22 Sunday
December 2024
2024 December 22
1446 Joumada II 20

സമവായമാണ്  സഹവര്‍ത്തനം സാധ്യമാക്കുക – ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി

പ്രവാചകന്റെ മതപ്രബോധനത്തിന്റെ മൗലിക സ്വഭാവം പ്രബോധനപ്രവര്‍ത്തങ്ങളില്‍ പാരത്രികമോക്ഷത്തിന് പരമപ്രാധാന്യം നല്‍കുകയെന്നതായിരുന്നു. ഈ ലക്ഷ്യം കൈവരിക്കുന്ന രൂപത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരവും പ്രസംഗവും ജനസമ്പര്‍ക്കങ്ങളും പോരാട്ടങ്ങളും. തൗഹീദില്‍ അധിഷ്ഠിതമായ വിശ്വാസാദര്‍ശങ്ങളുടെ കാര്യത്തില്‍ അല്‍പം പോലും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത പ്രവാചകന്‍ ജനങ്ങളുമായുള്ള വിവിധ ഇടപെടലുകളില്‍ അനുരഞ്ജനത്തിന്റെയും വിട്ടുവീഴ്ചയുടെയും ശൈലിയായിരുന്നു സ്വീകരിച്ചത്. ഖുര്‍ആന്‍ അക്കാര്യത്തെ പ്രശംസിക്കുന്നുമുണ്ട്: ”അല്ലാഹുവില്‍നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞുപോകുമായിരുന്നു.” (3:159). സംഘര്‍ഷരംഗങ്ങളില്‍ എടുത്തുചാട്ടത്തിന്റെ ശൈലി മുഹമ്മദ് നബി ഇഷ്ടപ്പെട്ടിരുന്നില്ല. ദീര്‍ഘവീക്ഷണത്തോടെ, മൗനമായി, ഇത്തരം ഘട്ടങ്ങളില്‍ അദ്ദേഹവും അനുചരന്മാരും ക്രിയാത്മകസമീപനം സ്വീകരിച്ചപ്പോലൊക്കെ ശത്രുമനസ്സില്‍ അത് വലിയ പ്രതിഫലനം സൃഷ്ടിച്ചുവെന്ന് മാത്രമല്ല, വിപ്ലവാത്മകമായി കാര്യങ്ങളെ സമീപിക്കുകയാണെങ്കില്‍ ഉണ്ടാകുമായിരുന്നതിനെക്കാള്‍ മഹത്തായ വിജയവും അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ഖൈബര്‍ യുദ്ധത്തില്‍ പതാക അലി(റ)ക്ക് ഏല്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ഉപദേശം ഇസ്‌ലാമിക സൈനികസന്നാഹങ്ങളുടെ യഥാര്‍ഥ അന്തസ്സത്തയാണ് വ്യക്തമാക്കുന്നത്.
”ദയാര്‍ദ്രമായ മനസ്സോടുകൂടി നിങ്ങള്‍ നീങ്ങുക. യുദ്ധക്കളത്തിലെത്തിയാല്‍ അവര്‍ക്ക് നിങ്ങള്‍ ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചുകൊടുക്കുക. അല്ലാഹുവിനോടുള്ള കടപ്പാടിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുക. അല്ലാഹുവാണ, നിങ്ങള്‍ വഴി ഒരാള്‍ക്കെങ്കിലും സന്മാര്‍ഗം ലഭിച്ചാല്‍ അത് നിങ്ങള്‍ക്ക് ചുവന്ന ഒട്ടകങ്ങളെക്കാള്‍ അഭികാമ്യമായിരിക്കും.” (ബുഖാരി, മുസ്‌ലിം). അനുരഞ്ജനശൈലി, പ്രവാചകത്വത്തിന് മുമ്പും നബിക്ക് ഏറെ ഇഷ്ടപ്പെട്ടതായിരുന്നു. മക്കയിലെ പ്രബലരായ കിനാന, ഖൈസ് വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന യുദ്ധത്തിനുശേഷം ഒരു യുദ്ധവിരുദ്ധ ചേരി രൂപംകൊള്ളുകയും യുദ്ധപ്രിയരായ നേതാക്കളെ വിളിച്ചിരുത്തി സമാധാനശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. ഹില്‍ഫുല്‍ ഫുദൂല്‍ എന്നറിയപ്പെടുന്ന ഈ സമാധാനശ്രമങ്ങളില്‍ പ്രവാചകനും പങ്കെടുത്തിരുന്നു. പിതൃവ്യന്മാരുമൊത്ത് അദ്ദേഹം പങ്കുകൊണ്ട രംഗം പിന്നീട് പലപ്പോഴും അഭിമാനപൂര്‍വം സ്മരിക്കാറുണ്ടായിരുന്നു:
”ഞാന്‍ അബ്ദുല്ലാഹിബ്‌നു ജദ്ആന്റെ വീട്ടിലെ ഉടമ്പടിയില്‍ പങ്കുകൊണ്ടവനാകുന്നു. ഇസ്‌ലാമിന് ശേഷമായിരുന്നുവെങ്കിലും അത്തരം ഉടമ്പടിക്ക് എന്നെ വിളിച്ചാല്‍ ഞാനതിന് പോകുമായിരുന്നു. അവകാശിക്ക് തന്റെ അവകാശം വാങ്ങിക്കൊടുക്കുവാനും മര്‍ദിതനെ മര്‍ദകന്‍ പരാജയപ്പെടുത്താതിരിക്കാനുമായിരുന്നു ആ ഉടമ്പടി.” ബഹുമതസമൂഹങ്ങളില്‍ സമാധാനവും സൈ്വരജീവിതവും ഉറപ്പുവരേണ്ടതുണ്ട്. വിശ്വാസാചാരങ്ങള്‍ക്കതീതമായി പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടാന്‍ അനുരഞ്ജനത്തിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കേ സാധിക്കുകയുള്ളൂ. മദീനയിലെത്തിയ ഉടന്‍ പ്രവാചകന്‍ അവിടത്തെ വിവിധ വിഭാഗങ്ങളുമായി നടത്തിയ സമാധാനക്കരാര്‍ ഇതിന്റെ ഭാഗമായിരുന്നു. പരസ്പരം പോരടിച്ചു കഴിഞ്ഞ ഔസ്, ഖസ്‌റജ് ഗോത്രങ്ങളെ ഒന്നിപ്പിക്കാന്‍ അദ്ദേഹത്തിന്റെ അനുരഞ്ജനശ്രമങ്ങള്‍ക്ക് കഴിഞ്ഞു. മദീനയിലെ ജൂതന്മാരുമായും ഇപ്രകാരം അദ്ദേഹം സമാധാനക്കരാര്‍ ഉണ്ടാക്കിയിരുന്നു. മദീനയിലെ ബഹുമതസ്ഥരുടെ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വേണ്ടി അദ്ദേഹം ഇപ്രകാരം പറയുകയും ചെയ്തു: ”ഈ കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു മുസ്‌ലിമും മേലില്‍ കുറ്റവാളിയെ സഹായിക്കുകയോ അത്തരക്കാര്‍ക്ക് അഭയം നല്‍കുകയോ ചെയ്യരുത്.”
മുസ്‌ലിംകള്‍ക്ക് സമാനമായ ആനുകൂല്യങ്ങളും അവകാശങ്ങളുമായിരുന്നു ഈ കരാര്‍ പ്രകാരം ജൂതന്മാര്‍ക്കും നബി(സ) നല്‍കിയത്. ഉദാത്തമായ മനുഷ്യഭാവങ്ങളുടെ ഉന്നതമാതൃകയായിരുന്നു അനുരഞ്ജനത്തിന്റെയും വിട്ടുവീഴ്ചയുടെയും വിഷയത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചത്. പ്രവാചകത്വത്തിന് മുമ്പ് തന്നെ, അബൂത്വാലിബ് ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. ഖദീജയുമായുള്ള വിവാഹസന്ദര്‍ഭത്തില്‍ മകനെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു: ”എന്റെ സഹോദരപുത്രന്‍ മുഹമ്മദിനോട് ആരെ തുലനംചെയ്താലും മാന്യത, നിശ്ചയദാര്‍ഢ്യം, പക്വത, യുക്തിബോധം എന്നിവയില്‍ അവന്‍ ആരെയും കവച്ചുവെക്കും. അവന്റെ വരുംകാലം മഹത്തരവും അവന്റെ പദവി ഉന്നതവുമായിരിക്കും.”
അബൂത്വാലിബ് ഈ വാക്കുകള്‍ക്ക് തികച്ചും ഭൗതികമായ അര്‍ഥ വ്യാപ്തി മാത്രമേ ഉദ്ദേശിച്ചിരിക്കയുള്ളൂ. എന്നാല്‍ ഉല്‍കൃഷ്ട മാനവികമൂല്യങ്ങളില്‍ നിന്നുകൊണ്ട് സ്വന്തമായ ഒരു ചരിത്രസരണി രൂപപ്പെടുത്താന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ പ്രവര്‍ത്തനശൈലി എന്തായിരിക്കുമെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നു:
”എന്റെ നാഥന്‍ ഒന്‍പത് കാര്യങ്ങള്‍ എന്നോട് കല്പിച്ചിട്ടുണ്ട്: രഹസ്യവും പരസ്യവുമായ അവസ്ഥകളില്‍ അല്ലാഹുവിനെ ഭയപ്പെടുക, സന്തോഷത്തിന്റെയും രോഷത്തിന്റെയും സന്ദര്‍ഭങ്ങളില്‍ നീതിമാത്രം ചെയ്യുക. ദാരിദ്ര്യത്തിലായാലും ഐശ്വര്യത്തിലായാലും സംയമനവും മിതത്വവും പാലിക്കുക, അകലുന്നവരോട് അടുക്കുക, നിഷേധിച്ചവന് നല്‍കുക, അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാപ്പ് നല്‍കുക, മൗനം ചിന്തയുടെതും ദീര്‍ഘവീക്ഷണത്തിന്റെതുമായിരിക്കുക, സംസാരവും വാക്കുകളും ദൈവസ്മരണയോടടുത്തുനില്‍ക്കുന്നതാകുക, ദൃഷ്ടി മുന്നറിയിപ്പിന്റേതാകുക.” വിവിധ ജനവിഭാഗങ്ങളോട് അനുരഞ്ജനശൈലി സ്വീകരിക്കുവാന്‍ അല്ലാഹു നബിക്ക് നല്‍കിയ മാര്‍ഗരേഖയാണ് ഈ ഉപദേശം. അസാമാന്യമായ സ്വാധീന ശക്തി നിറഞ്ഞുനില്‍ക്കുന്ന ഈ വാക്കുകളില്‍ പടുത്തുയര്‍ത്തിയ അദ്ദേഹത്തിന്റെ കര്‍മശേഷിക്ക് മുമ്പില്‍ ഒരു മതഭ്രാന്തിനും ശത്രുതക്കും സത്യനിഷേധത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
ബദ്ര്‍ തടവുകാരില്‍ സുഹൈലുബ്‌നു അംറ് എന്നൊരാളുണ്ടായിരുന്നു. തീപ്പൊരിപ്രസംഗകനായ സുഹൈല്‍ നബിക്കും ഇസ്‌ലാമിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ തൊടുത്തു വിട്ടുകൊണ്ടിരുന്നു. ഇത് അസഹ്യമായപ്പോള്‍ അയാളുടെ മുമ്പിലെ നാല് പല്ല് എടുത്തോട്ടെ എന്ന് ഉമര്‍(റ) നബി(സ)യോട് അനുവാദം ചോദിച്ചു. എങ്കില്‍ ഈ പ്രസംഗം കുറച്ച് കാലത്തേക്ക് നില്‍ക്കുമല്ലോ. നബി പറഞ്ഞു: ഉമര്‍, ഞാന്‍ പ്രവാചകനാണെന്നത് ശരി, എന്നാലും അന്ത്യനാളില്‍ എന്റെ മുഖവും ഇതുപോലെ അല്ലാഹു വികൃതമാക്കും.
പ്രവാചകന്‍ സ്വീകരിച്ച അനുരഞ്ജനശൈലിയുടെ ഏറ്റവും വലിയ ഫലമുളവായത് ഹുദൈബിയ സന്ധിയിലായിരുന്നു. പ്രവാചകനും കൂട്ടരും നടത്തിയ സായുധ സമരങ്ങള്‍ക്കൊന്നും നല്‍കിയിട്ടില്ലാത്ത അംഗീകാരമാണ് ഹുദൈബിയ സന്ധിയും തദവസരത്തില്‍ പ്രവാചകന്‍ കാണിച്ച അനുരഞ്ജനശൈലിയും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു നല്‍കിയത്. (തീര്‍ച്ചയായും നാം താങ്കള്‍ക്ക് പ്രത്യക്ഷമായ വിജയം നല്‍കിയിരിക്കുന്നു.)
ഹിജ്‌റ 6ാംവര്‍ഷത്തില്‍ നബിയും ആയിരത്തോളം വരുന്ന അനുചരന്മാരും മക്കയിലെത്തുന്നത് ഉംറ നിര്‍വഹിക്കാനായിരുന്നു. തീര്‍ത്തും നിരായുധരായിരുന്നു അവര്‍. എന്നാല്‍ മക്കയ്ക്കടുത്തെത്തിയ മുസ്‌ലിംകളെ ശത്രുക്കള്‍ എതിരേറ്റത് എല്ലാ യുദ്ധസന്നാഹങ്ങളോടും കൂടിയായിരുന്നു. അവിടെവെച്ച് അവര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ട്തന്നെ പ്രവാചകന്‍ അവരുമായി കരാറില്‍ ഏര്‍പ്പെട്ടു. അതില്‍ പല വ്യവസ്ഥകളും മുസ്‌ലിംകളുടെ അഭിമാനത്തിന് ക്ഷതമേല്പിക്കുന്നതായിരുന്നു ഒറ്റ നോട്ടത്തില്‍. ‘റസൂലുല്ലാഹ്’ എന്നുപോലും നബിയെ വിശേഷിപ്പിച്ച് എഴുതാന്‍ അവര്‍ അനുവദിച്ചില്ല. ശത്രുക്കള്‍ക്ക് താഴ്ന്നുകൊടുക്കലും കുറഞ്ഞുകൊടുക്കലുമായി വിശേഷിപ്പിക്കാവുന്ന ഈ കരാര്‍ യഥാര്‍ഥത്തില്‍ മക്കാവിജയം ഉള്‍പ്പെടെ ഇസ്‌ലാം അറേബ്യയില്‍ നേടിയ വലിയ വിജയങ്ങള്‍ക്ക് വഴിയൊരുക്കുകയാണുണ്ടായത്. ഈ കരാര്‍ പ്രഖ്യാപനത്തിന് സാക്ഷിയായ ഒരു മുസ്‌ലിം ഇപ്രകാരം പറയുകയുണ്ടായി: ”എന്ത് വിജയം? അല്ലാഹുവിന്റെ ഭവനത്തിലെത്താന്‍ അനുവദിക്കപ്പെട്ടില്ല, ബലിമൃഗത്തിന് മുന്നോട്ടു പോകാനായില്ല, പ്രവാചകന് ഹുദൈബിയയില്‍നിന്ന് തിരിച്ചുപോരേണ്ടിവരുന്നു. മര്‍ദിതരായ നമ്മുടെ സഹോദരന്മാരെ (അബൂജന്‍ദല്‍, അബൂബസ്വീറ) സന്ധിപ്രകാരം അക്രമികള്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു.” ഇതെല്ലാം ശരിയായിരുന്നു. പക്ഷേ ‘അപമാനകരമായ’ ആ സന്ധി വഴി മഹത്തായ വിജയത്തിലേക്കുള്ള വാതിലുകള്‍ ഓരോന്നായി തുറക്കുകയായിരുന്നു.
സന്ധിയില്‍ ഒപ്പുവെച്ച പ്രവാചകന് നേരിട്ട ആദ്യപരീക്ഷണം അബുജന്‍ദലിന്റെ വിഷയത്തിലായിരുന്നു. മുസ്‌ലിമായതിന്റെ പേരില്‍ മക്കയിലെ ശത്രുക്കള്‍ അദ്ദേഹത്തെ ചങ്ങലക്കിട്ടിരുന്നു. പ്രവാചകനും മുസ്‌ലിംകളും മക്കയിലെത്താറായത് കേട്ടറിഞ്ഞ് വിലങ്ങും ചങ്ങലയുമായി അദ്ദേഹം അവരെ കാണാന്‍ ഓടിയെത്തി. ചങ്ങല തട്ടി മുറിവേറ്റ കാലില്‍നിന്ന് വീണ രക്തം നോക്കിക്കൊണ്ട്, തന്നെ രക്ഷിക്കാന്‍ അദ്ദേഹം മുസ്‌ലിംകളോട് അപേക്ഷിച്ചു. എല്ലാവരെയും ഒരു നിമിഷം ആ കാഴ്ച വികാരഭരിതരാക്കി. മുഹമ്മദിന്റെ കരാര്‍പാലനം എത്രമാത്രം സത്യസന്ധമായിരിക്കുമെന്ന്  അറിയാന്‍  ശത്രുക്കള്‍ കാത്തുനില്‍ക്കുകയാണ്. അനുചരന്മാര്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു അബൂജന്‍ദലിന്റെ ദീനത. അനുരഞ്ജനത്തിന് അല്പവും ഭംഗമുണ്ടാവരുത് എന്ന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന മുഹമ്മദ് നബി, എല്ലാവരും ആകാംക്ഷാഭരിതരായി നില്‍ക്കെ, കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്ന അബൂജന്‍ദലിനെ മക്കക്കാര്‍ക്ക് ഏല്പിച്ചുകൊടുത്തു.
എന്നാല്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവാചകന്‍ സ്വീകരിച്ച ഈ ശൈലിയുടെ ഫലം ശത്രുക്കള്‍ സ്വന്തം കുഴിയില്‍ വീണു എന്നതായിരുന്നു. മുഹമ്മദിന്റെ സ്വഭാവമഹിമയും സ്വന്തം ആളുകളുടെ സംസ്‌കാരശൂന്യതയും അവരിലുള്ള കുറേ ആളുകള്‍ക്ക് അപ്പോള്‍ തന്നെ ബോധ്യപ്പെട്ടു. തുടര്‍ന്നങ്ങോട്ടു മക്കയില്‍ അബൂജന്‍ദലിന്റെ സാന്നിധ്യം ഇസ്‌ലാമിന് അനുകൂല തരംഗങ്ങളുണ്ടാക്കി. അദ്ദേഹത്തോടുള്ള അനുകമ്പയും ദയാവായ്പും കുറേയാളുകള്‍ക്ക് ഇസ്‌ലാം സ്വീകരിക്കാന്‍ കാരണമായി. തടവിലിട്ടിരിക്കുന്ന അബൂജന്‍ദല്‍ തങ്ങളുടെ നിലനില്പിന് ഭീഷണിയാകുമെന്ന് കണ്ടപ്പോള്‍ ശത്രുക്കള്‍ തന്നെ അദ്ദേഹത്തെ മോചിപ്പിച്ചു മക്കയ്ക്ക് വെളിയിലേക്കോടിച്ചു.
സന്ധിവ്യവസ്ഥകള്‍ ഖുറൈശികള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത് മനഃപൂര്‍വമായിരുന്നു. പ്രവാചകനെയും മുസ്‌ലിംകളെയും പ്രകോപിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ അവര്‍ യുദ്ധത്തിനൊരുങ്ങുമെന്നും, വിശുദ്ധ മാസങ്ങളില്‍ യുദ്ധം തുടങ്ങിവെച്ച കുറ്റം മുസ്‌ലിംകളില്‍ വെച്ചുകെട്ടി രക്ഷപ്പെടാം എന്നും അവര്‍ കരുതി. എന്നാല്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ ഇതിലൂടെ തങ്ങളെ ശക്തരും കരുത്തരുമാക്കുന്നതിനുള്ള ഇടവേള നേടിയെടുക്കുകയായിരുന്നു. സന്ധിവ്യവസ്ഥകള്‍ പ്രകാരം പത്തുവര്‍ഷത്തേക്ക് ഖുറൈശികളുടെ ഭാഗത്തുനിന്ന് യുദ്ധമുണ്ടാവില്ലെന്ന് പ്രവാചകന്‍ ഉറപ്പ് വാങ്ങി. ഈ കാലയളവ് പൂര്‍ണമായും ദഅ്‌വത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹവും അനുചരന്മാരും വിനിയോഗിച്ചു. മക്കക്കാരുടെ ഭാഗത്തുനിന്ന് സുരക്ഷിതരായ പശ്ചാത്തലത്തില്‍ പ്രവാചകന്‍ ഖൈബറിലെ ജൂതന്മാര്‍ക്കെതിരില്‍ നടപടിയെടുത്തു. അതോടെ ദഅ്‌വത്ത് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആഭ്യന്തരസുരക്ഷയും ഉറപ്പുവരുത്തി.
മദീനയുടെ പ്രാന്തപ്രദേശങ്ങളിലുള്ള ഒട്ടുവളരെ ഗോത്രക്കാര്‍ നേരില്‍വന്ന് ഇസ്‌ലാം സ്വീകരിച്ചു. സന്ധികഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും ഇസ്‌ലാം ഒരു വലിയ ശക്തിയായിത്തീര്‍ന്നു.  മുന്‍വര്‍ഷം  ആയിരത്തോളമുള്ള അനുയായികളുമായാണ് പ്രവാചകന്‍ ഉംറക്ക് പോയതെങ്കില്‍ പിറ്റേ വര്‍ഷം പതിനായിരത്തിലധികം അനുചരന്മാരുമായിട്ടാണ് അദ്ദേഹം മക്കയിലെത്തിയത്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ശത്രുക്കള്‍ ഏറ്റുമുട്ടുവാന്‍ പോയില്ല. ആയുധംവെച്ച് കീഴടങ്ങുകയാണുണ്ടായത്. ഏതൊരു നാട്ടില്‍നിന്നാണോ അപമാനിതരായി തിരിച്ചുപോരേണ്ടിവന്നത് ആ നാട്ടിലേക്ക് പ്രതാപത്തോടെ തലയുയര്‍ത്തി പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരാന്‍ കഴിഞ്ഞത് അനുരഞ്ജനശൈലിയിലൂടെ കൈവരിച്ച മഹത്തായ വിജയം അല്ലാതെ മറ്റൊന്നുമല്ല.
Back to Top