21 Thursday
November 2024
2024 November 21
1446 Joumada I 19

സമീന്‍ കെ ഊപര്‍ കാം, സമീന്‍ കെ നീചെ ആരാം

തണലിലേക്ക് മാറാതെ; തണലായി മാറാനാണ് യൗവനമെന്നത് ആവേശമുയര്‍ത്തുന്ന മുദ്രാവാക്യമാണ്. സേവന, ആതുര ശുശ്രൂഷ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു യുവജന പ്രസ്ഥാനം എങ്ങനെയാകണമെന്ന് മുഴുവനായും ഉള്‍കൊള്ളുന്ന ആശയമാണതിലുള്ളത്. ഓരോ ഐ എസ എമ്മുകാരനും അവന്റെ ജീവിതം കൊണ്ട് യാഥാര്‍ഥ്യമാക്കേണ്ടുന്ന മന്ത്രം.
സമീന്‍ കെ ഊപര്‍ കാം, സമീന്‍ കെ നീചെ ആരാം എന്ന് ഇന്ത്യയിലെ അറിപ്പെടുന്ന ഒരു സൂഫി/ ത്വരീഖത് ഗ്രന്ഥകര്‍ത്താവിന്റെ എഴുത്തു മുറിയില്‍ എഴുതിവെച്ചത് വായിച്ചതോര്‍ക്കുന്നു. മണ്ണിന് മുകളില്‍ ജോലിയും മണ്ണിന്നടിയില്‍ വിശ്രമവുമെന്നാണ് ഇതിന്റെ ആശയം. ‘ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നവന്‍ ആരാണ് എന്ന് പരീക്ഷിക്കുന്നതിനാണ് മരണവും ജീവിതവും സൃഷ്ടിച്ചിരിക്കുന്നത്’-ഇത് വിശുദ്ധ വേദഗ്രന്ഥത്തിന്റെ അധ്യാപനമാണ്. ജീവിതത്തെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍കൊണ്ട് അടയാളപ്പെടുത്തുകയെന്നതാണ് പ്രധാനം. ‘ഒന്നില്‍ നിന്ന് വിരമിച്ചാല്‍ മറ്റൊന്നിലേക്ക്’- അങ്ങനെ കര്‍മനൈരന്തര്യത്തിന്റെ സാഫല്യമായി മരണത്തെ പുല്‍കാന്‍ സാധിക്കണം. നെറ്റിത്തടത്തില്‍ വിയര്‍പ്പുകണങ്ങളുമായി ദൈവസന്നിധിയിലേക്ക് യാത്രയാകാന്‍ അര്‍ഹനാകുകയെന്നത് വലിയ ഭാഗ്യങ്ങളിലൊന്നാണ്.
ഐ എസ് എം എന്ന മൂന്നക്ഷരങ്ങളെ നിവര്‍ത്തി പിടിച്ചു വായിച്ചാല്‍ നമുക്ക് ലഭിക്കുന്നതും ലഭിക്കേണ്ടതും ഈ കര്‍മനൈരന്തര്യത്തിന്റെ കൂട്ടെഴുത്തുകളാണ്. മനുഷ്യജീവിതത്തിലെ ഏറ്റവും സക്രിയമായ ഘട്ടം യൗവനത്തിന്റേതാണ്. ഈ ഘട്ടത്തില്‍ ആലസ്യത്തിലേക്ക് ആപതിക്കുന്നത് അപരാധമാണെന്ന് ഐ എസ് എമ്മുകാര്‍ ഉറച്ചുവിശ്വസിക്കുന്നു. അരനൂറ്റാണ്ട് പിന്നിട്ട ഐ
എസ് എമ്മിനെയും അത് പ്രവര്‍ത്തനങ്ങളാല്‍ രൂപപ്പെടുത്തിയ കേരളീയ പരിസരത്തെയും അടുത്തറിയുന്നവര്‍ക്ക് കൂടുതല്‍ വിശദീകരണങ്ങള്‍ ഈ വിഷയത്തില്‍ വേണമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നാം നടത്തിയ രണ്ടു പ്രവര്‍ത്തനങ്ങളെ സാന്ദര്‍ഭികമായി ഓര്‍ത്തുപോകുകയാണ്.
എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡും കേരള മാരേജ് ഡോട്ട് കോമും ചേര്‍ന്നു നടത്തിയ പൊരുത്തം എന്ന പരിപാടി സാമൂഹിക പ്രതിബദ്ധതയുള്ള യുവജന പ്രസ്ഥാനത്തിന്റെ കര്‍ത്തവ്യ നിര്‍വഹണത്തിന്റെ മികച്ച മാതൃകയായിരുന്നു. ആയിരത്തി മുന്നൂറോളം ഭിന്നശേഷിക്കാരാണ് പൊരുത്തം വിവാഹാലോചനാ സംഗമത്തില്‍ രജിസ്റ്റര്‍ ചെയ്തുവന്നത്. വിവാഹമെന്ന സ്വപ്‌നത്തിന് നിറം പകരാന്‍ മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടെയും കൈ പിടിച്ചു കടന്നുവന്ന ആയിരങ്ങള്‍ അലോസരപ്പെടുത്തുന്ന നൊമ്പരങ്ങളുടെ കാഴ്ച കൂടിയാണ്. എന്നിരുന്നാലും സര്‍വ്വശക്തന് സര്‍വ സ്തുതിയും ഇരുന്നൂറോളം പേര്‍ക്ക് സംഗമത്തിലൂടെ പരസ്പരം ഇഷ്ടപെടാന്‍ അവസരമൊരുങ്ങുകയും അത് വിവാഹ ഉറപ്പിക്കലുകളിലേക്ക് നീങ്ങുകയും ചെയ്തുവെന്നത് സന്തോഷകരമാണ്. മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ചെറുതല്ലാത്ത ഒരു വിഭാഗത്തിന് ഇസ്‌ലാഹീ യുവജന വിഭാഗം പണിതുയര്‍ത്തിയ ആശ്വാസ കേന്ദ്രമാണ് എബിലിറ്റി. എബിലിറ്റി വിരിച്ചത് ഉത്തരവാദിത്വമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള യുവജന പ്രസ്ഥാനത്തിന്റെ കരുത്തിന്റെ തണലാണ്.
മറ്റൊന്ന് ഫോക്കസ് ഇന്ത്യയുടെ ആസാം പ്രളയ ദുരിതാശ്വാസത്തിന് കൂടെ പോയപ്പോളുണ്ടായ കുളിര്‍മയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വിലയേറിയ ജീവനുകള്‍ കൊണ്ടുപോയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചും പ്രകൃതി ദുരന്തങ്ങള്‍ കേരള ജനതയെ പോറലേല്‍പ്പിച്ചിട്ടുണ്ട്. അതിനേക്കാള്‍ ഭീദിതമായ ജലതാണ്ഡവമാണ് ആസാമില്‍ അരങ്ങേറിയിട്ടുള്ളത്. പ്രളയജലത്താല്‍ കരകവിഞ്ഞ് ദിശമാറിയൊഴികിയ ബ്രഹ്മപുത്ര എടുത്തുകൊണ്ടുപോയത് നിരവധി ഗ്രാമങ്ങളാണ്. എല്ലാം നഷ്ടപ്പെട്ട ചില ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റ് നല്‍കാന്‍ ഫോക്കസ് ഇന്ത്യക്ക് സാധിച്ചുവെന്നതിലെ സന്തോഷവും വലുതാണ്. ഇനി അവര്‍ക്ക് വേണ്ടത് കയറിക്കിടക്കാന്‍ ഒരു കൂരയാണ്. അര്‍ഹരായ 600 ഓളം കുടുംബങ്ങളുടെ കണക്കുകളാണ് നമ്മുടെ പക്കലുള്ളത്. ഇരുപതിനായിരം രൂപ മാത്രമേ അവരുടെ ഒരു വീടിന്റെ നിര്‍മാണത്തിന് ആവശ്യമായി വരുന്നുള്ളൂ.
ഫോക്കസ് ഇന്ത്യ ഈ ദൗത്യമേറ്റെടുക്കാന്‍ ആലോചിക്കുകയാണ്. ഐഎസ്എമ്മിന്റെ ചിറകില്‍ വിരിഞ്ഞ തണലാണ് ഫോക്കസ് ഇന്ത്യയുടേത്. ഓരോ ഐഎസ്എമ്മുകാരനും അഭിമാനിക്കാവുന്ന പരലോകത്തില്‍ പുണ്യം കാംക്ഷിക്കാവുന്ന രണ്ട് തണല്‍ മരങ്ങള്‍. ഹാ, ഹം സമീന്‍ കെ നീചെ ഹീ ആരാം കരേംഗെ (അ തെ, ഭൂമിക്ക് താഴെ മാത്രമേ ഞങ്ങള്‍ക്ക് വിശ്രമമുള്ളൂ).

ഡോ. കെ ടി അന്‍വര്‍ സാദത്ത്
(ജന.സെക്രട്ടറി, ISM കേരള)

Back to Top