സന്താന നിയന്ത്രണം: ഭരണഘടനാ ഭേദഗതി പൗരാവകാശ ലംഘനം – കെ എന്‍ എം (മര്‍കസുദ്ദഅ്വ)
കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പാലക്കാട് ഐ സി സി ഓഡിറ്റോറിയത്തില്‍ സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിര്‍ദിഷ്ട 47-ാം ആര്‍ട്ടിക്കിള്‍ ഭരണഘടനാ ഭേദഗതി ബില്‍ പൗരാവകാശ മനുഷ്യാവകാശ ലംഘനമാണെന്നിരിക്കെ നിര്‍ദിഷ്ട ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ ഒന്നിച്ചണിനിരക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. സന്താന നിയന്ത്രണത്തിന് സംസ്ഥാനങ്ങള്‍ക്ക് മേല്‍ ബാധ്യത അടിച്ചേല്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ ഭരണഘടനയുടെ തന്നെ മൗലിക തത്വങ്ങള്‍ക്കെതിരാണ്. രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ ബാധ്യത നിര്‍വഹിക്കാതെ രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ഉയര്‍ന്നുവരണം.
ഭരണഘടനയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി നടന്നുവരുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങളെ ദേശീയ സുരക്ഷാനിയമം ദുരുപയോഗം ചെയ്തും പോലീസിനെ ഉപയോഗിച്ചും അതിക്രമങ്ങള്‍ കൊണ്ടും അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നടപടി ചെറുത്തുതോല്പിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ മനുഷ്യത്വവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ദേശീയ സുരക്ഷാ നിയമത്തിന്റെ മറപിടിച്ച് ജയിലടയ്ക്കുന്നത് അംഗീകരിക്കാവതല്ലെന്ന് കെ എന്‍ എം വ്യക്തമാക്കി.
സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍അലി മദനി ആമുഖ പ്രസംഗം നടത്തി. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, എം അഹമ്മദ് കുട്ടി മദനി, അബ്ദുസ്സലാം പുത്തൂര്‍, ഡോ. ജാബിര്‍ അമാനി, സല്‍മ അന്‍വാരിയ്യ, ഡോ. കെ ടി അന്‍വര്‍ സാദത്ത്, കെ അബൂബക്കര്‍ മൗലവി, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, പി പി ഖാലിദ്, കെ അഹമ്മദ് കുട്ടി, പി സുഹൈല്‍ സാബിര്‍, കെ വി നിയാസ്, യു പി യഹ്യാഖാന്‍ പ്രസംഗിച്ചു.
