22 Sunday
December 2024
2024 December 22
1446 Joumada II 20

സംവരണവും മുസ്‌ലിം സമുദായവും – കെ നജാത്തുല്ല

ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം രാജ്യത്ത് നടപ്പിലാക്കിയിരിക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍. യഥാര്‍ഥത്തില്‍ 1992-ല്‍ ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീം കോടതി ഒ ബി സി വിഭാഗങ്ങളിലെ വെണ്ണപ്പാളി (ക്രീമിലെയര്‍) സംവരണത്തിനര്‍ഹരല്ലെന്ന് വിധിച്ചതോടെ സാമ്പത്തിക സംവരണം നടപ്പിലായി കഴിഞ്ഞിട്ടുണ്ട്. ഭരണഘടനാ നിര്‍മാണ വേളയില്‍ തന്നെ സവര്‍ണ വിഭാഗങ്ങളുയര്‍ത്തിയിരുന്ന സംവരണ വിരുദ്ധതയുടെ വിജയമായിരുന്നു ക്രീമിലെയര്‍ നടപ്പിലാക്കിയത്. സാമ്പത്തിക സംവരണം പ്രാബല്യത്തിലായതോടെ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കൊഴികെ സംവരണം ലഭിക്കണമെങ്കില്‍ അവര്‍ എട്ട് ലക്ഷം രൂപയില്‍ താഴെ കുടുംബ വരുമാനമുള്ളവരായിരിക്കണം. പിന്നാക്ക സമുദായംഗമെന്ന പരിഗണന ഇല്ലെന്നര്‍ഥം. ഇപ്പോള്‍ എട്ട് ലക്ഷത്തില്‍ താഴെയാണെങ്കില്‍ മുന്നാക്കക്കാരനും സംവരണത്തിനര്‍ഹനാണ്. ഒ ബി സി വിഭാഗത്തിലെ മേല്‍പാളിയെ വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നതിനുള്ള ഗൂഢാലോചനയുടെ കൂടി ഫലമായിരുന്നു ക്രീമിലെയര്‍ പരിധി നിശ്ചയിച്ചത്. ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിം സമുദായമായിരുന്നു.
മുസ്‌ലിം സമുദായത്തിന്റെ ഉദ്യോഗസ്ഥ/വിദ്യാഭ്യാസ മേഖലയിലെ ഇന്റര്‍ ജനറേഷന്‍ മൊബിലിറ്റി (തലമുറകള്‍ക്കിടയിലെ ചലനാത്മകത)യെ തടയുകയാണ് യഥാര്‍ഥത്തില്‍ നോണ്‍ ക്രീമിലെയര്‍ പരിധി നിശ്ചയിക്കുന്നതിലൂടെ ഉണ്ടായത്. സമുദായത്തെ സാമൂഹ്യമായി മുന്നോട്ട് നയിക്കാന്‍ കെല്‍പുള്ള ഈ വിഭാഗത്തെ പുറത്തിരുത്താനാവും എന്നതാണ് ക്രീമിലെയര്‍ നടപ്പിലാക്കിയതിന്റെ ഉദ്ദേശ്യം.
നൂറ്റാണ്ടുകളായി സാമൂഹികമായി അടിച്ചമര്‍ത്തപെട്ടവര്‍ക്ക് വിദ്യാഭ്യാസം, ഉദ്യോഗം എന്നിവയിലൂടെ അടുത്ത കാലത്ത് മാത്രം കൈവന്ന സാമ്പത്തികാഭിവൃദ്ധി അവരുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിലോ പദവിയിലോ മാറ്റം വരുത്തുന്നില്ല. ജാതീയമായും മതപരമായും ഉയര്‍ന്ന വിഭാഗങ്ങളുടെ തലത്തിലേക്ക് അവര്‍ എത്തുന്നില്ല. ജന്മം കൊണ്ട് ചുമലിലേറ്റാന്‍ വിധിക്കപ്പെട്ട സാമൂഹികമായ പിന്നാക്കാവസ്ഥ കാശുണ്ടായാലും പദവികള്‍ ലഭിച്ചാലും പെട്ടെന്ന് മാറുമെന്ന വാദം വസ്തുതാപരമായി ശരിയല്ല. സമ്പത്തും പദവിയും കൊണ്ട് തങ്ങള്‍ ജനിച്ചുവീണ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെ മറികടക്കാനും അതിജീവിക്കാനും സാധിക്കുമായിരുന്നുവെങ്കില്‍ ഗള്‍ഫ് പ്രവാസത്തിന്റെ ബലത്തില്‍ സമ്പന്ന ജീവിതം നയിക്കുന്ന ഈഴവരിലെയും മുസ്‌ലിംകളിലെയും വലിയൊരു വിഭാഗവും വ്യവസായ സംരംഭങ്ങളിലൂടെ അഭിവൃദ്ധി പ്രാപിച്ച, മധ്യകേരളത്തിലെ കത്തോലിക്കരുമടങ്ങുന്ന വലിയൊരു ശതമാനം പിന്നാക്കക്കാരും സാമൂഹികശ്രേണിയില്‍ ഒന്നാമതെത്തുമായിയുന്നു. രണ്ടോ മൂന്നോ തലമുറകള്‍ ഉയര്‍ന്ന പദവികളിലിരിക്കുകയും അതുമൂലം മറ്റ് ജനവിഭാഗങ്ങളുമായി തുല്യത സ്ഥാപിക്കുകയും ചെയ്താല്‍ അവരുടെ സാമൂഹികപദവി ഉയര്‍ന്നതായി കണക്കാക്കാവുന്നതാണ്. ഇത്തരം സാധ്യതയെ ഇല്ലായ്മ ചെയ്യുകയാണ് ക്രീമിലെയര്‍, നോണ്‍ ക്രീമിലെയര്‍ വിഭജനത്തിലൂടെ സംഭവിച്ചത്. അതായത്, ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കുന്നതു വഴി പല കാരണങ്ങളാല്‍ ബൗദ്ധിക മുന്നേറ്റം സംഭവിച്ച് ഉന്നത ഉദ്യോഗങ്ങള്‍ ലഭിച്ച സാമ്പത്തിക അടിത്തറയുണ്ടായ കുടുംബങ്ങളിലെ രണ്ടാം തലമുറക്ക് ഇനിയൊരിക്കല്‍ക്കൂടി സംവരണം ഉണ്ടാകരുതെന്ന മുനകൂര്‍ത്ത ബുദ്ധിയാണ് പ്രയോഗവത്കരിക്കപ്പെടുന്നത്. സാമാന്യം മെച്ചപ്പെട്ട സമൂഹമെന്ന് പൊതുവെ കരുതപ്പെടുന്ന കേരളത്തില്‍ പോലും മുസ്‌ലിം സമുദായത്തിന്റെ തൊഴില്‍പരമായ ചലനാത്മകത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. (ഒരു തലമുറയിലുള്ളവര്‍ക്ക് ലഭിക്കുന്ന തൊഴിലോ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലോ തൊട്ടടുത്ത തലമുറയ്ക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്നതാണ് തൊഴില്‍പരമായ ചലനാത്മകത എന്ന് സാമാന്യമായി പറയാം)
നിലവിലെ സാമ്പത്തിക സംവരണത്തെ സംബന്ധിച്ച സര്‍ക്കാര്‍ ഭാഷ്യത്തെ വിശ്വാസത്തിലെടുത്താല്‍ തന്നെ നിലവിലെ 50 ശതമാനം വരുന്ന ഓപ്പണ്‍ ക്വാട്ടയിലെ 10 ശതമാനം സാധ്യത പിന്നാക്ക സമുദായത്തിലെ ക്രീമിലെയറിന് നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. മുന്നാക്ക വിഭാഗങ്ങള്‍ക്കാകട്ടെ. മൊത്തത്തില്‍ കുറവൊന്നും സംഭവിക്കുന്നില്ല.
സാമ്പത്തിക പിന്നാക്കാവസ്ഥയെ സംവരണത്തിന്റെ മാനദണ്ഡമാക്കിയാല്‍ പോലും അതിന് പ്രാഥമികമായി അര്‍ഹരാകേണ്ടത് മുസ്‌ലിം സമുദായത്തില്‍ പെട്ടവരായിരിക്കുമെന്നാണ് സ്ഥിതിവിവരക്കണക്കുകളും പഠനങ്ങളും വ്യക്തമാക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ ധനാത്മകമായി സ്വാധീനിക്കുന്ന സ്ഥിരവരുമാനമുള്ള ജോലി, ശമ്പളമുള്ള ജോലി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വന്‍കിട സ്വകാര്യ കമ്പനികളിലെ തൊഴില്‍ എന്നിവയില്‍ മുസ്‌ലിംകള്‍ ഇതര സമൂഹങ്ങളെ അപേക്ഷിച്ച് പിറകിലാണ് എന്ന് സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാമൂഹിക സുരക്ഷിതത്വം കുറഞ്ഞ മേഖലകളിലാണ് മുസ്‌ലിം പ്രാതിനിധ്യമുള്ളത്. ഭൂമിയുടെ ഉടമാവകാശത്തിന്റെ കാര്യത്തിലും ഇതര സംവരണ വിഭാഗങ്ങളെക്കാള്‍ ഏറെ പിറകിലാണ് മുസ്‌ലിംകള്‍ എന്ന് കമ്മിറ്റി ചൂണ്ടി കാണിക്കുന്നുണ്ട്. മുസ്‌ലിം സമുദായം സാമ്പത്തിക നിലവാരത്തില്‍ മറ്റ് മത, ജാതി വിഭാഗങ്ങളെക്കാള്‍ ബഹുദൂരം പിറകിലാണ്.
മുസ്‌ലിം സംവരണത്തിന്റെ പ്രസക്തി
മതന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അസ്തിത്വത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കാനുള്ള ഉപാധികളാണ് ഭരണഘടനയില്‍ ഇടം പിടിച്ചത്. എന്നാല്‍ ഇന്ന് മതവും ന്യൂനപക്ഷാവസ്ഥയും പിന്നാക്കാവസ്ഥയ്ക്ക് കാരണമാണെന്ന് തെളിഞ്ഞിരിക്കുന്നു. സച്ചാര്‍ റിപ്പോര്‍ട്ടോടു കൂടി അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. മുസ്‌ലിംകള്‍ക്ക് പ്രത്യേകമായ റിസര്‍വേഷന്‍ എന്ന ആശയം മുന്നോട്ട് വെക്കുന്നില്ലെങ്കിലും മുസ്‌ലിംകളുടെ മതവും ന്യൂനപക്ഷാവസ്ഥയും പിന്നാക്കാവസ്ഥക്ക് കാരണമെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. മണ്ഡല്‍ കമ്മീഷനും എസ് സി/ എസ് ടി വിഭാഗങ്ങളെപ്പോലെ പ്രത്യേക സംവരണം നിര്‍ദേശിക്കുന്നില്ല. രാജ്യത്തിന്റെ സെക്കുലര്‍ സ്വഭാവത്തിന് വിരുദ്ധമാകും എന്ന യുക്തിയായിരിക്കണം കമ്മീഷനുകള്‍ ഇത്തരമൊരു ശിപാര്‍ശ ചെയ്യാതിരിക്കാന്‍ കാരണം.
ഭരണഘടനാനിര്‍മാണ സമയത്ത് ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക സംവരണം എന്ന ആശയം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ തീവ്രഹിന്ദു വലതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മുസ്‌ലിംകള്‍ക്ക് സംവരണം നിഷേധിക്കപ്പെടുകയായിരുന്നു. ഹിന്ദുമതത്തിനകത്തെ ജാതീയതയ്ക്കിരയായവര്‍ക്ക് മാത്രം സംവരണം എന്ന തീര്‍പ്പിലെത്തി പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായി സംവരണം പരിമിതപ്പെടുത്തി. പിന്നീട് 1956-ല്‍ സിക്കുകാരും 1990-ല്‍ ബുദ്ധിസ്റ്റുകളും സംവരണം നേടിയെടുത്തെങ്കിലും മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും സംവരണം തടയപ്പെട്ടു. യഥാര്‍ഥത്തില്‍ സ്വത്വ സംരക്ഷണത്തിനും അധികാര പങ്കാളിത്തത്തിനും തുല്യപ്രാധാന്യം നല്‍കുമ്പോഴേ പിന്നാക്കാവസ്ഥയിലുള്ള ഒരു ന്യൂനപക്ഷത്തിന് അതിജീവനം സാധ്യമാകൂ. ഒ ബി സി ക്വാട്ടയില്‍ ഉള്‍പ്പെടുത്തി കേന്ദ്രതലത്തിലും സംസ്ഥാന തലങ്ങളിലും സംവരണം തത്വത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും മുസ്‌ലിം പ്രാതിനിധ്യം വര്‍ധിക്കുന്നില്ല, കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
പിന്നാക്കാവസ്ഥയെയും സാമൂഹികനീതിയെയും സംബന്ധിച്ച നിലവിലെ കാഴ്ചപ്പാടുകളും അതിന്റെ മാനദണ്ഡങ്ങളും അനിവാര്യമായും പുനര്‍വായന നടത്തേണ്ടതുണ്ട്. ഹിന്ദുമതത്തിനകത്തെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട അസമത്വത്തെ അടിസ്ഥാനമാക്കിയാണ് പിന്നാക്കാവസ്ഥ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ബ്രാഹ്മണിക്കല്‍ ജാത്യാചരങ്ങളുടെ ഇരകളാണ് ഇന്ത്യയിലെ അവശേഷിക്കുന്ന മുഴുവന്‍ ജനതയും. അതിന്റെ ഫലമായാണ് ദലിതുകളെ പോലെ മുസ്‌ലിംകളും ഓരങ്ങളിലേക്കെത്തിപ്പെടുന്നത്. മുസ്‌ലിം സമുദായത്തോടുള്ള വ്യാപകമായ വിവേചനം പ്രകടമാണ്. അരികുവത്കരിക്കപ്പെടുന്നതിന്റെയും സമൂഹത്തിനകത്ത് വിവിധ പാളികള്‍ രൂപപ്പെടുന്നതിന്റെയും കാരണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ജാതിമാത്രം അടിസ്ഥാനമാക്കി പിന്നാക്കാവസ്ഥയെയും സംവരണത്തെയും ലളിതമായും സൗകര്യപൂര്‍വവും നിര്‍വചിച്ച് നടപ്പാക്കിയാല്‍ മതിയാവില്ല. ക്രീമിലെയര്‍/ നോണ്‍ ക്രീമിലെയര്‍ വിവേചനങ്ങളില്ലാത്ത സവിശേഷവും പ്രത്യേകവുമായ സംവരണം കൊണ്ട് മാത്രമേ മുസ്‌ലിം നില മെച്ചപ്പെടുകയുള്ളൂ.
Back to Top