8 Tuesday
July 2025
2025 July 8
1447 Mouharrem 12

സമാധാനം പുലരാന്‍ വിദേശസൈന്യം ഗള്‍ഫ് വിടണമെന്ന് – ഇറാന്‍

സമാധാനം പുലരാന്‍ വിദേശസൈന്യം ഗള്‍ഫ് മേഖല വിട്ടുപോകണമെന്ന് ഇറാന്‍ പ്രസിഡന്‍ന്റ് ഹസന്‍ റൂഹാനി. അയല്‍രാജ്യവുമായി സൗഹൃദം നിലനിര്‍ത്താന്‍ ഇറാന്‍ തയാറാണ്. ഐക്യരാഷ്ട്രസഭ പൊതുസഭ സമ്മേളനത്തില്‍ ഗള്‍ഫ് സമാധാന പദ്ധതി അവതരിപ്പിക്കുമെന്നും ഹസന്‍ റൂഹാനി പറഞ്ഞു.
സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. തുടര്‍ന്ന്, അമേരിക്കന്‍ സൈന്യത്തെ സൗദിയിലേക്ക് അയക്കാനും തീരുമാനമെടുത്തിരുന്നു. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം.
അതേസമയം, തങ്ങളെ ആക്രമിക്കുന്ന രാജ്യം യുദ്ധക്കളമായി മാറുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെറിയൊരു ആക്രമണം പോലും വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുകയെന്നും ഇറാന്‍ പറഞ്ഞിരുന്നു.
സൗദിയിലെ അരാംകോയുടെ ഉടമസ്ഥതയിലുള്ള എണ്ണ കേന്ദ്രങ്ങള്‍ക്കുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ കലുഷിതമായത്. ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്നാണ് യു.എസിന്റെയും സൗദിയുടെയും വാദം. ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. ആക്രമണത്തിനുപിന്നാലെ ഇറാനെതിരെ യു.എസ് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Back to Top