21 Thursday
November 2024
2024 November 21
1446 Joumada I 19

സര്‍പ്പവിഷബാധ കന്നുകാലികളില്‍ – ഡോ. പി കെ മുഹ്സിന്‍ താമരശ്ശേരി

ഉഷ്ണമേഖലാ പ്രദേശമായ കേരളത്തില്‍ വിഷപ്പാമ്പുകള്‍ ധാരാളമുണ്ട്. പാമ്പ് കടികൊണ്ടുള്ള മരണങ്ങള്‍ കൂടുതലും ഉണ്ടാവുന്നത് ഉഷ്ണമാസങ്ങളിലണ്.
മേഞ്ഞുനടക്കുന്ന ആടുമാടുകളുടെ മുഖത്തോ ചിലപ്പോള്‍ കൈകാലുകളുടെ അറ്റത്തോ ആയിരിക്കും പാമ്പ് കടിയേല്ക്കുക. ആടിന്റെ അകിട്ടിലും പാമ്പ് കടിയേല്‍ക്കാറുണ്ട്.
പാമ്പിന്റെ ഇനം കടിയേറ്റ മൃഗത്തിന്റെ വലിപ്പം, കടിയേറ്റ സ്ഥാനം, തൊലിയുടെയും തൊലിക്കടിയിലെ കൊഴുപ്പിന്റെയും കട്ടി എന്നിവയെ ആശ്രയിച്ചയിരിക്കും വിഷബാധയുടെ കാഠിന്യം. പാമ്പ് വിഷം പ്രധാനമായും മൂന്ന് വിധത്തിലാണ് ശരീരത്തില്‍ പ്രതിപ്രവര്‍ത്തിക്കുക. കടിച്ച ഭാഗം ജീര്‍ണിച്ച് മൃതമാവുക, നാഡീവ്യൂഹത്തെ ബാധിക്കുക, ശോണരക്താണുക്കളെ ലയിപ്പിക്കുക എന്നിവയാണവ.
ചില അവസരത്തില്‍ വിഷമുള്ള പാമ്പ് കടിച്ചാലും മാരകമായ തോതില്‍ വിഷം അകത്ത് കടന്നിട്ടുണ്ടാവില്ല. എങ്കിലും കടിയേറ്റ ഭാഗം മൃതമാവുകയും മറ്റ് ബാക്ടീരിയകളുടെ പ്രവേശനത്തിന് ഇടംകൊടുക്കുകയും ചെയ്യുന്നു. ഇങ്ങിനെ മണ്ണില്‍ നിന്നോ ചെളിയില്‍ നിന്നോ രോഗാണുക്കള്‍ പ്രവേശിച്ച് അവിടെ നീരുണ്ടാവുകയും ക്രമേണ ഇത് കാലികളുടെ മരണത്തിന് കാരണമാവുകയും ചെയ്യുന്നു.
മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍, കടിച്ച ഭാഗത്ത് നീരോ വീക്കമോ കാണില്ല. അതേസമയത്ത് കടിച്ച ഭാഗത്തെ മുറിവില്‍കൂടെ മറ്റു രോഗാണുക്കള്‍ കടക്കാന്‍ ഇടയായാല്‍ മൂന്നുനാല് ദിവസത്തിനകം വീക്കം കാണാം. വിഷബാധയേറ്റവക്ക് വിഭ്രാന്തിയും ഉണ്ടാവും.നടക്കുമ്പോള്‍ കൈകാലുകള്‍ ഇടറുകയും വായില്‍ നിന്ന് ഉമിനീര്‍ ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കേള്‍വിക്കും കാഴ്ചക്കും കോട്ടം സംഭവിക്കും. വിഷബാധയേറ്റ മൃഗം ക്രമേണ തീറ്റ തിന്നാതെയാവുന്നു. ശ്വാസോച്ഛാസത്തിന്റെ ആഴവും എണ്ണവും കൂടുകയും ഹൃദയമിടിപ്പ് ധ്രുതഗതിയിലാവുന്നതായും കാണാം. കൈകാലുകള്‍ മരവിക്കുകയും ശ്വാസോച്ഛാസവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കുകയും ചെയ്യുന്നു. വെള്ളിക്കെട്ടന്റെയും വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്.
അണലി വര്‍ഗത്തില്‍പെട്ട പാമ്പ് കടിക്കുമ്പോള്‍ കടിയേറ്റ ഭാഗത്ത് കഠിനമായവേദന ഉണ്ടാകും. മുറിവില്‍കൂടി രക്തംകലര്‍ന്ന നീര് ഒഴുകിക്കൊണ്ടിരിക്കും. മുറിവിന് ചുറ്റും ചുവപ്പ് നിറമായിരിക്കും. കണ്ണിലെ കൃഷ്ണമണി വികസിക്കുകയും മൃഗം നിലം പതിക്കുകയും ചെയ്യുന്നു. ക്രമേണ മരണപ്പെടുന്നു. വിഷബാധയില്‍ നിന്ന് രക്ഷപ്പെട്ടാലും കടിയേറ്റ ഭാഗം പഴുക്കുകയും തൊലി ഉരിഞ്ഞുപോവുകയും ചെയ്യുന്നു.

പ്രഥമ ശുശ്രൂഷ
കടിയേറ്റ ഭാഗത്തിന് അല്പം മുകളിലായി തുണിയോ ചരടോ ഉപയോഗിച്ച് മുറുക്കിക്കെട്ടണം. തന്മൂലം വിഷം പെട്ടെന്ന് രക്തത്തിലൂടെ വ്യാപിക്കാതിരിക്കാന്‍ ഉതകുന്നു. ഇരുപത് മിനിട്ട് ഇടവിട്ട് ഈ കെട്ട് അഴിച്ച് മുറുക്കിക്കെട്ടണം.
കടിയേറ്റ മൃഗത്തെയോ അവയവത്തെയോ അധികം ഇളക്കാന്‍ അനുവദിക്കരുത്. ഇളകുന്നത് വിഷം എളുപ്പത്തില്‍ വ്യാപിക്കാന്‍ കാരണാക്കും.
കടിച്ച പാമ്പിനെ കൊന്നതിനുശേഷം വെറ്ററിനറി ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാന്‍ പറ്റുമെങ്കില്‍ അങ്ങിനെ ചെയ്യണം. പാമ്പിന്റെ ഇനമനുസരിച്ച് വിദഗ്ധ ചികിത്സ നടത്തുകയും വേണം.

Back to Top