാണ്. ഇസ്‌ലാമിക സഹവര്‍ത്തിത്തമാണ് അവര്‍ മുന്നോട്ട് വെച്ചത്.
സ്വാഭാവികമായും പ്രദേശിക ദേശീയതകള്‍ രൂപംകൊണ്ടു. Local Nationalism അല്ലെങ്കില്‍ Territorial Nationalism എന്നൊക്കെ അതിനെ വിളിക്കാം. ആ ദേശീയതയില്‍ ആ പ്രദേശത്തെ മുസ്‌ലിമേതര വ്യക്തികളും ഉള്‍പ്പെടും. മൊറോക്കൊയില്‍ മുഹമ്മദ് അലാല്‍ അല്‍ഫാസിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇസ്‌ലാമിക നവജാഗരണ മുന്നേറ്റം ഇതിനുദാഹരണമാണ്. മുസ്‌ലിംകളല്ലാത്തവര്‍ക്ക് അധികാര പങ്കാളിത്തവും ഉണ്ടായിരുന്നു. സ്വദേശത്തെ ദേശീയതയുമായി ഉള്‍ച്ചേര്‍ക്കുന്ന വിധത്തില്‍ ഇസ്‌ലാമിലെ സാഹോദര്യ ദര്‍ശനത്തെ മനസ്സിലാക്കുകയാണ് ഇസ്‌ലാമിക് സോളിഡാരിറ്റിയെ പ്രതിനിധീകരിച്ച ഇസ്‌ലാഹി ധാര ചെയ്തത്. ദേശീയത തന്നെ രൂപം കൊള്ളാത്ത ഒരു സാഹചര്യത്തില്‍, ആദ്യമായി വൃത്താന്ത പത്രം തുടങ്ങുമ്പോള്‍ വക്കം മൗലവി, സ്വദേശാഭിമാനി (സ്വദേശത്തെ കുറിച്ച് അഭിമാനിക്കുന്നവന്‍) എന്ന് അതിന് പേരിടുന്നതിന്റെ ആശയപരിസരം ഇത്തരുണത്തില്‍ വായിച്ചെടുക്കാന്‍ സാധിക്കും.
വിജ്ഞാനത്തിന്റെ സ്രോതസ്സ് ഏതാണ്
സലഫിയ്യയും ഇസ്‌ലാഹും വേര്‍തിരിയുന്ന മറ്റൊരു പ്രധാന ഘടകം വിജ്ഞാനത്തിന്റെ സ്രോതസ്സ് സംബന്ധിച്ചാണ്. അത് സുദീര്‍ഘമായൊരു വിഷയമായത്‌കൊണ്ട് വിശദീകരണത്തിലേക്ക് ഈ ലേഖനം കടക്കുന്നില്ല. ഖുര്‍ആനും ഹദീസും മാത്രമാണ് വിജ്ഞാനത്തിന്റെ സ്രോതസ്സ് എന്ന് സലഫിയ്യ വാദിക്കുന്നു. വൈജ്ഞാനിക സദസ്സുകളില്‍ കൈമാറ്റം ചെയ്യേണ്ടത് അത് മാത്രമാണ്. അതില്‍ പ്രതിപാദിച്ചിരിക്കുന്ന വിജ്ഞാനങ്ങള്‍ക്ക് ഉപോല്‍ബലകമായി (ഇസ്തിശ്ഹാദ് ) മാത്രമേ ആവശ്യമെങ്കില്‍ മറ്റ് വിജ്ഞാന സ്രോതസ്സുകളില്‍ നിന്നുള്ള അറിവ് ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഖുര്‍ആന്‍ തന്നെ, പ്രകൃതിയെയും ചരിത്രത്തെയും വൈജ്ഞാനിക സ്രോതസ്സുകളായി പരിചയപ്പെടുത്തുന്നുണ്ട്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹുവിന് അധീനപ്പട്ടത് എന്ന നിലയില്‍ എല്ലാ വിജ്ഞാന സ്രോതസ്സുകളും അല്ലാഹുവില്‍ നിന്നുള്ളതാണ്. അതു മൗലികമായി തന്നെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് ഇസ്‌ലാഹി പണ്ധിതന്മാര്‍ മനസ്സിലാക്കുന്നു. ബുദ്ധിയെ മതപ്രമാണങ്ങളെ വിശദീകരിക്കുന്നേടത് ഉപയോഗപ്പെടുത്തുന്നത് അതുകൊണ്ടാണ്. ഇസ്‌ലാഹ് വൈജ്ഞാനിക സ്രോതസ്സുകളെ പരിമിതപ്പെടുത്തുന്നില്ല എന്ന് ചുരുക്കം.
ആധുനിക സലഫികള്‍ പലപ്പോഴും ഉദ്ധരിക്കാറുള്ള ഒരു പുസ്തകമാണ് അല്‍ സംആനിയുടേത്. അതില്‍ അസ്സലഫി എന്ന കുടുംബപ്പേരിനെ പരിചയപ്പെടുത്തിയത് രണ്ട് പേര്‍ക്കാണ്. അവര്‍ അറിയപ്പെടാത്തവരുമാണ്. എന്നാല്‍ അതേ നിഘണ്ടുവില്‍ അല്‍ ആസാരി എന്നതിന് ഉദാഹരണമായി ഒരു പട്ടിക തന്നെ ഉദ്ധരിക്കുന്നുണ്ട്. ഇബ്‌നുതൈമിയ്യയെ പോലും കൂടുതലായി വിശേഷിപ്പിക്കുന്ന മുഹമ്മദി എന്നാണ്, സലഫി എന്നല്ല. എന്നാല്‍ 1920-കള്‍ക്ക് ശേഷം എന്തുകൊണ്ടായിരിക്കും സലഫിസം അല്ലെങ്കില്‍ സലഫിയ്യ എന്നതിന് ഇത്രയധികം ദൃശ്യത കൈവന്നത്? ഒരു കാറ്റഗറി, ഒരു മതാഭിമുഖ്യം, പൂര്‍വിക പാത പിന്തുടരുന്ന സംഘം എന്ന നിലയില്‍ എന്തുകൊണ്ട് ആസാരിസം (ആസാരി () എന്ന വാക്കില്‍ നിന്ന്) ഉപയോഗിക്കാത്തത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്, വാണിജ്യ തലത്തില്‍ സലഫിയ്യ പ്രസ്സിലൂടെ ദൃശ്യത കൈവന്ന സലഫിയ്യ എന്ന പദം, ആധുനികത എന്ന നിലക്ക് യൂറോപ്പില്‍ സ്വീകാര്യത ലഭിച്ച പദമായത് കൊണ്ട്, അതിനെ എടുത്തണിയുകയായിരുന്നു എന്ന് വേണം. എന്നാല്‍, നവോത്ഥാനത്തിന്റെ പ്രത്യയശാസ്ത്രമായി നിലകൊള്ളാന്‍ സലഫിസത്തിന് ആശയപരമായും ചരിത്രപരമായും സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. നവോത്ഥാനത്തിന്റെ പ്രത്യയശാസ്ത്രം എന്ന നിലയില്‍ നാം മനസ്സിലാക്കുന്ന ഇസ്‌ലാഹ് എന്ന സംജ്ഞ ഇന്ന് വ്യവഹരിക്കപ്പെടുന്ന സലഫിസത്തില്‍ നിന്ന് ഏറെ വിഭിന്നമാണ്.